Image

കൊച്ചുമ്മന്‍ ടി. ജേക്കബ് - സംഘടനാ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃക (ജെ. മാത്യൂസ്)

Published on 05 June, 2021
കൊച്ചുമ്മന്‍ ടി. ജേക്കബ് - സംഘടനാ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃക (ജെ. മാത്യൂസ്)
കൊച്ചുമ്മന്‍ ടി. ജേക്കബ് യാത്രയായി, ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര! കുടുംബാംഗങ്ങളേയും ബന്ധുമിത്രാദികളേയും ആഴമേറിയ ദുഖത്തില്‍ താഴ്ത്തിക്കൊണ്ടാണ് ഈ വേര്‍പാട്. മരണാനന്തര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നെത്തിയ വലിയ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു.

ആത്മാര്‍ത്ഥതയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൊച്ചുമ്മനെ നേരിട്ടറിയാവുന്നവര്‍ നിരവധിയാണ്. പ്രവര്‍ത്തനരംഗത്തുള്ള അദ്ദേഹത്തിന്റെ ഗുണകരമായ ഇടപെടല്‍ തികച്ചും മാതൃകാപരമാണ്, അനുകരണീയമാണ്. നിരവധി സംഘടനകളില്‍ അംഗത്വമെടുത്ത്, എന്നും, ഏതിന്റെയെങ്കിലും   നേതൃത്വത്തില്‍ കയറിപ്പറ്റുന്ന സ്വഭാവം അദ്ദേഹത്തിന് ഒരിക്കലും ഇല്ലായിരുന്നു. സ്ഥിരം പ്രവര്‍ത്തിക്കുന്ന സ്വന്തം സംഘടനയില്‍ പോലും നേതൃത്വം മറ്റുള്ളവര്‍ക്ക് ഏല്‍പിച്ചുകൊടുത്തശേഷം, സംഘടനയുടെ വിജയത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കമ്മിറ്റികളില്‍ കൊച്ചുമ്മന്‍ ആദ്യംമുതല്‍ നിശബ്ദനായിരിക്കും, ഒരു നല്ല കേഴ്‌വിക്കാരനെപ്പോലെ. ആവേശത്തള്ളലില്‍ ഒരു പൊട്ടിത്തെറി വരെ വന്നെത്താറുണ്ട് ചില വാഗ്വാദങ്ങള്‍. അതുവരെ, ഒരു നിസ്സംഗനെപ്പോലെ നിശബ്ദനായിരുന്ന കൊച്ചുമ്മന്‍ സ്വന്തം അഭിപ്രായം പറയും. ആരുടേയും പക്ഷം ചേരാതുള്ളതായിരിക്കും ആ അഭിപ്രായം. അദ്ദേഹം ചേര്‍ന്നുനിന്നിരുന്നത് ഒരേയൊരു പക്ഷത്തോടാണ്, ആ പക്ഷം സംഘടനയുടെ പക്ഷം മാത്രം! എതിരഭിപ്രായക്കാരെ ശത്രുതകൂടാതെ സംയോജിപ്പിച്ച് പൊതുതാത്പര്യം സംരക്ഷിക്കുന്നതിനുള്ള അപാരമായ പ്രാഗത്ഭ്യം അദ്ദേഹത്തിന് സ്വന്തമായിരുന്നു. കൊച്ചുമ്മന് ശത്രുക്കള്‍ ഇല്ലായിരുന്നു.

ചിന്താഗതിയില്‍ എതിര്‍പ്പുള്ളവരോടുപോലും വെറുപ്പ് കൂടാതെ ഇടപെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. എതിരാളികളോടുപോലും ശത്രുതകൂടാതെ ബഹുമാനത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ശരി എന്നു ബോധ്യമുള്ള നിലപാടുകളില്‍ ഉറച്ചുനിന്നിരുന്നു. താത്കാലികമായ ലാഭത്തിനുവേണ്ടിയോ, സ്വന്തം നേട്ടത്തിനുവേണ്ടിയോ ഒരിക്കലും ആരേയും തള്ളിപ്പറഞ്ഞിട്ടില്ല. പരാജയത്തില്‍ പതറാത്തതും  വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാത്തതുമായ ഇരുത്തം വന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആത്മാര്‍ത്ഥതയുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാതൃകയായി അനുകരിക്കാവുന്ന ഒരു പാഠപുസ്തകമാണ് കൊച്ചുമ്മന്റെ പൊതുപ്രവര്‍ത്തനം.

നിസ്വാര്‍ത്ഥമായിരുന്നു കൊച്ചുമ്മന്റെ ഔദാര്യപ്രവര്‍ത്തനങ്ങള്‍. പേരിനുവേണ്ടിയോ, പ്രതാപത്തിനുവേണ്ടിയോ അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനം നടത്തിയിട്ടില്ല. അദ്ദേഹം സഹായിച്ചവരില്‍ നിന്നും ഒരു "നന്ദി'വാക്കുപോലും പ്രതീക്ഷിച്ചിരുന്നില്ല. സഹായനിധി നല്‍കുന്ന ചിരിക്കുന്ന ഫോട്ടോകള്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന്റെ സഹായത്താല്‍ രക്ഷപെട്ടവര്‍ ഒട്ടേറെയുണ്ട്.!

കൊച്ചുമ്മന്‍ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഭൗതീക ശരീരം പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേരുന്നു. പക്ഷെ, സാമൂഹ്യനന്മയ്ക്ക് അദ്ദേഹം നല്‍കിയ വിലയേറിയ സേവനം അനുഭവിച്ചറിഞ്ഞ ആയിരങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്മരണ സജീവമായി നിലനില്‍ക്കും. ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായ ശ്രീ കൊച്ചുമ്മന്‍ ടി. ജേക്കബിന് മരണമില്ല, ആയിരങ്ങളുടെ ഓര്‍മ്മയില്‍ മങ്ങല്‍ ഏല്‍ക്കാതെ എന്നും  ആ മുഖം തെളിഞ്ഞുനില്‍ക്കും!

കൂപ്പുകൈകളോടെ,
ജെ. മാത്യൂസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക