Image

സതീശൻ ; സർവ്വഥാ യോഗ്യൻ : ആൻസി സാജൻ

Published on 22 May, 2021
സതീശൻ ; സർവ്വഥാ യോഗ്യൻ : ആൻസി സാജൻ
കേരളത്തിന്റെ പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ തിരഞ്ഞെടുക്കപ്പെട്ടു. സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശമുണർത്തുന്ന തീരുമാനം. അമ്പേ പരാജയപ്പെട്ട് അടിപതറിയ കോൺഗ്രസ്സിന്റെ ഈ ചുവടുവെയ്പ് ഗംഭീരമായി. കണ്ടുകണ്ടു പഴകിയ മുഖങ്ങളുടെ മടുപ്പിൽ നിന്നൊരു മോചനം. പ്രതിപക്ഷനിരയിലും തലമുറക്കൈമാറ്റം ഗുണഫലങ്ങൾ നിറയ്ക്കുമെന്നത് ഉറപ്പാണ്.
പ്രതിപക്ഷ നേതൃപദവി വഹിക്കുവാൻ നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ സർവ്വഥാ യോഗ്യൻ സതീശൻ തന്നെയാണ്. കാര്യങ്ങൾ വ്യക്തമായി പഠിച്ച് കൃത്യമായിട്ട് അവതരിപ്പിക്കുന്നതിൽ പ്രത്യേക പ്രാഗൽഭ്യമാണ് അദ്ദേഹത്തിനുള്ളത്. സാമ്പത്തിക വിദഗ്ധനായ തോമസ് ഐസക്കിന്റെ ബജറ്റിനെതിരായ വാദങ്ങൾ നിരത്തിയ സതീശന്റെ പ്രസംഗങ്ങൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത് ഓർമ്മിക്കാം.
1986-87 കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ ഭരണം കെ.എസ്.യുവിനായിരുന്നു. അന്ന് ചെയർമാൻ സ്ഥാനത്ത് വി.ഡി.സതീശനും. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നിന്നും 86-ലും 87-ലും യൂണിവേഴ്സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടാൻ അവസരം ലഭിച്ച എനിക്ക് സതീശനോടൊപ്പം വൈസ് - ചെയർ പേഴ്സണായി പ്രവർത്തിക്കുവാൻ കഴിഞ്ഞതും ഓർക്കുന്നു. തീവ്രമായ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും സർവ്വകലാശാല യൂണിയൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. അന്ന് സതീശന്റെ അധ്യക്ഷ പ്രസംഗങ്ങൾ കേട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. സമഗ്രമായും ആധികാരികമായും വസ്തുതകൾ നിരത്തി ദീർഘനേരമെടുത്തുള്ള ആ പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ കഴിവിന് നിദർശനങ്ങളായിരുന്നു. 
രാഷ്ട്രീയ രംഗത്ത് പ്രവർത്തനം തുടരുന്ന സഹോദരന്റെ സഹപ്രവർത്തകനും സുഹൃത്തുമായ വി.ഡി.സതീശനെ പിന്നീടും കാണുവാനും സംസാരിക്കുവാനും കഴിഞ്ഞിട്ടുള്ളതും അഭിമാനമായി കരുതുന്നു.
കേരളത്തിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നേരിട്ട പരാജയം ജനങ്ങൾ നൽകിയ താക്കീതായി കരുതാം. ഗ്രൂപ്പുകൾക്കതീതമായ പുതിയ പ്രവർത്തന  ശൈലിയിലൂടെ തറപറ്റിയ കോൺഗ്രസ്സിനെ  ഉണർത്തുവാനും ഉയർത്തുവാനും സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ജനവികാരങ്ങൾ ചേർത്തുപിടിച്ച് തെറ്റായ സർക്കാർ നയങ്ങളെ എതിർത്ത് തിരുത്താനും ജനകീയ സമരമുഖങ്ങൾ ജ്വലിപ്പിച്ചു നിർത്താനും കഴിവുള്ള പ്രതിപക്ഷ നേതാവാകട്ടെ വി.ഡി.സതീശൻ .
സതീശൻ ; സർവ്വഥാ യോഗ്യൻ : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക