Image

തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 03 June, 2021
 തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)
ദൈവം സഹായിച്ച് ആ രാജ്യത്ത് ധാരാളം എഴുത്തുകാരുണ്ടായിരുന്നു.മുറ്റത്തെ മുല്ലയ്ക്ക്  മണമില്ലെന്നപോലെ എഴുത്തുകാര്‍ എഴുതുന്നതൊന്നും വായിക്കാന്‍ ആളുകളുണ്ടായിരുന്നില്ല. മുല്ല എവിടെയായാലും അതിന്റെ മണം പ്രിയമുള്ള ഒരാള്‍ മാത്രം അതൊക്കെ ആസ്വദിക്കുകയും കുത്തികുറിക്കുകയും ചെയ്തു.

കേരളത്തിലുള്ള ഒരു നായരോ, അയ്യരോ, നസ്രാണിയോ അവരുടെ കൃതികളെ കുറിച്ച് വല്ലതും എഴുതുമെന്നു പാവം എഴുത്തുകാര്‍  വെറുതെ ആശിച്ചു. ഒരു നായര്‍ അവരുടെ രചനകളെപ്പറ്റി പുലഭ്യം പറഞ്ഞെങ്കിലും സുന്ദരനായ പുരുഷന്‍ ബലാത്സംഗം ചെയ്തപ്പോള്‍ അതില്‍ സന്തോഷിച്ച പെണ്ണിനെപോലെ അവരെല്ലാം പ്രശസ്ഥനായ നായരുടെ ആ വായ്‌ത്തൊഴികള്‍ കുനിഞ്ഞുനിന്നുകൊണ്ടു. എഴുത്തുകാരെ പരിഹാസപാത്രമാക്കിയതല്ലാതെ ആ പ്രവ്രുത്തി മലയാള സാഹിത്യത്തിന് ഒരു ഗുണവും ചെയ്തില്ലെങ്കിലും പരദൂഷണവീരന്മാര്‍ക്ക് അതു ആനന്ദലബ്ധി നല്‍കി. തന്നെയുമല്ല നായരുടെ പുലഭ്യം പറച്ചിലില്‍ നിന്നും നിരൂപണം എന്നാല്‍ എഴുത്തുകാരെ തെറി വിളിക്കുകയെന്നാണെന്നും ബാക്കിയുള്ളതൊക്കെ പുറം ചൊറിയില്‍ ആണെന്നും അവര്‍ ധരിച്ചു. നിരൂപണം, പഠനം, ആസ്വാദനം, വിമര്‍ശനം, പരിശോധന, അവലോകനം, വ്യവസ്ഥാനുസ്രുതമായ വിലയിരുത്തല്‍, വിവരണപരമായ വിലയിരുത്തല്‍, ദ്രുതഗതിയിലുള്ള അഭിപ്രായം, ക്രിയാത്മകമായ വിമര്‍ശനം, വസ്തുനിഷ്ഠമായ വിമര്‍ശനം, സൗന്ദര്യാത്മകമായ വിമര്‍ശനം അങ്ങനെ കൃതികളെ വിലയിരുത്താന്‍ സാഹിത്യത്തില്‍ അനവധി തരത്തിലുള്ള സമീപനം ഉള്ളതൊന്നുമറിയാതെ അജ്ഞതയുടെ അന്ധകാരത്തില്‍ ആ പാവത്താന്മാര്‍ കഴിഞ്ഞു. പാവം പരദൂഷണവീരന്റെ പരിമിതമായ അറിവില്‍ ഉദിക്കുന്ന അഭിപ്രായങ്ങളെ നെഞ്ചേടേറ്റുന്നവര്‍.

തമ്മില്‍ കാണുന്നവരോടൊക്കെ   എഴുത്തുകാര്‍  അവരുടെ രചനകളെകുറിച്ച് ഇവിടെ ആരും ഒന്നും പ്രതികരിക്കുന്നില്ലെന്ന്  സങ്കടം പറഞ്ഞു. ഇത് കേള്‍ക്കുമ്പോഴെക്കെ ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന ഒരാള്‍ക്ക് ഇതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയിരുന്നില്ല.  ഈ കേള്‍ക്കുന്നത്  മുഴുവന്‍ ശരിയല്ലല്ലോയെന്ന് അയാള്‍  ആലോചിച്ചു. അയാള്‍ സംശയാലുവായി. എന്താണ് അവര്‍ അങ്ങനെ പറയുന്നത്? പക്ഷെ കേള്‍ക്കുന്നവരൊക്കെ എഴുത്തുകാരോട് സഹതാപം പ്രകടിപ്പിക്കുകയും പഠിക്കുന്ന കാലത്തു പോലും അവര്‍ നാലക്ഷരം വായിച്ചിട്ടില്ല എന്നിട്ടല്ലേ ഇപ്പോള്‍ നിങ്ങളുടെ രചനകള്‍ വായിക്കുന്നത് എന്ന അവരുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയും  ചെയ്തതല്ലാതെ എഴുത്തുകാര്‍ പറയുന്നതു ശരിയോ തെറ്റോ എന്നു അവരും അന്വേഷിച്ചില്ല. അപ്പോഴാണ് അയാള്‍ ഒരു കാര്യം മനസ്സിലാക്കിയത് ഇവിടെ എഴുത്തുകാരും അവര്‍ എഴുതുന്നതു മാത്രമെ വായിക്കുന്നുള്ളു.

അതുകൊണ്ടു അദ്ദേഹം തന്നെ ഒരു ദിവസം എഴുത്തുകാരോടു് സുധീരം ചോദിച്ചു നിങ്ങളുടെ രചനകളെകുറിച്ച് ആരും പ്രതികരിക്കുന്നില്ലെന്നു പറയുന്നതു ശരിയല്ലല്ലൊ? ഇവിടെയുള്ള ഒരാള്‍ നിങ്ങളുടെയൊക്കെ രചനകളെ കുറിച്ചു ധാരാളം എഴുതീട്ടുണ്ടല്ലോ. അതു കേട്ട്്  എഴുത്തുകാര്‍ ഒരു പുഛത്തോടെ കോറസ്സായി പറഞ്ഞു. അതു പിന്നെ ഞങ്ങളുടെ പരദൂഷണവീരന്‍ അച്ചായന്‍ പറഞ്ഞിരിക്കുന്നതു നിങ്ങള്‍ പറഞ്ഞ ആള്‍ എഴുതുന്നതൊന്നും കണക്കിലെടുക്കണ്ടെന്നാണു. ഞങ്ങള്‍ പരദൂഷണവീരന്‍ അച്ചായന്റെ  പാദസേവകരാണു. ഞങ്ങള്‍ക്ക് സ്വന്തമായി അഭിപ്രായമില്ല.

ചില സംഗതികള്‍ പിടികിട്ടണമെങ്കില്‍ അതിന്റെ തുമ്പ് എവിടെയെന്നറിയണം. അയാളുടെ സംശയവും തീര്‍ന്നു.

ശുഭം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക