Image

കേരളസർക്കാരിന്റെ ഇ - സഞ്ജീവനിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: നവയുഗം

Published on 09 June, 2021
കേരളസർക്കാരിന്റെ ഇ - സഞ്ജീവനിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: നവയുഗം

ദമ്മാം: കേരള സർക്കാറിൻ്റെ ടെലി മെഡിക്കൽ സംവിധാനമായ ഇ- സഞ്ജീവനിയിൽ, മലയാളികളായ എല്ലാ  പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.  
 
പല വിദേശ രാജ്യങ്ങളിലും ചികിത്സ  ഏറെ ചിലവേറിയതും, ലഭ്യമാവാൻ പ്രയാസവുമാണ്. അതിനാൽ പ്രവാസികളെക്കൂടി ഇ- സഞ്ജീവനിയിൽ ഉൾപ്പെടുത്തിയാൽ അവർക്ക് കൂടുതൽ വിദഗ്ദ്ധ  ചികിത്സ  ലഭ്യമാകാൻ അത് സഹായിക്കും.   നിത്യവും മരുന്ന് കഴിക്കേണ്ട  സാധാരണക്കാരായ  പല പ്രവാസികളും നാട്ടിൽ വെക്കേഷന്  പോയി മടങ്ങി വരുമ്പോൾ കൊണ്ടുവന്ന മരുന്നുകൾ തീരുമ്പോൾ, നാട്ടിലെ ഡോക്ടറെ കൺസൾട്ട് ചെയ്യാനാകാതെ ബുദ്ധിമുട്ടിൽ ആകാറുണ്ട്. അത് പോലെത്തന്നെ വളരെ പിന്നോക്കം നിൽക്കുന്ന ഭാഗങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളായ പ്രവാസികൾക്ക് ആശുപത്രി സൗകര്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരക്കാർക്കൊക്കെ ഫോണിലൂടെ ഡോക്ടറുടെ സേവനം കിട്ടുന്ന ഇ -സഞ്ജീവനി സംവിധാനം വളരെ ഉപകാരപ്രദമാകും.
 
കേരളത്തിലെ മെഡിക്കൽ കോളജുകളിലെ വിവിധ സ്‌പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ ലഭ്യമാക്കുമെന്ന് ബഹു. ആരോഗ്യ മന്ത്രി നിയമ സഭയിൽ പ്രഖ്യാപിച്ചത്. കേരളത്തിൽ ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ- സഞ്ജീവനി വഴി ചികിത്സ തേടിയത്. പ്രവാസികൾക്കും ആ സേവനം ആവശ്യമാണ്.  കോവിഡ് കാലം കഴിഞ്ഞാൽ, നാട്ടിൽ പഴയത് പോലെ നേരിട്ട് ആശുപത്രികളിൽ ചികിൽസ തേടുമ്പോഴും, അവധിയ്ക്കെത്തുന്ന പ്രവാസികൾക്ക് ഇ- സഞ്ജീവനിയിലൂടെ ചികിത്സ  ഏറെ ആശ്വാസമായി മാറും.

ആധുനിക സൗകര്യങ്ങൾ ഏറെ വർദ്ധിച്ച ഇന്നത്തെ കാലത്ത്, ഇ- സഞ്ജീവനി ആപ്പിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ, പാസ്പോർട്ട് വിവരങ്ങളും മറ്റും  ചേർത്ത്, പ്രവാസികളെയും ഉൾപ്പെടുത്താൻ കഴിയുന്ന  സൗകര്യവും ഏർപ്പെടുത്താവുന്നതാണ്.  നോർക്കയ്ക്ക് മിസ്ഡ് കോൾ ചെയ്താൽ തിരിച്ചുവിളിക്കുന്ന സംവിധാനം പോലെ, നാട്ടിൽ നിന്ന് രോഗികളെ ടോൾ ഫ്രീ ആയി വിളിക്കാവുന്ന സംവിധാനം ഏർപ്പാടാക്കണം. 

ഇക്കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം കേരള സർക്കാരിന്റെയും, നോർക്കയുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും ആവശ്യപ്പെട്ടു. 






 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക