സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

Published on 10 June, 2021
സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)
അച്ഛൻ്റെ നെഞ്ചിലെ രോമക്കാട്ടിൻ
മേലേ പതുങ്ങിക്കിടന്നു ,ഉണ്ണി,
കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട്,
എല്ലാം ഉൾക്കണ്ണാലറിഞ്ഞു കൊണ്ട്.
തെല്ലു തുറന്നിട്ട ജാലകത്തിൻ
പഴുതിലൂടുളളിൽ കടന്ന കാറ്റിൻ
തണുവാർന്ന വിരലുകൾ തൻ്റെമെയ്യിൽ
പരതുന്ന കാര്യമറിഞ്ഞാനുണ്ണി.
മേൽക്കുപ്പായത്തിൻ കുടുക്കൊരെണ്ണം
പൊട്ടിയടർന്നന്നുപോയതിനാൽ
പാതിയുംനഗ്നമായ് തീർന്ന സ്വന്തം
മേനിയന്നച്ഛൻ്റെ ചൂടു തേടി.
പാരംപരുക്കനായ് തീർന്ന കൈയ്യാൽ
ചേർത്തു പിടിച്ചു കിടത്തിയച്ഛൻ
ചൂടു പകർന്നു പകർന്നു നൽകേ,
കണ്ണുകൾ മെല്ലേയടഞ്ഞു പോയി.
വാനിലെ അമ്പിളി മാഞ്ഞുപോയി,
താരകപ്പെണ്ണും മറഞ്ഞു പോയി,
ഇരുളിൻ പുതപ്പു മടക്കിക്കൂട്ടി
രജനിയകന്നു, പകൽ പിറന്നു.
''സൂര്യനുദിച്ചുയർന്നുച്ചയാകും
നേരം വരേയ്ക്കും കിടന്നുറങ്ങും
അശ്രീകരമിന്നെണീക്കണില്ലേ?"
അച്ഛമ്മ പ്രാകി വിളിച്ചുണർത്തി.
"അച്ഛൻ്റെ ജീവനെടുത്ത കാലൻ
ജന്മമെടുത്തല്ലോ എൻ്റീശ്വരാ, "
അച്ഛമ്മ വീണ്ടും സ്വരമുയർത്തേ
കണ്ണുകൾ ചിമ്മിയുണർന്നാനുണ്ണി.
ചേർത്തു പിടിച്ചു പുണർന്നുറക്കി
സ്നേഹം പകർന്നൊരു അച്ഛനായി
ചുറ്റിലും നോക്കി, വിതുമ്പും നേരം,
സ്വപ്നമകന്നു മറഞ്ഞുപോയി,
കുത്തിനോവിച്ചു യാഥാർത്ഥ്യബോധം,
അച്ഛൻ വെറും സ്വപ്നമെന്ന സത്യം,
രാത്രിയിൽ ചൂടുപകർന്നകൊച്ചു -
തലയിണ നനവാർന്നു ,കണ്ണീരിനാൽ!
സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക