Image

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

Published on 06 June, 2021
മമിഴന്‍ (കഥ: ഹാഷിം വേങ്ങര)
താലൂക്കാശുപത്രിയുടെ കട്ട പാകിയ മുറ്റത്തുനിന്ന്  ആകാശക്കോളുണ്ടോ എന്നറിയാന്‍  മുകളിലോട്ട് ഒന്ന് നോക്കി.അങ്ങിങ്ങായി അമ്മമേഘങ്ങള്‍ ഇരുണ്ടിരിപ്പുണ്ട്. ഉടനെതന്നെ പേററിയിച്ച് ചെറു ശീകരങ്ങള്‍ തലോടാനും തുടങ്ങി. ആശുപത്രിയുടെ ഉള്ളിലേക്ക് ഒന്ന് കയറി നില്‍ക്കാമെന്നു വെച്ചാല്‍ പേടിയാണ്. കൊറോണ രോഗത്തിനായി മാത്രം ക്രമീകരിച്ച ആശുപത്രിയിലേക്ക് കയറി നില്‍ക്കുന്ന തെങ്ങനെ ......അതും ആ നടപ്പുദീനം നടത്തം വിട്ട് ഓടുന്ന ഈ സാഹചര്യത്തില്‍. ഉച്ചയൂണിന്റെ പൊതിയുമായി പുറത്തു തന്നെ നില്‍ക്കാമെന്നുകരുതി ...ഇനിയെങ്ങാനും മഴപെയ്താല്‍ ആശുപത്രിയുടെ പുറത്തേക്ക് ചെന്ന്  ബസ്റ്റോപ്പില്‍ കയറി നില്‍ക്കാമല്ലോ .....ഈ നടപ്പുദീനം തുടങ്ങിയതുമുതല്‍ ഏത് സ്ഥലത്ത് കുറ്റിയായാലും നാം നമ്മോടു തന്നെ മിണ്ടിയും പറഞ്ഞുമിരുന്നോണം ..... എന്നാല്‍ ദീനത്തിന് മുന്‍പോ ....? തനിച്ചാകുന്ന അവസ്ഥയേ ഇല്ല....എവിടെ അകപ്പെട്ടാലും മിണ്ട ിയും പറഞ്ഞുമിരിക്കാന്‍ ആരെങ്കിലും ഒക്കെ കാണും ....അന്നേരം ഒന്ന് തനിച്ച് സംസാരിക്കാനാണ് പ്രയാസം.
 
മൂന്നു ദിവസം മുന്നേ കുഞ്ഞമ്മക്ക് ഒരു തലകറക്കം ....കൈകാലുകള്‍ക്ക് അനുവാദമില്ലാത്ത ഒരു ഇളക്കവും ...കൂടെ ശരീരത്തിന് ഒരു പുകച്ചിലും ... ആര്‍ത്തി കാണിക്കാതെ ആഹരിച്ചിട്ടും വെള്ളത്തിന്റെ സ്വാദു പോലെ കുഞ്ഞമ്മക്കു തോന്നുന്നു .... കുഞ്ഞമ്മയുടെ നാമുകുളങ്ങള്‍ രുചി പിടിക്കുന്നേയില്ല ....അടുത്തുള്ള പ്രൈവറ്റ് ആശുപത്രിക്കാരാണ് രോഗം നടപ്പുദീനം തന്നെയെന്ന് മൂക്കു കുത്തി വിധി പറഞ്ഞത്.അറിഞ്ഞതുമുതല്‍ കുഞ്ഞമ്മയുടെ കടുത്ത മനസ്സ് അലിഞ്ഞു. മരണഭയം പെരുത്തു .ധരിച്ച ചെരിപ്പിനോടു പോലും വാത്സല്യം .വെറുതെ മെത്ത വിരിപ്പിലേക്ക്  നോക്കി കരയാന്‍തുടങ്ങി. കറങ്ങുന്ന പങ്കയേനോക്കി ചിന്താമഗ്‌നയായി ഒരുപാടു നേരം  അങ്ങനെ ഇരിക്കും.. പോകെ പോകെ മോങ്ങി തേങ്ങി പുള്ളും പായേരവും കൂടി തുടങ്ങി.
കേട്ടു കേട്ട് കുഞ്ഞപ്പന്‍ വിഭ്രാന്തി പൂണ്ട് കനത്തു. ”ഇക്കണ്ട  മനുഷ്യര്‍ക്കെല്ലാം നിസ്സാരമായി മാറിയില്ലേ ഈ ദീനം .....” പക്ഷേ കുഞമ്മ ചെവി കൊടുത്തില്ല.

എളുപ്പം മാറുമെന്നെല്ലാം  പറഞ്ഞ് ഒരുപാട് തവണ സമാശ്വാസമേകിയിട്ടും കുഞ്ഞമ്മക്കേശിയില്ല.ഒടുക്കം ഞാനും അമ്മാവനും കുഞ്ഞപ്പന്റെ വണ്ടിയില്‍ കുഞ്ഞമ്മയെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു.എല്ലാ ടെസ്റ്റും നടത്തി കുഞ്ഞമ്മയുടെ ക്ഷീണമകറ്റാന്‍ ഒരു കുപ്പി ഗ്ലുക്കോസും ചോരയിലാക്കി കൊണ്ട ു വരാമല്ലോ. കുഞ്ഞമ്മ  മാസ്ക് ധരിച്ച് വീട്ടുപടികളിറങ്ങി വന്ന് കുഞ്ഞപ്പന്റെ കാറില്‍ കയറാന്‍ ഒരുങ്ങവേ ഒരാളിച്ച ...രണ്ടാം ചിന്തയില്‍നിന്ന് ഓര്‍ത്തെടുക്കും പോലെ കോണു തെറ്റിയ നോട്ടത്താല്‍ എല്ലാവരോടുമായി പറഞ്ഞു “ഞാന്‍ എന്റെ കോഴികളോട് യാത്ര പറഞ്ഞു വരാം ......ഇനി ഒരു പക്ഷേ പറയാന്‍ പറ്റിയെന്നു വരില്ല .....”.

അടുക്കള ചായ്പ്പിലെ കൂടിന്റെ കമ്പിവേലി യിലേക്ക് മുഖം ചാര്‍ത്തി കുഞ്ഞമ്മ കോഴികളോട് യാത്ര ചോദിച്ചു.
“ കോഴികളെ ..... നിങ്ങള്‍ക്കു സലാം ..... ഞാന്‍ പോണ് ......”.കോഴികള്‍ തലചരിച്ച് കൂട്ടിലെ നാല് കോണുകളിലേക്കും കണ്‍പാര്‍ത്തുനിന്നു . ആന്തരാളങ്ങളില്‍ നിന്ന് അവകളൊന്ന് കുറുകി  യാത്ര പറഞ്ഞിരിക്കാം ....തിരിച്ചു വരുന്നതിനിടയില്‍ കുഴിക്കൂറുകളോടായി കഥാകാഥികന്റെ ഭാവത്തോടെ മുഖകവചം അല്പം താഴ്ത്തി കുഞ്ഞമ്മ ഒന്നുകൂടി മൊഴിഞ്ഞു : “മക്കളെ .... കുഞ്ഞീച്ചി  പോകുന്നു .....” ശേഷം ശ്മശാന നോട്ടംകണക്ക് ഏകദിശ യില്‍ കണ്ണുംനട്ട് പതിയെ നടന്നുവന്ന് കുഞ്ഞമ്മ വണ്ടിയിലേറി.ഒട്ടും അമാന്തിക്കാതെ കുഞ്ഞപ്പനും കുഞ്ഞമ്മയും താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ഞാനും അമ്മാവനും അവര്‍ക്കുള്ള ഉച്ചയൂണ് വീട്ടില്‍ നിന്ന് എടുത്ത ശേഷം സ്കൂട്ടറില്‍ ജമ്പനും തുമ്പനും കണക്കെ താലൂക്കാശുപത്രി ലാക്കാക്കി പോന്നു.ഈ,സീ,ജിയിലോ രക്തത്തിലോ പ്രശ്‌നമൊന്നുമില്ല..... പേടി കൊണ്ട ാണ് അസ്വസ്ഥയാകുന്നതെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത് ,കുഞ്ഞമ്മയുടെ രക്തത്തിലേക്ക് ഗ്ലുകോസ് കയറ്റി കൊണ്ട ിരിക്കുകയാണ്.കുറഞ്ഞ സമയത്തിനകം ഇനി വീട്ടിലേക്ക് പോകാം  ഉച്ചയൂണ് തിരികെ വീട്ടിലേക്ക് തന്നെ ....

ആശുപത്രിയുടെ മുന്‍വശത്തെ ഗെയ്റ്റ് കടന്നാല്‍ ഹൈവേയാണ്.പണ്ട് വാഹനങ്ങളാല്‍ തുടല തീര്‍ത്തിരുന്ന ഹൈവേ ഇപ്പോള്‍ ശൂന്യം. ഗെയ്റ്റ് നോട് ചാരി ഒരു ബസ് സ്റ്റോപ്പുണ്ട് ..... കുറെ നേരമായി ആ ബസ്റ്റോപ്പില്‍ നിന്ന് ആരോ തമിഴ് മൊഴിയുന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഞാനതു വകവെച്ചില്ല. അമ്മാവന്‍ ആശുപത്രിയുടെ കന്മതിലിനെ പോലും ഭയന്ന് , മുറ്റമൂലയിലുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ കമ്പിവേലിയില്‍ കാലുകുത്തി മറുകാലില്‍ കൊറ്റിയെപ്പോലെ നിന്ന്  ഫോണില്‍ നോക്കി കൊണ്ടിരിക്കുന്നു..അമ്മാവന്റെ അരികിലായുള്ള വെളുത്ത ബോര്‍ഡില്‍ തലയോട്ടിയുടേയും അതിനു കീഴിലായി ഗുണ ചിഹ്നത്തിലുള്ള രണ്ട ് എല്ലുകളുടെയും പടം കണ്ട പ്പോള്‍ എനിക്ക് ചിരി വന്നു.യക്ഷി ഉണ്ടാവും എന്ന ഭയത്താല്‍ രാക്ഷസന്റെ ഗുഹയില്‍ കയറിയ ഒരു പ്രതീതി.തമിഴ് അല്‍പ്പം കടുപ്പം കൂടി വീണ്ടും പരന്നൊഴുകുന്നു ....ആ ഭാഷയില്‍ ഒരു പ്രത്യേകതയുണ്ട് ചീത്ത വിളിക്കുകയാണോ അതോ സംസാരിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.

ഇനി കേരളത്തിലെ തമിഴണ്ണന്മാരില്‍ മാത്രമാണോ ഇങ്ങനെ ഒരു പ്രതിഭാസം എന്നറിയില്ല.ഏതായാലും ഗെയിറ്റ് വരെ ചെന്ന് ബസ്സ്‌റ്റോപ്പിലേക്ക് ഒന്ന് കണ്ണെറിഞ്ഞു.കാലങ്ങളായി വെള്ളം തീണ്ട ാത്ത ഒരു അര്‍ധനഗ്‌നകളേബരം പിറുപിറുത്തു കൊണ്ട ിരിക്കുന്നു. മുഖത്തെ പ്രായവിള്ളലുകളില്‍ ചെളിക്കറുപ്പ് കെട്ടിക്കിടക്കുന്നുണ്ട ്. കണ്‍പാട മാത്രമാണ് വെളുത്തിരിക്കുന്നത്.ശിരസ്സില്‍ പൊടിപിടിച്ച ജടാജൂടം. നരച്ച തിങ്ങിയതാടി പിരമിഡിനറ്റം പൊട്ടിയ പോലെ  അലങ്കോലമായി തുറിച്ചിരിക്കുന്നു.നഗ്‌ന പാദങ്ങളിലെ അഴുക്കു ശേഖരമായ വിരലുകള്‍ വളഞ്ഞിരിക്കുന്നതിനാല്‍ ചരണ പാരമ്പര്യം ബോധ്യമായി.അയാളുടെ നേര്‍ദിശയില്‍ അല്‍പ്പം അകലം പാലിച്ച് കഴുത്തില്‍ ഒരു ബാഡ്ജണിഞ്ഞ ചെറുപ്പക്കാരന്‍ താഴ്മ സ്ഫുരിക്കുന്ന ഭാവത്തില്‍ അയാളെ നോക്കി നില്‍ക്കുന്നുണ്ട ്.കൂടെ കൂടുതല്‍ അകലത്തിലായി ബാഡ്ജണിഞ്ഞ മറ്റൊരു യുവാവുമുണ്ട ്.
“അണ്ണാ .... സീക്രം  എന്‍ കൂടെ വാങ്കോ .... ബീഡി ഞാന്‍ വാങ്കിത്തരാം...”

ഉടനെ മമിഴിയില്‍ ആ ചെറുപ്പക്കാരന്‍ അയാളോട് കെഞ്ചി....
“നീ കൊഞ്ചം പോറയാ.... നാം ഇങ്കതാന്‍ നിപ്പേന്‍ ...... എനക്ക് ഒരു ബീഡി വേണും ..... നീങ്ക് യാറടാ കേക്കറ്ക്ക് ...... എനക്ക് ദം വേണും ......”ജഡാജൂടന്‍ നിഷേധ ഭാവത്തില്‍ തലതിരിച്ച് തിരിച്ചടിക്കുന്നു.ഉടനെ പുറകിലെ ചെറുപ്പക്കാരന്റെ  ഈര്‍ഷ്യത മുറ്റിയ സംസാരം എന്റെ ശ്രദ്ധ തിരിച്ചു.

“എടാ നീ എന്തിനാ ഇതിങ്ങളെ ഇങ്ങനെ നോക്കുന്നത് ......നമ്മുടെ ഡ്യൂട്ടി മനുഷ്യരെ ഒഴിവാക്കുകയല്ലേ .... കൂട്ടം കൂടുന്നത് തടയുകയല്ലേ ........ ഇതിങ്ങളെ വിട് നീ ......”

അല്‍പ്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ചെറുപ്പക്കാരന്‍ സുഹൃത്തിനോട് താഴ്മയായി പറഞ്ഞു.  
“ അവരും മനുഷ്യരല്ലേ .....കൊറോണയുടെ താവളത്തില്‍ ഇയാളെ ഇങ്ങനെ വിട്ടാല്‍ ..... അതും  ഒരു മാസ്ക്ക് പോലും ധരിക്കാതെ .... എങ്ങനെയും വശത്താക്കി ആശുപത്രി മുറ്റത്തുനിന്ന് ഒന്ന് കൊണ്ട ുപോകണം .......ഒരു ബീഡി വാങ്ങി കൊടുത്താല്‍ അയാള്‍ പൊക്കോളും .... അതും നമ്മുടെ ജോലിയാണ്......”
മനസ്സില്ലാമനസ്സോടെ  ശുണ്ഠിമൂത്ത യുവാവ് അടങ്ങി.മറുപടി കേട്ടതും എന്നില്‍ കുമിഞ്ഞു ചുഴലിക്കുന്ന ആകാംക്ഷകള്‍ക്കിടയിലൂടെ ഒരു ഊര്‍ജ്ജം പെരുത്തുകയറി. ആ സാരോപദേശിയായ ചെറുപ്പക്കാരനോട് അതിയായ ബഹുമാനവും തോന്നി.ഈ കാത്തിരിപ്പിന്റെ മുശിപ്പില്‍ ലാഭിക്കാന്‍ ഒരു നേട്ടവും ..... ജീവിതം ഒരു കച്ചവടം പോലെയല്ലേ ... കാഴ്ചകളാണ് അതിന്റെ ലാഭം.

“എനക്ക് ഒരു ദം വേണും ......നീയാറ്—ടാ എങ്കിട്ട് സൊള്ളറ്ത്ക്കിതെല്ലാം ... എണ്ണെ സ്വന്തറവ് സെയ്യാത് .... മുന്നാടി ഇറുന്ത് തള്ളിപ്പോ .... ഇല്ലെന്നാ ഒതച്ചിടുവേ .... പാക്കലാം....എനക്ക്  എവനെയും ബയമില്ലേ .....”
തമിഴന്‍ വഴങ്ങുന്ന ലക്ഷണമില്ല .... അയാളുടെ രാജശാസനകള്‍ ഭാവഹാവാദികളില്‍ നിന്ന് ഞാന്‍ ഊഹിച്ചെടുത്തു.പ്രായത്തഴക്കം കലര്‍ന്ന തമിഴ് മനസ്സിലാകുന്നില്ല ... ചെറുപ്പക്കാരന്‍ മമിഴില്‍ തുടര്‍ന്നുകൊണ്ട ിരുന്നു.

“വാങ്കോ .... അണ്ണാ ......അങ്കെ ഒരു കടയിറ്ക്ക് ........ അവിടെ നല്ല ബീഡി കിടക്കും ...... ഇങ്കെ റൊമ്പ പേടിയാണ ഇടം. കൊറോണ ........! വാങ്കോ .........ഞാന്‍ വാങ്കിത്തരാം .......”എത്ര പറഞ്ഞിട്ടും  ചെറുപ്പക്കാരന്റെ യാചനാസ്വരങ്ങളൊന്നും തന്നെ അയാള്‍ ചെവിക്കൊള്ളുന്നേയില്ല.താന്‍ അവിടെ നിന്ന് ഒരടിമാറില്ലെന്ന ഭീഷ്മപ്രതിജ്ഞയില്‍ തമിഴന്‍ ഉറച്ചുനില്‍ക്കുന്നു.ചെറുപ്പക്കാരന്റെ  കൂട്ടാളിക്ക് ഈ  യാചനാസ്വരങ്ങളൊന്നും തന്നെ ക്ഷന്തവ്യമായി തോന്നുന്നേയില്ല .... വെറുപ്പോടെ  തമിഴനെ ഒന്നുനോക്കി ചെറുപ്പക്കാരനെയും കൂട്ടി കൂട്ടാളി നടക്കാനുള്ള ശ്രമംതുടങ്ങി.കൂട്ടാളിയുടെ കൈയ്യാല്‍ തോളുവലിഞ്ഞു നടക്കുമ്പോഴും ആ നിഷ്കാമകര്‍മ്മി തമിഴനിലേക്ക് തന്നെ തല തിരിച്ചു നോക്കുന്നുണ്ട ായിരുന്നു.അമ്മാവന്റെ  എന്നിലേക്കുള്ള ദ്രുതതരമായ നടത്തം കണ്ട ് ഞാന്‍വീണ്ട ും താലൂക്കാശുപത്രിയുടെ മുറ്റത്തേക്ക് തന്നെ നടന്നുവന്നു.

“ഈ ഡപ്പി കൊണ്ട ു പോയി  ലാബില്‍ കൊടുക്കണം കൂടെ ഈ ശീട്ടും....അവസാനത്തെ ഒരു റിസള്‍ട്ട് കൂടി കിട്ടാനുണ്ട ്....... ഇവിടെ ഈ ടെസ്റ്റില്ല .....അവിടെ കാണും ..... സമയം വൈകുകയുമില്ല ........ അതു കഴിഞ്ഞാല്‍ നമുക്ക് പോവാം ..... കുഞ്ഞമ്മ അപ്പോഴേക്കും ഗ്ലൂകോസു കയറ്റിയിറങ്ങും .......” അമ്മാവന്‍ ഒരു ചെറു ഡപ്പിയിലായി കടുചെമപ്പുള്ള ജീവാധാരവും, ആംഗലേയം വരക്കിയ ഒരു ശീട്ടും  കയ്യില്‍ തന്ന്,താലൂക്ക് ആശുപത്രിയുടെ അരികിലൂടെയുള്ള ഒരു നടപ്പാതയുടെ മറുവശത്തുള്ള ലാബിലേക്ക് വിരല്‍ ചൂണ്ട ി എന്നോട് പറഞ്ഞു.ഞാന്‍ ലാബിലേക്ക് നടന്നു. ഹൈവേയില്‍ ലാബില്ല. ഉണ്ടെ ങ്കില്‍ ഗേറ്റ് വഴി പോകാമായിരുന്നു.ആ തമിഴനെ ഒരാവര്‍ത്തി ശ്രദ്ധിക്കാമായിരുന്നു.ഒരു ചന്ദ്രയാന്‍ എന്റെ  കൈയില്‍ നിന്ന് ഡപ്പി വാങ്ങി ചിന്മുദ്രയാല്‍ ഇരിപ്പിടം കാണിച്ച് അകത്തേക്ക് പോയി. ഞാന്‍  ഫോണില്‍ വിരലോടിച്ചു കൊണ്ടിരുന്നു.

 അരമണിക്കൂറിനു ശേഷം ശീട്ട് തിരികെ തരുന്നതിനിടെ ചന്ദ്രയാന്‍  “പേടിക്കേണ്ട  ...... നോര്‍മലാണ് ......” എന്ന് പറയുന്ന നേരമാണ് അത് ഒരു സ്ത്രീയാണെന്ന ബോധ്യം തന്നെ വന്നത്. വി.പി. കിറ്റിട്ട് പൂട്ടിയ മനുഷ്യരെ എങ്ങനെ തിരിച്ചറിയും...?ഞാന്‍ ശീട്ടുമായി ശീഘ്രം അമ്മാവന്റെ അടുത്തെത്തി.  കുഞ്ഞപ്പനും കുഞ്ഞമ്മയും അപ്പോഴേക്ക് കാറില്‍ കയറിയിരിപ്പുണ്ടായിരുന്നു.

“നോര്‍മലാണ് .......” ഞാന്‍ അമ്മാവനോട് ഉറക്കെ പറയുന്നത് കേട്ട് കുഞ്ഞമ്മ സമാശ്വാസത്തിന്റെ  ഹോംകാരം മുഴക്കി നെടുവീര്‍പ്പിട്ടു. ശ്മശാനങ്ങളില്‍ നിന്ന് കണ്ണെടുത്ത് ഉത്സാഹത്തോടെ എന്റെ കവചിത മുഖത്തോട്ടു നോക്കി.

“എന്നാല്‍ ഇനി പോവാം ..... ഞങ്ങള്‍ വന്നോളാം ..... ഇങ്ങള് പൊക്കോ......” കുഞ്ഞപ്പന്റെ ആക്ഞയില്‍ സ്‌നേഹാര്‍ദ്രമായ ഒരു തൂനനവിന്‍ സ്പര്‍ശമുണ്ടായിരുന്നു. സ്കൂട്ടര്‍ ഗേറ്റ് കടന്നതും ബെസ്റ്റോപ്പിലേക്ക് കണ്ണെയ്തു.  കന്നിമാസച്ചുവയുള്ള രണ്ട ു പട്ടികളെയല്ലാതെ ഒന്നും കണ്ട ില്ല .... തമിഴന്‍ എവിടെ പോയി ......? ഉള്ളിലൊരു പ്രതീക്ഷാ ഭംഗത്തിന്റെ കഴപ്പ്.പതിയെ ചുറ്റുപാടും കണ്ണോടിച്ച് വണ്ട ിയോടിക്കുന്നതിനിടെ പൊടുന്നനെ വണ്ട ി നിന്നു . അമ്മാവന്റെ നെഞ്ചിന്‍കൂട് എന്റെ പുറത്തടിച്ചു. എന്താണെന്ന് ആരാഞ്ഞെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. തെല്ലിടക്കു ശേഷം ഞാന്‍ പതിയെ വണ്ടി സ്റ്റാര്‍ട്ടാക്കി പോകാന്‍ തുടങ്ങി.എന്റെ കണ്ണുനിറയുന്നുണ്ട്...... പഴഞ്ചന്‍ മാസികകള്‍ തൂങ്ങിയാടുന്ന റോഡുവക്കിലെ കടക്കു ചാരേ പുകച്ചുരുളുകളിലേക്ക് കണ്ണും നട്ടിരിക്കുന്ന തമിഴന്റേയും അയാളുടെ കൂടെ അകലം പാലിച്ച് ഊരക്ക് കൈയും താങ്ങി നില്‍ക്കുന്ന ചെറുപ്പക്കാരന്റേയും ചിത്രങ്ങള്‍  ആ തെല്ലിടയില്‍ തന്നെ മനസ്സിന്റെ ഖജാനയില്‍ ഒരു ലാഭതന്തുവായി സ്ഥാനം പിടിച്ചിരുന്നു. വൈകാതെ ഒരു കുളിര്‍ തെന്നല്‍ എന്നെ തലോടി പോയി .... മഴ ചാറാനും തുടങ്ങി ....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക