Image

സിംബാബ് വെ വഴി കസാനെ (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 10: ജിഷ.യു.സി)

Published on 31 May, 2021
സിംബാബ് വെ വഴി കസാനെ (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 10: ജിഷ.യു.സി)
സിംബാബ് വെ ആണ് അടുത്ത ലക്ഷ്യം. പിന്നെ വിക്ടോറിയാ വെള്ളച്ചാട്ടം.
വഴിയിൽ കസാനെ കൂടി സന്ദർശിക്കണം.

ഗാബറോണിൽ  നിന്ന്  ഒരു പകൽ മുഴുവൻ യാത്ര ചെയ്താൽ ഏതാണ്ട് (900 കിലോമീറ്റർ)  കസാനയിൽ എത്താം .
ചോബെ നാഷണൻ പാർക്ക്  അവിടെയാണ് . അവിടെയും കാഴ്ചകൾ ധാരാളം .അതാണാദ്യത്തെ ലക്ഷ്യം

 ബോട്സ്വാനയിലെ വടക്കൻ അതിർത്തിയിലൂടെ സാംബസിനദിയിലേക്കും ലിനിയാന്തി ചതുപ്പിലൂടെയും ഒഴുകുന്ന നദിയാണ്  ക്വാൻഡോനദി .

ചതുപ്പിലൂടെ  ഒഴുകുന്ന നദിയെ  'ലിനിയാന്തി നദി' എന്നും സാംബസി നദിയിലേക്കൊഴുകുമ്പോൾ 'ചോബെനദി  എന്നും ക്വാൻഡോനദിയെ വിളിക്കുന്നു
ചോബെനദിക്കരയിലെ ഈ വന്യമൃഗസങ്കേതം ലോകത്തിലെ തന്നെ മുൻനിരയിലെ വന്യജീവിസങ്കേതത്തിൽ ഒന്നാണ് .

ഞങ്ങൾ കാലത്ത് മൂന്നു മണിക്ക് ഒരു കോമ്പി (വലിയ  വാൻ പോലുള്ള വാഹനം) ബുക്ക് ചെയ്തിരുന്നു. .പെട്ടികൾ വക്കാൻ  കോമ്പിക്കു പിന്നിൽ ഒരു വാലു  പോലെ ട്രെയ്ലർ (Trailer)എന്നറിയപ്പെടുന്ന സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. ഒരു അമ്മപ്പശുവും  പിറകിൽ കയറിൽ  പിൻതുടരുന്ന കിടാവും  എന്ന്  ഞാൻ അതിനെ  ഉപമിക്കട്ടെ .
ഞങ്ങളുടെ  ഡ്രൈവർ സ്റ്റീവ് എന്ന ആഫ്രിക്കക്കാരൻ  വളരെ  സഹകരണ മനോഭാവം ഉള്ള ഒരാളായിരുന്നു .
കൂടെക്കൂടെ  കോക്ക് ( കോള)  മോന്തിക്കൊണ്ട്  ഫ്രഞ്ച് ഫ്രൈസ്   കഴിച്ചു കൊണ്ട്  അയാൾ  ഞങ്ങൾക്കൊപ്പം കൂടി .
വിശപ്പിനുള്ള ഭക്ഷണമാണ് ട്ടൊ ഈ  ഫ്രഞ്ച് ഫ്രൈ  എന്ന    ഉരുളക്കിഴങ്ങ് പൊരിച്ചത്   ദാഹശമനിയാണ്   ഈ കോക്ക്  .

 ഉച്ചയായപ്പോൾ  ഒന്ന് ക്ഷീണമകറ്റാനായി  മി.സ്റ്റീവ്  വണ്ടി നിർത്തി  അപ്പോൾ  ഞങ്ങൾ  കയ്യിൽ   കരുതിയ തൈർ സാദം  കഴിക്കാമെന്ന്  കരുതി .മി.സ്റ്റീവ്  ഇത്തിരി രുചിച്ചു   നോക്കി

"Nice food"

"I Iike it"

എന്നു   പറഞ്ഞു
ഞങ്ങൾ ഹാപ്പി
ശരിക്കും   അങ്ങനെയല്ലേ
നമ്മൾ   കൊടുക്കുന്ന ഭക്ഷണമോ  മറ്റ് വസ്തുക്കളെന്തു  മാവട്ടെ  മറ്റൊരാൾ  നല്ലതെന്നു പറഞ്ഞാൽ  നമുക്ക് സന്തോഷമാവില്ലെ ?

അങ്ങനെ ഉച്ചഭക്ഷണവും കഴിച്ച്   വീണ്ടും  അമ്മപ്പശുവിൻ്റെ  പിന്നിൽ നീണ്ട   കയറിൽ കിടാവുമായി  ഞങ്ങൾ  യാത്ര  തുടർന്നു. വിജനമായ വഴികളിലൂടെ .. പിന്നിലേക്ക്  മറയുന്ന മരങ്ങളോട് ഇനി ജീവിതത്തിൽ നമ്മൾ തമ്മിൽ  ഇനി  കാണുമോ ആവോ ?എന്ന സങ്കടം പങ്കുവച്ചു കൊണ്ട്... ഇല്ല ,മടക്കം  വേറൊരു വഴിയാണെന്നുരുവിട്ടു കൊണ്ട് ,    വണ്ടി  ജനാലക്കരുകിലെ  സീറ്റു മാറാതെ  ഞാൻ  ഇരുന്നു

ഞങ്ങളുടെ  യാത്രയിൽ ആദ്യ മണിക്കൂറുകളിൽ..

"മൃഗങ്ങളെ  കാണാം  എന്ന് പറഞ്ഞിട്ട്  കാണുന്നില്ലല്ലോ"

എന്ന് ഞാൻ ചോദിച്ചു കൊണ്ടിരുന്നു

"wait "...
എന്ന് അനിയത്തി പറഞ്ഞു കൊണ്ടും ഇരുന്നു

        അവസാനം ഏതാണ്ട് 600 കി.മിയോളം പിന്നിട്ടു കാണണം ... അതാ കണ്ണിന് അമൃതം പകരുന്ന ദൃശ്യങ്ങൾ തൊട്ടടുത്ത്..
ആദ്യം ഒരാന റോഡ് കുറുകെ കടക്കുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടു. ഇത്തിരി നീങ്ങിയപ്പോൾ  അതാ .. രണ്ട് ആന ,പിന്നെ മൂന്ന് ,പിന്നെ അതിനിരട്ടി അതിനുമിരട്ടി ... ഹാ .. ആനകളുടെ ചാകര
പിന്നെപ്പിന്നെ  ആനകളെ കണ്ടാൽ  ഒരു  മൈൻ്റും ഇല്ലാതാതായി .
ശരിക്കും പറഞ്ഞാൽ കണ്ടുമടുത്തു .അത്രയധികം  ആനകൾ ഉണ്ട്  ഇവിടെ
സീബ്ര ,ജിറാഫ് ,ഇവ കൂട്ടങ്ങളായി   റോഡ് കുറുകെ കടക്കുന്നു  .മരങ്ങളിൽ പലനിറങ്ങളിലും ,വലിപ്പത്തിലും പക്ഷികൾ ,
കുറ്റിച്ചെടികൾക്കിടയിൽ മാനുകളുടെ   സംഘം...

ഹൊ ... എനിക്ക് സമാധാനമായി .

 കണ്ണെങ്ങാനും  അടഞ്ഞു പോയാൽ   എന്തെങ്കിലും കാണാതെ പോയാലൊ എന്ന് കരുതിയാണ് ഓരോ കാഴ്ചകളും  കണ്ടത് .

 അവിടങ്ങളിലെ  കറൻ്റ് കാലുകൾ  നമ്മുടെ പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന മരങ്ങൾ കൊണ്ടുള്ളവയായിരുന്നു .
അത് ഇന്ന്  മറ്റൊരു   കാഴ്ചയായി  മാറി .കാലം മാറുമ്പോൾ  ഇനിയും എന്തെല്ലാം  അങ്ങനെ അത്ഭുതക്കാഴ്ചകളായി മാറുമെന്ന്  ആർക്കറിയാം

കുട്ടികൾക്കാവട്ടെ  അത് പഴയ   സിനിമകളിൽ   മാത്രം പരിചയമുള്ളതായിരുന്നു

ഇടക്ക് കണ്ട വലിയ ധാന്യ സംഭരണികളുടെ   വലുപ്പം പറഞ്ഞറിയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .ഈ ധാന്യസംഭരണികളാണ്  ഈ  രാജ്യത്തിൻ്റെ അന്നദാതാക്കൾ.

ഇടക്കെപ്പോഴോ  എൻ്റെ കണ്ണുകൾ  അറിയാതെ അടഞ്ഞു  പോയപ്പോൾ എനിക്ക്  നഷ്ടമായത് ഒരു വലിയ കൂട്ടം വരയൻ കുതിരകളെ  യായിരുന്നു വത്രെ.

 ഗാബറോണിൽ നിന്ന് ഏതാണ്ട് 150 കിലോമീറ്ററോളം പിന്നിട്ടപ്പോൾ, ഞങ്ങൾ ഭൂമി ശാസ്ത്ര പുസ്തകത്തിൽ  വലിയ കാര്യമായി അന്ന് മനസ്സിലാക്കാതെയിരുന്നഅല്ലെങ്കിൽ മനസ്സിലാകാതെയിരുന്ന ദക്ഷിണായനരേഖ (Tropic of Capricorn)  എന്ന് മാർക്ക് ചെയ്തയിടത്ത് എത്തി .അവിടെ  വേറെ പ്രത്യേകതയൊന്നും കണ്ടില്ല .ഒരു പോസ്റ്റിൽ TROPIC OF CAPRICON എന്ന് എഴുതിയിരിക്കുന്നു. അതിൻ്റെ  താഴെനിന്ന്  ഫോട്ടോ  എടുത്തു .

"എന്തായി ദ് "?
"ഈ  സ്ഥലത്തിൻ്റെ പ്രത്യേകത എന്താ "?
"എന്തിനാ ഇവിടെ ഇറങ്ങിയത്" ?
"ഫോട്ടോ എടുത്തത് എന്തിനാ "?

കുട്ടികൾ  തുടരെത്തുടരെ ചോദ്യാവലി  എടുത്തിട്ടു
ഉത്തരം  മുട്ടി  ഞങ്ങൾ തമ്മിൽത്തമ്മിൽ   നോക്കി അവസാനം  പന്ത്  എൻ്റെ കോർട്ടിൽ  

"ടീച്ചറല്ലേ  പറഞ്ഞു കൊടുക്കൂ"

അങ്ങനെ  ഞാൻ  ഒരു വിധം  കുട്ടികൾക്ക് മനസ്സിലാവുന്ന  തരത്തിൽ ഭൂമധ്യരേഖയും , ദക്ഷിണായന രേഖയും ,ഉത്തരായന രേഖയും കുഞ്ഞിത്തലകളിൽ എത്തിക്കാൻ ശ്രമിച്ചു .

അനിയത്തിയുടെ മക്കൾക്ക് മലയാളം പറയാനും കേട്ടാലുമൊക്കെ അറിയും .
പക്ഷേ.. ഭൂമധ്യരേഖ ഉത്തരായനരേഖ പോലെയുള്ള  മലയാളം വാക്കുകളൊന്നും അവർക്ക് മനസ്സിലാവില്ല .അതിൻ്റെയൊന്നും  ഇംഗ്ലീഷ് വാക്കും യഥാർത്ഥത്തിൽ എനിക്കും അറിയില്ലായിരുന്നു . ഗൂഗിൾ  ശരണം  പ്രാപിച്ച് ഒപ്പിച്ചു  എന്ന്  പറഞ്ഞാൽ മതിയല്ലോ

മനസ്സിലായോ  ഇല്ലയോ ആവോ  പിന്നെ  ഇങ്ങോട്ട് ഒരു  ചോദ്യവും  ആരും ചോദിച്ചില്ല .

അങ്ങനെ  പോയിപ്പോയി സന്ധ്യയായപ്പോഴേക്കും ഞങ്ങൾ  കസാനെയിൽ എത്തി .
ഇനി അടുത്ത അധ്യായത്തിൽ  കസാനെ വിശേഷങ്ങൾ.


സിംബാബ് വെ വഴി കസാനെ (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 10: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക