Image

പ്രേമത്തിലെ മലര്‍ മിസ്സായി ആദ്യം പരിഗണിച്ചത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

Published on 08 June, 2021
പ്രേമത്തിലെ മലര്‍ മിസ്സായി ആദ്യം പരിഗണിച്ചത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് പ്രേമം. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രമായ മലര്‍ മിസിനെ അവസരിപ്പിച്ച സായ് പല്ലവിയെ കുറിച്ചുള്ള ആരാധകന്റെ സംശയവും ഇതിന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

'തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുമ്പുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും മലര്‍ എന്ന കഥാപാത്രം, പശ്ചാത്തലമായി വരുന്ന തമിഴ് ഗാനങ്ങള്‍. നിങ്ങളുടെ ചെന്നൈ ജീവിതവും അവിടെയുള്ള സുഹൃത്ത് വലയങ്ങളും നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം, അത് നിങ്ങളുടെ സിനിമയിലും പ്രതിഫലിച്ചിരിക്കാം. പ്രേമം സിനിമയില്‍ ഇത് നന്നായി ഇഴ ചേര്‍ന്നു. കോളജ് സീക്വന്‍സ്, ആക്ഷന്‍, ഡാന്‍സ്, തമിഴ് സംസാരിക്കുന്ന നായിക ഇതൊക്കെ പ്രത്യേകതകളാണ്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലര്‍ എന്ന കഥാപാത്രം മലയാളി പെണ്‍കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ആയേനെ?'- എന്നായിരുന്നു ആരാധകന്റെ ചോദ്യം

ഇതിന് അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. '' തിരക്കഥ എഴുതുന്ന ആദ്യ ഘട്ടത്തില്‍ ആ കഥാപാത്രം മലയാളിയായിരുന്നു. അസിനെയാണ് മലര്‍ എന്ന കഥാപാത്രമായി ഞാന്‍ ആഗ്രഹിച്ചത്. ഫോര്‍ട്ടുകൊച്ചിക്കാരിയായിരുന്നു ആ കഥാപാത്രം. പക്ഷേ എനിക്ക് അസിനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. നിവിന്‍ പോളിയും അസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലര്‍ മിസ്സിന് തമിഴ് ടച്ച് നല്‍കിയതും.

തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. പിന്നെ, തമിഴ് ഭാഷയുമായി ശക്തമായ ഒരു ബന്ധം വരാന്‍ കാരണം, ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചത് എല്ലാം ഊട്ടിയിലാണ്. സിനിമാ പഠനത്തിനായി ചെന്നൈയിലായിരുന്നു ബാക്കിയുള്ള കാലം. അതാണ് തമിഴും ഞാനുമായുള്ള ബന്ധം.'' - അല്‍ഫോന്‍സ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക