Image

ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ് (വാല്‍ക്കണ്ണാടി - കോരസണ്‍ )

കോരസണ്‍ Published on 01 June, 2021
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
''There is separation of colored people from white people in the United States. That separation is not a disease of colored people. 
It is a disease of white people. I do not intend to be quiet about it.' - Albert Einstein.

100 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1921 ജൂണ്‍ 1നു , ഒക്കലഹോമയിലെ ടെല്‍സയില്‍ നടന്ന വംശീയ നരനായാട്ട് അമേരിക്കയുടെ ചരിത്രത്തില്‍ ലജ്ജിക്കേണ്ട അദ്ധ്യായമാണ്. അതുകൊണ്ടാവണം അമേരിക്കന്‍ ചരിത്രത്തില്‍ നിന്നുതന്നെ ' ടെള്‍സ കൂട്ടക്കൊല' കൃത്യമായി ചുരണ്ടിക്കളയാന്‍ ശ്രമം നടന്നിരുന്നു. മുന്നോറോളം കറുത്തവര്‍ഗ്ഗക്കാര്‍ കൂട്ടക്കൊലചെയ്യപ്പെടുകയും അവരുടെ വീടുകളും ബിസിനസ് കെട്ടിടങ്ങളും തീവച്ചു നശിപ്പിക്കുകയും ചെയ്ത ആ കറുത്ത ദിനങ്ങള്‍ക്ക് നൂറുവയസ്സ്. 

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സമ്പല്‍സമൃദ്ധി വെള്ളക്കാര്‍ക്കും മാത്രമല്ല, കറുത്തവര്‍ക്കും അവരുടേതായ അമേരിക്കന്‍ സമൃദ്ധിയുടെ ഇടംപ്രാപ്യമാകുക എന്നതിന് തെളിവായിരുന്നു ഗ്രീന്‍വുഡ് ഡിസ്ട്രിക്ട്. കറുത്തസ്വപ്നത്തിനു ഒരിക്കലും അമേരിക്കയില്‍ സാധ്യതഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു ടെള്‍സ കൂട്ടക്കൊല. ഇന്നും ഉത്തരംകിട്ടാത്ത നിരവധിചോദ്യങ്ങള്‍ അവശേഷിപ്പിച്ചു അമേരിക്കയുടെ വംശീയ എതിര്‍പ്പിന്റെ സ്മാരകശിലയായി അത് അവശേഷിക്കുന്നു.

അമേരിക്കന്‍ എഴുത്തുകാരന്‍ ബുക്കര്‍ ടി. വാഷിംഗ്ടണ്‍ 'ബ്ലാക്ക് വാള്‍സ്ട്രീറ്റ്' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍വുഡ് ഡിസ്ട്രിക്റ്റ്, ഒക്കലഹോമയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഏറ്റവും സമ്പന്നമായ ഒരു ഇടമായിരുന്നു. വിജയകരമായി നേട്ടംകൊയ്ത കറുത്ത വ്യവസായികളും, ഡോക്ടറന്മാറും ബാങ്കേഴ്സും ഡെന്റ്റിസ്റ്റും ഉദ്യോഗസ്ഥരും നിറഞ്ഞ ഒരു ഇടമായിരുന്നു 1920-നു മുന്‍പുള്ള ടെള്‍സ. അതുകൊണ്ടുതന്നെ ബ്രൗണ്‍ സ്റ്റോണില്‍ നിര്‍മ്മിച്ച മനോഹരമായ കെട്ടിടങ്ങളും ഇടവഴികളും അവിടെ ദൃശ്യമായിരുന്നു. ഒരു അപ്പര്‍ക്ലാസ്സ് സമൂഹത്തിനുവേണ്ട ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ഒപ്പേറകേന്ദ്രങ്ങള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, അറ്റോര്‍ണിസ്, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, സിനിമാശാലകള്‍, പള്ളികള്‍, സ്‌കൂളുകള്‍ ഒക്കെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. വംശീയ വേര്‍തിരിവ് പ്രകടമായി നിന്നിരുന്ന, കറുത്തവര്‍ഗ്ഗക്കാര്‍ക്കു പരിമിതമായ സാമ്പത്തീക സാധ്യത മാത്രം നിലനിന്ന കാലത്താണ് ഇത്തരം ഒരു വിജയകഥ തെളിയിക്കാന്‍ പതിനായിരം ആളുകള്‍ മാത്രമുള്ള ടെള്‍സ ബ്ലാക്ക് സമൂഹത്തിനായത്.  

1905 ലെ ഗ്ലെന്‍പൂള്‍ എണ്ണ കമ്പനികളുടെ സമൃദ്ധിയാണ് പലയിടത്തുനിന്നും ടെള്‍സ എന്ന വാഗ്ദത്തദേശത്തേക്കു വന്‍തോതില്‍ ആളുകളുടെ കുടിയേറ്റം ഉണ്ടായത്. വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നതിനാല്‍ ഗ്രീന്‍വുഡ് ഡിസ്ട്രിക്റ്റ്, വെള്ളക്കാരുടെ ടെല്‍സയില്‍ നിന്നും മാറി ഒരുറയില്‍വേ ട്രാക്കിനു അപ്പുറത്തായിട്ടാണ് നിലനിന്നത്. അവിടുത്തെ ഡാന്‍ബര്‍ എലിമെന്ററി സ്‌കൂളും ബുക്കര്‍ ടി. വാഷിംഗ്ടണ്‍ ഹൈസ്‌കൂളും രാജ്യത്തെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ ആയിരുന്നു. കറുത്തവരുടെ ഉടമയിലുള്ള രണ്ടു പത്രങ്ങള്‍, ആശുപത്രി, രണ്ടു ഡസനിലേറെ പള്ളികള്‍ ഒക്കെ ചേര്‍ന്ന് സൗത്ത് വെസ്റ്റിലെ നീഗ്രോതലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്നു ടെള്‍സ. 

1919 ലെ കറുത്തവര്‍ക്കെതിരായ വെള്ളക്കാരുടെ കിരാതമായ റെഡ് സമ്മര്‍ ഭീകര തേര്‍വാഴ്ച്ചയുടെ ഓര്‍മ്മ നിലനില്‍ക്കെ, സാമ്പത്തീകമായി കിടപിടിച്ചുനില്‍ക്കാനുള്ള കറുത്തവരുടെ ശ്രമങ്ങളും, അവകാശങ്ങള്‍ക്കും തുല്യതക്കുവേണ്ടിയുള്ള മുറവിളികളും വെള്ളക്കാരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. 'എല്ലാ ശബ്ദവും ഉയര്‍ത്തിപ്പാടുക' എന്ന ബ്ലാക്ക് ദേശീയഗാനം ഒട്ടൊന്നുമല്ല കറുത്തവരുടെ മനസാന്നിധ്യം ഉറപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധത്തില്‍ നിന്നും പിരിഞ്ഞുവന്ന കറുത്ത പട്ടാളക്കാര്‍ വെള്ളക്കാര്‍ക്കു ലഭിക്കുന്നതിനു തുല്യമായ മനുഷ്യാവകാശങ്ങള്‍ ചോദിച്ചുതുടങ്ങി. തീവ്രവെള്ളക്കാരുടെ സംഘടനായ KKK അത്യധികം ശക്തി പ്രാപിച്ചു വരികയും ചെയ്തു. ട്രാഷ് വൈറ്റ്‌സ് എന്ന പേരുകേട്ട താഴ്ന്ന  വെള്ളക്കാരുടെ വെറുപ്പും പകയും ഒന്നിനൊന്നു കൂടിക്കൊണ്ടിരുന്നു.  

1921 മെയ് 30 നു ഒരു സംഭവം ഉണ്ടായി. ഡൗണ്‍ടൗണ്‍ ടെള്‍സയിലുള്ള  ഡ്രെക്‌സില്‍ ബില്‍ഡിങ്ങില്‍ എലിവേറ്ററില്‍ നിന്നും ഇറങ്ങിവരികയായിരുന്ന, ഷൂ ഷൈന്‍ ചെയ്യുന്ന 19 വയസ്സുകാരനായ കറുത്തവര്‍ഗ്ഗക്കാരന്‍ ഡിക്ക് റൗലന്‍ഡ്  എലിവേറ്റര്‍ ഓപ്പറേറ്റര്‍ ആയിരുന്ന 17 വയസ്സുകാരി വെള്ളക്കാരിയായ സാറ പേജിന്റ്റെ കാലില്‍ അറിയാതെ ചവിട്ടുകയും അവര്‍ നിലവിളിക്കുകയും ചെയ്തു. അത് കേട്ട ഒരു വെള്ളക്കാരന്‍ ക്ലാര്‍ക്ക് പോലീസില്‍ വിളിച്ചു 'ഒരു നീഗ്രോ, വെള്ളക്കാരിയെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചു' എന്ന് പറഞ്ഞു. ഡിക്ക് റൗലന്‍ഡ് അപ്പോഴേക്കും ഓടിപോയിരുന്നു. പിറ്റേദിവസത്തിലെ ടെള്‍സ ട്രിബ്യുനില്‍ 'നീഗ്രോ എലിവേറ്ററില്‍ വച്ച് പെണ്‍കുട്ടിയെ  ആക്രമിച്ചു' എന്ന വാര്‍ത്ത വെള്ളക്കാരില്‍ വര്‍ഗീയ വിധ്വേഷം ആളിക്കത്തിച്ചു. റൗലന്‍ഡ്‌നെ അറസ്റ്റ് ചെയ്തു ടെള്‍സ കൗണ്ടികോര്‍ട്ട് ഹൗസ്സില്‍ കൊണ്ടുവന്നു. വെള്ളക്കാരുടെ ഒരു വലിയ ജനക്കൂട്ടം റൗലന്‍ഡ്‌നെ പരസ്യമായി കൈകാര്യം ചെയ്യാന്‍ തയ്യാറായി കോടതിക്കുചുറ്റും നിലയുറപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത കറുത്ത വര്‍ഗ്ഗക്കാരും റൗലന്‍ഡ്‌നെ രക്ഷിക്കാനായി അവിടെയെത്തി. സംഗതി ആര്‍ക്കും നിയന്ത്രിക്കാനാവാതെ ആകെ കൈവിട്ടുപോയി.    

ഒരു വെള്ളക്കാരനും കറുത്ത മുന്‍ പട്ടാളക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു വെടിപൊട്ടി, നരകം തുറന്നുവിടുകയായിരുന്നു പിന്നീട്. ഏറ്റവും കിരാതവും ക്രൂരവുമായ നരനായാട്ടാണ് പിന്നെ അരങ്ങേറിയത്. പ്രായമുള്ളവരെ കെട്ടിയിട്ടു വീടിനു തീവച്ചു. എല്ലാവരും പുറത്തു ഇറങ്ങാന്‍ പറഞ്ഞു പിന്നെ വീടിനു തീയിട്ടുകൊണ്ടിരുന്നു. പെട്രോള്‍ പ്ലാസ്റ്റിക് കുപ്പിയിലാക്കി തീകത്തിച്ചു വീടുകളിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ചെറിയ വെള്ളക്കാരന്‍ കുട്ടികള്‍ പോലും ആളുകളെ വെടിവച്ചു കൊന്നുകൊണ്ടിരുന്നു. കറുത്തവരുടെ പള്ളി, ലൈബ്രറി, ഓഫീസുകള്‍ സ്‌കൂളുകള്‍ ഒക്കെ കത്തിച്ചാമ്പലാക്കി. പലരെയും കൊന്നു വണ്ടിയുടെ പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുനടന്നു. 'ഞാന്‍ ഇവിടെയുണ്ട് കുട്ടികളെ, കൊല്ലരുത്' എന്നുപറഞ്ഞു രണ്ടു കയ്യും പൊക്കി പുറത്തേക്കു ഇറങ്ങിവന്ന ഡോ. A .C ജാക്‌സണ്‍ എന്ന പ്രസിദ്ധനായ നീഗ്രോ സര്‍ജനെ വെടിവച്ചു കൊന്നു. കറുത്തവരുടെ ഫ്രിസ്സെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലും അഗ്‌നിക്കിരയാക്കി.   

ഓരോ വരിയിലെ വീടുകളും ഓരോ ബ്‌ളോക്കിലും തിരഞ്ഞുപിടിച്ചു കത്തിച്ചു ചാമ്പലാക്കി. ആകാശത്തുനിന്നും വരെ ഗ്രീന്‍വുഡ് ഡിസ്ട്രിക്ട് ആക്രമിക്കപ്പെട്ടു. കറുത്തവരുടെ സമ്പാദ്യങ്ങള്‍ എല്ലാം തകര്‍ന്നു തരിപ്പണമാക്കി. മരണത്തിന്റെ ഗന്ധം അവിടെ തളംകെട്ടി നിന്നു. നാഷണല്‍ ഗാര്‍ഡിലുള്ള പലരും അക്രമികളോടൊപ്പം ചേര്‍ന്നതിനാല്‍ പുറത്തുനിന്നുള്ള നാഷണല്‍ ഗാര്‍ഡ് വന്നാണ് നിയന്ത്രണം ഏറ്റെടുത്തത്. ഒറ്റ വെള്ളക്കാരന്‍ പോലും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടില്ല. കറുത്തവര്‍ഗ്ഗക്കാരുടെ ഒരു നഷ്ട്ടപരിഹാരവും നല്‍കിയില്ല.  ദുരന്തത്തെ അതിജീവിച്ച പുനര്‍നിര്‍മാണത്തിനു തിരികെയെത്തിയ കറുത്തവര്‍ഗ്ഗക്കാര്‍ ഭയന്നു മൗനം പാലിച്ചു. നഗരസമിതി, അമ്പരപ്പിക്കപ്പെട്ട അവരുടെ ചരിത്രം മൂടിവച്ചു. ടെള്‍സ ട്രിബുനില്‍ അന്ന് വന്ന വിഷലിപ്തമായ വാര്‍ത്തകള്‍ പോലും ലൈബ്രറിയില്‍ നിന്നും മുറിച്ചുമാറ്റി. എന്നാലും ഈ കൂട്ടകുരുതിയെ അതിജീവിച്ച വളരെപ്പേര്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. 76 വര്‍ഷത്തിനുശേഷം ഒക്കലഹോമ ഈ കൂട്ടക്കുരുതിയെക്കുറിച്ചു അന്വേഷിക്കാന്‍ തീരുമാനിച്ചു, അത് എങ്ങുമെത്താതെ അവസാനിപ്പിച്ചു. വര്‍ഗ്ഗിയപകയുടെ, അസൂയയുടെ നിണമുണങ്ങിയ  ടെള്‍സയുടെ മണ്ണിനുള്ളില്‍ എത്രയോ ആത്മാക്കളുടെ രോദനം തങ്ങിനില്‍ക്കുന്നു എന്ന് ഇന്നും അറിയില്ല.  

വെള്ളക്കാര്‍ നേതുത്വം നല്‍കിയ ഹൈവേ പ്ലാനിംഗ് മുഖാന്തരം US ഹൈവേ 75, I-244 എന്ന ഇന്റെര്‍‌സ്റ്റേറ്റ് ടെള്‍സയെ കീറിമുറിച്ചു ഒരിക്കലും ഗ്രീന്‍വുഡ് ഡിസ്ട്രിക്റ്റ് പുനര്‍ജനിക്കാതിരിക്കാനുള്ള ഉരുക്കു കോട്ട നിര്‍മ്മിച്ചു. അമേരിക്കയിലെ മികച്ച വന്‍ ഹൈവേ സംവിധാനങ്ങള്‍ രൂപപെട്ടപ്പോഴും നിരവധി സമൂഹങ്ങള്‍ ബോധപൂര്‍വം പിളര്‍ക്കപ്പെട്ടു അതില്‍ അമേരിക്കന്‍ ഇന്ത്യാക്കാരും നീഗ്രോകളും ഉള്‍പ്പെട്ടിരുന്നു. അമേരിക്കയില്‍ ആണവ യുദ്ധം ഉണ്ടായാല്‍ രക്ഷപെടാനുള്ള സംവിധാനമായാണ് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കു പോകാനുള്ള ദൂരത്തിന്റെ പകുതിയിലേറെ നീളത്തിലുള്ള ഗ്രേറ്റ് അമേരിക്കന്‍ ഹൈവേകള്‍ നിര്‍മ്മിക്കപ്പെട്ടത്. വന്‍ ഹൈവേയുടെ ചാരത്തു താഴ്ന്ന വരുമാനക്കാര്‍ക്കുള്ള പാര്‍പ്പിട കോളനികളും ലിറ്റില്‍ ടൗണുകളും രൂപപ്പെട്ടു. ആദ്യകാലത്തു ആളുകള്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഹൈവേകള്‍ പൊളിച്ചുമാറ്റി സാധാരണ റോഡുകള്‍ പുനഃസ്ഥാപിക്കാനുള്ള പദ്ധതികള്‍ വന്നുതുടങ്ങി.   

2020 മെയ് മാസം മിനിസോട്ടയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ കഴുത്തു ഡെറിക് ഷോവിന്‍ എന്ന വെള്ളക്കാരന്‍ പോലീസിന്റെ കാല്‍മുട്ടിനു താഴെ ഞെരിഞ്ഞു അമര്‍ന്നപ്പോഴും ആ മരണത്തിന്റെ ശേഷം ഉണ്ടായ വര്‍ണ്ണവെറിയുടെ പുത്തന്‍  അദ്ധ്യായങ്ങളും; അമേരിക്കയിലെ വര്‍ഗ്ഗിയ വിഭജനം തുടര്‍ക്കഥയാവുകയാണ് എന്ന് തെളിയിക്കുന്നതാണ്. ജനിച്ചുവീണ നിറത്തിന്റ്റെ  പേരില്‍ മനുഷ്യ ജീവിതത്തിനു അവകാശഭേദം ഉണ്ടെന്നു സ്ഥാപിക്കാനാണു ഇപ്പോഴും ശ്രമം. തെറ്റായി എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ദ്ധിതവീര്യത്തോടെ ആ വികല സങ്കല്പം സടകുടിഞ്ഞു എഴുന്നേല്‍ക്കുന്നു. 

2021 ജനുവരി 6, അമേരിക്കയെ തിരിച്ചുപിടിക്കാനുള്ള, 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' എന്ന ട്രംപീയന്‍ ഉണര്‍ത്തുപാട്ട് അമേരിക്കന്‍ വെള്ളക്കാരന്റെ മേധാവിത്തമനഃസ്ഥിതിക്കുള്ള ആശങ്കയുടെ വീര്‍പ്പുമുട്ടലാണെന്നു തിരിച്ചറിയാന്‍ വലിയ കണക്കുകൂട്ടിന്റെ ആവശ്യമില്ല. പക്ഷെ ഇന്ന് അമേരിക്കയില്‍ ബ്ലാക്കും വൈറ്റും തമ്മില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍. ചെറിയ കൂട്ടങ്ങള്‍ ആണെങ്കിലും സമസ്തമേഖലകളിലും തങ്ങളുടെ അച്ചടക്കവും ഇഴുകിച്ചേര്‍ത്ത കുടുംബ ബന്ധങ്ങളും കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കുകയും, അധികാര ശ്രേണികളില്‍ പടിപടിയായി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ വംശജര്‍, യഹൂദസമൂഹം ഒക്കെ ഇന്ന് ഈ അമേരിക്കന്‍ ബ്ലാക്ക്-വൈറ്റ് ബെല്‍റ്റിനു ഭീഷണിയാണെന്ന് അവര്‍ മനസ്സിലാക്കുകയാണ്. ഒബാമ പ്രസിഡന്റ് ആയപ്പോള്‍ വെള്ളക്കാരന്റെ ഉള്ളില്‍ ഒരു അങ്കലാപ്പ് ഉണ്ടായി, ഇപ്പോള്‍ ഏറ്റ
വും പ്രധാനപ്പെട്ട കസേരയുടെ ഒരു ശ്വാസത്തിനു അടുത്ത് ഒരു ആഫ്രോ-ഏഷ്യന്‍ വനിത എത്തി നില്‍ക്കുന്നത് അവരെ വിരളിപിടിപ്പിക്കാതെയിരിക്കില്ല. വെള്ളക്കാരന്റെ ആത്മാഭിമാനത്തിനു ക്ഷതം സംഭവിച്ചാല്‍ അവന്‍ എന്നെങ്കിലും തിരിച്ചടിക്കാതിരിക്കില്ല, അത് സര്‍വ്വനാശത്തിനുള്ള അവസരമായിരിക്കും എന്നാണ് ടെള്‍സ കൂട്ടക്കൊല വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.          

അടഞ്ഞ കണ്ണുകളോടെ ഇറുക്കിപ്പിടിച്ച ചുവന്നുതുടുത്ത മുഖത്തോടെ 'ചൈനീസ് വൈറസ്' എന്ന് ട്രംപ് ആഞ്ഞടിച്ചപ്പോളൊക്കെ, കുറെയേറെ വെള്ളക്കാരുടെ വീടുകളില്‍ ബിയര്‍ കുപ്പികള്‍ എറിഞ്ഞുടക്കുന്നുണ്ടാവാം. രാവിലെ ജോലിക്കു പോകുന്ന ഏഷ്യക്കാരനെ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിട്ടു അപ്രത്യക്ഷമാകുന്ന ഇരുട്ടിന്റെ ആത്മാക്കള്‍ ഒരു നിര്‍ഗ്ഗമനദ്വാരത്തിനായി കാത്തിരിക്കയാവാം. തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത ഏഷ്യക്കാരുടെ സമ്പത്ത് അമേരിക്കയില്‍ എത്രമാത്രം സുരക്ഷിതമായിരിക്കും എന്നു കാലംതെളിയിക്കും. സേനയിലും പോലീസിലും അഗ്‌നിശമനസേനയും ഒക്കെ 'ലോവര്‍ വൈറ്റ്സ്' പിടിമുറിക്കിനില്‍ക്കുമ്പോള്‍, അവിടേക്കു കടന്നുകയറാന്‍ ഏഷ്യക്കാര്‍ വിമുഖത കാട്ടുകയും ചെയ്യുമ്പോള്‍ അമേരിക്കന്‍ വര്‍ഗ്ഗീയ ചേരിതിരുവുകളുടെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടാതെ തരമില്ല. 

ടെള്‍സയിലെ വേര്‍തിരിക്കപ്പെട്ട സാമൂഹിക വികസന തന്ത്രം ഗ്രീന്‍വുഡ് ബ്ലാക്ക് വിജയകഥയുടെ അടിത്തറയായെങ്കില്‍, അതിനെ വെട്ടിവിഭജിക്കാന്‍ ദേശീയ ഹൈവേകള്‍ രൂപംകൊള്ളും. എന്നാല്‍ 'ജെന്‍ട്രിഫിക്കേഷന്‍' എന്ന ഓമനപ്പേരില്‍ വെള്ളക്കാര്‍ അവര്‍ക്കുമാത്രം ഉള്ള സങ്കേതങ്ങള്‍ എല്ലാ നഗരത്തിലും ഉണ്ടാക്കിക്കഴിഞ്ഞു. അവിടെ കറുത്തവനോ സാധാരണ ഏഷ്യക്കാരനോ താങ്ങാനാവുന്ന ജീവിതനിലവാരവും സൗകര്യങ്ങളും അല്ല ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ നൂറു വര്‍ഷത്തിനുശേഷം മേലേക്കിടയിലുള്ള വെള്ളക്കാരനും അത്തരം ഒരു സെഗ്രിഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ സുരക്ഷിതരായി ഉണ്ടാകാവുന്ന വംശീയ ആക്രമണങ്ങളില്‍ പങ്കെടുക്കാതെ കാഴ്ചക്കാരനായി നില്‍ക്കുന്നവന്‍ ആയിരിക്കും. അതിനു പുറത്തു എന്തൊക്കയാവും സംഭവിക്കുക എന്നതിനു കാലം മാത്രം കാത്തുനില്‍ക്കുന്നു.

 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
 ടെള്‍സ കൂട്ടക്കൊലക്ക് നൂറു വയസ്സ്   (വാല്‍ക്കണ്ണാടി - കോരസണ്‍ )
Join WhatsApp News
andrew 2021-06-01 15:01:20
Thanks to Korason for bringing out this horrible truth. The southern states wanted to remove this history from textbooks. At the same time, they want to bring slavery back. The sad thing is some Indians show more hatred towards Blacks than racist whites. Racism is an evil that is cultivated in the family itself. I like to add the following: Texas Country Club Threatens Black Employee With ‘Public Hanging’. A former interim manager at the Georgetown Country Club has filed a lawsuit against his former employer, alleging racial discrimination and threats of violence, including “public hanging,” the Austin American-Statesman reported Tuesday citing a lawsuit. According to the lawsuit: “Jonathan Dade, who is Black, became an interim general manager at the club in 2013 but resigned in 2017 after hearing racist comments against him by club members and employees,” reported Claire Osborn. “‘Specifically and as corroborated by witnesses, Mr. Dade was told (a) interracial families such as his were despicable, (b) there would be a hanging if he attended the next public meeting, and (c) they wanted the club to return to being a ‘Country’ club, which based on the emphasis on the word: ‘country.’ Mr. Dade and others took to mean ‘all white,'” As noted by The Stateman, Dade alleges that this abuse started “after he recommended making operational changes and disciplining underperforming employees at the club.” The news comes as America is marking the 100th anniversary of the infamous race massacre that burned down “Black Wall Street” in the Greenwood neighborhood of Tulsa, Oklahoma. A major event marking the centennial was canceled after a Homeland Security report suggested it could be a prime target for white supremacist terrorist attacks.
JACOB 2021-06-01 21:23:36
Yes, a lot of atrocities happened in the past. America tried its best to overcome divisions and to build a better society. Obama and Biden are stoking the fires of racism to continue their strategy of "Divide and Conquer." It was the white people that gave victory to Obama and Biden/Harris team. Joe Biden became a senator in 1972. At that time he was against school desegregation. He was a big friend of old KKK Grand Wizard Robert Byrd. Kamala Harris talked about how she suffered discrimination. Her father was a College professor and mother was a scientist (two high paying jobs). She became a lawyer. She was supported by BLM and Cancel culture folks. They never tell black people to obey the laws, educate their children and motivate them to get high paying jobs. Instead, they want to cancel advanced Math in high school because Blacks and Hispanics feel inferior in Math classes. Racial politics is all that I see from Biden/Harris team. Will not help Blacks.
Boby Varghese 2021-06-01 22:16:59
It was the Democrats who unleashed all kinds of attacks on the Blacks. Oklahoma was solidly under Democrat majority at that time. All through American history, you will see that the Democrats stood for disintegration and KKK was a division of the Democrat party. Trump helped the Black community much more than Obama did.
TRUMP VS BIDEN 2021-06-02 10:59:41
Only educated and people with commonsense will understand the truth. Democrats will not understand these historical facts. Keep writing Jacob. This is the only way to educate those who want to learn. Good luck!
Jyothylakshmy Nambiar 2021-06-03 04:33:04
ചരിത്രം പല ദുരന്തങ്ങളും മൂടി വച്ചിട്ടുണ്ട്.ചിലതെല്ലാം മൂടിവെച്ചാലും ഒരിക്കൽ പുറത്തുവരും. അമേരിക്കയിലെ കറുത്തവർഗക്കാരുടെ ചരിത്രം പറയുമ്പോൾ ടെൽസ കൂട്ടക്കൊല ഉൾപ്പെടുത്തുന്നതായി കാണുന്നില്ല. ഒരു പക്ഷെ നിറത്തിന്റെ പേരിൽ അധഃപതിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ നിഷ്കരുണം ചുട്ടു ചാമ്പലാക്കിയവരെ നിയമം ഒന്നും ചെയ്തില്ലെന്ന അന്യായം പുതു തലമുറ അറിയരുതെന്ന് ചരിത്രകാരന്മാർ ചിന്തിച്ചിരിക്കാം. ശ്രീ കോരസൻ ചരിത്രത്തിന്റെ താളുകൾ പൊടിതട്ടിയെടുത്ത് വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടുണ്ട്. എപ്പോഴും പ്രസക്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് മനോഹരമായും ലളിതമായും അവതരിപ്പിക്കുന്ന ശ്രീ കോരസനു അഭിനന്ദനങ്ങൾ.
Sudhir Panikkaveetil 2021-06-03 14:42:14
എഴുത്തുകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത മനസ്സിലാക്കിയിട്ടുള്ള നല്ല എഴുത്തുകാരനാണ് ശ്രീ കോരസൻ .ഈ ലേഖനത്തിനു ഇപ്പോൾ പ്രാധാന്യമേറെയാണ്. അഭിനന്ദനം ശ്രീ കോരസൻ.
കോരസൺ 2021-06-04 16:32:24
ശ്രീ. സുധീർ പണിക്കവീട്ടിൽ, ശ്രീമതി .ജ്യോതിലക്ഷ്മി നമ്പിയാർ, ശ്രീ ആൻഡ്രൂസ്, ഉത്തരവാദിത്തം വേണ്ട എഴുത്തിനു ഓർമ്മപ്പെടുത്തുന്ന നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി . അടിക്കുറുപ്പുകളിലെ ചർച്ചകളിൽ പങ്കെടുത്തവർക്കും നേരിട്ട് അഭിപ്രായം അറിയിച്ചവരോടും സ്നേഹം.- കോരസൺ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക