Image

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 10 June, 2021
വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും  കോടതി ഇടപെടലും    പതിനായിരങ്ങളുടെ മരണവും  (ദല്‍ഹികത്ത്: പി.വി. തോമസ്)
ജൂണ്‍ ഏഴാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശവ്യാപകമായ ഒരു ടെലിവിഷന്‍ പ്രക്ഷേപണത്തിലൂടെ കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ വാക്‌സീന്‍ നയം പ്രഖ്യാപിച്ചു. ഇത് പഴയ നയത്തില്‍ നിന്നുമുള്ള ഒരു മലക്കം മറിച്ചില്‍ ആയിരുന്നുവെങ്കിലും മൊത്തത്തില്‍ സ്വാഗതാര്‍ഹം ആയിരുന്നു. ഈ പുതിയ നയപ്രഖ്യാപനം ഇന്‍ഡ്യയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് (ജാനുവരി 30, 2020) ഒരു വര്‍ഷവും അഞ്ചു മാസവും കഴിഞ്ഞിട്ട് ആയിരുന്നു. അതുപോലെ തന്നെ വാക്‌സീനേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ട് അഞ്ച്മാസം കഴിഞ്ഞിട്ടും(ജാനുവരി 16, 2021). മാര്‍ച്ച് ഒന്നാം തീയതി 60 വയസിന് മുകളിലുള്ളവരെയും 45 വയസിനു മുകളില്‍ കോ മോര്‍ബിഡിറ്റീസ് ഉള്ളവരെയും വാക്‌സിനേഷന് അര്‍ഹരാക്കി. ഏപ്രില്‍ ഒന്നിന് 45 വയസിന് മുകളിലുള്ളവരെയും മെയ് ഒന്നിന് 18 വയസ്സിന് മുകളിലുള്ളവരെയും യോഗ്യരാക്കി. 
പക്ഷേ, ഡിമാന്റ് അനുസരിച്ച് വാക്‌സീന്‍ സപ്ലൈ ഉണ്ടാകാതിരിക്കുന്നതോടെ ഗവണ്‍മെന്റിന്റെ വാക്‌സിനേഷന്‍ പോളിസി പാളുവാന്‍ തുടങ്ങി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുവാന്‍ സാധിച്ചില്ല. ജനങ്ങളുടെ തിക്കും തിരക്കും മൂലം വാക്‌സീന്‍ വിതരണം കേന്ദ്രങ്ങള്‍ സംഘര്‍ഷഭരിതമാവുകയും അവ കോവിഡ് വിതരണ കേന്ദ്രങ്ങള്‍ ആവുകയും ചെയ്തു. ഇന്‍ഡ്യ ഉല്‍പാദിപ്പിക്കുന്ന രണ്ട് വാക്‌സീനുകള്‍-കോവാക്‌സീനും(ഭാരത് ബയോടെക്), കോവിഷീല്‍ഡും(സിറം ഇന്‍സ്റ്റിട്ടൂട്ട് ഓഫ് ഇന്‍ഡ്യ)- ജനങ്ങളുടെ ആവശ്യത്തിന് തികയുമായിരുന്നില്ല. ഇവയില്‍ 35 മില്ല്യണ്‍ ഡോസസ് മോദിയുടെ വാക്‌സീന് നയതന്ത്രത്തിന്റെ ഭാഗമായി പുറം രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇന്‍ഡ്യയ്ക്കുവേണ്ട വാക്‌സീന്‍ പുറം രാജ്യങ്ങളില്‍ നിന്നും വാങ്ങിക്കുവാന്‍ കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ സാധിച്ചില്ല. ആദ്യം ചില വിദേശ കമ്പനികള്‍ വാക്‌സീന്‍ ഓഫര്‍ ചെയ്തിരുന്നെങ്കിലും ഇന്‍ഡ്യ അത് നിരാകരിച്ചിരുന്നു. ഉദാഹരണം ഫൈസര്‍. ഇക്കാര്യത്തില്‍ ഇന്‍ഡ്യക്ക് വ്യക്തമായ ഒരു നയം ഉണ്ടായിരുന്നില്ല. രാജ്യത്ത് ഭയങ്കരമായ വാക്‌സീന്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടു. പതിനായിരങ്ങള്‍ ചത്തൊടുങ്ങി(3.51 ലക്ഷം). ലക്ഷങ്ങള്‍ രോഗബാധിതരായി(2.9േേകാടി). രോഗബാധിതരില്‍ 2.73 കോടി രക്ഷപ്പെട്ടു. ഒടുവില്‍ ഇപ്പോഴിതാ ഒരു നയപരിവര്‍ത്തനം വരുന്നു ജൂണ്‍ 21 മുതല്‍ പ്രാവര്‍ത്തികമാകും വിധം. വാക്‌സീനും ആവശ്യത്തിന് വന്നുചേരുമെന്നും ഡിസംബറോടെ എല്ലാവരും തന്നെ വ്ാക്‌സിനേഷന് വിധേയരാകുമെന്നും ഗവണ്‍മെന്റ് ഉറപ്പു തരുന്നു. നല്ല വാര്‍ത്തതന്നെ, നടപ്പിലായാല്‍. വിദേശസഹായം ഗണ്യമായി ഉണ്ടാകുന്നതുവരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഈ ചുമതല വഹിക്കേണ്ടി വരും. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നയവ്യതിയാന പ്രഖ്യാപന പ്രസംഗത്തില്‍ മൂന്ന് പുതിയ വാക്‌സീനുകള്‍ ഉപയോഗത്തിന് സജ്ജമാകുന്നതായി അറിയിക്കുകയുണ്ടായി. ഇതില്‍ ഒന്ന് മൂക്കിലൂടെ പ്രയോഗിക്കുന്ന വാക്‌സീന്‍ ആണ്.

പ്രധാനമന്ത്രിയുടെ വാക്‌സീന്‍ പോളിസി വ്യതിയാന പ്രസംഗം തികച്ചും ഒരു കുറ്റസമ്മതം പോലെ ആയിരുന്നു. അദ്ദേഹത്തിന്റെ നീണ്ടു തൂങ്ങഇയ നരച്ചതാടിക്ക് ഒരു പരാജിതന്റെ മുഖഭാവം മറക്കുവാനായില്ല. പക്ഷേ, ഭരണകക്ഷി പുതിയ നയത്തെ കൊട്ടിഘോഷിച്ചു. പ്രതിപക്ഷം ഇത് ഗവണ്‍മെന്റിന്റെ പാളിച്ചയായി ചിത്രീകരിച്ചു. ആരോഗ്യം സംസ്ഥാനത്തിന്റെ വിഷയമായി ആരംഭത്തിലെ കൈകഴുകിയ ഗവണ്‍മെന്റ് പ്രതിക്കൂട്ടിലായിരുന്നു. എന്നാല്‍ മോദി സംസ്ഥാനങ്ങളെ പഴിചാരി പതിവുപോലെ. വാക്‌സീന്‍ സപ്ലൈ വികേന്ദ്രീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇത് വാങ്ങുവാനും വിതരണം ചെയ്യുവാനുമുള്ള അധികാരം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ വാദിച്ചതായി മോദി പറഞ്ഞു. പക്ഷേ, സംസ്ഥാനങ്ങള്‍ ഇത് ആവശ്യപ്പെട്ടത് കേന്ദ്രവിതരണം ആവശ്യത്തിന് ലഭ്യമല്ലാതായപ്പോഴാണ് എന്നതാണഅ വസ്തുത. ഒടുവില്‍ കേന്ദ്രം വാക്‌സീന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന്, പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഒരു മെമ്മോറണ്ടത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ഉണ്ടായി.

പുതിയ വാക്‌സീന്‍ നയം കേന്ദ്രവും സുപ്രീം കോടതിയും കേന്ദ്രവും പ്രതിപക്ഷ മുഖ്യമന്ത്രിമാരും തമ്മില്‍ നടന്ന സന്ധിയില്ലാ സമരത്തിന്റെ ഒടുവിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതുപ്രകാരം ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്‌സീനായി അലയേണ്ടതായിട്ടില്ല. ഇത് കേന്ദ്രം വാങ്ങഇ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വാക്‌സീന്‍ സ്വീകരിക്കാം. 25 ശതമാനം വാക്‌സീന്‍ വാങ്ങി നിശ്ചിതവിലക്കും നിശ്ചിത സേവന നിരക്കിനും(150രൂപ ഒരു ഡോസിന്) ജനങ്ങള്‍ക്ക് നല്‍കുവാന്‍ സ്വകാര്യ ആശുപത്രികളെയും അനുവദിച്ചിട്ടുണ്ട്. ഈ കച്ചവടത്തെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കുള്ള വാക്‌സീന്‍ ലഭ്യത ഒരു പക്ഷേ കുറച്ചേക്കാം. അതുപോലെ തന്നെ ഗവണ്‍മെന്റ് ആശുപത്രികളിലെ തിരക്കും ഒരു പരിധിവരെ ഈ അറേഞ്ച്‌മെന്റ് ഇല്ലാതാക്കിയേക്കാം. പക്ഷേ ഈ സാമ്പത്തീക വിഭജനം അനുവദനീയം ആണോ എന്ന് ആലോചിക്കേണ്ടതാണ്. വാക്‌സിനേഷനില്‍ നഗര-ഗ്രാമീണമേഖലയിലുള്ള ഡിജിറ്റല്‍ ഡിവൈസ് പോലെ ഇത് അരോചകം ആണ്. പുതിയ വാക്‌സീന്‍ നയം പ്രാവര്‍ത്തീകമാക്കുമ്പോള്‍ ഈ വിഭജനങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം. വാക്‌സീന്‍ ലഭ്യതയില്ലായ്മയെ ഉയര്‍ത്തികാണിച്ചുകൊണ്ട് ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയായി മോദി പറഞ്ഞു വളരെക്കാലം മുമ്പ് ഇന്‍ഡ്യക്ക് വാക്‌സീന്‍ ലഭിച്ചിരുന്നത് മറ്റ് വിദേശരാജ്യങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആയിരുന്നുവെന്ന്. പക്ഷേ, ഇത് വസ്തുതാപരമായി തെറ്റാണെന്ന് രേഖകള്‍ കാണിക്കുന്നു. വസൂരി, ഹെപ്പാറ്റിറ്റിസ്- ബിപോളിയോ ഈ വാക്‌സീനുകളുടെ ലഭ്യതയിലും ഗവേഷണത്തിലും ഇന്‍ഡ്യ മുന്‍പന്തിയിലായിരുന്നെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഏതായാലും മോദിയുടെ പുതിയ നയവ്യതിയാന പ്രഖ്യാപനം സുപ്രീംകോടതിയും പ്രതിപക്ഷവും പ്രതിപക്ഷമുഖ്യമന്ത്രിമാരും നിര്‍ബ്ബന്ധിച്ച് ചെയ്യിച്ചതാണെന്ന് വ്യക്തമാണ്.
സുപ്രീംകോടതിയും കേന്ദ്രഗവണ്‍മെന്റും തമ്മില്‍ കോവിഡ് നയത്തിന്റെ കാര്യത്തില്‍ തുറന്ന  യുദ്ധത്തില്‍ ആയിരുന്നു ഏതാനും ആഴ്ചകള്‍ ആയിട്ട്. കേന്ദ്രബജറ്റില്‍ വാക്‌സീനായി ഉള്‍പ്പെടുത്തിയിരുന്ന 35,000 കോടി രൂപ എവിടെ പോയെന്ന് ഒരാഴ്ച മുമ്പാണ് കോടതി ഗവണ്‍മെന്റിനോട് ചോദിച്ചത്. ഇതിനെ സംബന്ധിച്ചും ഒരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി ഈ വിഷയം ഉന്നയിക്കുവാന്‍ കാരണം ഗവണ്‍മെന്റ് 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കാത്ത സാഹചര്യത്തില്‍ ആയിരുന്നു. ഇതുപോലുള്ള ഒരു വാക്‌സീന്‍ നയം 'സ്വേച്ഛാധിഷ്ഠിതവും യുക്തിക്ക് നിരക്കാത്തതും' ആണെന്ന് സുപ്രീംകോടതി തുറന്നടിക്കുകയുണ്ടായി. ഇത് സംബന്ധിച്ചുള്ള സത്യവാങ്മൂലം കേന്ദ്രഗവണ്‍മെന്റ്  കോടതിക്ക് സമര്‍പ്പിക്കേണ്ടത് ജൂണ്‍ 15-ന് ആണ്?. ഈ കേസിന്റെ അടുത്ത വിചാരണ ജൂണ്‍ 30-നും ആണ്. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള വാക്‌സീന്‍ നയവ്യതിയാനപ്രഖ്യാപനം ഇതുമായി കൂട്ടിവായിച്ചാല്‍ തെറ്റില്ല. വാക്‌സീന്‍ നയവ്യതിയാന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി പ്രതിരോധത്തിലായിരുന്നെങ്കില്‍ അതിന് അതിശയവുമില്ല. വാക്‌സീന്‍ വാങ്ങല്‍ കേന്ദ്രീകൃതമാക്കിയതും മറ്റൊന്നും കൊണ്ടല്ല. അതുപോലെ തന്നെ 18-വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യവാക്‌സീന്‍ നല്‍കുവാന്‍ കേന്ദ്രം തീരുമാനിച്ചതും മറ്റൊന്നും കൊണ്ടല്ല-സുപ്രീംകോടതിയുടെ കാര്‍ക്കശ്യമായ നിലപാട്. ജനാധിപ്ത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ മുഖഅയമന്ത്രിമാരെ വേണമെങ്കില്‍ പ്രധാനമന്ത്രിക്ക് അവഗണിക്കാം. പക്ഷേ, സുപ്രീംകോടതിയെ പറ്റുകയില്ല.

സുപ്രീം കോടതി സ്വമേധയാ ഗവണ്‍മെന്റിന്റെ കോവിഡ് വോളിഡിയര്‍ ഇടപെട്ടതും ചോദ്യങ്ങള്‍ ചോദിച്ചതും ഗവണ്‍മെന്റിന് രുചിച്ചില്ല. മെയ് 10-ാം തീയതി സുപ്രീം കോടതിയുടെ അത്യുത്സാഹകരമായ ജുഡീഷ്യല്‍ ഇടപെടലിനെ കോവിഡ് നയത്തിന്റെ വിചാരണവേളയില്‍ ഗവണ്‍മെന്റ് ചോദ്യം ചെയ്യുകയുണ്ടായി. ജഡ്ജിമാര്‍ക്ക് കോവിഡ്‌പോലുള്ള വിഷയങ്ങളില്‍ സാങ്കേതിക ജ്ഞാനം ഇല്ലെന്നും ഗവണ്‍മെന്റ് ഇത് വൈദ്യസാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരുമായി ആലോചിച്ച് ചെയ്യുവാന്‍ കൂടുതല്‍ പ്രാപ്തരാണെന്നും ബോധിപ്പിക്കുകയുണ്ടായി. എക്‌സിക്യൂട്ടീവിന്റെ(ഗവണ്‍മെന്റിന്റെ അറിവിനെ ബഹുമാനിക്കുകയെന്നും ഗവണ്‍മെന്റിന് കോടതിമുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. ജുഡീഷ്യല്‍ ഇടപെടലിന് ഈ വകകാര്യങ്ങളില്‍ ഒരു കാര്യവും ഇല്ലെന്നും ആ വക ഇടപെടല്‍ ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗവണ്‍മെന്റ് താക്കീത് നല്‍കുകയുണ്ടായി. ഇത് മെയ് 10-ന് ആയിരുന്നു.

ജൂണ്‍ രണ്ടിന് സുപ്രീം കോടതി തിരിച്ചടിച്ചു. ഗവണ്‍മെന്റിന്റെ കോവിഡ് വാക്‌സീന്‍ നയം (18-നും 44-നും ഇടക്കുള്ളവര്‍ക്ക് സൗജന്യവാക്‌സീന്‍ നല്‍കുന്നതിലുള്ള വിമുഖത) 'തന്നിഷ്ടപ്രകാരവും യുക്തിരഹിതവും' ആണെന്ന് കോടതി പറയുകയും അതിന് മുമ്പ് അത്യുത്സാഹപരമായ ജുഡീഷ്യല്‍ ഇടപെടല്‍ ദോഷം ചെയ്യുമെന്നും ജഡ്ജിമാര്‍ കോവിഡുപോലുള്ള വിഷയത്തില്‍ ഇടപെടുവാന്‍ സാങ്കേതിക ജ്ഞാനം ഉള്ളവര്‍ അല്ലെന്നുമുള്ള ഗവണ്‍മെന്റിന്റെ മുന്നറിയിപ്പിന് മറുപടിയായി സുപ്രീംകോടതി പറഞ്ഞു ഭരണഘടനാനുസൃതമായിട്ടുള്ള പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടാല്‍ കോടതി നിശബ്ദരായി നോക്കികാണുകയില്ലെന്ന്. ജുഡീഷറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തെ മാനിക്കുകയും അതോടൊപ്പം എക്‌സിക്യൂട്ടീവിന്റെ റോള്‍ അണിയുവാന്‍ ജുഡീഷറിക്ക് താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഗവണ്‍മെന്റ് ജുഡീഷറിയും തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കോവിഡ് നയത്തില്‍ ഗവണ്‍മെന്റ് എങ്ങനെ പിഴച്ചു എ്ന്നും ആണ്. പ്രധാനമന്ത്രിയുടെ നയവ്യതിയാനപ്രഖ്യാപനം ഇത് സുവ്യക്തമാക്കുന്നു. കേന്ദ്രവും സുപ്രീംകോടതിയും തമ്മില്‍ കോവിഡ് വാക്‌സീന്‍ പോളിസിയുടെ കാര്യത്തില്‍ തീവ്രമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും ജുഡീഷ്യല്‍ ഇടപെടലിനെ കേന്ദ്രം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വ്യക്തമാണ്. പക്ഷെ, ഒടുവില്‍ നയം മാറ്റേണ്ടതായി വന്നു.

കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയതിനെ മദ്രാസ് ഹൈക്കോടതി മറ്റൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ തീക്ഷ്ണമായി വിമര്‍ശിക്കുകയും കൊലക്കുറ്റത്തിന് കമ്മീഷനെ വിചാരണ ചെയ്യണമെന്ന് പറഞ്ഞതും ഇവിടെ പരാമര്‍ശനവിധേയം ആണ്. മോദിയും അമിത്ഷായും എല്ലാം ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും എല്ലാം ഈ മഹാമാരിക്കാലത്ത് തെരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍ സജീവ സാന്നിദ്ധ്യങ്ങള്‍ ആയിരുന്നു. കോവിഡ് കാലത്ത് ഉത്തരാഖണ്ഡിലെ ബി.ജെ.പി. ഗവണ്‍മെന്റ് കുംഭമേള നടത്തിയതിനെയും 'ചാര്‍ധാംയാത്ര' യുമായി മുമ്പോട്ടു പോകുന്നതിനെയും ഹൈക്കോടതി വിമര്‍ശിക്കുകയുണ്ടായി. ഒടുവില്‍ 'ചാര്‍ ധാം' യാത്ര(ബദരിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി) റദ്ദാക്കി. പക്ഷേ, കുംഭമേള അതിന്റെ എല്ലാ പ്രൗഢിയോടെയും ലക്ഷങ്ങളുടെയും അമിത്ഷായുടെയും സ്‌നാന സാന്നിദ്ധ്യത്തില്‍ കൊണ്ടാടി. ഇതാണ് ഗവണ്‍മെന്റിന് കോവിഡ് പ്രതിരോധത്തോടുള്ള പ്രതിബദ്ധത! ഗവണ്‍മെന്റ് ഈ രീതിയില്‍ ആണ് കോവിഡിനോട് പ്രതികരിച്ചതെങ്കില്‍ കോടതി ഒരു ഇളവും കാണിച്ചില്ല. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തിന് ആവശ്യമായ 490 എം.റ്റി. പ്രാണവായു നല്‍കാത്തതിന്റെ പേരില്‍ കോടതി അലക്ഷത്തിന് കാരണം കാണിക്കല്‍ നോട്ടീസാണ് കേന്ദ്രത്തിന് അയച്ചത്!

കോവിഡ് പ്രതിസന്ധിയുടെ പരമോന്നതിയില്‍ ജനം മരിച്ചു വീഴുകയും പ്രാണവായുവിനായി പിടയുകയും ഗംഗയില്‍ കോവിഡ് രോഗികളുടെ അഴുകിയ ജഡം ഒഴുകി നടന്നപ്പോഴും കേന്ദ്രം വിദേശവാക്‌സീനുകള്‍ സംസ്ഥാനങ്ങളോട് വാങ്ങുവാന്‍ പറയുകയാണുണ്ടായത്. എന്ത് കേന്ദ്രം? എന്ത് കോ-ഓപ്പറേറ്റീവ് ഫെഡറലിസം? ഒട്ടേറെ സംസ്ഥാനങ്ങള്‍ ഗ്ലോബല്‍ ടെന്ററുകള്‍ വിളിച്ചു. കേരളവും പഞ്ചാബും എല്ലാം ഇതില്‍പ്പെടുന്നു. പക്ഷേ, ഫൈസറും മൊഡേണയും ജോണ്‍സണ്‍ ആന്റ് ജോണ്‍സണും എല്ലാം ഇവരെ നിരാശരാക്കി. കാരണം ഇവര്‍ കേന്ദ്രഗവണ്‍മെന്റുമായി മാത്രമെ കച്ചവടം നടത്തുകയുള്ളൂ. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങ് കേന്ദ്രഗവണ്‍മെന്റിന് ഒരു കത്തയച്ചു ഫൈസറും മൊഡേണയുമായി ചര്‍ച്ചചെയ്യുവാന്‍. പക്ഷേ ഫലം ഒന്നും ഉണ്ടായില്ല.

വാക്‌സീന്‍ ക്ഷാമവും അതുമൂലമുണ്ടായ കോവിഡ് മരണങ്ങളും അക്ഷന്ത്യവമായ അപരാധമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും. കേന്ദ്രീകൃതമായ ഒരു കോവിഡ് വാക്‌സീന്‍ നയത്തിന്റെ അഭാവത്തില്‍ രാജ്യം ഒട്ടേറെ ജീവന്‍ ബലി കഴിച്ചു. ന്യായീകരണമില്ലാത്ത, മാപ്പര്‍ഹിക്കാത്ത ഈ നരഹത്യക്ക് ആര് ഉത്തരം പറയും? ഭരണാധികാരിയുടെ കൃത്യവിലോപതക്കും, അലംഭാവത്തിനും അമിതാത്മ വിശ്വാസത്തിനും ഇവിടെ വിലകൊടുത്തത് ജനങ്ങളാണ്. ആര് മറുപടി പറയും.?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക