Image

അന്ധർ ബധിരർ മൂകർ: ഒരു ജനതയെ തുറുങ്കിലടയ്ക്കുമ്പോൾ (കബനി ആർ)

Published on 18 May, 2021
അന്ധർ ബധിരർ മൂകർ: ഒരു ജനതയെ തുറുങ്കിലടയ്ക്കുമ്പോൾ (കബനി ആർ)

                             അന്ധർ ബധിരർ മൂകർ
                                ടി.ഡി. രാമകൃഷ്ണൻ 
                            ഡി സി ബുക്സ്, Rs. 199

ടി. ഡി. രാമകൃഷ്ണൻറെ ഉള്ളിലിരുന്ന്‌ ഫാത്തിമ നിലോഫർ എന്ന കാശ്മീരി യുവതി എഴുതിയ കൃതിയാണ് അന്ധർ ബധിരർ മൂകർ. ഒരു നോവൽ എന്നതിലുപരി ഓര്മക്കുറിപ്പിന്റെ മാതൃകയിലാണ് ഇത് എഴുതിയിരിക്കുന്നത്. പൂർണമായും കാശ്മീർ പശ്ചാത്തലത്തിൽ എഴുതിയ കൃതി, ഒരു ജനതയുടെ നിസഹായത ഇതര ഇന്ത്യൻ ജനതയോട് വിളിച്ചുപറയുന്നു . 

ഇന്ത്യൻ ഭരണഘടനയുടെ 370 , 35 A അനുച്ഛേദ പ്രകാരം കാശ്മീരിനുള്ള എല്ലാ പ്രത്യേക പദവികളും റദ്ദാക്കിയ നടപടിയും അതിനോടാപ്പം കാശ്മീരി ജനതോയോട് കാലങ്ങളായി ചെയ്ത്കൊണ്ടിരിക്കുന്ന വഞ്ചനയുടെ നേർകാഴ്ചയുമാണ് ഈ നോവൽ.

രാമകൃഷ്ണൻറെ ഫാത്തിമ, അസംഖ്യം വരുന്ന സ്വാതന്ത്ര്യം നഷ്ടപെട്ട കാശ്മീരി ജനതയുടെയും, പീഡനവും വൈധവ്യവും പേറുന്ന കാശ്മീരി സ്ത്രീകളുടെയും പ്രതിനിധി ആണ്. പട്ടാളക്കാർ ക്രൂരമായി ബലാത്സംഗം ചെയ്ത  നിലോഫർ എന്ന സ്കൂളദ്ധ്യാപികയായിരുന്നു ഫാത്തിമയുടെ ഉമ്മ. അതുകൊണ്ട്, ഫാത്തിമയ്ക്ക് അച്ഛൻ എന്ന സങ്കല്പം അധികാരത്തിൻറെ, വെറുപ്പിൻറെ, ദാർഷ്ട്യത്തിൻറെ, കടന്നുകയറ്റത്തിൻറെ ഓർമ്മപ്പെടുത്തലാണ്. ആ കഥാപാത്രത്തിലൂടെ കശ്മീരിന്റെ മുഴുവൻ പരിപ്രേക്ഷ്യമാണ് ടി. ഡി. രാമകൃഷ്‌ണൻ കൃതിയിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. 

ഫാത്തിമയുടെ ഭർത്താവ് ഒമർ, കാശ്മീർ വിമോചക പ്രസ്ഥാനത്തിൻറെ നേതാവായിരുന്നു. ഒമറിൻറെ സമാധാനമാർഗ്ഗത്തിലൂന്നിയ പ്രവർത്തനം മറ്റു വിഘടന ശക്തികളിൽ എതിർപ്പ് ഉണ്ടാക്കുകയും, ഒമർ കൊല്ലപ്പെടുകയും ചെയ്യുന്നു. ഫാത്തിമയുടെ വൈധവ്യം അവളെ കാശ്മീരി വുമൺ ഫോർ പീസ് (KWP) എന്ന സമാധാന സേനയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ ചെറുതല്ലാത്ത പ്രാധാന്യം സംഘടനയ്ക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞെങ്കിലും, തുടർന്ന് സമാധാനമായി പ്രവർത്തിക്കാനോ, പ്രതിഷേധിക്കാനോ കഴിയാത്ത രീതിയിൽ കർഫ്യൂ അവരെ കീഴ്പ്പെടുത്തുന്നു.

ഒരു ജനതയുടെ മുഴുവൻ കണ്ണും, കാതും, വായും അടപ്പിച്ച്‌, അവരെ നിശ്ശബ്ദരാക്കി, വികസനവും, സമാധാനവും കാശ്മീരിൽ ഉറപ്പുവരുത്തും എന്ന് കേന്ദ്ര നേതൃത്വം അവകാശപ്പെടുമ്പോൾ ഇതെല്ലാം ആർക്കുവേണ്ടി എന്ന ചോദ്യവും, അതിലെ വൈരുധ്യവും നോവലിസ്റ്റ് ചൂണ്ടികാണിക്കുന്നു. പതിറ്റാണ്ടുകളായുള്ള സംഘർഷങ്ങൾ, ആക്രമണങ്ങൾ, കൂട്ടക്കൊലകൾ, കാണാതാകലുകൾ, അടിച്ചമർത്തലുകൾ, പലായനങ്ങൾ ഇവയുടെയൊക്കെ ആകെത്തുകയാണ് കാശ്മീർ. 

കാശ്മീരിൽ വിമോചനവാദികൾ എങ്ങനെ ഉണ്ടാവുന്നു, മതമൊലികവാദികൾ കാശ്മീർ മണ്ണിൽ എങ്ങനെ തഴച്ചു വളരുന്നു, ഭരണകൂട ഭീകരതകൾ ഒരു ജനതയിൽ സൃഷ്ടിക്കുന്ന മുറിവുകൾ എത്ര ആഴമേറിയതാണ് തുടങ്ങിയ അന്വേഷണങ്ങളിലൂടെ രചയിതാവ് ഈ കൃതിയുടെ രാഷ്ട്രീയ സ്വഭാവത്തിൻറെ മാറ്റ് കൂട്ടുന്നു .
എല്ലാ ആശയ/വാർത്താവിനിമയ സാധ്യതകളെയും വിലക്കി, ജനങ്ങളുടെ പ്രതിഷേധങ്ങളെ മുഴുവൻ നിശ്ശബ്ദരാക്കുന്ന ഒരു ഭരണകൂടം, സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ, അതിലെ രാഷ്ട്രീയ നീതികേടിനെയും, മനുഷ്യത്വരാഹിത്യത്തെയും എതിർക്കാതെയിരിക്കാൻ എഴുത്തുകാരന് കഴിയുന്നില്ല. 

പെല്ലറ്റ് കൊണ്ട് കണ്ണിനു പരുക്കേറ്റിരിക്കുന്ന മകനെ ഉറക്കാനായിട്ട് ഫാത്തിമ  പറയുന്ന ആരിഫത്താത്തയുടെ കഥകളിൽ മിത്തിൻറെ സ്വഭാവത്തോടൊപ്പം തങ്ങളുടെ സാമൂഹിക സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളും, മുൻപോട്ടുള്ള പ്രതീക്ഷകളും, നിസ്സംഗതയും, ഭയവുമൊക്കെ കടന്നുവരുന്നുണ്ട്. എല്ലാ ദുരിത-ദുരന്ത മുഖത്തുനിന്നും ആഗ്രഹിക്കുന്ന ഒരു ആസാദിയിലേയ്ക്ക് നടന്നടുക്കാൻ ജനങ്ങൾക് കഴിയണേ എന്ന പ്രാർത്ഥനയിൽ നോവൽ അവസാനിക്കുന്നു.

ടി.ഡി. രാമകൃഷ്ണൻറെ നോവലുകൾ രാഷ്ട്രീയം സംസാരിക്കുകയും, തുടർന്ന് സംസാരവിധേയമാവാറുമുണ്ട്. സുഗന്ധിയെ പോലെ ഫാത്തിമയ്ക്കും, തൻ്റെ ജീവിതം കൊണ്ട് ചരിത്രത്തെ അടയാളപ്പെടുത്തണം എന്ന ഉദ്ദേശം കൃതിയിലുടനീളം കാണാം. ദേശീയത, സ്വത്വബോധം, സ്വാതന്ത്ര്യം എന്നീ സംജ്ഞകളെക്കുറിച്ച് കാശ്മീരി ജനതയുടെ കണ്ണിലൂടെ അനാവരണം ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ഫാത്തിമ ഒരിടത്ത് പറയുന്നത് ശ്രദ്ധേയമാണ്: "ഞാനൊരു ഇൻഡ്യാക്കാരിയാണോ എന്നെനിക്കുറപ്പില്ല. കാശ്മീരിയാണെന്നതിൽ സംശയവുമില്ല" (112 ). 

വായനയ്ക്ക് ശേഷവും ഉള്ളുലയ്ക്കുന്ന കൃതിയാണ്, അന്ധർ ബധിരർ മൂകർ. ചുരുക്കത്തിൽ, കാശ്മീർ ജനതയ്ക്ക് എന്താണ് വേണ്ടതെന്നു അവരോട് തന്നെയല്ലേ ചോദിക്കേണ്ടത്? അവരെ നിശ്ശബ്ദരാക്കുന്നത് എന്തിനാണ്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക