Image

പാമ്പും കോണിയും - നിർമ്മല (നോവൽ - 48 )

Published on 29 May, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ - 48 )
അതൊക്കെ മനസ്സിലോർത്ത് പരിസരം മറന്ന് തെയ്യാമ്മ ചോറുണ്ണും. ഒന്നും മിണ്ടാതെ ചോറുവാരിത്തിന്നുമ്പോൾ ഈപ്പൻ പരിഹാസം തുടർന്നുകൊണ്ടുപോകും.
- പട്ടി തിന്നുന്നപോലെ ആർത്തിയല്ലേ!
- രാവിലെയും വൈകുന്നേരവും തിരിച്ചറിയാതായിപ്പോയോ ?
- എരുമപോലെ
ഒരിക്കൽ ഈപ്പൻ പറഞ്ഞതിനു അവളിലെ തർക്കക്കാരി തിരിച്ചടിച്ചു.
- പോത്തിനെ കെട്ടിയാൽ പിന്നെ എരുമയല്ലാതാകുമോ ?
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ ..
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു...
                     .....      ......     .......
മീൻപീര , പുളിശ്ശേരി, പയറു മെഴുക്കുപുരട്ടി , ചൂടുള്ള ചോറ്... ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ തെയ്യാമ്മയുടെ മനസ്സിൽ അനുവാദം ചോദിക്കാതെ വിഭവങ്ങൾ നിരന്നു. കത്തുന്ന വിശപ്പ് വായിൽ രുചികൾ നിറച്ചു കളിക്കുകയാണ്.
നൈറ്റ് ഷിഫ്റ്റു കഴിയുന്നത് രാവിലെ എട്ടു മണിക്കാണ്. ട്രാഫിക്ക് കടന്ന് തെയ്യാമ്മ വീടെത്തുമ്പോൾ ഒൻപതു മണിയാവും. പിന്നെ കുളി കഴിഞ്ഞ് അടുക്കളയിൽ കയറുമ്പോഴേക്കും വിശപ്പിന്റെ ചെന്നായ അവളെ കടിച്ചുകീറി വശംകെടുത്തിക്കളയും.
രാവിലെ ചോറുണ്ണുന്നതു കാണുമ്പോൾ ഈപ്പൻ ചിലപ്പോൾ പരിഹസിക്കും.
- ബ്രേക്ഫാസ്റ്റിനും ചോറോ ?
- രാത്രി മുഴുവൻ ഒറങ്ങിയവർക്കാ ഇപ്പം ബ്രേക്ക്ഫാസ്റ്റ് . പണി ചെയ്തേച്ചു വരുന്നോർക്ക് ഇത് അത്താഴമാണ്.
ഈപ്പന്റെ അന്തമില്ലാത്ത തർക്കമോർത്ത് ചിലപ്പോൾ അവൾ മറുപടി പറയാറില്ല.
ഈപ്പൻ എന്തു പറഞ്ഞാലെന്താണ്. ജോലി ചെയ്തു ക്ഷീണിച്ചിരിക്കുന്നത് തെയ്യാമ്മയാണ്. വിശന്നുപൊരിയുന്നത് അവൾക്കാണ്. ചോറും കറിയും വെച്ചുണ്ടാക്കിയതും അവൾതന്നെ. അത് ഏതു നേരത്തു കഴിക്കണം എന്ന് ഇതിൽ പങ്കില്ലാത്ത ഒരാളോടു വാദിച്ചു ജയിക്കേണ്ട ആവശ്യം ഉണ്ടോ , അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമെന്നുതന്നെ കരുതേണ്ട.
തെയ്യാമ്മയുടെ മനസ്സും അന്തമില്ലാതെ ഉള്ളിൽ വാദിച്ചുകൊണ്ടിരിക്കും. അപ്പോഴവർ ഓർക്കും തനിക്ക് വെല്യമ്മച്ചിയുടെ ഊര് ആണെന്ന് അമ്മ പറയുന്നതിൽ സത്യമുണ്ടെന്ന് .
തെയ്യാമ്മയുടെ അപ്പന്റെ അമ്മ ഒരു 'വാദക്കാരി' ആയിരുന്നെന്ന് അമ്മ പിറുപിറുക്കുന്നത് അവൾ കേട്ടിട്ടുണ്ട്. എന്നാലും മരുമകൾക്കുവേണ്ടി അവർ വാദിക്കുന്നതും തെയ്യാമ്മ കേട്ടിട്ടുണ്ട്.
- ഒരു തീപ്പെട്ടിക്ക് ഒൻപതു പൈസായാ, അതിൽ അൻപതു തീപ്പെട്ടിക്കോലുണ്ട്. അതേലൊന്ന് ഒരച്ചു കത്തിക്കാതെ നീ കെടന്ന് അടുപ്പൂതിയൂതി തല തെറിപ്പിക്കണ്ടാ!
വെല്യമ്മച്ചി പറയുന്നതു കേട്ട് തെയ്യാമ്മ ഒരു തീപ്പെട്ടിക്കോലിന്റെ വില കണക്കുകൂട്ടി നോക്കിയിട്ടുണ്ട്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇതെങ്ങനെ ഒപ്പിച്ചെടുക്കുന്നു എന്ന് അൽഭുതപ്പെട്ടിട്ടുണ്ട്. ഒരു തീപ്പെട്ടിക്കൂടിനകത്ത് അൻപത് കോലുണ്ടോ എന്ന് പലതവണ എണ്ണാൻ ശ്രമിച്ചിട്ടുണ്ട്.
അതൊക്കെ മനസ്സിലോർത്ത് പരിസരം മറന്ന് തെയ്യാമ്മ ചോറുണ്ണും. ഒന്നും മിണ്ടാതെ ചോറുവാരിത്തിന്നുമ്പോൾ ഈപ്പൻ പരിഹാസം തുടർന്നുകൊണ്ടുപോകും.
- പട്ടി തിന്നുന്നപോലെ ആർത്തിയല്ലേ!
- രാവിലെയും വൈകുന്നേരവും തിരിച്ചറിയാതായിപ്പോയോ ?
- എരുമപോലെ
ഒരിക്കൽ ഈപ്പൻ പറഞ്ഞതിനു അവളിലെ തർക്കക്കാരി തിരിച്ചടിച്ചു.
- പോത്തിനെ കെട്ടിയാൽ പിന്നെ എരുമയല്ലാതാകുമോ ?
അന്നാണ് ഈപ്പൻ കൈ ഉയർത്തി അവരെ അടിച്ചത്. അതൊക്കെ പണ്ടായിരുന്നു. ഇപ്പോൾ തെയ്യാമ്മ നൈറ്റു കഴിഞ്ഞു വരുമ്പോഴേക്കും ഈപ്പൻ ഓഫീസിൽ പോയിക്കഴിഞ്ഞിരിക്കും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ പോകും.
ഈപ്പൻ കോട്ട് വലിച്ചെടുത്തു ക്ലോസറ്റ് അടയ്ക്കുന്നതിൽ , നിരയായുള്ള കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ തിടുക്കത്തിൽ എടുക്കുന്നതിൽ, പുറത്തേക്കിറങ്ങിയ വാതിൽ ശക്തിയിൽ അടയ്ക്കുന്നതിൽ എല്ലാം അതൃപ്തിയുടെയും കോപത്തിന്റെയും ഒരു പ്രസ്താവനയുണ്ട്. വെറുപ്പിന്റെ കോലാഹലമുണ്ട് .ആ ക്രമത്തിൽ തെയ്യാമ്മ അതൊക്കെ പ്രതീക്ഷിക്കുന്നുമുണ്ട്.
ഫ്രിഡ്ജിൽ ചോറുണ്ടായിരുന്നില്ല. ആർത്തിയോടെ പട്ടിയെപ്പോലെ തിന്നാൻ. തെയ്യാമ്മ നാലു കഷണം ബ്രെഡ് ടോസ്റ്റു ചെയ്തെടുത്തു. അതിൽ ബട്ടർ പുരട്ടിയ കത്തികൊണ്ടുതന്നെ സ്ട്രോബറി ജാം തേച്ചുപിടിപ്പിച്ചു.
മീൻപീര ... പുളിശ്ശേരി ... പയറുമെഴുക്കുപുരട്ടി ... ചൂടുള്ള ചോറ്...
ഒരു ദിവസം ഇതൊക്കെ ഉണ്ടാക്കി കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അവൾക്കു മനസ്സിൽ കൊതിനിറഞ്ഞു . പതിനെട്ടു വയസ്സുകഴിഞ്ഞ് അവൾക്ക് വിരുന്നുകാരിയായിട്ടേ വളർന്ന വീട്ടിൽ പോകാൻ കഴിഞ്ഞിട്ടുള്ളു. ഇറച്ചി, മീൻ വറുത്തത്... മേശപ്പുറത്ത് വിഭവങ്ങൾ നിറയും. അപ്പോൾ വയറുനിറച്ച് എല്ലാം കഴിക്കാം. എന്നാലും തിരക്ക്, ചൂട് എന്തോ തെയ്യാമ്മയ്ക്കു വലിയ തൃപ്തി തോന്നാറില്ല.
ക്ഷീണംകൊണ്ട് വീണു പോകുമെന്ന് തെയ്യാമ്മയ്ക്കു തോന്നി. അലങ്കോലപ്പെട്ടു കിടക്കുന്ന അടുക്കളയിലൂടെ അവൾ കണ്ണോടിച്ചു. സിങ്ക് നിറഞ്ഞു കവിയുന്ന എച്ചിൽപ്പാത്രങ്ങൾ . പാതികുടിച്ച ജൂസ്, കാപ്പി എല്ലാം മേശപ്പുറത്ത് .
അവളുടെ വിശപ്പ് അടങ്ങിയിരുന്നില്ല. വിശപ്പ് ... കത്തുന്ന വിശപ്പ്... തെയ്യാമ്മയ്ക്ക് കുറച്ചുനാളായി ഇത്തരം ഭ്രാന്തിളക്കം. എത്ര കഴിച്ചാലും അടങ്ങാത്ത വിശപ്പ്, ഭക്ഷണത്തിനു കൊതി, അരിശം, സങ്കടം.
വെരിക്കോസ് വെയിനിന്റെ പിടച്ചിലും ക്ഷീണവും കാരണം തെയ്യാമ്മ അന്ന് പാത്രങ്ങൾ കഴുകിയില്ല. അവൾ കഴിച്ച പാത്രവും മറ്റ് എച്ചിൽപാത്രങ്ങൾക്കു കൂട്ടായി സിങ്കിലേക്ക് ഇട്ടു. സോഫയിൽ കിടന്നുകൊണ്ട് ടി.വി ഓൺ ചെയ്തു. വീട് എങ്ങനെ മനോഹരമാക്കാം എന്ന പരിപാടി തുടങ്ങിയതും തെയ്യാമ്മ ഉറക്കത്തിലേക്ക് ഊർന്നുപോയി. ഫോണടിക്കുന്നതുകേട്ട് ഞെട്ടിയുണരുമ്പോൾ മണി പന്ത്രണ്ടായിരുന്നു. പുതിയ തരം ജനലുകൾ വിൽക്കുന്ന കമ്പനിയുടെ പരസ്യക്കാരായിരുന്നു വിളിച്ചത്.
ഉറക്കം തീരാത്ത തെയ്യാമ്മയുടെ കണ്ണുകൾ മക്കളുടെ ഫോട്ടോയിൽ തറച്ചു. രണ്ടു വർഷം മുമ്പ് ക്രിസ്തുമസ് അവധിക്ക് കുട്ടികൾ വന്നപ്പോൾ സിയേഴ്സിലെ സ്‌റ്റുഡിയോയിൽ പോയി എടുത്ത കുടുംബ ചിത്രമാണത്. അതു വലുതായി ഫ്രെയിം ചെയ്ത് ഭിത്തിക്കു നടുവിൽ വെച്ചത് ഈപ്പനാണ്. ഒരു ദിവസം തെയ്യാമ്മ ജോലി കഴിഞ്ഞു വരുമ്പോൾ അതു ഭിത്തിയിലുണ്ടായിരുന്നു.
റ്റിറ്റിക്കും വെല്യമ്മച്ചിയുടെ സ്വഭാവം കിട്ടിയിട്ടുണ്ടാവും എന്ന് പെട്ടെന്ന് തെയ്യാമ്മയ്ക്കു തോന്നി. അതല്ലേ അവൾ ലോ പഠിക്കാൻ ഓട്ടവയ്ക്കു പോയത്.
വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം റ്റിറ്റി അവധിക്കു വരും. കൂടുതൽ സമയവും മുറിക്കകത്ത് അല്ലെങ്കിൽ ടി.വിക്കു മുന്നിൽ. അവൾക്ക് അമ്മയോടു പറയാൻ വിശേഷങ്ങളില്ല. അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങണമെന്ന ദുരാഗ്രഹമില്ല. തെയ്യാമ്മയുടെ ചോദ്യങ്ങൾതന്നെ അവൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് മുഖഭാവം വിളിച്ചുപറയും.
പഠിത്തത്തിൽ എന്നും മിടുക്കിയായിരുന്നു റ്റിറ്റി. പഠിക്കാൻ ഒരിക്കലും നിർബന്ധിക്കേണ്ടി വന്നിട്ടില്ല. റ്റിറ്റിയുടെ ടീച്ചറമ്മാരെ കാണാൻ തെയ്യാമ്മ പോയിരുന്നില്ല. അതൊക്കെ ഈപ്പനാണു ചെയ്തിരുന്നത്. ഡാഡിയുടെ വിലപിടിപ്പുള്ള കാറ്, വസ്ത്രങ്ങൾ എല്ലാം റ്റിറ്റിയുടെ മമ്മയുടേതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നു.
ടിജുവിനു ഡോക്ടറാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അഡ്മിഷൻ കിട്ടാഞ്ഞതുകൊണ്ട് അവൻ എൻജിനീയറായി. ടിജു വാൻകൂവറിലാണു ജോലി ചെയ്യുന്നത്. അവൻ അവധിക്കു വരുമ്പോൾ ഫോട്ടോകൾ കൊണ്ടുവരും. വാൻകൂവർ കാണാൻ നല്ല ഭംഗിയാണ്. ടിജു ഒരു മദേഴ്സ് - ഡേക്ക് അമ്മയ്ക്കൊരു കമ്പിളി സമ്മാനമായി കൊടുത്തു. പൂച്ചക്കുട്ടിയെപ്പോലെ മൃദുവായ കമ്പിളിപ്പുതപ്പ്. അതു പുതയ്ക്കുമ്പോഴൊക്കെ മക്കൾ കെട്ടിപ്പിടിക്കുന്നതുപോലെ തെയ്യാമ്മയ്ക്കു തോന്നി. അതു പുതച്ചാണ് തെയ്യാമ്മ സോഫയിൽ കിടന്നുറങ്ങുന്നതും ടി.വി കാണുന്നതും. പക്ഷേ, ഉറക്കംകഴിഞ്ഞ് വെറുതെയങ്ങ് എഴുന്നേറ്റു പോവാൻ പറ്റില്ല. കമ്പിളി ഭംഗിയായി ചതുരത്തിൽ മടക്കി കോർണർ ടേബിളിന്റെ അടിയിൽ പുറത്തു കാണാത്തതുപോലെ വെക്കണം. ഈപ്പന്റെ നിർബന്ധമാണത്. ഫാമിലി റൂം എപ്പോഴും വൃത്തിയായിരിക്കണം. ഒരു സാധനം പോലും അസ്ഥാനത്തുണ്ടാവരുത്.
റ്റിറ്റിക്ക് മുപ്പതു വയസ്സായിരിക്കുന്നു. കല്യാണമെന്നൊക്കെ അവളോടു പറയാൻതന്നെ തെയ്യാമ്മയ്ക്കു ഭയമാണ്. ജനറൽ ആശുപത്രിയിലെ ഡോക്ടർ മനോജ് സിങ്ങിനെ കാണുമ്പോഴൊക്കെ തെയ്യാമ്മ റ്റിറ്റിയെ ഓർക്കും. അതുപോലെ ഒരു ചെറുക്കനെ അവൾക്കു കിട്ടിയിരുന്നെങ്കിൽ ഡോക്ടർ സിങ് അങ്ങേയറ്റം മര്യാദയോടാണ് എല്ലാവരോടും പെരുമാറുന്നത്. ഇന്ത്യൻ കുട്ടികളുടെ മുമ്പിൽ എന്തുകൊണ്ടോ സ്വയം ചെറുതായിപ്പോകാറുണ്ട് തെയ്യാമ്മ പക്ഷേ, ഡോക്ടർ സിങ് തെയ്യാമ്മയോട് അഭിപ്രായങ്ങൾ ചോദിക്കും. കാപ്പി വേണോ എന്ന് അന്വേഷിക്കും. അവന്റെ അമ്മയോട് ഫോണിൽ ഇടയ്ക്ക് ഹിന്ദിയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ തെയ്യാമ്മയ്ക്ക് അത്ഭുതവും സങ്കടവും തോന്നും.
മലയാളി ചെറുക്കനായിരുന്നെങ്കിൽ !
ഇംഗ്ലീഷ് മനസ്സിലാവാത്ത അമ്മമാരുടെ മക്കൾ അമ്മമാരുടെ ഭാഷ സംസാരിച്ചു. ഇംഗ്ലീഷ് പറയുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളി അമ്മമാർ നഷ്ടക്കോളത്തിൽ ഒതുങ്ങി. ജോലിക്കും തികയാത്ത ഉറക്കത്തിനും ഇടയ്ക്കുകിട്ടുന്ന കുറച്ചു മണിക്കുറുകൾ വീട്ടു ജോലി കഴിഞ്ഞ് മറ്റൊന്നിനും വീതിക്കാനില്ലാതെ കുഴങ്ങി. ചോറിനും കറികൾക്കും ലഞ്ചിനും സ്നാക്കിനും തുണിയലക്കിനും വൃത്തിയാക്കലിനും ഷോപ്പിങ്ങിനും വിരുന്നുകാർക്കും ഇടയിൽ മലയാളവും കൂടി തിരുകാൻ അവർക്കു സമയവും ഊർജ്ജവും തികയാതെ പോയി. കുട്ടികളെ അനുസരിപ്പിക്കാനും കഴിപ്പിക്കാനും ഇംഗ്ലീഷോ ഫ്രഞ്ചോ സംസ്കൃതമോ സുറിയാനിയോ പറയാൻ അവർ തയാറായി.
കമ്പിളി മടക്കിവെച്ച് തെയ്യാമ്മ സോഫയിലെ കുഷ്യനുകൾ ഓരോന്നായി എടുത്ത് ഇരുവശവുംതട്ടി ചുളിവുമാറ്റി സോഫയിൽ തിരികെവെച്ചു. രണ്ടറ്റത്തും അൽപ്പം ചരിഞ്ഞ് ഒന്ന് നടുവിൽ. ഈപ്പന്റെ നിബന്ധന പോലെ.
തെയ്യാമ്മ ഒരിക്കൽകൂടി അടുക്കളയിലെ പാത്രങ്ങളെ നോക്കി. മറ്റെല്ലാ മുറികളും ചിട്ടയോടെ വെക്കുന്ന ഈപ്പൻ എന്തുകൊണ്ടോ അടുക്കളയെ അവഗണിച്ചു. അയാൾ ജ്യൂസു കുടിച്ച ഗ്ലാസ്സും മേശപ്പുറത്തുണ്ടായിരുന്നു.
തെയ്യാമ്മ ഫ്രിഡ്ജു തുറന്നുനോക്കി. തേങ്ങയുണ്ട് , ബീൻസുണ്ട് , തൈരുണ്ട്. തലേന്ന് ഫ്രിഡ്ജിൽനിന്നും എടുത്തുവെച്ച നെയ്മീൻ കഷണങ്ങൾ ഐസുമാറി ഇരിക്കുന്നത് അവൾ കൈ കൊണ്ടു തൊട്ടുനോക്കി. പക്ഷേ, തെയ്യാമ്മയുടെ തല ഉറങ്ങണം , ഉറങ്ങണം എന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അടുക്കളയെ ഉപേക്ഷിച്ച് ഉറങ്ങാൻതന്നെ തെയ്യാമ്മ തീരുമാനിച്ചു. കിടപ്പുമുറിയിൽ കട്ടിലിൽ പുതപ്പിനും കംഫർട്ടറിനും അടിയിൽ കിടക്കയുടെ പതുപതുപ്പിൽ തെയ്യാമ്മ ശരീരത്തെ തിരുകിവെച്ചു.
ഉറങ്ങാൻ കിടന്ന തെയ്യാമ്മയോടു വയറു പറഞ്ഞു. തിന്നണം... തിന്നണം ... എന്തെങ്കിലും തിന്നണം. തിന്നില്ലെങ്കിൽ ചത്തുപോകും. ചുരണ്ടിയ തേങ്ങായല്യോ ഫ്രിഡ്ജിലിരിക്കുന്നത്. നാലുമുളകുചുട്ട് ചമ്മന്തി അരയ്ക്കാം. ബീൻസുകൊണ്ട് മെഴുക്കുപൊരട്ടാം. പിന്നെ ആ തൈരുകൊണ്ട് ഒരു പുളിശ്ശേരി ഒണ്ടാക്കാൻ എന്നാ നേരം വേണം, ഉറക്കത്തെ അടുത്തേക്കൊന്നും അടുപ്പിക്കാതെ വയറു പിന്നേയും പറഞ്ഞു. തിന്നണം ... തിന്നണം...
ചൂടുപിടിച്ച മെത്തയിൽ നിന്നും കംഫർട്ടറിനെ തൊഴിച്ചു മാറ്റി തെയ്യാമ്മ എഴുന്നേറ്റിരുന്നു. കാർപ്പെറ്റിൽ അനുസരണയോടെ കിടന്നിരുന്ന സ്ലിപ്പേഴ്സിനെ കാലുകൊണ്ടുതന്നെ പരതി കണ്ടുപിടിച്ച് അവൾ കിടക്കയിൽനിന്നെഴുന്നേറ്റു.
പിന്നെ അടുക്കളയിൽ നിന്നും ഗംഭീരമായ തട്ടും മുട്ടും വന്നുകൊണ്ടിരുന്നു. തെയ്യാമ്മ തന്റെ സാമ്രാജ്യത്തിൽ മറ്റാരുടേയും സൗകര്യം നോക്കിയില്ല. ഈപ്പൻ എല്ലാം വളരെ സാവകാശത്തിലാണു ചെയ്യുന്നത് തെയ്യാമ്മയ്ക്കാണെങ്കിൽ എല്ലാത്തിലും നല്ല വേഗവും. ഈപ്പൻ അതിസൂക്ഷ്മതയോടെ അലങ്കരിച്ച വീട് ഉള്ളിയുടെ , കടുകിന്റെ , ഉലുവയുടെ മണത്തിൽ നിറഞ്ഞു.
ഒരു മണിക്കൂറുകൊണ്ട് പണികളൊക്കെ തീർത്ത് തെയ്യാമ്മ ചോറുണ്ണാനിരുന്നു. ചൂടു ചോറ്, പുളിശ്ശേരി, നെയ്മീൻ കറി, ബീൻസ് മെഴുക്കുപുരട്ടി ... തെയ്യാമ്മയുടെ വായും വയറും തൃപ്തിയോടെ മുരണ്ടു.
- ഇനി നമ്മക്കുറങ്ങാം.
            തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക