Image

പ്രണയം (ദീപ ബി.നായർ (അമ്മു)

Published on 02 June, 2021
പ്രണയം (ദീപ ബി.നായർ (അമ്മു)
പിരിയുവാനായിട്ടടുത്തൊരെൻ പ്രണയമെ
പകരമാവില്ല നീയൊന്നിനുമെവിടെയും

പറയുവാനാകാതെയുള്ളിലൊതുക്കി ഞാൻ
പരമമാം പ്രാണൻ്റെ ദാഹവും മോഹവും

പലവട്ടമുരിയാടുവാനുത്തെത്തി നീ
പറയാതെയെന്തോ പറഞ്ഞാ മിഴികളും

പലരുമെന്നുള്ളിലായ് വന്നു പോയെങ്കിലും
പിടിവിട്ടു പോയില്ല നീയെന്ന നൊമ്പരം

പറയാതെയറിയാതെ പലവുരു വന്നു നിൻ
പരിഭവമാർന്നൊരാ ചോദ്യശരങ്ങളും

പകുതി നടന്നു കഴിഞ്ഞു ഞാൻ മുന്നിലായ്
പിന്നിലേയ്ക്കാകില്ലിനിയെൻ്റെ യാത്രയും

പിൻതിരിഞ്ഞിന്നു മറയുന്നകലെയായ്
പ്രണയമേ നീ തന്ന മധുരവുമേറി ഞാൻ

പാടേയകറ്റിയെൻ മോഹങ്ങളെങ്കിലും
പിരിയുന്നതില്ല നാമീ ജീവിതത്തിലും.....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക