Image

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

Published on 18 May, 2021
തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )
ആറ്റുതീരം നട്ടുച്ചനേരത്തും
പാതിയിരുണ്ട് തണുത്തിട്ടാണ്...
ഇല്ലിയും മുളയും കൈതോലക്കൂട്ടങ്ങളും 
ഇരുകരയിലും 
തിക്കിത്തിരക്കി 
പുഴയിലേക്കുറ്റുനോക്കി നിൽപ്പാണ് ..
മുളങ്കാടിനുള്ളിലെപ്പോഴും 
കിളികളുടെ കളകൂജനങ്ങളാണ്..
മഴയുടെ 
താളം മുറുകുമ്പോൾ 
പുഴവെള്ളം കലങ്ങി
കുത്തിറിഞ്ഞ് 
മുളങ്കാടിനെ മുങ്ങിക്കുളിപ്പിച്ചുകൊണ്ട് 
ആനമുങ്ങിത്തോടും വയലും നടവഴിയും കടന്ന് 
പടിക്കെട്ടുകൾ കയറി  
വീടിന്റെ മുറ്റത്തു പരന്നൊഴുകുകയായി.. 
കുസൃതി കൂടിക്കൂടി 
അകത്തളത്തിലേക്കു കടന്നേറാനായുമ്പോൾ
കുണുങ്ങിയെത്തുകയായി
കടത്തുതോണി..
ഉടുമുണ്ടു സാമഗ്രീകളും
കുഞ്ഞുകുട്ടി പരാധീനങ്ങളുമായ്
പുഴയുടെ മറുകര ബന്ധുവീട്ടിലേക്ക്
മഴ നനഞ്ഞുംകൊണ്ടുളള യാത്ര,
പിള്ളേർക്കെന്താണൊരുത്സാഹം..
മഴയുടെ താളമൊന്നയയുമ്പോൾ,  ഉശിരില്ലാതെ കുഴഞ്ഞു 
പുഴവെള്ളം പുഴയിലേക്ക് പിൻവാങ്ങുമ്പോൾ,
തിരികെ കൊണ്ടോരാനെത്തും
അതേ കടത്തുതോണി.....
പുഴ മറന്നുവച്ചുപോകും ചിലതുണ്ട്.. 
അങ്ങുമിങ്ങും തളംകെട്ടിയ വെള്ളത്തിൽ 
പിടയുന്നനമീനുകളെ.. 
നീന്തിത്തളർന്നു 
വശംകെട്ട പാമ്പുകളെ.. 
ഇന്നും പുഴ കരകവിഞ്ഞൊഴുകാറുണ്ടു പക്ഷേ..
വീട്ടുമുറ്റത്തേക്കോടിയെത്താറില്ല    
പറമ്പിനുചുററുമുയരെ  കോൺക്രീറ്റ് മതിലുണ്ട്.
പടിക്കെട്ടിനു താഴത്തു വിഷണ്ണയായ് നിന്നിട്ട്
മനസ്സില്ലാ മനസ്സോടെ
തിരിച്ചു പോകും പുഴ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക