ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ദീപ സോമന്‍ Published on 31 May, 2021
 ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)
എന്റെ പ്രിയ എഴുത്തുകാരി, മലയാള സാഹിത്യലോകത്തിന്റെ ഔന്നത്യങ്ങള്‍  വാണ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു.
പെണ്ണെഴുത്തെന്ന വിവേചനത്തെ കാറ്റില്‍ പറത്തി അനിര്‍വ്വചനീയമായ അനുഭൂതി പ്രദാനം ചെയ്ത് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ കഥാകാരി.
കവയത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിംഗ് എഡിറ്റര്‍ വി.എം നായരുടേയും മകളായി 1932 മാര്‍ച്ച് 31ന് പാലക്കാട് പുന്നയൂര്‍കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. ഐ എം എഫ് ല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്ന മാധവദാസുമായുള്ള വിവാഹത്തിനു ശേഷമാണവര്‍ സാഹിത്യ ലോകത്ത് സജീവമായതും വിപ്ലവാത്മക ചലനങ്ങള്‍ സൃഷ്ടിച്ചതും.
 സ്ത്രീപക്ഷ എഴുത്തുകളുടെ അതിപ്രസരമായിരുന്നില്ല അവരുടെ കഥകളിലും കവിതകളിലും നിറഞ്ഞിരുന്നത്. എങ്കിലും സ്ത്രീയുടെ നൈസര്‍ഗ്ഗികമായ സ്‌നേഹവും കരുതലും കരുണയും തന്റെ സ്ത്രീ കഥാപാത്രങ്ങളിലൂടെ അവര്‍ അനുവാചകരുടെ ഹൃദയത്തിലേക്ക് കടത്തിവിട്ടു.

 സ്ത്രീകളുടെ വൈകാരിക മാനസിക ലൈംഗിക ചിന്താസരണികളെ സത്യസന്ധമായ തുറന്നെഴുത്തിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് കഥയായും കവിതയായും നട്ടുപിടിപ്പിച്ച ധീരയായ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. അതിന് ഉത്തമ ഉദാഹരണമാണ്  'എന്റെ കഥ '.

 ആത്മകഥാംശത്തെ വികാരോജ്ജ്വലമുഹൂര്‍ത്തങ്ങളിലൂടെ പേപ്പറില്‍ പകര്‍ത്തിയ ആ തൂലികയുടെ കരുത്ത് സ്വന്തമാക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു കാവ്യസൃഷ്ടാവും കൊതിച്ചു പോകും. കൂടാതെ മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ കഥയെന്നവകാശപ്പെടാവുന്ന '' സ്ത്രീ' എന്ന രചന മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ വേറിട്ട ഭാവനാസമ്പന്നതയ്ക്കും ആര്‍ക്കും മുന്‍പില്‍ നട്ടെല്ലുവളയ്ക്കാത്ത സാഹിത്യ വ്യക്തിത്വത്തിനും തെളിവാണ്. 
   
     കഥകളിലൂടെ  നാലപ്പാട്ടുതറവാടിനെ നേര്‍ക്കാഴ്ചയാക്കിമാറ്റിയ,
 അവിടത്തെ കുഴമ്പും പച്ചക്കര്‍പ്പൂരവും മണക്കുന്ന ഇരുണ്ട മുറികളും, 
മഞ്ഞളും കാച്ചെണ്ണയും വഴുക്കല്‍ തീര്‍ത്ത കുളപ്പടവുകളും,
മണ്‍പാതകളും കാലവര്‍ഷവുമിടവപ്പാതിയും തിമിര്‍ത്തുപെയ്ത് പൊയ്കതീര്‍ത്ത നാലുകെട്ടിന്റെ നടുമുറ്റവും ആസ്വാദകഹൃദയങ്ങള്‍ക്കു സുപരിചിതമായത്  ആ ആവിഷ്‌ക്കാരഭംഗിയുടെ വിജയമാണ്.

        കഥയുടെ മണിമുറ്റത്ത് മഞ്ഞുകണങ്ങള്‍ തൊങ്ങല്‍ചാര്‍ത്തി പടര്‍ന്ന് പൂത്തുലഞ്ഞ ആ നീര്‍മാതളം മലയാളിക്ക്  ഇപ്പോഴും സന്തോഷം  പകരുന്നു.

ഹൃദയത്തില്‍ സ്‌നേഹനദി കുതിച്ചൊഴുകിയ കഥാകാരി സ്വയം പരിചയപ്പെടുത്തിയത് ഇന്ത്യാക്കാരിയായ, മലബാറുകാരിയായ, തവിട്ടു നിറക്കാരിയായ, മൂന്നു ഭാഷയില്‍ സംസാരിക്കുകയും രണ്ടു ഭാഷയില്‍ എഴുതുകയും ഒരേ ഒരു ഭാഷയില്‍ സ്വപ്നം കാണുകയും ചെയ്യുന്നവള്‍ എന്നാണ്.
   
   കൊല്‍ക്കത്തയിലെ തെരുവോരങ്ങളിലും നാലപ്പാട്ടു തറവാട്ടിലെ തൊടികളിലും മനുഷ്യ മനസ്സുകളുടെ വിവിധ സംത്രാസങ്ങളെ വിചിന്തനം ചെയ്ത് അലഞ്ഞു നടന്ന ആ സ്‌നേഹദൂതിക തന്റെ മനസ്സിന്റെ നിമ്‌നോന്നതങ്ങളില്‍ വിരിഞ്ഞ ഭാവനാ പുഷ്പങ്ങളെ മലയാളികള്‍ക്കായി വാരി വിതറി.

  സ്‌നേഹമെന്ന വികാരത്തെ എത്രത്തോളം തന്റെ എഴുത്തില്‍ അവര്‍ വരച്ചു കാട്ടിയോ അത്രത്തോളം അതിനോടുള്ള അടങ്ങാത്ത വാഞ്ചയുടെ വെളിപ്പെടുത്തലായിരുന്നു മാധവിക്കുട്ടിയില്‍ നിന്നും  കമലാ സുരയ്യയിലേക്കുള്ള മാറ്റം.

            മനസ്സിലുണ്ടാകുന്ന ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളും ഭാവനയും  ഭയലേശമന്യേ തന്റെ തൂലികത്തുമ്പിനാല്‍ ജീവസ്സുറ്റതാക്കിതീര്‍ത്ത, സ്വതന്ത്രചിന്താധാരകളെ കഥാതന്തുക്കളാക്കി മാറ്റിയ  ഈ കഥാകാരി ഇംഗ്ലീഷ്  കവിതാ രംഗത്ത് നല്കിയ സംഭാവനകള്‍ വലിയതാണ്(Kamala Das).     

  കമലാദാസായും മാധവിക്കുട്ടിയും മലയാളികളുടെ സ്വന്തം ആമി ആ ജീവിതത്തെ ഒരു സമസ്യയായി അടയാളപ്പെടുത്തി അപ്രത്യക്ഷയായി. മാനുഷിക മൂല്യങ്ങള്‍ക്ക് പരിപാവനത്വം കല്‍പ്പിച്ചെഴുതിയ കഥകളും കവിതകളും മനുഷ്യനുള്ള കാലത്തോളം അമൂല്യ നിധികളായി തിളങ്ങും.

 അവരുടെ പ്രധാനപ്പെട്ട മലയാള രചനകള്‍ എന്റെ കഥ, പട്ടിന്റെ ഉലച്ചില്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, ബാല്യകാല സ്മരണകള്‍, ചന്ദന മരങ്ങള്‍, നീര്‍മാതളം പൂത്ത കാലം, നഷ്ടപ്പെട്ട നീലാംബരി, നരിച്ചീറുകള്‍ പറയുമ്പോള്‍, നെയ്പ്പായസം തുടങ്ങിയവയാണ്. ഇംഗ്ലീഷിലെ പ്രധാന കൃതികള്‍ സമ്മര്‍ ഇന്‍ കൊല്‍ക്കത്ത ആല്‍ഫ സെറ്റ് ഓഫ് ദലിസ്റ്റ് , ഓള്‍ഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ് ഒണ്‍ലി ദ സോള്‍ നോസ്, ഹൗ ടു സിങ്ങ് മുതലായവയാണ്. 

 സാഹിത്യ അക്കാദമി അവാര്‍ഡ്. ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങിയവ ആ കാവ്യസപര്യയ്ക്ക് അംഗീകാരമായെത്തി. 
 
            ഏറെക്കുറെ മിക്ക എഴുത്തുകാരുടേയും കൃതികള്‍ വായിക്കാന്‍ സമയം കണ്ടെത്താറുള്ള എന്റെ  മനസ്സില്‍ മാധവിക്കുട്ടിയുടെ സ്ഥാനം അല്പം മേലെതന്നെയാണ്.
എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ച് 2009 മെയ് 31 ന്  പ്രിയ കഥാകാരി ഈ ലോകത്തോടു വിടപറഞ്ഞു. ജന്മദിനമാണിന്ന്. എങ്കിലും മലയാളി മനസ്സുകളില്‍ ആ നീര്‍മാതളമിന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു.

......................................
ലേഖിക രാജ്ഭവന്‍, തിരുവനന്തപുരം ജീവനക്കാരിയാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക