Image

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

Published on 19 May, 2021
ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)
നെല്ലോലകൾ
മയക്കമുണരാത്ത
പുഞ്ചവയൽ വരമ്പിലൂടെ
ഒരു പെരുമഴയിൽ
കുടയില്ലാതെ നടക്കണം.

ഇരുണ്ട ആകാശത്തിലെ
മിന്നൽപ്പിണരുകളിൽ
നഷ്ടപ്പെട്ടവരുടെ
ആത്മാവുകൾ
തിരയണം...

മലയിറങ്ങി വരുന്ന
ഈറൻ സന്ധ്യയിൽ
മിഴിയാഴങ്ങളിലെ
തടയിണകൾ
തുളുമ്പാതെ നോക്കണം...

പുഴകയറി വരുന്ന
മണൽക്കാറ്റിൽ
പടിവരെയെത്തുന്ന
പ്രളയത്തിൻ്റെ
ഗന്ധം നുകരണം....

മുറ്റത്തെ മൺചാലുകളിൽ
ഒഴുകി മറഞ്ഞ
കടലാസുതോണികളുടെ
തുഴപ്പാടുകൾ
പിന്തുടരണം....

കാലവർഷം പൊഴിച്ചിട്ട
മാമ്പഴക്കാലത്തിലേക്ക്
ഒറ്റിഴ തോർത്തുമായ്
ചെളിവെള്ളം തെറുപ്പിച്ച്
നടന്നു ചെല്ലണം...

മലയുടെ, പുഴയുടെ,
വയൽക്കാറ്റിൻ്റ
ചൂരുള്ള , ചൂടുള്ള
ഒരു പെരുമഴക്കാലത്തിലൂടെ
ഒരിക്കൽക്കൂടി
ഒറ്റക്ക് നടക്കണം...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക