രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

Published on 26 May, 2021
രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം
ന്യൂജേഴ്‌സി: രണ്ടാം പിണറായി സര്‍ക്കാരിന് ഫൊക്കാനയുടെ എല്ലാ വിധ പിന്തുണയും ആശംസയും അര്‍പ്പിക്കുന്നതായി  ഫൊക്കാന ഭരണസമിതി അറിയിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാണ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഇത്രയേറെ ത്രസിപ്പിക്കുന്ന വിജയം നേടി വീണ്ടും അധികാരത്തില്‍ എത്തിയത്. ഏറെ യുവ രക്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയില്‍ ഫൊക്കാനയ്ക്ക് ഏറെ വിശ്വാസമുണ്ട്. കഴിവും യോഗ്യതയും തെളിയിച്ച യുവ മന്ത്രിമാര്‍ക്ക് പിണറായി വിജയനെപ്പോലെ ശക്തനായ ഒരു ഭരണ തന്ത്രജ്ഞനൊപ്പം കേരളത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 5 വര്‍ഷവും ഫൊക്കാനയുമായി അടുത്ത സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി ഫൊക്കാനയുടെ ഫിലഡല്‍ഫിയാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ആദ്യമായി അമേരിക്കയില്‍ എത്തുന്നത്. പിന്നീട് പലവട്ടം സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പല വിധ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭവനം പദ്ധതി, കഴിഞ്ഞ രണ്ടു തവണത്തെ മഹാപ്രളയം ഒടുവില്‍ ഇപ്പോഴത്തെ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിരവധിയായ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണെന്നും ഫൊക്കാന നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് ഫൊക്കാനയോടുള്ള വിശ്വാസവും സ്‌നേഹവും പല തവണ പല വേദികളിലായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ സര്‍ക്കാരിന് നല്‍കിയ പിന്തുണ പോലെ രണ്ടാം പിണറായി സര്‍ക്കാരിനും ഫൊക്കാനയുടെ എല്ലാ വിധ പിന്തുണയും നല്‍കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് വിവിധ പദ്ധതികളില്‍ പങ്കാളികളാകാനും ഫൊക്കാന തയാറാകുമെന്നും ഫൊക്കാന നേതൃത്വം വ്യക്തമാക്കി.

ഫൊക്കാന  ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവരും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാരിന് പിന്തുണ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക