Image

പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)

Published on 05 June, 2021
പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)
എന്റെ ഉല്‍പ്പത്തിയില്‍ നിന്നും
ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു.
ഇനി
മരണക്കിടക്കയിലേക്കുള്ള യാത്ര തുടങ്ങാന്‍
മുഹൂര്‍ത്തം നോക്കി കിടക്കുന്നു.

ഞാന്‍ മരിച്ചുകഴിഞ്ഞാല്‍,
ജഡം
കെട്ടിപ്പുതപ്പിച്ചു കിടത്തരുത്.
വായ്ക്കരിയിടരുത്.
അന്തികൂദാശ നല്‍കരുത്.
ശവമഞ്ചത്തിലേറ്റി
പ്രദക്ഷിണം വെയ്ക്കരുത്.

കാരണം,
എന്നിലുയിര്‍ക്കൊണ്ട ജീവന്റെ കണികയില്‍
ജന്മമെടുത്ത
അനേകായിരം ജീവികളിലൊന്നുപോലുമെന്റെ
നാശത്തിനായിതുവരെയൊന്നും ചെയ്തില്ല.
എന്റെ ഉദരത്തിന്‍ ചൂടുപറ്റിക്കിടക്കുമ്പോളും
എന്റെ തണലില്‍ ജീവിച്ചുമരിക്കുമ്പോളും,
സഹജീവികളെ സ്‌നേഹിച്ച്
അവര്‍ക്ക് വളരാനൊരു വളമായി
മാറിയവരാണോരോരുത്തരും;
മനുഷ്യജീവികളുള്‍പ്പെടെ !!

എങ്കിലും...
വെറും ഇരുന്നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം,
എന്നെ വെട്ടിമുറിച്ചും ശ്വാസം മുട്ടിച്ചും
നനവുകള്‍ കുഴിച്ചുമൂടിയും
കാന്തികവലയത്താല്‍ വരിഞ്ഞുമുറിക്കിയും
മരണത്തിലേക്ക് തള്ളിയിടുന്ന
ആധുനിക മനുഷ്യര്‍.
സകലതിന്റേയും അധിപരെന്ന്
സ്വയം വിശ്വസിക്കുന്ന അന്ധകര്‍ !

അവരുടെ കാടത്തസംസ്കാരത്തെ
അനുകരിക്കാതെ
എനിക്ക് യാത്ര പോകണം.
മരണാനന്തര യാത്ര.
വഴികള്‍ ഏതാണ്ട് കണ്ടുപിടിച്ചു
ശാസ്ത്രജ്ഞര്‍.
എത്രകണ്ട് പരിക്കുകളെനിക്കിത്രയും കാലം
പറ്റിയെന്നുള്ള കണക്കുകളും തയ്യാറാക്കി.
യാത്ര ചെയ്യാനുള്ള പേടകം മാത്രം
ഇനി, ഉണ്ടാക്കണം.
പേടകത്തിന്റെ ഇന്ധനം
ജൈവമോ ശുദ്ധജലമോ
വായുവോ, അതുമല്ലെങ്കില്‍
മണ്ണില്‍നിന്നും കുഴിച്ചെടുത്ത
മൂലകമോ ആണെങ്കില്‍,
യാത്ര പൂര്‍ത്തീകരിക്കാനാവശ്യമുള്ള
അളവില്‍ അതുണ്ടാകില്ലെന്നുറപ്പാണ്.

കത്തിപ്പുകയുന്ന
അഗ്നിപര്‍വ്വതത്തിന്റെ ജ്വാലയോ
വിഷലിപ്തമായ നദീജലമോ
അണുബാധയേറ്റ കടല്‍വെള്ളമോ
കാര്‍ബണ്‍ നിറഞ്ഞ വാതകമോ
ആണെങ്കില്‍,
സഞ്ചരിക്കാന്‍ വേണ്ടതിലേറെ
ഉപരിതലത്തില്‍ ലഭ്യമാണ് !!

അതുനിറച്ച പേടകത്തില്‍ കേറി
എനിക്ക് കുതിച്ചു പൊങ്ങണം.
കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങളുടെ
യാത്ര.
മേഘങ്ങളും ആകാശവുമില്ലാത്ത
യാത്ര.
നക്ഷത്രങ്ങളുടെ വെളിച്ചത്തിലൊരു
യാത്ര.

ഒടുവില്‍,
സൂര്യതേജസ്സിന്റെ മൂര്‍ദ്ധാവില്‍
ചുംബിക്കുന്ന
ഒരു കൊച്ചു പ്രകാശരശ്മിയായ്
ഞാന്‍ പുനര്‍ജ്ജനിക്കും !!!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക