സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

രാജു.കാഞ്ഞിരങ്ങാട് Published on 04 June, 2021
സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)
സമുദ്രത്തിന്റെ സങ്കടങ്ങള്‍ക്ക്
മുക്കുവന്‍ മൂകസാക്ഷി

മുക്കുവനിലുമുണ്ട് ഒരു സമുദ്രം
കടലിന്റെ വല പൊട്ടിച്ച്
മത്സ്യത്തെപ്പോലെ അവന്‍
മുങ്ങിയും പൊങ്ങിയും നീന്തുന്നു

അയ്യപ്പന്റെ അമ്മചുട്ട നെയ്യപ്പം
കാക്കകൊത്തി കടലിലിട്ടതും
മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തതും
അവന്‍ തിരുത്തിക്കുറിക്കുന്നു

എന്നും ഏഴകളായി കാണുവാന്‍
എഴുതിവെയ്ക്കുകയും പാടിപ്പൊലിപ്പി
ക്കുകയും ചെയ്യുന്നുവെന്ന്
സമുദ്രത്തോട് സങ്കടം പറയുന്നു

പിടയുന്ന മനസ്സാലെ കടലുവന്ന്
തിരകൈകളാല്‍ തൊട്ടുതലോടി
കണ്ണീരിനാല്‍ കാലു നനയ്ക്കുന്നു

മുക്കുവന്റെ മൂക സങ്കടങ്ങള്‍ക്ക്
സമുദ്രം സാക്ഷി

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക