Image

പിറ(കവിത: സിദ്ധാര്‍ത്ഥ്)

സിദ്ധാര്‍ത്ഥ് Published on 31 May, 2021
പിറ(കവിത: സിദ്ധാര്‍ത്ഥ്)
കാഴ്ചകള്‍ മുറിഞ്ഞിട്ടും
മഞ്ഞിച്ച
മേഘപ്പാളികള്‍ മാത്രം
തെളിഞ്ഞു.
 
തീട്ടമിടാന്‍
ചുമരിന്റെ കോണുകള്‍
തേടിയലയുന്ന പല്ലിയെ
ഒരു പിറ
നഗ്‌നമായ ഉടലുകള്‍
കാട്ടി.

വാലുമുറിയാറായപ്പോള്‍
പുറത്തേക്കിറങ്ങരുതെന്ന്
ചെലച്ചു.
നിറങ്ങള്‍ കലര്‍ന്നവരെ
പൊറംകാലുകൊണ്ട്
തൊഴിക്കുമെന്ന മുന്നറിയിപ്പ്.

ഉടലില്‍ പൊന്തിയ
ഓരോ രോമങ്ങളും
കറുപ്പല്ല.
കക്ഷങ്ങളില്‍ പൊട്ടിയൊലിക്കുന്നത്
ഉപ്പുവെള്ളമല്ല.

പിറയെ ഭോഗിക്കുന്ന
കട്ടിലും നിശബ്ദം.

പുറത്തേക്കുള്ള വാതില്‍
പല്ലിയുടെ മുട്ടകള്‍കൊണ്ട്
അടച്ചിരിക്കുന്നു.
ഇരുനിറമായവര്‍
വാലുമുറിയുന്ന പല്ലിക്കൂട്ടങ്ങളുടെ
തെറി കേള്‍ക്കണം.

ഞരമ്പില്‍
ലോകത്തിന്റെ മണമറിയാനുള്ള
കൊതി.
മഞ്ഞിച്ച മേഘങ്ങള്‍ക്കുമപ്പുറം
അരക്കെട്ട് മുറിഞ്ഞ
ഭഗവതിയെ കാണാന്‍
കിടാരികുന്നില്‍ കയറണം.

കിടാരിഭഗവതിയുടെ
മുന്നില്‍
മുണ്ടുരിഞ്ഞ് ചേലകെട്ടണം.
പിറയുടെ മുടി
പല്ലിവാലിനേക്കാള്‍ നീളുമ്പോള്‍
മുലഞെട്ടുകള്‍
കണ്ണുതുറക്കണം.

അരയ്ക്കുതാഴെ
സംസ്‌കാരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍
കണ്ണില്‍ നിന്നൊലിക്കുന്ന
ചോര
പിറയ്ക്ക് പല്ലിയോടുള്ള
പക.

മുട്ടകള്‍ പൊട്ടി,
പല്ലികള്‍
പിറയ്ക്കുമേലെ വീണു.
വാലുമുറിയുമ്പോള്‍
നീലദ്രാവകം തുപ്പി.

കണ്ണുകള്‍
അറ്റുപോകുന്നു.
ഉമിനീരിന്റെ
ഉപ്പുകാറ്റേറ്റുപോലും
പിറ അറിയുന്നില്ല.

അഴികളില്‍
ചിതലരിക്കുന്നതുവരെ
പിറയുടെ വായില്‍
പല്ലിനിറയും.

ഇവിടുള്ള
മരവാതിലുകള്‍ക്ക്
ഉണ്ടായ കാലംമുതല്‍
ജീവനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക