Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ അവസാനിക്കുന്നു )

Published on 29 May, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ അവസാനിക്കുന്നു )
തിരികെ വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോൾ ഗിരിധർ ആകെ തകർന്നിരുന്നു . മഹാഗൗരി എന്ന പെണ്ണ് ... അവൾ തന്റെ ആണധികാരത്തിന്റെ അഹന്ത  ഉടച്ചു കളഞ്ഞു . എല്ലാവർക്കും ഒരു ധാരണ ഉണ്ട് . സ്ത്രീ തന്റെ ഉടൽ ഉപയോഗിച്ച് പകരം വീട്ടുമെന്ന് . അല്ലാതെയും ബുദ്ധി , പിന്നെ കഠിനമായ ജീവിതയാത്രയിലും അഗ്നി ഉള്ളിലേക്ക് ആവാഹിച്ച് അതിനെ പിന്നെയും ഊതിക്കാച്ചി , അനുരഞ്ജനവും കൂടെച്ചേർത്ത് , ഒപ്പം വിശുദ്ധിയും ഉരുക്കിയൊഴിച്ച്  പടവെട്ടി  ഓരോ യാമവും.. 
ഈ സന്ധിയില്ലാസമരഭൂമിയിൽ  നിവർന്നു നിന്നു . കുറച്ചൊന്നുമല്ല, 23 വർഷം . 
വീട്ടിൽ എത്തിയതും  അയാൾ പരമേശ്വരിയെ വിളിച്ചു, ഈ കഥകൾ അവൾക്ക് അറിയാമോ എന്ന് ചോദിച്ചു .
" ഒരിക്കലും പറഞ്ഞിട്ടില്ല , its surprise അല്ല , shocking "
" നീ എന്നെ കുറ്റപ്പെടുത്തരുത് "
" ഇനി കുറ്റപ്പെടുത്തിയിട്ട് എന്ത് പ്രയോജനം ?"
" പരമേശ്വരി, എനിക്ക് ഒരു ഹെല്പ് ചെയ്യുമോ, പ്ളീസ് will you come here a couple of days "
" ഉടനെ വരാൻ പറ്റുമോ എന്നറിയില്ല , കുറച്ച് urgent ജോലികൾ ഉണ്ട് . വെള്ളിയാഴ്ച ഈവ്നിംഗ് ഫ്ലൈറ്റിനു ഞാൻ വരാം .ഒരാഴ്ച അവിടെ നിൽക്കാം .."
പരമേശ്വരി വരുന്നത് ഒരു ആശ്വാസം ആകും . തനിയ ഇവിടെ ഇരുന്നാൽ ഭ്രാന്താകും.
ജീവിതം എല്ലാവർക്കും പോരാട്ടം ആണ് . സമാനതകളില്ലാത്ത സമരയാത്രകളാൽ നിബിഡം...ജയപരാജയങ്ങൾ തന്റെ പ്രവൃത്തികൊണ്ടു തന്നെ.. പിന്നെ തന്റെ  ധിക്കാരങ്ങൾ മറ്റുള്ളവർക്ക് കൊടുത്ത  അധിക്ഷേപങ്ങൾ   അതിജീവനം ഇനി നടക്കുമോ ...? ചിട്ടപ്പെടുത്താൻ പറ്റാത്ത ദിനരാത്രങ്ങൾ ..
പതറി നില്ക്കരുത് ഈ രണാങ്കണത്തിൽ.
എങ്കിലും സ്വച്ഛന്ദത കൈവരിക്കാൻ പറ്റുമോ , ചെയ്തു കൂട്ടിയ പാപകർമങ്ങളോർത്താൽ ? 
ഇപ്പോഴും സ്വാർത്ഥതയുടെ രസതന്ത്രങ്ങൾ തന്നെ വിട്ടു പോയിട്ടില്ല .. അതാണല്ലോ ഒരിക്കൽ തള്ളിപ്പറഞ്ഞവളെ പിന്നെയും കൂട്ടിനു വിളിച്ചത് ..
സ്നേഹത്തിന്റെ ഋതുക്കളിൽ കലാപത്തിന്റെ അഭിനിവേശം ..
നോവിച്ചു കടന്നുപോയ രണ്ടുപേർ.
പരമേശ്വരി വെള്ളിയാഴ്ച്ച വന്നു.ഗിരിധർ അവരെ എയർപോട്ടിൽ നിന്നും കൂട്ടികൊണ്ടു വന്നു . അവൾക്ക് ഇഷ്ടമുണ്ടെന്ന് അയാൾ കരുതിയതൊക്കെ ഉണ്ടാക്കിവെക്കാൻ  അടുക്കളയിൽ ചട്ടംകെട്ടി.
വീട്ടിലേക്കുള്ള യാത്രയിൽ പരമേശ്വരിയെ ശ്രദ്ധിക്കുകയായിരുന്നു . ഒട്ടും മാറിയിട്ടില്ല അവൾ .
തന്റെ അഹന്ത ഒന്നുകൊണ്ടു മാത്രം നഷ്ടമായവൾ .
" എന്താ ഗിരി ആലോചിക്കുന്നത് ?"
" നമ്മൾ ആദ്യം കണ്ടുമുട്ടിയത് . ആ ഡിബേറ്റിൽ നീ എന്നെ തോല്പിച്ചത് "
" അതൊക്കെ ഇപ്പോഴും ഓർമിക്കുന്നുണ്ടോ . .ഞാൻ അതൊക്കെ മറന്നു .
ഗിരി എനിക്ക് തന്ന സ്നേഹനിമിഷങ്ങൾ മാത്രമേ ഞാൻ എന്റെ മനസ്സിൽ സൂക്ഷിക്കുന്നുള്ളു . അല്ലെങ്കിൽ , നിങ്ങളെ  , പിന്നെയും എനിക്ക് നേരിടാൻ സാധിക്കില്ല , I dont  carry grudge "
" എനിക്കറിയാം .. അതുകൊണ്ടാണല്ലോ , ഞാൻ വിളിച്ചപ്പോൾ വന്നത് "
" ഗിരിയുടെ അനീതിക്ക് എതിരെ  നീരസപ്പെടാറുണ്ട്.പക്ഷെ ഇപ്പോഴും നിങ്ങളിൽ നന്മ ഉണ്ടെന്നും അത് തിരികെ കൊണ്ടുവരണമെന്നും ആഗ്രഹമുണ്ട് "
ഒരാഴ്ച പെട്ടെന്ന് കടന്നു പോയി, ആ ഒരാഴ്ച കൊണ്ട് ഗിരിധർ തന്റെ പഴയ പ്രസരിപ്പ് ഏറെക്കുറെ വീണ്ടെടുത്തു. ഇടക്കെപ്പോഴോ വിഷാദത്തിന്റെ കാറ്റ് വീശുമ്പോൾ അതിനെ തന്റെ ചിരികൊണ്ടവൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു .
ജീവിതമെന്ന മഹായാത്രയിലെ ആടിത്തീർക്കുവാനുള്ള
രംഗങ്ങളെ കുറിച്ചയാളെ ബോധവാനാക്കി .
പരമേശ്വരിക്ക് തിരികെ പോകാൻ സമയമായി . ഗിരി അവളുടെ സാന്നിധ്യം പിന്നെയും മോഹിച്ചു . ചോദിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല . ഒരു പുന:ചിന്തനം അവൾ ചെയ്യുമോ എന്ന് ഉറപ്പില്ല . പല പ്രാവശ്യം അവളിലേക്കെത്തിച്ചേരാൻ ശ്രമിച്ചിട്ടും. ആ ഏഴു ദിവസങ്ങൾ അവർ , അകലം പ്രാപിച്ചു നിന്നു . രാത്രിയിൽ ശുഭരാത്രിയിലെ ഒരു ആശ്ലേഷം മാത്രം .
" പരമേശ്വരീ , എന്നിലേക്ക്‌ തിരികെ വരുമോ ? ഈ ഏഴു ദിവസങ്ങൾ , നീ കൂടെ ഉണ്ടായിരുന്നത് എത്ര ആശ്വാസം ആയിരിന്നു എന്നറിയുമോ ?"
" എനിക്കറിയാം ഗിരീ, ഞാൻ അത് മനസ്സിലാക്കി . പക്ഷെ ഇനി എനിക്ക് എന്റെ  ഭർത്താവിന്റെ സ്ഥാനത്തു കാണാൻ സാധിക്കില്ല . ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെയും നിങ്ങൾ എന്റെ   ഉറ്റസുഹൃത്ത് ആയിരിക്കും ,"
" ഇപ്പോൾ പറയേണ്ട , സമയം എടുത്തു  പതുക്കെ പറഞ്ഞാൽ മതി "
" ഇല്ല ഗിരി , ഞാൻ എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷി ആയിരിക്കും , നല്ല ഒരു കൂട്ടുകാരി , അത് മതി ."
ഗിരിധർ അതിനുത്തരം പറഞ്ഞില്ല .
തിരികെ അവരെ എയർപോർട്ടിൽ വിടാൻപോകാൻ മനസ്സ് അനുവദിച്ചില്ല . അവൾ നടന്നു നീങ്ങുന്നത് കാണാൻ ശക്തിയില്ല അതാണ്.
അവഗണനയും പരിഗണനയും ..രണ്ടും .. അതാണ് ഇന്ന് കിട്ടിയത് .പെണ്ണെന്ന പ്രതിഭാസം , അത് തന്റെ പുരുഷ മേല്കൊയ്മയുടെ മുഖമുദ്രക്കു  ഒരു പ്രഹരം നൽകി. 
അവരെ മനസ്സിലാക്കാൻ ഇനിയും ഒരുപാട് കടമ്പകൾ താണ്ടണം.
ഏതോ സംഗീതരാവിൻ ആരവങ്ങൾക്കിടയിലൂടെ  ശ്രുതിയും  ശബ്ദവും ഈണവും നഷ്ടമായ ഗായകനെപോലെ  ഗിരിധർ പുറത്തേക്കു നോക്കി നിന്നു ...

(നോവൽ ഇവിടെ അവസാനിക്കുന്നു..)
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ അവസാനിക്കുന്നു )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക