Image

എത്ര എത്ര അറിയപ്പെടാത്തവർ (ചെറുകഥ: മനോഹർ തോമസ്)

Published on 27 May, 2021
എത്ര എത്ര അറിയപ്പെടാത്തവർ (ചെറുകഥ: മനോഹർ തോമസ്)
പൊതുനിരത്തിൽ നിന്ന് തുടങ്ങി ,ഒന്ന്  വളഞ്ഞു ,നേർത്തു നേർത്തു വരുന്ന താറിട്ട റോഡ് ,അവസാനിക്കുന്നത് കാറ്റാടി മരക്കൂട്ടങ്ങൾക്കു മുമ്പിലാണ് .വഴിയറ്റത്തെ ആ ചെറിയ വീട് വാങ്ങാൻ തീരുമാനിച്ചത് രണ്ടു കാരണങ്ങളാലാണ് .നഗരത്തിനകത്തു ആണെങ്കിലും ,ഗ്രാമത്തിന്റെ ശാന്തത .ഇടതടവില്ലാതെ മരക്കുട്ടത്തെ തഴുകി എത്തുന്ന കാറ്റിന്റെ മർമ്മരം .

സിമന്റു ചട്ടിയിൽ വെള്ളം നിറച്ചു കൊടുത്തു് ,പക്ഷികുളിയുടെ രസം ആസ്വദിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ,വഴിയിൽ നിൽക്കുന്ന സ്ത്രീയെ ഞാനാദ്യം കണ്ടത് .കാറ്റാടി മരങ്ങൾക്ക് മുമ്പിലെ ഉയരം കുറഞ്ഞ ഫെൻസിൽ കൈ വച്ച് ,അകലേക്ക് നോക്കി അവർ നിൽക്കുന്നു .പതിനാല് വീടുകൾ മാത്രമുള്ള ആ ചെറുവഴിയിൽ മുമ്പൊരിക്കലും അങ്ങിനെ ഒരാളെ കണ്ടതായി ഓർക്കുന്നില്ല .നാൽപ്പത്തഞ്ചു
വയസ്സെങ്കിലും തോന്നിപ്പിക്കുന്ന ആ സ്ത്രീയുടെ വേഷമാണ് എന്നെ അലോസരപ്പെടുത്തിയത് . നൈറ്റ് ഗൗൺ പോലുള്ള ഒരയഞ്ഞ കുപ്പായത്തിനു മുകളിലായി തുണിനുലുകൊണ്ടു കെട്ടിയിരിക്കുന്നു .വിളഞ്ഞ ഗോതമ്പു വയലിൽ കാറ്റടിക്കുന്നപോലെ സ്വർണതലമുടി
പാറുന്നു .ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാനാകാതെ പതറുന്ന നോട്ടം ; എന്തോ തേടുന്ന പോലെ

കുറച്ചു നേരം കൂടി അവരെ ശ്രദ്ധിച്ച ശേഷം പക്ഷി തീറ്റ എടുക്കാനായി ഞാനകത്തേക്കു പോയി .പുറത്തെ പൈൻ മരത്തിന്റെ ചില്ലകളിൽ പുതിയതായി ഏഴു നാരായണക്കിളി കൂടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു .

 തിരിച്ചു വരുമ്പോൾ അയൽക്കാരൻ മാത്യു പടിക്കൽ നിൽക്കുന്നു .
“ നിങ്ങൾ കണ്ടോ ,പരിചയമില്ലാത്ത ഒരു സ്ത്രീ ഇതിലെ കറങ്ങി നടക്കുന്നത് . “
“ ഇതുവരെ ഇവിടെ നിൽക്കുന്നത് കണ്ടിരുന്നു .എന്തോ പന്തികേടുണ്ട്  “

മാത്യു തനിയെ ആണ് വീട്ടിൽ താമസിക്കുന്നത് .പെൻഷൻ പറ്റിയ ശേഷം മറ്റു പണികളൊന്നും ഇല്ലാത്തതുകൊണ്ട് തെരുവ് ഭരിക്കുന്നത് അങ്ങേർക്കൊരു രസമാണ് .എല്ലാവരോടും സൗഹൃദം ,ഉപകാരി !

           ഞങ്ങൾ രണ്ടാളും ഇറങ്ങി നോക്കിയെങ്കിലും ആ സ്ത്രീയുടെ നിഴലു പോലും കണ്ടില്ല .മാത്യൂന്റെ വീട്ടിനപ്പുറത്തായി വയസ്സൻ
ആർക്കിടെക്ട് ഗ്രിഗറി താമസിക്കുന്നു .വീടും ഓഫീസും ഒന്നായതുകൊണ്ടു ഗ്രിഗറിവലിയപ്പന് അധികം അനക്കങ്ങളില്ല . മാസങ്ങളായി
അയാളുടെ വോക്‌സ്‌വാഗൻ ബഗ് വീടിനുമുന്നിൽ തന്നെ അനങ്ങാതെ കിടക്കുന്നു.ഗ്രിഗറിയുടെ വിട്ടുമുറ്റത്ത് ശാഖോപശാഖകളായി
പടർന്നു പന്തലിച്ചുനിൽക്കുന്ന പൈൻ മരത്തിന്റെ ചോട്ടിൽ ആ ചെറിയ കാറ് ഒരാമകുഞ്ഞിനെ പോലെ തോന്നിച്ചു .

ഓഫിസിലേക്ക്  കാറോടിക്കുമ്പോഴും ,ജോലിയിൽ മുഴുകുമ്പോഴും ആ സ്ത്രീയുടെ ’നിസ്സഹായമായ ’നിൽപ്പുതന്നെയായിരുന്നു മനസ്സിൽ .എത്ര എത്ര അറിയപ്പെടാത്തവരാണ് ഈ വലിയലോകത്തു ജീവിക്കുന്നത് . എത്രയോ സങ്കിർണമായ പ്രശ്നങ്ങളുടെ
ഭാണ്ഡക്കെട്ടുമായാണ് ഓരോരുത്തരും നടക്കുന്നത് . പരസ്പരം പരിചയപ്പെടുമ്പോഴും ,ഭാണ്ഡത്തിൽ നിന്ന് ഓരോന്ന് പുറത്തേക്കു എടുക്കുമ്പോഴും അമ്പരപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കാനേ പലപ്പോഴും കഴിയാറുള്ളു . അതിന്റെ ഒക്കെ ആകത്തുകക്ക്  തന്നെയല്ലേ നമ്മൾ ജീവിതം എന്ന് വിളിക്കുന്നത് .

ഓഫീസിലെ തിരക്കിട്ട ജോലിക്കിടയിലും , ഉച്ചഭക്ഷണത്തിന് കൂട്ടുകാരോട് പലതും പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോഴും ,സ്വർണതലമുടിയും , പതറുന്ന മിഴിയിണകളും , മനസ്സിൽ നിന്ന് പോയിരുന്നില്ല . ഓഫീസിലെ ഒന്നുരണ്ട് പേരോട് ഞങ്ങളുടെ
തെരുവിലെ ഈ അജ്ഞാത സന്നർശകയെപ്പറ്റി പറയുകകൂടി ചെയ്തു .
 
ക്ലൈന്റ്‌സ്‌മായി മീറ്റിംഗ് വച്ചിരുന്ന കാരണം വീട്ടിലേക്കു മടങ്ങാൻ അല്പം വൈകി . രാത്രി എട്ടുമണി ആയിക്കാണും .തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു . ദൂരെ എവിടെയോ മഴ പെയ്യുന്നതിന്റെ ലക്ഷണം . ഞങ്ങളുടെ ചെറിയ തെരുവിന്റെ അറ്റത്തു എത്തിയപ്പോൾ
വണ്ടി പോലീസ് തടഞ്ഞു . മഞ്ഞ പ്ലാസ്റ്റിക്കിന്റെ വള്ളികൾ തെരുവിന് കുറുകെ തലങ്ങും വിലങ്ങും കെട്ടിയിരിക്കുന്നു . കാറിൽ നിന്നും പുറത്തേക്കിറങ്ങാൻ ഒരാൾ ആംഗ്യം കാണിച്ചു .

പോലീസ് കാറുകളുടെ പരമ്പര തെരുവ് നിറയെ . കറങ്ങുന്ന ചുവപ്പ് ബൾബുകളുടെ മാന്ത്രിക താളം . സ്യൂട്ടുധരിച്ചവരും ,യൂണിഫോം ഇട്ടവരുമായി ഒരുപാടുപേർ വേഗതയെ പുണരുന്നു .

കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒന്നുനിവർന്നു നിന്ന് കാണും , അതിനുമുമ്പ് “ നിങ്ങളാണോ “ എന്നു തുടങ്ങുന്ന കുറെ ചോദ്യങ്ങളുടെ ശരവർഷം . ഞാനെന്താണ് തെറ്റുചെയ്തതെന്ന് എന്നോടുതന്നെ ചോദിക്കുന്ന ,ജീവിതത്തിലെ ഒരപൂർവ്വനിമിഷം .
ചോദ്യങ്ങളും , ഉത്തരങ്ങളും  അതി വേഗത്തിൽ കടന്നു പോയിട്ടും എന്താണ് നടന്നതെന്നോ , എന്തിനാണ് ഈ ചോദ്യങ്ങളെന്നോ,മാത്രം ആരും പറഞ്ഞില്ല . എന്തോ നടക്കേണ്ടാത്തതു നടന്നു എന്ന് മാത്രം മനസ്സിലായി .

തിരക്കിനിടയിൽ പരിഭ്രമിച്ചു ,വിഷണ്ണനായി നിൽക്കുമ്പോൾ കൊള്ളിയാൻ മിന്നുന്നപോലെ മാത്യു പ്രത്യക്ഷപ്പെട്ടു .കൈയിൽ കൂട്ടിപ്പിടിച്ചു ഒതുക്കി മാറ്റി നിർത്തി പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു ;

ആ  സ്ത്രീ നമ്മുടെ ഗ്രിഗറിയുടെ വീടിന്റെ മുമ്പിലെ പൈൻ മരത്തിൽ കെട്ടിത്തൂങ്ങി . എന്നിട്ടും ചത്തില്ലെടോ ! കൊമ്പൊടിഞ്ഞു മൂട്ട കാറിന്റെ മുകളിൽ വീണു . എല്ലു മുഴുവൻ ഒടിഞ്ഞു . പോലീസുകാര് വാരിക്കൂട്ടി ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട് .
താനാ സ്ത്രീയെ കണ്ടെന്നോ , അറിയുമെന്നോ ഇവിടെ ആരാണ്ടു പോലീസുകാരോട് പറഞ്ഞുകൊടുത്തു . അതാണ് ഈ  പുകിലൊക്കെ .താൻ പേടിക്കണ്ട . “.

മാത്യു ആൾക്കൂട്ടത്തിൽ മറഞ്ഞു .

ഒരാഫീസർ വന്നു പറഞ്ഞു “ നിങ്ങളുടെ ഒരു സ്റ്റേറ്റ്മെന്റ് ആവശ്യമുണ്ട് “ . അയാളുടെ കാറിൽ പോയി അലസമായി ഇരുന്നു .പിന്നെയും ഇടതടവില്ലാതെ ചോദ്യങ്ങളും ,ഉത്തരങ്ങളും .

വീട്ടിൽ വന്നു കയറുമ്പോൾ ആകെ തളർന്നിരുന്നു . മനസ്സിന് എന്തെന്നില്ലാത്ത  മരവിപ്പ് .ഇതിനു മുമ്പ് ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിവന്നു ഉണ്ടാക്കുന്ന അലോസരങ്ങൾ .നല്ലൊരു ഡ്രിങ്ക് മിക്സ് ചെയ്തു ഈസിചെയറിലേക്കു കുതിർന്നു വീഴുമ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് .മാത്യു ആണ് .
“ഡ്രിങ്ക് തീർത്തു താനൊന്നു തയാറാകൂ . നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകാം .ഈ  കക്ഷി ആരാണെന്ന് ഒന്നറിയണ്ടേ ? “

 ദേഹം ആസകലം പ്ലാസ്റ്ററിൽ മൂടി ,ഒരുവശം ചെരിഞ്ഞു  അവർ കട്ടിലിൽ കിടക്കുന്നു .തെളിയാത്ത ബോധത്തിന്റെ നേർവരകൾക്കുമപ്പുറത്തു , കൂട്ടിയടഞ്ഞ മിഴിയിണകളുടെ ശാന്തതയിൽ,നെഞ്ചിൻ കൂടുമാത്രം ഉയർന്നും താണും ജീവന്റെ താളം
വിളിച്ചറിയിച്ചു . ഞാനാദ്യമായി കാണുന്ന ഇവരെപ്പറ്റിയായിരുന്നു പോലീസിന്റെ ചോദ്യങ്ങളെല്ലാം എന്ന് മനസ്സ് പറഞ്ഞു . വീട്ടിലെത്തുന്നവരെ ഞങ്ങൾ പരസ്പരം  മിണ്ടിയതേയില്ല . യാത്ര പറയുമ്പോൾ മാത്യൂന്റെ മുഖം വികാര വായ്പ്പിനാൽ വല്ലാതെ  ചുവന്നിരുന്നു . ഇരുട്ടിലേക്ക് നോക്കി, വാതിൽപ്പടിയിൽ കുറെ നേരം ഇരിക്കാനാണ് തോന്നിയത് . അണ്ണാൻ കുഞ്ഞുങ്ങളും ,
പക്ഷിക്കൂട്ടങ്ങളും ,ചാഞ്ചാടിനടന്നിരുന്ന ശാന്തതക്ക് പേരുകേട്ട ഞങ്ങളുടെ തെരുവ് എത്ര പെട്ടെന്നാണ് ഒരു യുദ്ധഭൂമിയായത് .തുടരെ ഉണ്ടാകുന്ന എല്ലാ സംഭവങ്ങൾക്കും ഒരവിചാരിതയുടെ പരിവേഷം .

പുറത്തെ സിമന്റുബെഞ്ചിലിരുന്ന് ചൂട് കാപ്പി മൊത്തികുടിച്ചു ,കിളികൾക്കു തീറ്റ എറിഞ്ഞുകൊടുക്കുമ്പോൾ സൂര്യൻ ഉദിച്ചു ഉയരുന്നതേ ഉള്ളു . നാരായണക്കിളികൾ കൂട്ടം കൂട്ടമായി വന്നിരുന്ന് തീറ്റ ചികയുന്നു .എനിക്ക് മനസ്സിലായില്ലെങ്കിലും ,കിളികൾക്കും  ഭാഷ ഉണ്ടെന്ന കാര്യം തീർച്ചയായി . അണ്ണാൻ വരുമ്പോൾ ചിലക്കുന്നപോലെയല്ല പൂച്ച വരുമ്പോൾ . ക്ഷണിക്കപ്പെടാത്ത ഒരതിഥി
ഈ തെരുവിൽ വന്നു പോയ കാര്യവും അവർ പറയുന്നുണ്ടാകാം . അതിൽ ലയിച്ചിരിക്കുമ്പോഴാണ് , മാത്യു ഓടി കിതച്ചു എത്തിയത് .

“ ആ സ്ത്രീ മരിച്ചു . നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകാം .”

മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് ,ഇടനാഴികയുടെ ഒരൊഴിഞ്ഞ കോണിൽ , മൂടിപുതച്ചു കിടത്തിയിരിക്കുന്നു .ഞങ്ങൾ എത്തിയതും തലയിൽ നിന്നും വിരിപ്പ് മാറ്റി നേഴ്‌സ് പറഞ്ഞു ;
  “ അറുപതോളം മൈൽ അകലെയുള്ള ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നും രക്ഷപെട്ടതാണ് . എങ്ങിനെ ഈ  പട്ടണത്തിൽ എത്തി എന്ന് ഒരു പിടിയും കിട്ടുന്നില്ല . മരിക്കാൻ നിങ്ങളുടെ തെരുവ് തിരഞ്ഞെടുത്തതും വിചിത്രമായിരിക്കുന്നു . അവിടെ അടുത്തെങ്ങും
ട്രെയിനോ , ബസ്സോ  വരുന്നില്ല .”

വീട്ടിലേക്ക്  മടങ്ങുമ്പോൾ , കാറ്റിലുലയുന്ന സ്വർണതലമുടിയും , ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളും മനസ്സിൽ ബാക്കിനിന്നു .
Join WhatsApp News
RAJU THOMAS 2021-05-28 15:47:59
ചെറിയൊരു ചെറുകഥ. കൊള്ളാം, ഭംഗിയായിട്ടുണ്ട്. Clean and tight. തന്നിലെ കഥാകൃത്ത് തന്നെപോലെതന്നെ സജീവമാണെന്ന് മനോഹർ തോമസ് വീണ്ടും തെളിയിച്ചിരിക്കുന്നു. 'ബാക്കിനിന്നു' എന്ന് ശരിയായി എഴുതിയിരിക്കുന്നുതാനും.
jose cheripuram 2021-05-29 01:15:38
Mr ;Manohar Thomas again proved that he is a good writer, this story is short& nice. Life is full of mystery & things there is no explanation .Keep writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക