Image

ഇന്ത്യൻ വൈറസ് എന്ന വിശേഷണം; അമേരിക്കയിൽ നാം പേടിക്കേണ്ടതുണ്ടോ?

Published on 18 May, 2021
ഇന്ത്യൻ വൈറസ് എന്ന വിശേഷണം; അമേരിക്കയിൽ നാം പേടിക്കേണ്ടതുണ്ടോ?
ഭയം വെറുപ്പിലേക്ക് അതിവേഗം നയിക്കുന്ന വികാരമാണ്. ചൈനയിലെ വുഹാനിൽ നിന്ന് ആദ്യമായി കൊറോണ വൈറസ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  അടക്കമുള്ളവർ അതിനെ ചൈനീസ് വൈറസ് എന്നാണ് വിശേഷിപ്പിച്ചത്. അതിന്റെ ഫലം എന്നോണം ചൈനക്കാർക്കെതിരെ വംശീയ അതിക്രമങ്ങൾ പെരുകുന്ന അവസ്ഥ ഉണ്ടായി.

സമാനമായ സാഹചര്യമാണ് ബി.1.617 എന്നുപേരുള്ളതും ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതുമായ  കോവിഡ് വകഭേദം വ്യാപിക്കുന്നതിന്റെ പേരിൽ ഇന്ത്യൻ വംശജർക്ക് നേരെ  നിലവിൽ ഉയർന്നിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. ഏഷ്യൻ-അമേരിക്കൻ വംശജർക്കെതിരെ മാർച്ച് 2020 നും മാർച്ച് 2021 നും ഇടയിൽ 6,603  വംശീയ അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രത്യേക വംശത്തിൽപ്പെട്ടവരോ രാജ്യക്കാരോ ആണ് വൈറസിനു   മൂലകാരണം എന്ന തെറ്റായ ചിന്ത എങ്ങനെയോ ആളുകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. വാസ്തവവിരുദ്ധമായൊരു തോന്നലിന്റെ പേരിൽ വലിയൊരു വിഭാഗത്തിന് വാക്കുകൾകൊണ്ടും പ്രവൃത്തികൊണ്ടും മുറിവേൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ്.

ശാസ്ത്രീയ നാമം ഉപയോഗിക്കേണ്ടതിന്  പകരം, മാധ്യമങ്ങൾ അവരുടെ സൗകര്യത്തിനു വേണ്ടി ' ഇന്ത്യൻ വൈറസ്' എന്ന വാക്ക് ഉപയോഗിച്ചതാണ് വലിയൊരു അളവിൽ പ്രശ്നം സങ്കീർണ്ണമാക്കിയത്. ഇന്ത്യൻ വൈറസ് എന്നാൽ ഇന്ത്യ വികസിപ്പിച്ചെടുത്ത വൈറസ് അല്ലെന്ന് ആദ്യം മനസ്സിലാക്കണം. ബി.1.617  എന്ന ഈ കോവിഡ് വകഭേദം കാലിഫോണിയൻ വേരിയന്റായ  L452R നും ദക്ഷിണാഫ്രിക്കയിലും  ബ്രസീലിലും കണ്ടെത്തിയ വേരിയന്റുകൾക്കും സമാനമായ രണ്ട് വകഭേദം  സംഭവിച്ച ഒന്നാണ്. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്ത് ആദ്യമായിത് കണ്ടെത്തി എന്നതുകൊണ്ട് ഇതെങ്ങനെ ഇന്ത്യൻ വൈറസ് ആകും? 

ലോകാരോഗ്യ സംഘടന 2015 ൽ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ, രോഗങ്ങളുടെയും രോഗവാഹകരായ വൈറസുകളുടെയും പേരുകൾ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ അറിയപ്പെടരുതെന്ന് പ്രത്യേകം പരാമർശിച്ചതും വംശീയ വിദ്വേഷത്തിന്റെ സാധ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ബി.1.617  വകഭേദത്തിന് ഉഗ്ര വ്യാപന ശേഷി ഉള്ളതുകൊണ്ടാണ് കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ താണ്ഡവമാടുന്നത്. പ്രതിദിന കേസുകൾ 4 ലക്ഷം കടന്നതും പ്രതിദിന മരണങ്ങളുടെ എണ്ണം 4000 -ത്തിലേക്ക് ഉയർന്നതും മറ്റു രാജ്യങ്ങൾ ഇന്ത്യയെ ഭയത്തോടെ നോക്കാൻ  ഇടയാക്കി. ബി.1.617 വകഭേദം ഇന്ത്യ കൂടാതെ നാല്പത് രാജ്യങ്ങളിൽ കൂടി ഇതിനോടകം  സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് വകഭേദം പടരുന്നത് ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായ പ്രകടനത്തോടെ യു എസ്, യു കെ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യക്കാരെ ഒന്നടങ്കം കടുത്ത ഭാഷയിൽ വിമർശിച്ചു. വിദേശത്തെത്തുമ്പോൾ ഇന്ത്യക്കാർ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നില്ലെന്ന് പോലും ആക്ഷേപമുണ്ട്.

ഇന്ത്യൻ ജനതയെ സഹതാപത്തോടെ കാണുന്നവരും കുറവല്ല. കൃത്യമായ ചികിത്സയ്‌ക്കോ മരുന്നിനോ വകയില്ലാത്തവരും മുഴുപ്പട്ടിണി ആയവരുമാണ് ഇന്ത്യക്കാർ എന്നും ചിലർ ധരിച്ചുവച്ചിരിക്കുന്നു. ഒപ്പം ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് ഇക്കാര്യം മനസ്സിൽ വച്ച് പെരുമാറുകയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നവർ ഉണ്ട്. സ്വന്തം രാജ്യക്കാർ ക്ലേശം അനുഭവിക്കുമ്പോൾ വേറെ രാജ്യത്ത് സുഖിച്ചു കഴിയുന്ന സ്വാർത്ഥർ എന്നും ചില സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നു.

യു എസ് വൈസ് പ്രസിഡന്റ് എന്ന ഉന്നത പദവിയിലേക്ക്  ഇന്ത്യൻ വംശജ കമല ഹാരിസ് കടന്നുവന്നപ്പോൾ ലോകഭൂപടത്തിൽ ഇന്ത്യ അഭിമാനകരമായ ഒരിടം നേടിയെടുത്തിരുന്നു. എത്ര വേഗമാണ് കാര്യങ്ങൾ മാറി മറഞ്ഞത്? 

മാസ്ക് ഒഴിവാക്കാൻ ഉടൻ സാധ്യമല്ലെന്ന് കാലിഫോർണിയ 

സാൻ ഫ്രാൻസിസ്‌കോ:  പൂർണമായി കോവിഡ്  വാക്സിനേഷൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്നുള്ള സിഡിസി നിർദ്ദേശം, ജൂൺ 15 ന് മുൻപായി നടപ്പാക്കാൻ സാധിക്കില്ലെന്ന് കാലിഫോർണിയയിലെ ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മാസ്ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കാലിഫോർണിയ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഏജൻസി സെക്രട്ടറി മാർക് ഗാലി അറിയിച്ചു.
പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് ചെറിയ ഒത്തുചേരലുകൾക്ക് മാസ്ക് ഒഴിവാക്കാം, എന്നാൽ ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. വീടിനുള്ളിൽ ഒത്തുചേരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ മാത്രം മാസ്ക് ഒഴിവാക്കാം.
സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. 
ജോ ബൈഡന്റെയും സിഡിസി യുടെയും പ്രഖ്യാപനത്തിന് വിരുദ്ധമായ നടപടിയാണ് മാസ്ക് വിഷയത്തിൽ കാലിഫോർണിയ കൈക്കൊണ്ടിരിക്കുന്നത്.
യുഎസിൽ കോവിഡ് മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നായ കാലിഫോർണിയയിൽ ഇതുവരെ 3,665,904 കൊറോണ വൈറസ് കേസുകളും 61,510 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 34,536,581 ആളുകളാണ് വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്.

ഇല്ലിനോയി നിവാസികൾക്ക് മാസ്ക് ഒഴിവാക്കാമെന്ന് ഗവർണർ 

ഇല്ലിനോയി: സിഡിസി നിർദ്ദേശിച്ചതുപ്രകാരം പൂർണമായും കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് ഗവർണർ ജെ.ബി.പ്രിറ്റ്സ്കർ അറിയിച്ചു. മെയ് 13 ന് വന്ന സിഡിസി  യുടെ മാർഗനിർദ്ദേശം തിങ്കളാഴ്ചയാണ് ഗവർണർ അംഗീകരിച്ചത്.
എന്നാൽ, യു എസിലെ മൂന്നാമത്തെ വലിയ നഗരം എന്ന നിലയിൽ മാസ്ക് ഒഴിവാക്കുന്ന കാര്യത്തിൽ കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത ലഭിക്കേണ്ടതുണ്ടെന്ന് ഷിക്കാഗോ മേയർ ലോറി ലൈറ്റ്ഫൂട്ട് പറഞ്ഞു. ഷിക്കാഗോയിൽ സാമൂഹിക അകലം പാലിക്കുന്നതും മുൻപത്തേതുപോലെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു. ജൂലൈ 4 വരെ  ഒത്തുചേരുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസുകൾ തുറന്നുപ്രവർത്തിക്കുന്നതിനും മാസ്ക് നിര്ബന്ധമായിരിക്കും.
സിഡിസി യുടെ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ നഗരത്തിൽ എപ്പോൾ മുതൽ സാധ്യമാകുമെന്ന് മേയർ വ്യക്തമാക്കിയില്ല.

ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴും, ട്രെയിൻ-ബസ്-വിമാന എന്നിങ്ങനെ പൊതുഗതാഗതത്തെ ആശ്രയിച്ച് യാത്ര നടത്തുമ്പോഴും എയർപോർട്ട്, ബസ് സ്റ്റോപ്പ്, ട്രെയിൻ സ്റ്റേഷൻ എന്നിവിടങ്ങളിലും ആളുകൾ മാസ്ക് ഒഴിവാക്കരുതെന്ന് തന്നെയാണ് സിഡിസി യുടെ മാർഗനിർദ്ദേശത്തിൽ ഇപ്പോഴും ഉള്ളത്.
തിങ്കളാഴ്ച സംസ്ഥാനത്തെ  പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 946 ആയിരുന്നു. പോസിറ്റിവിറ്റി നിരക്ക്: 2.4 ശതമാനം.
Join WhatsApp News
സുരേന്ദ്രൻ നായർ 2021-05-19 12:43:07
ജൈവായുധമായി ചൈന മെനഞ്ഞെടുത്തതായി പറയപ്പെടുന്ന ഈ വൈറസിന്റെ പുതിയ വകഭേദത്തിനു ഇന്ത്യയുടെ പേരുനല്കി അപമാനിക്കുന്നത് ആശാസ്യമല്ല. തലതിരിഞ്ഞ ഇത്തരം വർഗ്ഗീകരണങ്ങൾ ഉണ്ടാക്കുന്ന മാധ്യമങ്ങളാണ് മറുപടി പറയേണ്ടത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക