Image

ഇനിയെന്ത് കരുതണം (ജയശ്രീ രാജേഷ്)

Published on 02 June, 2021
ഇനിയെന്ത് കരുതണം (ജയശ്രീ രാജേഷ്)
നിനക്കായ്
ഇനിയുമെന്ത്
കരുതണം ഞാൻ
കാറ്റിന്റെ വേഗത്തിൽ
കാലം കുതിക്കുന്ന
ഓർമ്മതൻ ചെപ്പിൽ
അടച്ചു സൂക്ഷിക്കുവാൻ

പുലരിയിൽ പെയ്യുന്ന
മഞ്ഞിൻ കണികയിൽ
കണ്ണാടി നോക്കും
കരിമഷി കനവിന്റെ
ആഴങ്ങളിൽ
ഊളിയിട്ടൊരു
മോഹ സ്വപ്നമോ

ആർദ്രമായ് പെയ്യും
നീലനിലാവിന്റെ
ഇലയില്ലാകൊമ്പിൽ
ഊഞ്ഞാലിലാടുന്ന
രാവിന്റെ മാറിൽ
പടർന്നൊരാ
 സ്നേഹത്തിൻ
 ഗന്ധമോ

സ്നേഹത്തിൻ
പൂമണൽ പാകിയ
നെഞ്ചിൻ തീരത്ത്
ചോരനായ് വന്നു
കവർന്നൊരാ
 ആലിംഗനത്തിൻ
തിരയുടെ താളമോ

കാത്തിരിപ്പിന്റെ
വേലിയിൽ വിടരുന്ന
 കാലചക്രത്തിൻ
സൂര്യകാന്തിപൂക്കൾ
അടർത്തി മാറ്റിയ
 വിരൽത്തുമ്പു
 തൊട്ടൊന്നുമ്മ
വെച്ചൊരാ
വിരഹത്തിൻ നോവോ

നിന്റെ ഓർമ്മയിൽ
എന്നിലെ പ്രണയത്തിൻ
പൂച്ചില്ലമേൽ
വിടർന്നൊരാ
ചെമ്പക പൂവിൻ
 സുഗന്ധമോ

തെല്ലൊന്നുയർത്തിയ
പാവാടത്തുമ്പിനെ
പ്രണയത്താൽ ചുംബിച്ച
നിന്നോർമ്മയാം
 കൊലുസ്സിൻ
 കിലുക്കമോ

ഇടറിയ നെഞ്ചിന്റെ
ഇരുട്ടിന്നിടനാഴിയിൽ
കുരുതി കൊടുത്ത
ഇഷ്ടങ്ങളുടെ
 തിരുശേഷിപ്പോ ...

എന്തു ഞാൻ കരുതണം
 കാലം കുതിക്കുമ്പോഴീ
ജീവിത ഭാണ്ഡത്തിൽ ഇനിയുമൊരോർമ്മയായ്
നിന്നിലേക്കലിയുവാൻ.......
       
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക