-->

kazhchapadu

റെയിൻ കോട്ട് (രമ പ്രസന്ന പിഷാരടി, കഥാമത്സരം)

Published

on

അപരാഹ്നത്തിലെ കനൽസൂര്യനെ പല ആകൃതികളിലുള്ള  ഇരുണ്ട മേഘങ്ങൾ  മായ്ച്ച് തുടങ്ങിയിരുന്നു.  പൊടുന്നനെ മേഘവിസ്ഫോടനമുണ്ടായി. ആകാശത്ത്  ഉറുമികൾ മിന്നിയടർന്നു. ഇരമ്പുന്ന കടൽ കാണാനാകുന്ന ബാൽക്കണിയിൽ നിന്നപ്പോൾ മഴ ശക്തി പ്രാപിച്ചിരുന്നു. എല്ലായിടവും ചില്ല്` പ്രതലത്തിൽ വെള്ളത്തുള്ളികൾ വീണ് മൂടും പോലെ ഒരവസ്ഥ.  കാഴ്ച്ചയിൽ എല്ലാം പുകമറ മൂടിയത് പോലെ. 
 
മഴയിലൂടെ  ചങ്ങാടത്തിൽ ആമ്പൽപ്പൂവിറുക്കാൻ പോയ ബാല്യഗ്രാമത്തിൽ നിന്നെത്ര അകലെയാണ് ഈ നഗരം. തോടിന് മുകളിലെ ആടുന്ന തടിപ്പാലത്തിലൂടെ  പതിയെ നടന്ന് നീങ്ങുന്ന കുട്ടികൾ. ചേമ്പിലയിൽ പളുങ്ക് മുത്ത് പോലെ തുള്ളിയാടുന്ന മഴത്തുള്ളികൾ.  ഓർമ്മകളുടെ നോസ്റ്റാൾജിയക്കാലം. 
 
നഗരമഴ എവിടെയൊക്കെയോ തട്ടിത്തകരുന്നു.  ഡർബാർ ഗ്രൗണ്ടിനരികിൽ രവിവർമ്മച്ചിത്രങ്ങൾ വിൽക്കുന്ന മാധവേട്ടൻ്റെ ചിത്രങ്ങളിൽ നനവ് പടർന്നിരിക്കുമോ?. സുഭാഷ് പാർക്കിലെ ചോന്ന പൂവുകൾ കൊഴിഞ്ഞ് വീണിരിക്കുമോ. മട്ടാഞ്ചേരിയിലെ മ്യൂറൽ മ്യൂസിയത്തിനരികിലൂടെ  സന്ദർശകർക്കായുള്ള ബോട്ടുകളിൽ നിന്ന്  ഇനിയും വരാനിരിക്കുന്ന ബിനാലെകളിൽ വയലിനുകളുടെ ഹാർമണി കേൾക്കാനാകുമോ.
 
ചിന്തകൾ എൻ്റെ  മനസ്സിലും,  മഴയിലും പല ചിത്രങ്ങൾ ചേർത്തടുക്കി കൊളാഷ്  സൃഷ്ടിക്കുകയാണ്. രണ്ട് വർഷം മുൻപ് കണ്ടൊരു ബിനാലെയിൽ കൂടെ കൂടിയ ഗൈഡ് അയാൾക്കറിയുന്ന  എല്ലാം കാര്യങ്ങളും കാണാപ്പാഠം പഠിച്ച കുട്ടിയെ പോലെ ആധികാരികമായി പറഞ്ഞ് കൊണ്ടിരുന്നു. മ്യൂറസ് എന്നാൽ ചുമർ എന്നാണത്രെ ലാറ്റിനിൽ അർഥം. അതിനാലാണ് ചുമർ ചിതകല മ്യൂറൽ എന്നറിയപ്പെടുന്നത്. എനിക്കതിഷ്ടപ്പെട്ടു. ഇങ്ങനെയുള്ള ഗൈഡുകൾ  തികച്ചും അലസമായ നമ്മുടെ ചിന്താതലത്തിലേയ്ക്ക് എത്രയെത്ര പുതിയ തിയറികളാണ് ആകസ്മിമായെങ്കിലും വരമായരുളുന്നത്. 
 
കുട്ടിയായിരുന്നപ്പോൾ ആകാശത്തിൻ്റെ വാതിലുകൾ തുറന്ന്  മുറ്റത്ത് ഫൗണ്ടൻ നിർമ്മിക്കുന്ന മഴത്തുള്ളികളെ കണ്ടത്ഭുതപ്പെട്ടിരുന്നു. പേപ്പർ ബോട്ടുകളിൽ ഓറഞ്ചും, വെളുപ്പും നിറമുള്ള കടുക്കൻ പൂവുകളും, ചൂണ്ടപ്പഴങ്ങളും  നിറച്ച് ഒഴുക്കി വിട്ടിരുന്നു. ഇടവഴിയിൽ ചരൽക്കല്ലിൽ നിന്നുറവ പൊട്ടിവരുന്ന തെളിനീർ ജലം താഴേയ്ക്കൊഴുകി പടിഞ്ഞാറേ പാടത്തിലേയ്ക്കുള്ള സഞ്ചാരം ആകർഷണീയമായിരുന്നു.  കരിനീല വർണ്ണമുള്ള,  തൊട്ടാൽ പേപ്പർ പോലെയുള്ള, കാക്കപ്പൂവിനെ ഉറവയിലൂടെ താഴേയ്ക്കൊഴുക്കി വിട്ട് അതിന് പിന്നാലെ  മഴവെള്ളം വീഴുന്ന ഝിലും ഝിലും ശബ്ദം കേട്ട് തുള്ളിച്ചാടിയോടിയ കാലം. 
 
അങ്ങനെ മഴ പെയ്ത ഒരു നാളിലാണ് ഉപദേശി വന്നത്.  ഉപദേശികളെ ഗ്രാമവാസികൾക്ക് അത്ര പ്രിയമുണ്ടായിരുന്നില്ല. എങ്കിലും  അമ്മ ഉപദേശിയ്ക്ക് ചായയും  വേനലവധിക്കാലത്ത് അച്ഛൻ്റെ മേൽനോട്ടത്തിലുണ്ടാക്കുന്ന പക്കാവടയും, മധുരസേവയും കഴിക്കാനായും കൊടുത്തിരുന്നു.  ആമേൻ എന്ന വാക്കിൻ്റെ അർഥം അന്നത്തെ കുട്ടിക്കാലത്തിനറിയില്ലായിരുന്നു.  ബിബ്ളിക്കൽ കല്പനകളും, പഴയ, പുതിയ നിയമങ്ങളും അറിയുന്ന  സുകല്പൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരു അമ്മാവൻ എനിക്കുണ്ടായിരുന്നു. അദ്ദേഹമാണ് ആമേൻ എന്നാൽ നമ്മുടെ തഥാസ്തു തന്നെ എന്ന് പറഞ്ഞ് തന്നത്. എല്ലാ ശുഭകരമായ പ്രാർഥനകളും ലോകമംഗളത്തിനായി ഭവിക്കട്ടെ എന്നരുളും പോലെ. 
 
ബദാം മരങ്ങളിൽ ഓർമ്മകളുടെ തണൽ പാകിയ വലിയ പച്ച ഇലകളിൽ നിന്ന്  കൊഴിഞ്ഞ് വീഴുന്ന ഇലകൾക്കിടയിലൂടെ ബദാം കായകളുടെ ഹൃദയം കല്ലാലുടച്ചടർത്തിയെടുത്ത് ആസ്വദിക്കുമ്പോൾ ആൽമണ്ട് എന്നൊരു വീട്ടിൽ താമസിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 
 
ഓർമ്മകൾ ശിരസ്സിലെ കൂട്ടിൽ ഉണർന്നിരിക്കുകയാണ്. ഇടറി വീണ ഒരു മിന്നലിനിടയിൽ കോളിംഗ് ബെൽ ശബ്ദിക്കുന്ന ശബ്ദം മുങ്ങിപ്പോയിരുന്നു.  വീണ്ടും മൂന്ന് തവണ ഓട്ട് മണികളുടെ ശബ്ദമുള്ള ബെൽ മുഴങ്ങി. ആരോ വന്നിരിക്കുന്നു എന്നത് എന്നെ ചിന്തകളിൽ നിന്നുണർത്തി. 
 
വൈകുന്നേരങ്ങളിൽ വരേണ്ടവരെയൊന്നും കാത്തിരിക്കാൻ ഈ മഴ അനുവദിച്ചില്ല. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ദോബി വരേണ്ട സമയമായിരുന്നു. ഡിപ്പാർട്ട്മെൻ്റ് സ്റ്റോറിൽ  നിന്ന് ലിസ്റ്റ് പ്രകാരം സാധനങ്ങൾ എത്തിക്കേണ്ട സമയം,  രണ്ട് കൊറിയർ വൈകുന്നേരം എത്തേണ്ടതാണ് . മഴയിലൂടെ അവർക്കൊന്നും ഇന്ന് വരാനാവില്ല എന്നത് തീർച്ചയാണ്. 
 
 
അഞ്ച് മണിയുടെ  അറിയിപ്പ്  ഘടികാരത്തിൽ നിന്നുണർന്നു. മഴയുടെ പ്രതീക്ഷ മേഘങ്ങൾ പെയ്തൊഴിക്കുകയാണ്.  വൈകുന്നേരം വീട്ടിലേയ്ക്കെത്തുന്ന  മകനും, മകളും,  സന്ധ്യമയങ്ങുമ്പോൾ വന്ന് ചേരുന്ന ഭർത്താവ് ഇവരൊക്കെ ഈ മഴയുടെ  ആരവത്തിനിടയിലൂടെ, വീശിയടിക്കുന്ന കാറ്റിനിടയിലൂടെ ഈ വീട്ടിലേയ്ക്ക് എത്തിച്ചേരേണ്ടവരാണ്.  മഴയുള്ള ദിവസങ്ങളിൽ  താമസിച്ചേ  അവരെല്ലാം  വീട്ടിലെത്തുകയുള്ളൂ.  ബന്ധുക്കളോ, സുഹൃത്തുക്കളോ  ഈ മഴയെ ഭേദിച്ച് ഇവിടെ എത്തിച്ചേരില്ല  എന്നറിയാം.  മഴ ഒരൊഴിവ് കഴിവാണ്. വരാൻ കഴിയാത്തതിലുള്ള നല്ല കാരണങ്ങളിലൊന്ന് മഴയാണ്.
 
ബാൽക്കണിയിൽ  നിന്ന് കാണാനാകുന്ന കടൽ, മഴയിൽ മാഞ്ഞ് പോയി.  വീണ്ടും  ബെൽ മുഴങ്ങി. താഴേയ്ക്കുള്ള പടികൾ കടന്ന് ഹോളിൻ്റെ  വാതിൽ അടച്ച് സിറ്റൗട്ടിലേ കതകിൻ്റെ സുരക്ഷാ ലെൻസിലൂടെ പുറത്തേയ്ക്ക് നോക്കി ഒരു റെയിൻ കോട്ട് കാണുന്നുണ്ട്.  പുറം തിരിഞ്ഞ് നിൽക്കുന്നു അവിടെ ഒരാൾ. 
 
അല്പം ഭയം തോന്നിയെങ്കിലും അഞ്ച് ഗേറ്റിനപ്പുറത്ത് സെക്യൂരിയുണ്ടാകും എന്നൊരു ധൈര്യമുണ്ടായി. ജനലിലെ പീപ്പ് ഹോളിലൂടെ ആരാണ് എന്ന് ചോദിച്ചു. 
 
ഹിരണ്മയിയാണ്, അയന ഒന്ന് വീണു,  രണ്ട് വളവിനപ്പുറം.  ആൻ്റി വേഗം വരൂ. 
 
രണ്ട് വളവിനപ്പുറം ഉയർന്ന മതിൽ അതിരായുള്ള  ഒരു ഫാക്ടറിയുണ്ട്. അവിടെയാണ് സ്ക്കൂൾ ബസ് നിർത്തുക . രാവിലെ തെളിഞ്ഞ സൂര്യൻ്റെ പ്രഭാതമായിരുന്നു. ബാഗിൽ നിറയെ പാഠപുസ്ത്കങ്ങൾ. അതിൻ്റെ ഭാരം തന്നെ താങ്ങാനാവാത്ത സ്ക്കൂൾ കുട്ടികൾ. കുട ഒരു അധികഭാരമാവും. എത്ര പറഞ്ഞാലും അമ്മേ പ്ലീസ് എന്ന് പറഞ്ഞൊരു ചിരിയിൽ അയന കുടയെ മറന്നിടും.
 
ആൻ്റീ വാതിൽ തുറക്കൂ. വേഗം എൻ്റെ കൂടെ വരൂ. 
 
മോൾക്കെന്ത് പറ്റി? 
 
ആൻ്റി വിഷമിക്കാതെ കൂടെ വരൂ.. 
 
എനിയ്ക്ക് അയനയുടെ അച്ഛനെ വിളിക്കണം.. 
 
ആൻ്റി  സമയമില്ല.  വേഗം.. 
 
ഇപ്പോ വരാം എന്ന് പറയുന്നതിനിടയിൽ ഫോണിൽ മകനെയും ഭർത്താവിനെയും വിളിച്ചു.   മകൻ്റെ ഫോണിൽ നിന്ന് ഒരു ശബ്ദവും കേൾക്കുന്നുണ്ടായിരുന്നില്ല.  സെൽ ഫോണിനോടുള്ള ആരാധന മൂലം അതിൽ വൈകുന്നേരത്തോടെ എപ്പോഴും ബാറ്ററി തീർന്നിരിക്കും. ഭർത്താവിൻ്റെ ഫോൺ  മറ്റേതോ ഭൂഖണ്ഡത്തിലെന്ന പോലെ നോട്ട് റീച്ചബിൾ എന്ന തുടർച്ചയായ സന്ദേശം വന്ന് കൊണ്ടിരുന്നു. ആവശ്യം വരുമ്പോൾ കിട്ടാത്ത വസ്തുക്കളിൽ ഏറ്റവും ഒന്നാമതായി നിൽക്കുന്നത് എമർജൻസി നമ്പറുകളെന്ന് ആരോ പറഞ്ഞത് എത്രയോ സത്യമാണ്. 
 
വീശിയടിക്കുന്ന കാറ്റിൽ മുറ്റത്തെ ചെടികൾ ആടിയുലയുന്നു. പൂത്തുലഞ്ഞ് നിന്ന ചെമ്പകത്തിൻ്റെ ഒരു ചില്ല ഒടിഞ്ഞ് വഴിയിലേയ്ക്ക്  പൂവുകൾ കൊഴിച്ച് വീണിരിക്കുന്നു. റെയിൻ കോട്ടിട്ട കുട്ടി ഓടുകയാണ്. ആ കുട്ടിയുടെ കൂടെ ഓടാനാകുന്നില്ല. നൈറ്റിയുടെ മീതെ പുതച്ച ഷാളിലേയ്ക്ക് നനവ് പടരുന്നുണ്ട്. ബാഗിൽ കുടയുണ്ടാകുമെന്ന് കരുതി. തുറന്നപ്പോൾ അത് മറന്നിരിക്കുന്നു. ഷാൾ തലയിലേയ്ക്ക് ചുറ്റി ആ കുട്ടിയ്ക്കൊപ്പം ഓടി. മഴവെള്ളത്തിൽ തെന്നി വിഴുമോ എന്ന ഭയമില്ലാതെ ഓടാൻ പ്രേരിപ്പിച്ചത് മകൾ എന്ന  സ്നേഹമാണ്. 
 
ഒന്നാം വളവ് തിരിഞ്ഞ് രണ്ടാം വളവിലെത്തിയപ്പോൾ ഒരു മിന്നൽ കത്തിയടർന്ന് വീണു. ഫാക്ടറിയുടെ കൂറ്റൻ മതിലിൽ നിശ്ശബ്ദത ഭീമാകാരമായ ചിത്രം വരച്ചു. റെയിൻ കോട്ടിട്ട കുട്ടി ഇപ്പോൾ മരങ്ങളുടെ ചില്ലകൾ പാതി മൂടിയ ചെറിയ വഴിയിലേയ്ക്ക് കടന്നു. ഫാക്ടറിയുടെ എതിർവശത്ത് ഇങ്ങനെയൊരു വഴിയുണ്ടെന്ന് ശ്രദ്ധിച്ചിട്ടേയില്ല. അത്രയ്ക്കും ചെറുതായ ഇടവഴിയായിരുന്നു അത്. ആ വഴിയിലൂടെ അല്പം മുന്നോട്ട് പോയപ്പോൾ പഴയ ഒരു വീട്. കാട് മൂടിക്കിടക്കുന്നു. മൺചുമരുകൾ അടർന്ന് വീണിട്ടുണ്ട്. ഇത് തന്നെയാകും കേസിൽ കുടുങ്ങിക്കിടക്കുന്ന ഗോവിന്ദപ്പെരുമാളിൻ്റെ വീട്. പെരുമാളിൻ്റെ രണ്ട് മക്കൾ തമ്മിലുള്ള യോജിപ്പില്ലായ്മയാണ് വീടിൻ്റെ ദുർഗ്ഗതിയ്ക്ക് കാരണമെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. ഇത്ര പുരാതനവും നിഗൂഢവുമായൊരിടം ഇവിടെയുണ്ടെന്ന് ഒരിക്കലും  ചിന്തിക്കുക പോലുമുണ്ടായില്ല.
 
കൈതക്കാടുകൾക്കിടയിലൂടെ ഇലഞ്ഞിപ്പൂവിൻ്റെ സുഗന്ധവുമായി  കാറ്റ് വീശിയടിക്കുകയാണ്. തെങ്ങോലകളും  കൊതുമ്പും, അടയ്ക്കാപ്പൂക്കുലകളും വീണ്  വഴി ഒന്ന് കൂടി ചെറുതായിട്ടുണ്ട്.  
 
മുന്നിലെ പെൺകുട്ടി തിരിഞ്ഞ് നോക്കി ആൻ്റി  വേഗം വരൂ എന്ന് പറയുന്നുണ്ട്.  ഭയവും, ആധിയും മനസ്സ് നിറഞ്ഞ് കവിയുമ്പോഴും  മഴയിൽ ശിരസ്സ് താണ് പോയ സൂര്യകാന്തിപ്പൂക്കളെ ഞാൻ കാണുന്നുണ്ട്. പാതിയടർന്ന അകമതിലിനുള്ളിലേയ്ക്ക് കടന്നപ്പോൾ  മേച്ചിലോടുകൾ താഴെ ചിതറിക്കിടക്കുന്നത് കണ്ടു.  കാറ്റ്  മുറത്തിലിട്ട് പേറ്റുന്ന ഇലകളെ കടന്ന് പെൺകുട്ടി പടിഞ്ഞാട്ടേയ്ക്ക് നടന്നു. ഞാൻ അവളെ പിൻ തുടർന്നു.  ആരും കടന്ന് വരാത്ത ഒരിടം പോലെ കാണപ്പെട്ട പടിഞ്ഞാറേ ഭാഗത്ത്  പാതി തകർന്ന ഒരു വരാന്ത കാണാനായി. തറയോടുകൾ പൊട്ടിയ  വരാന്തയിലേയ്ക്ക് പെൺകുട്ടി കയറിപ്പോയി. പഴയ ഓടാമ്പലുള്ള ചാരിയ വാതിൽ പെൺകുട്ടി ആഞ്ഞ് തള്ളി.  വാതിൽ തുറക്കപ്പെട്ടു. 
 
ആൻ്റി ഇവിടെ നിൽക്കൂ.ഞാനിപ്പോൾ വരാം. 
 
റെയിൻ കോട്ടിട്ട പെൺകുട്ടി ഇത്രയും പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി. 
 
പാതി തുറന്ന് കിടന്ന ജനലിലൂടെ പുകപടലങ്ങൾ പുറത്തേയ്ക്കൊഴുകുന്നു.
 
നിറഞ്ഞ പുകപടലങ്ങൾക്കിടയിലൂടെ കുറെ കുട്ടികൾ... തളർന്ന് താഴെ വീണ് കിടക്കുന്ന അയന.  നടുക്കത്തിൻ്റെ വിലങ്ങുകൾ എൻ്റെ പ്രഞ്ജയെ പതിയെ  ബന്ധിച്ചു, താഴെ വീഴാതിരിക്കാൻ വരാന്തയിലെ  തൂണിൽ ചാരി നിൽക്കാനേ എനിക്കായുള്ളൂ.  
 
റെയിൻ കോട്ടിട്ട കുട്ടി അയനയുടെ കൈയിൽ ബലമായി പിടിക്കുന്നത് കണ്ടു. അയന എഴുനേൽക്കാനാവാതെ വീണു പോകുന്നു. വീണ്ടും ആ കുട്ടി അയനയെ രണ്ട് കൈ കൊണ്ടും പിടിച്ചുയർത്തി നടത്തി വാതിലിനരികിലേയ്ക്ക് കൊണ്ട് വരികയാണ്. ആടിയുലഞ്ഞ് മുന്നോട്ട് വരുന്ന അയനയെ ചില ആൺകുട്ടികൾ തടഞ്ഞു.   റെയിൻ കോട്ടിട്ട പെൺകുട്ടി രണ്ട് പേരെ കൈയുയർത്തി അടിച്ചു. അവർ തറയിലേയ്ക്ക് വീഴുന്നത് കണ്ടു.. 
 
ഹിരണ്മയിയുടെ തോളിൽ തലചായ്ച്ച് അയന എൻ്റെയരികിലേയ്ക്ക് വന്നു. മഴയ്ക്ക് ശക്തി പ്രാപിക്കുകയാണ്. നിർത്താതെ പെയ്ത മഴയിൽ ഞാൻ മുഴുവനും നനഞ്ഞിരുന്നു.  
 
ആൻ്റി ടേക്ക് ഹെർ ഹോം.. വേഗം പൊയ്ക്കോളൂ. 
 
അയനയെ എൻ്റെ തോളിലേയ്ക്ക് ചായ്ച്ച് മെല്ലെ നടത്തി. അവൾക്ക് സ്ഥലകാലബോധം ഉണ്ടായിരുന്നില്ല. 
 
ആൻ്റി.. 
 
 പിന്നിൽ നിന്ന് വീണ്ടും ഹിരണ്മയി വിളിച്ചു. റെയിൻ കോട്ട് ഊരി അവളെനിക്കായി നീട്ടി. 
 
ടേക്ക് ദിസ് ആൻ്റി, മഴയ്ക്ക് ശക്തി കൂടിയിരിക്കുന്നു. 
 
ഇറ്റ്സ് ഓകെ.. സാരല്യ. 
 
ഹിരണ്മയി നിർബന്ധിച്ച് അവളുടെ റെയിൻ കോട്ടൂരി എന്നെ പൊതിഞ്ഞു. 
 
കുട്ടിയും വീട്ടിലേയ്ക്ക് വരൂ.. ഞാൻ ചൂട് കാപ്പിയുണ്ടാക്കി തരാം. 
 
എനിയ്ക്ക് പോയിട്ട് തിരക്കുണ്ട് ആൻ്റി.. സുകന്യയുടെ വീട്ടിലും പോകണം . അവളും  പുക കുടിച്ച് വീണുപോയിട്ടുണ്ട്.  ഫോൺ ചെയ്തിട്ട് കിട്ടണില്ല. 
 
ഒന്നാം വളവിലെത്തിയപ്പോൾ റെയിൻ കോട്ടിട്ട പെൺകുട്ടി എതിർവളവിലേയ്ക്ക് തിരിഞ്ഞു. 
 
അതിന് ശേഷം ഒരാഴ്ച്ചക്കകം ബാൽക്കണിയിൽ നിന്നാൽ കടൽ കാണുന്ന വീട്ടിൽ നിന്ന്  ഞങ്ങൾ പഴയ ഗ്രാമത്തിലേയ്ക്ക്  മടങ്ങി . അടുത്തുള്ള ഗവണ്മെൻ്റ് സ്കൂളിൽ അയനയ്ക്ക് അഡ്മിഷൻ  തരപ്പെടുത്തി. 
 
അമ്മ എന്തിനാണിതൊക്കെ ചെയ്യുന്നതെന്ന്  അയന ചോദിച്ച് കൊണ്ടിരുന്നു .  
 
നിൻ്റെ ക്ളാസ്മേറ്റ് പറഞ്ഞിട്ടാണ് കുട്ടി. 
 
എൻ്റെ ക്ളാസ്മേറ്റ്? 
 
അതെ .. ഹിരണ്മയി  എന്ന നിൻ്റെ ക്ളാസ്മേറ്റ്.. 
 
അയന ഷെൽഫിലടുക്കിയ  പഴയ സ്കൂൾ   മാഗസിനുകളിൽ നിന്ന് ഒന്ന് വലിച്ചെടുത്ത് പേജുകൾ മറിച്ചു.  വെളുത്ത താളിലെ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ   വിരൽ തൊട്ട് ചോദിച്ചു. 
 
അമ്മ കണ്ടത് ഈ കുട്ടിയെയാണോ? 
 
രണ്ടായി മെടഞ്ഞ മുടിയുള്ള  ഭംഗിയുള്ള രണ്ട് മീൻ കണ്ണുകൾ ചിത്രത്തിൽ നിന്ന് എന്നെ സശ്രദ്ധം നോക്കി. 
 
അതേ .. ഈ കുട്ടി തന്നെ. റെയിൻ കോട്ടൂരി തന്നപ്പോൾ ആ കുട്ടിയുടെ മീൻ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. 
 
അയന എന്നെ കെട്ടിപ്പിടിച്ചു. അയന മേശപ്പുറത്ത് വച്ച  മാഗസിൻ ഞാൻ വീണ്ടും നോക്കി.  
 
'ഇൻ മെമ്മറി ഓഫ് വൺ ഓഫ് ദി ബെസ്റ്റ് സ്റ്റുഡൻ്റ്സ് ഓഫ് അവർ സ്ക്കൂൾ.  വി  ലോസ്റ്റ് ഹെർ  എ ഫ്യൂ ഇയേഴ്സ്  എഗോ.. ബട്ട്  ഷീ ലിവ്സ് ഇൻ അവർ ഹാർട്ട്സ് ആദരാഞ്ജലികൾ,  റെസ്റ്റ്  ഇൻ പീസ്.. 
 
 ഹിരണ്മയി മെമ്മോറിയൽ  അവാർഡ്.....' 
 
വിശേഷപ്പെട്ട വസ്തുക്കളുടെ ചില്ലലമാര ഞാൻ തുറന്നു. ആ റെയിൻ കോട്ട് ആദ്യത്തെ അറയിൽ തന്നെയുണ്ടായിരുന്നു..
 
====================================================
രാമ പ്രസന്ന പിഷാരടി, ബംഗളൂർ 
 
പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമലപ്പിഷാരസ്യാരുടെയും മകൾ. കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ, ബസേലിയസ് കോളേജ്, എം എസ് കോളേജ് , ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ പഠനം. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം.  ചിട്ടിബാബുവിന്റെ   പ്രധാനശിഷ്യയായ  വിദുഷി ശാന്തിറാവുവിൽ  നിന്ന് പതിനാല് വർഷം വീണാപഠനം. 
 
കവിതയിലാണ് ആദ്യക്ഷരം കുറിച്ചിരിക്കുന്നത്. സ്ക്കൂളിലെ ആദ്യ കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം. 
 
പ്രവാസകാലത്ത് സാഹിത്യം മനസ്സിലുണ്ടായിരുന്നു. എഴുതാനായില്ല എന്ന ദു:ഖവുമായി അല്പം വൈകി കവിതയുടെ വിടാതെയുള്ള ഭ്രാന്തിൽ വീണ്ടുമെഴുതിത്തുടങ്ങി. .
 
ഓ എൻ വി, സുഗതകുമാരി ടീച്ചർ, മഹാകവി അക്കിത്തം ഇവരുടെ അനുഗ്രഹങ്ങളുടെ അവതാരിക കവിതയ്ക്ക് ലഭിച്ചിട്ടുണ്ട്
 
കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടിയ സ്ക്കൂളിൽ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യമുണ്ടായി.
 
അഞ്ച് കവിതാ പുസ്ത്കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനത്തെ കവിതാപുസ്തകത്തിന് സച്ചിമാഷിൻ്റെ സന്ദേശം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. പുറം കേരള വനിതാ എഴുത്തുകാരുടെ ഒരു കഥ ആന്തോളജി എഡിറ്റ് ചെയ്ത് കെ പി സുധീരയുടെ  അനുഗ്രഹത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
=============================================================
പുരസ്കാരങ്ങൾ
-------------------------
 
1.ബി സി കെയുടെ യുവകലാശ്രേഷ്ട പുരസ്ക്കാരം, 
2.കവി അയ്യപ്പൻ പുരസ്ക്കരം, 
3.എൻ ബി അബു മെമ്മോറിയൽ പ്രൈസ്,
4. പ്രതിലിപി പോയട്രി പ്രൈസ്,
5. ഫഗ്മ പോയട്രി പ്രൈസ്,
6. കൈരളി കവിതാ പുരസ്ക്കാരം, 
7.സുവർണ്ണ കേരളസമാജം പോയട്രി പ്രൈസ്,
8. കോൺഫെഡറേഷൻ ഓഫ് ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ പോയട്രി പ്രൈസ്,
 9.ശാസ്ത്രസാഹിത്യവേദിജൂബിലി കവിതാ പ്രൈസ്, 
10വാഗ്ദേവത പൂനെ കവിതാ പുരസക്കാരം, 
11.സർഗ്ഗഭൂമി ബുക്ക്സ് പോയട്രി പ്രൈസ്, 
12.ചെന്നൈ കവിസംഗമം സ്പെഷ്യൽ ജൂറി പ്രൈസ്
13. പ്രൈം ഇന്ത്യ പോയട്രി പ്രൈസ് 
14.ഹേവൻസ് പോയട്രി പ്രൈസ് 
15. പരസ്പരം ശ്രീ കുമാരൻ സ്മാരക കവിതാ പുരസ്ക്കാരം
 
കവിതാ സമാഹാരങ്ങൾ
----------------------------------------------
1, നക്ഷത്രങ്ങളുടെ കവിത
2.അർദ്ധനാരീശ്വരം
3.സൂര്യകാന്തം,
4 കുചേലഹൃദയം
5കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം
6.ശരത്ക്കാലം
7.വെയിൽമഴക്കഥകൾ
കഥ -  പ്രവാസി ആന്തോളജി
===============================================================
കലാകൗമുദി,  കലാപൂർണ്ണ. മംഗളം,, എഴുത്ത് മാസിക, മലയാള മനോരമ, മാതൃഭൂമി ഓൺലൈൻ, ശാന്തം, അകം, , കേരള കൗമുദി പ്രവാസി  എക്സ്പ്രസ്,  സർഗജാലകം,  ബാംഗ്ളൂർ നാദം,  വാക്ദേവത  എന്നീ എഴുത്തുമാസികളിലും  ഗ്ളോബൽ മീഡിയ പോർട്ടലുകളിലും  കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
 
സാഹിത്യ അക്കാദമി, ബാംഗ്ലൂർ, ഗോവ, കേരളം,  വിജയവാഡ  എന്നിവിടങ്ങളിൽ  കവിയരങ്ങുകളിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്
=================================================================

Facebook Comments

Comments

  1. രമേ, നല്ല കഥ. അഭിനന്ദനങ്ങൾ. ഈമലയാളിയുടെ കഥാമത്സരം പൊടിപൂരം. എത്രയോ കഥകൾ.. കഥാകൃത്തുക്കൾ.. എത്രയോ വൈവിധ്യമാർന്ന കഥാ വിഷയങ്ങൾ! മലയാളഭാഷയുടെ കഥാലോകം ചടുലമായും ചൈതന്യമാർന്നും തുടിക്കുന്നത് കാണുന്നതിൽ അതിയായ സന്തോഷം. വിധികർത്താക്കൾക്കു നന്നേ വിയർക്കേണ്ടി വരും, സമ്മാനാർഹരെ കണ്ടെത്താൻ. രമയുടെ കഥയ്‌ക്ക്‌ വിജയാശംസകൾ.

  2. Jyothylakshmy

    2021-05-19 16:35:26

    ഭാഷയും അവതരണവും നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

View More