Image

മുന്നൂറ്റിയെട്ട് പടവുകൾ (ചെറുകഥ: രൺജിത് രഘുപതി)

Published on 01 June, 2021
മുന്നൂറ്റിയെട്ട് പടവുകൾ (ചെറുകഥ: രൺജിത് രഘുപതി)
അഹങ്കാരം. അല്ലാതെന്താ?!
താൻ ജോലിയുപേക്ഷിച്ചെന്ന വിവരമറിഞ്ഞ എല്ലാപേരും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ശിവദാസിന് ആശ്ചര്യമൊന്നും തോന്നിയില്ല. അവരെയെന്തിന് പഴിക്കണം? നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അഞ്ചു നിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒന്നാന്തരമൊരു കമ്പനി. ശീതീകരിച്ച മുറിക്കുള്ളിൽ എട്ട് മണിക്കൂർ ചെലവഴിച്ചാൽ എല്ലാ മാസവും കൃത്യം ഒന്നാം തീയതി കിട്ടുന്ന അഞ്ചക്ക ശമ്പളം. വർഷത്തിൽ രണ്ട് തവണ ബോണസ്. ഇരുപത്തിരണ്ട് കൊല്ലങ്ങളായി ചെയ്യുന്ന ജോലി. ഏതു നിമിഷവും പ്രമോഷൻ കിട്ടിയേക്കാം. എല്ലാം ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞില്ലേ?
- നിനക്കെന്താ ഭ്രാന്താണോ? വിവരമറിഞ്ഞ സുഹൃത്തുക്കൾ ചോദിച്ചു.
കമ്പനിയിൽ ഉദ്യോഗസ്ഥർക്കിടയിൽ അരങ്ങേറിയിരുന്ന വടംവലികളും കുതികാൽ വെട്ടുകളും കാരണം താൻ അനുഭവിച്ചിരുന്ന മാനസിക സംഘർഷം ശിവദാസ് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്റെ വിദ്യാഭ്യാസവും പരിചയ സമ്പത്തും കൊണ്ട് ഇതിനേക്കാൾ ഭേദപ്പെട്ട മറ്റൊരു തൊഴിൽ കണ്ടെത്തുമെന്ന് ശിവദാസ് ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ചങ്ങാതിമാർ അയാളുടെ തീരുമാനത്തെ അനുകൂലിച്ചു.
ശിവദാസ് പുതിയ തൊഴിലിനായി ശ്രമങ്ങൾ ആരംഭിച്ചു. ചില കമ്പനികൾ അയാളെ അഭിമുഖത്തിനായി ക്ഷണിച്ചു. അയാളുടെ ബയോഡാറ്റ കണ്ട് തങ്ങൾക്ക് ഇത് പോലെ ഒരാളെയാണ് ആവശ്യമെന്ന് പറഞ്ഞു. ജോലിയിൽ എപ്പോൾ പ്രവേശിക്കണമെന്ന് ഉടനെയറിയിക്കാം എന്നവർ പറഞ്ഞതല്ലാതെ അവരിൽ നിന്ന് പിന്നീടൊരറിയിപ്പും ഉണ്ടായില്ല.
തനിക്ക് ലഭിച്ചിരുന്ന ഉയർന്ന വേതനം പുതിയ കമ്പനികൾക്ക് നൽകാനുള്ള വൈഷമ്യമാവും അവരുടെ വിമുഖതക്ക് കാരണമെന്ന് ശിവദാസ് ഊഹിച്ചു.
ഭാര്യ രാധികയുടെ തനി സ്വഭാവം  നന്നായറിയാവുന്നത് കൊണ്ട് ജോലി ഉപേക്ഷിച്ച വിവരം തൽക്കാലം അവളിൽ നിന്ന് അയാൾ മറച്ചു വെച്ചു. എന്നും രാവിലെ അയാൾ ഓഫീസിലേക്കെന്ന മട്ടിൽ ഭാര്യ നൽകുന്ന ഉച്ചഭക്ഷണവുമായി യാത്ര തിരിക്കും. പിന്നെ നഗരത്തിലെവിടെയെങ്കിലും ചുറ്റിത്തിരിയും. ചില കമ്പനികളിൽ ഒഴിവുണ്ടോ എന്നന്വേഷിക്കും.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് തെല്ലകന്ന് ഒരു ഉദ്യാനമുണ്ട്. കമിതാക്കളും ഏകാന്തപഥികരും തെരുവുനായ്ക്കളും ഒക്കെ ചുറ്റിത്തിരിയുന്നൊരിടം. അവിടെയിരുന്ന് ശിവദാസൻ ഭാര്യ നൽകിയ ഉച്ചഭക്ഷണം കഴിക്കുന്നു. ഉദ്യാനത്തിന് നടുവിലായി ഒരു കിണറുണ്ട്. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള നഗരത്തിൽ പണ്ടെങ്ങോ ഒരു കിറുക്കൻ രാജാവ് പണി കഴിപ്പിച്ച മുന്നൂറ്റിയെട്ട് പടവുകളുള്ള ഒരു കൂറ്റൻ കിണർ. ആ പടവുകൾ ഇറങ്ങിയിറങ്ങി കിണറ്റിനരികിലെത്തി അതിൽ സ്വന്തം പ്രതിഫലനം കാണുമ്പോൾ മരണത്തിന്റെ മണം ചുറ്റും പരന്ന്  അവ്യക്തമായ നിലവിളികൾ  കേൾക്കാൻ കഴിയുമത്രേ. ഏറെ നേരം അവിടെ നിന്നാൽ മരണം വന്ന് ചുറ്റും നൃത്തം വെച്ച് അദൃശ്യമായ ഏതോ കരങ്ങൾ നമ്മെ മൃദുവായി ആ കിണറ്റിലേക്ക് തള്ളിയിടും. ശിവദാസിന് ഇതൊക്കെ കേട്ടറിവാണ്. ഓഫീസിലെ തിരക്കുകൾക്കിടയിൽ ഇവിടെയെന്നല്ല നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഇടങ്ങളിലും പോകാൻ കഴിഞ്ഞിട്ടില്ല.
ഏതെങ്കിലും പുതിയ ജോലി കണ്ടെത്തുന്നത് വരെ ഭാര്യയുമായി  ഈ നാടകം തുടരാം എന്നയാൾ തീരുമാനിച്ചെങ്കിലും, അക്കാര്യം ഉടനെയൊന്നും നടക്കാനിടയില്ലെന്ന തിരിച്ചറിവിൽ ഒരു ദിവസം അയാൾ തൊഴിൽരഹിനായി മാറിയ വിവരം ഒട്ടനവധി മുഖവുരകളോടെ അയാൾ രാധികക്ക് മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്തു.
പൊട്ടിത്തെറി...കുറ്റപ്പെടുത്തൽ...അസഭ്യം...വിലാപം...എല്ലാം ശിവദാസ് കണക്ക് കൂട്ടിയത് പോലെ തന്നെ സംഭവിച്ചു.
രണ്ടു വർഷങ്ങൾക്ക് മുൻപ് തന്റെ മേലുദ്യോഗസ്ഥനായി നിയമിതനായ ആന്ധ്രക്കാരൻ നായിഡുവുമായുള്ള തന്റെ സ്വരച്ചേർച്ചയില്ലായ്മ രാധികക്ക് നന്നായറിയാം. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ നായിഡു അയാളെ എത്ര മാത്രം ദ്രോഹിച്ചിട്ടുണ്ടെന്നും അവൾക്ക് ബോധ്യമുണ്ട്. പക്ഷെ ശിവദാസൻ തന്റെ കുടുംബത്തെയോർത്ത് എല്ലാ പ്രശ്നങ്ങളും അതിജീവിക്കുമെന്നവൾ ധരിച്ചിരുന്നു. ആ ധാരണയാണ് ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത്.
- ഇനിയെങ്ങനെ നമ്മൾ ജീവിയ്ക്കും?

- നമ്മുടെ മകളുടെ ഭാവി എന്താവും?
- എന്റെയും നമ്മുടെ മകളുടെയും ജീവിതം തകർക്കാൻ നിങ്ങൾക്കെങ്ങനെ മനസ് വന്നു?
ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള കുറെ ചോദ്യങ്ങൾ അവൾ ഒരു വിലാപകാവ്യം പോലെ പാടിക്കൊണ്ടിരുന്നു.
- ഉടനെ തന്നെ മറ്റൊരു ജോലി കിട്ടും.
- പണ്ടത്തേക്കാൾ ശമ്പളം കിട്ടും.
- നീയും മോളും ഒന്ന് കൊണ്ടും ഭയപ്പെടേണ്ട.

എന്ന ശിവദാസിന്റെ അനുനയ വാചകങ്ങളെല്ലാം അവളുടെ തേങ്ങലിൽ ഒലിച്ചു പോയി.
രാധിക പൂർവ സ്ഥിതിയിലെത്താൻ നിമിഷങ്ങളും മണിക്കൂറുകളുമല്ല ദിനങ്ങൾ തന്നെ വേണ്ടി വന്നു.
ജോലിയിൽ താൻ വരുത്തി വെക്കാറുള്ള ചെറിയ പോരായ്മകളെ പോലും പർവതീകരിച്ച് നായിഡു എന്ന തന്തയില്ലാത്തവൻ കമ്പനി മേലധികാരികൾക്ക് നിരന്തരം എഴുതാറുണ്ടായിരുന്നുവെന്നും ഒടുവിൽ അവർ തന്നെ എന്തെങ്കിലും ഗൂഢാലോചനയിൽ കുടുക്കി സസ്പെൻഡ് ചെയ്യും എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് തനിക്ക് രാജി വെക്കേണ്ടി വന്നതെന്നും ശിവദാസ് പലയാവർത്തി പല വ്യാകരണത്തിൽ രാധികയോടോതി. വേവലാതികൾ കൊട്ടിയടച്ച അവളുടെ കർണപടങ്ങൾക്കുള്ളിൽ ആ വാചകങ്ങളൊന്നും പ്രവേശിച്ചില്ല.
തൊഴിലിടങ്ങളിൽ തൊഴിലാളികൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളൊന്നും അവരുടെ വീട്ടുകാർക്കറിയേണ്ട കാര്യമില്ലല്ലോ !
എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടണം. വീട്ട്ചെലവുകൾ നടക്കണം. മക്കളുടെ ഭാവി ഭാസുരമാക്കണം. എന്നല്ലാതെ അവയൊക്കെ സഫമലാകാൻ വേണ്ടി സമ്പാദിക്കുന്നവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് ആരോർക്കാൻ ?
ചെയ്യുന്ന ജോലിയിൽ സംതൃപ്തനാണോ? നിങ്ങൾക്കിഷ്ടമുള്ള തൊഴിലാണോ നിങ്ങൾ ചെയ്യുന്നത് ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇന്ന് വരെ ഒരു പുരുഷനോടും അയാളുടെ വീട്ടുകാർ ചോദിച്ചതായി അറിവില്ല. എല്ലാ ദുരിതങ്ങൾക്കും പരാതി കേൾക്കാൻ ഒരു പുരുഷൻ ഓരോ കുടുംബത്തിനുമുണ്ട്. ആ പുരുഷൻ തന്റെ നിസ്സഹായതകളെക്കുറിച്ച് ദൈന്യതകളെക്കുറിച്ച് ആരോട് പരാതി പറയും?
ഒരു മാസം കഴിഞ്ഞിട്ടും പുതിയ തൊഴിലുകളൊന്നും ശിവദാസിനെ തേടി എത്തിയില്ല.
-മൂത്ത് നരച്ച നിങ്ങൾക്കിനിയാര് ജോലി തരും?

രാധികയുടെ വാക്കുകൾ കേട്ട് ശിവദാസ് തന്റെ പ്രതിരൂപത്തെ കണ്ണാടിയിൽ നോക്കി.
വയസ് വെറും നാല്പത്തിയാറല്ലെ ആയുള്ളൂ! കണ്ടാൽ അത്രയും തോന്നുകയും ഇല്ല.
പ്രായമാണോ തന്റെ തൊഴിലിന് തടസം? തലയിൽ അവിടവിടെയായി വിളങ്ങി നിന്നിരുന്ന വെള്ളി രോമങ്ങളിൽ അയാൾ കറുത്ത നിറം തേച്ചു.
-ഇങ്ങനെ പോയാൽ ഈ വാടകവീട്ടിൽ നിന്നും തെരുവിലേക്കിറങ്ങേണ്ടി വരും. പിറുപിറുത്തു കൊണ്ട് ഒരു നാൾ രാധിക അലക്കി തേച്ച് വെച്ചിരുന്ന ഒരു പഴയ സാരി ചുറ്റി ഒരു തുണിക്കടയിൽ സെയ്ൽസ് ഗേളായി ഇറങ്ങിപ്പോയി. അടുത്ത വർഷം കോളേജിൽ ചേരാൻ തയ്യാറെടുത്ത് നിൽക്കുന്ന മകൾ ശ്വേതയും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് സ്കൂളിലേക്ക് നടന്നു.
മൂന്ന് മുറികളുള്ള ആ വാടക വീട്ടിൽ ശിവദാസ് തനിച്ചായി. അയാൾ ചുവരുകളെയും അവയിലിരിക്കുന്ന ഗൗളികളെയും എട്ടുകാലികളെയും നോക്കി നിന്നു. ഇതൊക്കെ അയാൾക്ക് പുതിയ കാഴ്ചകളായി തോന്നി. ഇതുവരെ ചുറ്റുമുള്ളതിനെയൊന്നും നോക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അതിരാവിലെ ഉണരുന്നു. പ്രഭാതകർമങ്ങൾ നിർവഹിച്ച് കമ്പനിയിലേക്ക് പോകുന്നു. യന്ത്രത്തെപ്പോലെ പണിയെടുക്കുന്നു. നേരമിരുട്ടുമ്പോൾ വീണ്ടും ഈ ചുവരുകൾക്കുള്ളിലേക്ക് കയറുന്നു. അത്താഴമുണ്ട് കിടന്നുറങ്ങുന്നു. ഒഴിവുദിവസങ്ങളിൽ നേരം വൈകി ഉണരുന്നു. ചന്തയിൽ പോയി മൽസ്യമോ മാംസമോ വാങ്ങുന്നു. ഉച്ചക്ക് അത് കഴിച്ഛ് കിടന്നുറങ്ങുന്നു. വൈകുന്നേരം എഴുന്നേറ്റ് ടെലിവിഷനിലെ പരിപാടികൾ നോക്കിയിരിക്കുന്നു. അത്താഴമുണ്ട് വീണ്ടുമുറങ്ങുന്നു. ശിവദാസിന്റെ ഈ ദിനചര്യകളാണ് പൊടുന്നനെ മാറിയിരിക്കുന്നത്.പണ്ട് ഒന്നിനും സമയം തികഞ്ഞിരുന്നില്ല. ഇപ്പോൾ സമയം മാത്രമേ കയ്യിലുള്ളു. ഒന്നിനും കൊള്ളാത്ത സമയം. ഈ ചുവരുകൾക്കുള്ളിൽ എട്ടുകാലികളെ നോക്കിയിരുന്ന് എണ്ണിത്തീർക്കാനുള്ള നിമിഷങ്ങൾ.

അടുത്തിടെയായി മുഖം മിനുക്കിയ നഗരത്തിന്റെ പ്രധാന നിരത്തിൽ നിന്നും തുടങ്ങി ഗ്രാമത്തിന്റെ ഓർമ്മകൾ അവശേഷിക്കുന്ന ഒരു തുറസായ പ്രദേശത്ത് അവസാനിക്കുന്ന ഇടവഴിയിലാണ് ശിവദാസിന്റെ വാടകവീടിന്റെ സ്ഥാനം. മുൻകാല ഭവനങ്ങളെക്കാൾ വാടക ഇത്തിരി കൂടുതലാണെങ്കിലും ഇടനിലക്കാരനില്ലാതെ കിട്ടിയത് കൊണ്ട് അയാൾ മറുത്തൊന്നും ചിന്തിച്ചില്ല. മകളുടെ സ്കൂളും ട്യൂഷൻ ക്ലാസും കാൽനട ദൂരം മാത്രം. അയൽക്കാർ അവരവരുടെ ലോകങ്ങളിൽ വിരാജിക്കുന്നവർ. അടുത്തടുത്തെങ്കിലും എല്ലാവരും എല്ലാവർക്കും അപരിചിതർ.
ശിവദാസിന്റെ വീട്ടിന്റെ തൊട്ടെതിർവശത്ത് ചായം പൂശാത്ത ഒരിരുനിലക്കെട്ടിടമാണ്. അതിന്റെ മട്ടുപ്പാവിൽ എപ്പോഴും എഴുപതോളം പ്രായമുള്ള ഒരു മെലിഞ്ഞുണങ്ങിയ മനുഷ്യനെക്കാണാം. മുറ്റത്ത് ഇരുമ്പ് ചങ്ങലയിൽ ബന്ധനസ്ഥനായ ഒരു നായയെയും കാണാം.

വൃദ്ധനെപ്പോലെ തന്നെ മെലിഞ്ഞുങ്ങിയ  ഭാര്യയും രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും മക്കളുമൊക്കെ അടങ്ങിയ ഒരു കൂട്ടുകുടുംബമാണ് ആ ചായം പൂശാത്ത ചുവരുകൾക്കുള്ളിൽ അവരവരുടെ മൗനം കൊണ്ട് തീർത്ത ലോകങ്ങളിൽ വസിക്കുന്നത്. ഒച്ചയോ ബഹളമോ ഒന്നും ആ വീട്ടിൽ നിന്ന് കേൾക്കാറില്ല. കാവൽക്കാരനെപ്പോലെ കിടക്കുന്ന നായ പോലും ഇന്നേ വരെ ശബ്ദിച്ച് കേട്ടിട്ടില്ല.

മുതുകിൽ അസാധാരണമാം വിധം ഒരു വളവുണ്ടെങ്കിലും വൃദ്ധൻ ആരോഗ്യവാനായിരുന്നു. അയാളുടെ തീറ്റയും കിടപ്പുമെല്ലാം ആ മട്ടുപ്പാവിൽ തന്നെ. സമയാസമയങ്ങളിൽ അയാളുടെ ഭാര്യ നായയ്ക്കും അയാൾക്കും ഭക്ഷണമെത്തിക്കുന്നു. വൃദ്ധൻ മട്ടുപ്പാവിൽ നിന്നും നായയും നായ വൃദ്ധനെയും ഒന്ന് മുഖാമുഖം നോക്കിയ ശേഷം ഭക്ഷണം കഴിക്കുന്നു.
ദേവാനന്ദിന്റെ ഒരു പഴയ ഹിന്ദി ഗാനം മുഴക്കിക്കൊണ്ട് മൊബൈൽ ഫോൺ ശിവദാസിനെ അയൽക്കാഴ്ചകളിൽ നിന്നും മോചിതനാക്കി. എത്രയോ നാളുകൾക്ക് ശേഷമാണു ആ ഫോൺ മുഴങ്ങുന്നത്. ആരും വിളിക്കാറില്ല. സുഹൃത്തുക്കളോ പരിചയക്കാരോ ആരും. ഒരു കാലത്ത് ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്ന ഫോണാണ്. ഇപ്പോൾ അതും തന്നെപ്പോലെ ഏകാന്ത വിശ്രമത്തിലാണ്. ഇത് മിക്കവാറും റോങ്ങ് നമ്പർ അല്ലെങ്കിൽ ലോൺ, ഇൻഷുറൻസ് വാഗ്ദാനങ്ങളാവും.
-ഹലോ
-മിസ്റ്റർ ശിവദാസ്. ഗുഡ് മോർണിംഗ്.

ഒരു കമ്പനിയിൽ നിന്നാണ്. എപ്പോഴോ ജോലിക്ക് അപേക്ഷിച്ചിരുന്നതാവണം. നാളെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. വീട്ടിൽ നിന്ന് മുപ്പത് കിലോമീറ്റർ ദൂരമുണ്ട്. ദൂരം പ്രശ്നമല്ല. ഇപ്പോൾ ശമ്പളവും പ്രശ്നമായി തോന്നുന്നില്ല. ഇനി വീട്ടിലിരിക്കാൻ വയ്യ. പുലർച്ച മുതൽ കൂരിരുട്ടാകുന്നത് വരെ മറ്റെവിടെയെങ്കിലും ചെന്നിരിക്കണം. മാസംതോറും എത്രയാണെന്ന് വെച്ചാൽ ശമ്പളം കൈപ്പറ്റണം.
കൃത്യ സമയത്തിന് മുൻപ് തന്നെ കമ്പനിയിലെത്തി. റിസെപ്ഷനിലെ സ്ത്രീ ഒരു മുറി ചൂണ്ടിക്കാണിച്ച് അവിടെയിരിക്കാൻ ആംഗ്യം കാണിച്ചു. അൽപ നേരത്തിനുള്ളിൽ ഒരു യുവതി മുറിക്കുള്ളിൽ കയറി വരികയും ശിവദാസിനടുത്ത് ഇടം പിടിക്കുകയും ചെയ്തു. ഏകദേശം ഇരുപത്തിയഞ്ച് വയസ് കാണും അവൾക്ക്. ലേശം മെലിഞ്ഞിട്ടാണ്. പറയത്തക്ക സൗന്ദര്യം ഒന്നുമില്ലെങ്കിലും ആകർഷണീയതയുണ്ട്. അത്യാവശ്യത്തിന് മാത്രം മേക് അപും ഭംഗിയായി വസ്ത്രധാരണവും ചെയ്ത അവൾ പുഞ്ചിരിച്ചു കൊണ്ട് പരിചയപ്പെട്ടു.
കവിത - വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ട്. ശിവദാസിന്റെ യോഗ്യതയും തൊഴിൽ പരിചയവുമൊക്കെ  മനസിലാക്കിയപ്പോൾ കവിതയുടെ മുഖം വാടി. ആ അഭിമുഖം കൊണ്ടവൾക്ക് പ്രതേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് തോന്നി. ഇത്രയും പക്വതയും പരിചയവുമൊക്കെയുള്ള ഒരാൾ ഉള്ളപ്പോൾ തനിക്ക് കമ്പനി എങ്ങനെ തൊഴിൽ തരും? അവരുടെ പരസ്യത്തിൽ ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ തൊഴിൽ പരിചയമെങ്കിലും വേണമെന്ന് അറിയിപ്പുണ്ടായിരുന്നിട്ടും ഒരു ഭാഗ്യ പരീക്ഷണമെന്ന നിലയിലാണ് തൊഴിൽ പരിചയമില്ലാത്ത അവൾ അഭിമുഖത്തിനെത്തിയത്. കയ്യിലുണ്ടായിരുന്ന ജോലി വലിച്ചെറിഞ്ഞ് പുതുതായൊരെണ്ണത്തിന് നെട്ടോട്ടമോടുന്ന ശിവദാസിന്റെ അവസ്ഥ കൂടി മനസിലാക്കിയപ്പോൾ അവൾ പോകാനെഴുന്നേറ്റു.
അപ്പോഴാണ് റിസെപ്ഷനിസ്റ് വന്നെത്തി അവളുടെ പേര് വിളിച്ച് എംഡിയുടെ ക്യാബിനിലേക്ക് പോകാൻ പറഞ്ഞത്. വിവരം പറഞ്ഞ് പോകാനൊരുങ്ങിയ റിസെപ്ഷനിസ്റ്റിനെ അവൾ അരികിൽ വിളിച്ചു.
- മാഡം...ഞാനിവിടെ അടുത്താണ് താമസം. ഈ സാറാണെങ്കിൽ ഒത്തിരി  ദൂരെ നിന്ന് വരുന്നു. ഈ സാറിന്റെ ഇന്റർവ്യൂ ആദ്യം നടത്താമോ?
- ഓ, അതിനെന്താ? ഞാൻ എംഡിയോട് പറയാം. സാറ് വന്നോളൂ...

വേണ്ടിയിരുന്നില്ല എന്ന് പുഞ്ചിരിക്കുന്ന കവിതയോട് പറഞ്ഞ് ശിവദാസ് റിസെപ്ഷനിസ്റ്റിനെ അനുഗമിച്ചു.
ഇക്കഴിഞ്ഞ എല്ലാ അഭിമുഖങ്ങളിലും ആവർത്തിച്ചിരുന്ന ചോദ്യം തന്നെ അവിടെയും ചോദ്യാവലിയുടെ പട്ടികയിൽ ആദ്യം ഇടം പിടിച്ചു.
- നല്ലൊരു കമ്പനിയിലല്ലേ നിങ്ങൾ ജോലി ചെയ്തിരുന്നത്? പിന്നെന്തേ അതുപേക്ഷിച്ച് കളഞ്ഞത്?
നായിഡു എന്ന നായയെക്കുറിച്ചും അവന്റെ ചെയ്തികളെക്കുറിച്ചും വിശദമായി പറഞ്ഞാലോ എന്ന് ശിവദാസ് ഒരു നിമിഷം ചിന്തിച്ചു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. കാരണം ഈ പുതിയ കമ്പനിയെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല. ഇവിടെ നായിഡുവിനെപ്പോലെയോ അതോ അതിനേക്കാൾ ഭീകരരായ ജന്തുക്കൾ പാർക്കുന്നുണ്ടോ എന്ന് ഊഹിക്കാൻ കഴിയില്ല. പെട്ടെന്ന് മനസ് പറഞ്ഞു കൊടുത്ത ഒരു നുണക്കഥ അയാൾ തട്ടി വിട്ടു.
- സാർ, നാട്ടിൽ വെച്ച് എന്റെ അച്ഛൻ മരണപ്പെട്ടു. അമ്മയുടെ കാര്യങ്ങൾ നോക്കാനായി ഒറ്റമകനായ ഞാൻ ജോലി രാജി വെച്ചു. ശേഷകാലം കൃഷിയും മറ്റും നോക്കി നാട്ടിൽ കഴിനായിരുന്നു തീരുമാനം. ഇപ്പോൾ ആ തീരുമാനം മാറി. അമ്മയെ ഈ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഞാൻ ഉപേക്ഷിച്ച ജോലി മറ്റൊരാൾക്ക് കമ്പനി നൽകിയത് കാരണം പുതിയ ജോലി അന്വേഷിക്കുന്നു.
പത്ത് വർഷങ്ങൾക്ക് മുൻപ് ദിവംഗതനായ  അച്ഛന്റെ മരണത്തിന്റെ  പുനരാഖ്യാനം എംഡിക്ക് തൃപ്തികരമായി തോന്നിയെന്ന് അയാളുടെ മുഖം  പറഞ്ഞു. സംശയം തോന്നിയാൽ ഒരു ഫോൺ കാളിന്റെ ചെലവേ അയാൾക്കുള്ളു. എക്സ്പീരിയൻസ് സെർറ്റിഫിക്കേറ്റിൽ നിന്ന് പഴയ കമ്പനിയുടെ ഫോൺ നമ്പറിലേക്ക് ഒന്ന് കറക്കി നായിഡുവിനെ വിളിച്ചാൽ ഇക്കഥ മണൽക്കൊട്ടാരം പോലെ പൊളിഞ്ഞു വീഴുമെന്ന് മാത്രമല്ല പിന്നീടിവർ ഈ കമ്പനിയുടെ ചുറ്റുവട്ടത്തൊന്നും തന്റെ നിഴൽ പോലും വീഴാനാനുവദിക്കുകയും ഇല്ല. അഭിമുഖത്തിന് ശേഷം കവിതയ്ക്ക് 'ഓൾ ദി ബെസ്റ്റ്' പറഞ്ഞ് മടങ്ങി.
എല്ലാ ദിവസവും സന്ധ്യാനേരത്ത് വൃദ്ധൻ മട്ടുപ്പാവിൽ നിന്നിറങ്ങി മുറ്റത്ത് ബന്ധനത്തിൽ കഴിയുന്ന നായയുടെ അരികിലിരിക്കുന്നു. അവർ തമ്മിലെന്തൊ രഹസ്യസല്ലാപം നടത്തും. ഇന്നുച്ചയ്ക്ക് ഒരു വഴിയോരക്കച്ചവടക്കാരന്റെ വിളി കേട്ട് അറിയാതെ ഓരിയിട്ട് പോയ നായയെ വൃദ്ധൻ ശകാരിച്ചു. അവൻ ലജ്ജയും പശ്ചാത്താപവും കൊണ്ട് മുഖം താഴ്ത്തി. നിലത്തു കിടക്കുന്ന നായയുടെ വിസർജങ്ങളും അവശേഷിച്ച ഭക്ഷണങ്ങളും വൃദ്ധൻ വൃത്തിയാക്കി  പാത്രം കഴുകി വെച്ചു.
സമയം തള്ളി നീക്കുക ശിവദാസിന് ഒരു പ്രഹേളികയായി തോന്നി. ഓഫീസിലെ ഫയലുകളുടെ താളുകളിൽ അലഞ്ഞു തിരിഞ്ഞപ്പോൾ സമയം ഒന്നിനും തികയാറില്ലായിരുന്നു. എത്ര ചെയ്താലും തീരാത്തത്ര ഉത്തരവാദിത്വങ്ങൾ. ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂകൾ മാത്രമേയുള്ളുവെന്ന് അയാൾ പരിതപിച്ചു കൊണ്ടിരുന്നു. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. നിമിഷങ്ങൾക്ക് വല്ലാത്ത ഭാരം. ഘടികാരത്തിന്റെ സൂചികൾക്ക് അനങ്ങാൻ മടി.

മകളുടെ പഴയ നോട്ട്ബുക്കുകളിൽ നിന്നും താളുകൾ കീറിയെടുത്ത് ശിവദാസ് പേന കൊണ്ട് തലങ്ങും വിലങ്ങും വരച്ചു. വരകൾ ക്രമേണ രൂപങ്ങളായി പരിണാമപ്പെട്ടു. പട്ടിയുടെയും കിഴവന്റെയും രൂപങ്ങൾ. തന്റെയുള്ളിൽ ഉറങ്ങിക്കിടന്ന ചിത്രകാരനെക്കണ്ട് ശിവദാസ് അതിശയിച്ചു. രൂപങ്ങൾ പരകായപ്രവേശം നടത്താൻ തുടങ്ങി. നായയുടെ മുഖമുള്ള വൃദ്ധനും വൃദ്ധന്റെ മുഖമുള്ള നായയും പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ അയാൾ പരിഹാസപൂർവം പൊട്ടിച്ചിരിച്ചു.
ഇന്റർവ്യൂവിന് പരിചയപ്പെട്ട കവിതയുടെ ഫോൺ വന്നു. അവൾക്കാ ജോലി ലഭിച്ചിരിക്കുന്നുവെന്നവൾ നിർവികാരയായി പറഞ്ഞു. 'സാറിനെ നിയമിച്ചാൽ ശമ്പളം കൂടുതൽ കൊടുക്കേണ്ടി വരുമെന്ന് അവർക്കറിയാമെന്നുള്ളത് കൊണ്ടാണ് എനിക്കീ ജോലി കിട്ടിയതെന്ന്' അവൾ പറഞ്ഞു. നിന്റെ നല്ല മനസിന്റെ പ്രതിഫലമാണിതെന്ന് വിചാരിച്ച് സന്തോഷിക്കാൻ ശിവദാസ് അവളെ ഉപദേശിച്ചു.

ശനിയാഴ്ച ദിവസം നായക്ക് പരോൾ കിട്ടി. മാസത്തെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവന്റെ പരോൾ ദിനങ്ങളാണ്. മുഴുവൻ ദിവസമല്ല. രാവിലെ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം. അന്നേരം അവൻ ഓടിയും ചാടിയും അയൽക്കാരുടെ ഇരുചക്ര വാഹനങ്ങളിൽ ഒരു കാൽ പൊക്കി മൂത്രമൊഴിച്ചും ആഹ്ലാദത്തോടെ  ചെലവഴിക്കുന്നു. ചിലപ്പോൾ അയൽപക്കത്തെ വീട്ടുമുറ്റങ്ങളിൽ കിടക്കുന്ന ചെരുപ്പുകൾ കടിച്ചെടുത്ത് കൊണ്ട് വന്ന് സ്വവസതിക്ക് മുന്നിലിടും. യജമാനനോടുള്ള നന്ദി പ്രകടനമാണ്  ചെയ്യുന്നതെന്ന് മനസിലാക്കാതെ വൃദ്ധൻ അവനെ തെറി പറഞ്ഞു കൊണ്ട് ചെരുപ്പുകൾ യഥാസ്ഥാങ്ങളിൽ തിരിച്ചു കൊണ്ട് ചെന്നിടും.

വിരസതയുടെ ഭാരമേറിയ നിമിഷങ്ങൾ ശിവദാസിന് പകർന്ന് കൊണ്ട് പകലുകളും രാത്രികളും കടന്നു പൊയ്ക്കൊണ്ടിരുന്നു. ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടൽ സഹിക്കാനാവാതെ അയാൾ ഒരു രാത്രി വീടിനു പുറത്തേക്കിറങ്ങി. അയൽവീട്ടുമുറ്റത്ത് ചെന്ന് നായയുടെ കഴുത്തിലെ ചങ്ങലയൂരി. സ്വാതന്ത്രനാക്കപ്പെട്ട നായ അയാളെ അന്തം വിട്ട് നോക്കി മുരടനക്കി. വൃദ്ധൻ മട്ടുപ്പാവിൽ നിന്ന് നായയെയും അവനെ സ്വതന്ത്രനാക്കിയ അപരിചിതനെയും തുറിച്ച് നോക്കി.
ശിവദാസ് മുന്നോട്ട് നടന്നു.

എത്രയും വേഗം ആ ഉദ്യാനത്തിലെത്തണം. ജോലി നഷ്ടപ്പെട്ട ദിനങ്ങളിൽ താൻ ചെന്നിരുന്ന് ഉച്ചയൂണ് കഴിച്ചിരുന്ന ആ ഉദ്യാനത്തിൽ. അവിടെയുള്ള കിണർ കാണണം. മുന്നൂറ്റിയെട്ട് പടവുകൾ ഇറങ്ങിച്ചെല്ലണം. കിണറ്റിലെ ജലത്തിൽ തന്റെ പ്രതിരൂപം നോക്കി നിൽക്കണം.
കുറച്ച് ദൂരം നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നതായി ശിവദാസിന് തോന്നി. അയാൾ തിരിഞ്ഞു നോക്കി. അതവരാണ്...ആ കിഴവനും നായയും.
ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക