Image

മന്ത്രിസഭ വന്നു ; പ്രതിപക്ഷ നേതാവ് വരും ; കൂട്ടത്തിൽ വീടുകളിലെ മഹാമാരികളും : ആൻസി സാജൻ

Published on 21 May, 2021
മന്ത്രിസഭ വന്നു ; പ്രതിപക്ഷ നേതാവ് വരും ; കൂട്ടത്തിൽ വീടുകളിലെ മഹാമാരികളും : ആൻസി സാജൻ
ചരിത്ര വിജയം നേടിയ ഇടതുമുന്നണിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കേരളത്തിന്റെ പുതിയ കുതിപ്പുകൾക്ക് ആക്കം കൂടട്ടെ എന്ന പ്രത്യാശ പങ്കു വെക്കാം. മന്ത്രിമാരിലെ പുതുമുഖ ടീമിന്റെ ഊർജ്ജസ്വലതയും പരിണതപ്രജ്ഞനായ മുഖ്യമന്ത്രിയുടെ പ്രാഗൽഭ്യവും സംസ്ഥാനത്തിന് മുതൽക്കൂട്ടാവട്ടെ. പിന്നെ മന്ത്രിമാരാവാനും മികച്ച വകുപ്പുകൾ കൈകാര്യം ചെയ്യാനും ആരും പേടിക്കേണ്ട കാര്യമില്ലെന്നും എല്ലാം അതാതിന്റെ വഴിയേ പൊയ്ക്കൊള്ളുമെന്നുമുള്ള ബോധ്യം ഇത്തവണ ജനങ്ങൾക്ക് ദൃഢമായി മനസ്സിലാക്കാൻ കഴിഞ്ഞു.
ഇതുവരെ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിന് ലഭിച്ചിട്ടില്ല. ഇന്ന് ലഭിക്കുമായിരിക്കും. ശോഭനമായ ഒരേയൊരു പദവി മാത്രം ഉള്ളതു കൊണ്ടുള്ള പ്രശ്നമാവും അത്. ലേറ്റായാലും ഗംഭീരമാകും അതും. കോൺഗ്രസ്സ് അണികളുടെ പുകച്ചിൽ അതുകൊണ്ട് മാറുമോ എന്തോ ? ഇനിയിപ്പം 'ഒറ്റക്കെട്ട് എന്ന വാക്കിന്റെ ഊറ്റം എന്താവുമോ..! ( യു.ഡി.എഫ് എന്നാൽ ഒറ്റക്കെട്ട് എന്നാണ് അർത്ഥം )
ഇനി കോൺഗ്രസ്സ് നേതാക്കളോടെല്ലാം പറയാൻ ഒരു കാര്യം മനസ്സിൽ തോന്നുന്നു. ഇനി മുതൽ നിങ്ങൾ ആ വെളുത്ത ഖദർവേഷം മാറ്റി വെക്കാമെങ്കിൽ നല്ലതാണ്. വെള്ളപ്പട ഇറങ്ങുന്നതുപോലെ അകന്നു നിൽക്കേണ്ട കാര്യമില്ല. മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ നടക്കാമല്ലോ.! ഒന്നുമില്ലേൽ ഇത് അലക്കി വെളുപ്പിച്ച് stiff and Shine ആയി നിലനിർത്തുന്ന പെടാപ്പാട് ഒഴിവാക്കാം. ഇടയ്ക്ക് ഷാഫി പറമ്പിലും ബൽറാമുമൊക്കെ നിറമുള്ള കുപ്പായങ്ങളിട്ടു വരുമ്പോൾ എന്തൊരു ഐശ്വര്യമാണ്..?
അതുപോലെ പരസ്പരം കളിയാക്കാനും കാലുവാരി നിലത്തിടാനും ചൊട്ടമുതലേയുള്ള ശീലം മാറ്റാൻ നോക്കുക.  പാർട്ടി നേതാക്കളെ ആരെങ്കിലുമൊക്കെ ചെളിവാരിയെറിയുമ്പോഴും അപഹസിക്കുമ്പോഴും ഗ്രൂപ്പ് തിരിഞ്ഞ് നഖമുരച്ച് നിൽക്കാതെ സ്വന്തം സംഘടനയുടെ സുരക്ഷിതത്വം കാക്കാൻ പഠിക്കേണ്ടതല്ലേ..? എന്തായാലും ദൈവം കാക്കട്ടെ..!
ഇനി ഇന്നലെ വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ സ്ത്രീകൾ പറത്തി സൂപ്പർ ഹിറ്റാക്കിയ ഒരു വീഡിയോയെക്കുറിച്ച് . ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഹോട്ടലിലെപ്പോലെ ഭക്ഷണത്തിന് ഓർഡർ കൊടുത്ത് ടീവീം കണ്ട് ഫോണിലും തിരഞ്ഞിരിക്കുന്ന ഭർത്താക്കൻമാരെപ്പറ്റി അനുഭവിച്ചു മടുത്ത വീട്ടമ്മയുടെ അഭ്യർത്ഥനയായിരുന്നു അത്. ഈ 'മഹാമാരി'ക്കെതിരെ വേണ്ട നടപടിയെടുക്കാൻ പുതിയ ഗവൺമെന്റിനോടായിരുന്നു അവരുടെ യാചന. പരിഹാരമുണ്ടായില്ലെങ്കിൽ സ്ത്രീകൾ ജയിലിൽ കിടക്കേണ്ടി വരികയോ അല്ലെങ്കിൽ ഭ്രാന്തെടുത്ത് റോഡിൽ അലഞ്ഞുതിരിയുകയോ ചെയ്യുന്ന കാലം വിദൂരമല്ല എന്നാണ് ആ സുഹൃത്ത് പറയുന്നത്..
എല്ലാത്തിനും പരിഹാരം വേണം. സത്വരശ്രദ്ധകൾ പതിയട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക