Image

നവയുഗം തുണച്ചു; നിയമക്കുരുക്കുകള്‍ അഴിച്ചു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.

Published on 02 June, 2021
 നവയുഗം തുണച്ചു; നിയമക്കുരുക്കുകള്‍ അഴിച്ചു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: മുന്‍ സ്‌പോണ്‍സര്‍ നല്‍കിയ കള്ളക്കേസില്‍ പെട്ട് നാട്ടിലേക്കുള്ള യാത്ര മുടങ്ങി നിയമക്കുരുക്കിലായ മലയാളി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പാലക്കാട് ജില്ലയിലെ ചെറുപ്പളശ്ശേരി സ്വദേശിയായ മുഹമ്മദ് ഹക്കീമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്ഷം മുന്‍പാണ് സൗദി അറേബ്യയിലെ തബൂക്കില്‍ ഒരു വീട്ടില്‍ ഡ്രൈവറായി ഹക്കീം ജോലിയ്ക്ക് എത്തിയത്. രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍, ജോലി മതിയാക്കി നാട്ടിലേയ്ക്ക്  മടങ്ങാന്‍ ഹക്കീം തീരുമാനിച്ചു. സ്പോണ്‍സറോട് പറഞ്ഞപ്പോള്‍, അദ്ദേഹം ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും ഹക്കീമിന് നല്‍കി.

നാട്ടിലേയ്ക്ക് മടങ്ങാന്‍ റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഹക്കീമിനെ, അവിടെ വെച്ച് സൗദി പോലീസ് അറസ്റ്റ് ചെയ്തു. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ അല്‍ഹസ്സയില്‍ ഒരു വീട്ടില്‍ ജോലി ചെയ്തിട്ടുള്ള ഹക്കീമിനെതിരെ, അന്നത്തെ സ്‌പോണ്‍സര്‍ ഒരു കള്ളക്കേസ് നല്കിയിട്ടുണ്ടായിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്ന ആ കേസിന്റെ പേരിലായിരുന്നു ഹക്കീമിന്റെ അറസ്റ്റ്.

തുടര്‍ന്ന് 24 ദിവസം റിയാദിലും, രണ്ടാഴ്ച ദമ്മാം ജയിലിലുമായി ഹക്കീം തടവില്‍ കഴിഞ്ഞു. കേസ് അല്‍ഹസ്സ കോടതിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് ഹക്കീം ഒടുവില്‍ അല്‍ഹസ്സയില്‍ എത്തി. താത്ക്കാലിക ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും, കുറ്റാന്വേഷണ വിഭാഗം അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ തീരുമാനമാകാതെ ഹക്കീമിന് അല്‍ഹസ്സ വിടാന്‍ കഴിയില്ലായിരുന്നു. ഇതിനിടയില്‍ ഫൈനല്‍ എക്‌സിറ്റിന്റെ കാലാവധിയും അവസാനിച്ചു. അതോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ ഹക്കീം അല്‍ഹസ്സയില്‍ കുടുങ്ങി.

ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കിയപ്പോള്‍, അവര്‍ അല്‍ഹസ്സയിലെ നവയുഗം മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകനുമായ സിയാദ് പള്ളിമുക്കിന്റെ നമ്പര്‍ നല്‍കി ബന്ധപ്പെടാന്‍ പറഞ്ഞു. തുടര്‍ന്ന് ഹക്കീം സിയാദിന്റെ ഫോണില്‍ വിളിച്ച് സ്വന്തം അവസ്ഥ പറഞ്ഞു, സഹായം അഭ്യര്‍ത്ഥിച്ചു.

സിയാദ് സാമൂഹ്യപ്രവര്‍ത്തകനായ മണി മാര്‍ത്താണ്ഡവുമൊത്ത് ഹക്കീമിനെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കി കേസ് ഏറ്റെടുത്തു. അവര്‍ കുറ്റാന്വേഷണ വിഭാഗത്തില്‍ ബന്ധപ്പെട്ടു കേസന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദം ചെലുത്തി. ഒടുവില്‍ ഹക്കീം നിരപരാധിയാണെന്ന് അവരുടെ റിപ്പോര്‍ട്ട് വരികയും, കോടതി കേസ് അവസാനിപ്പിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സിയാദും മണിയും ഹക്കീമിന്റെ ഇപ്പോഴത്തെ സ്‌പോണ്‍സറുമായും, ജവാസത്തുമായും, തര്‍ഹീലുമായും നിരന്തരം  ബന്ധപ്പെട്ട് ഹക്കീമിന് ഫൈനല്‍ എക്‌സിറ്റ് പുതുക്കി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കി. അങ്ങനെ ഒടുവില്‍ ഹക്കീമിന് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, നവയുഗത്തിനു നന്ദി പറഞ്ഞു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.



 നവയുഗം തുണച്ചു; നിയമക്കുരുക്കുകള്‍ അഴിച്ചു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക