Image

ഫേക്ക് അലര്‍ട്ട്: ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍

Published on 10 June, 2021
ഫേക്ക് അലര്‍ട്ട്: ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍
തിരുവനന്തപുരം: ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. പ്രത്യേകം ചാറ്റ് റൂമുകള്‍ സൃഷ്ടിച്ച്‌ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പൊതുയിടം എന്ന നിലയിലാണ് ക്ലബ് ഹൗസ് ശ്രദ്ധേയമായത്. എന്നാല്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ ക്ലബ് ഹൗസിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.

നടി മഞ്ജു വാര്യരാണ് ഏറ്റവുമൊടുവില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഫേക്ക് അലര്‍ട്ട് എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ഇക്കാര്യം അറിയിച്ചത്. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയവരുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അടുത്തിടെ, 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്ന പേജ് പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലബ് ഹൗസ് അധികൃതര്‍ പൂട്ടിച്ചിരുന്നു. സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ ഐഡികള്‍ സൃഷ്ടിച്ച്‌ ചാറ്റ് റൂമുകളില്‍ എത്തുകയും അവരുടെ സംസാരം അനുകരിച്ച്‌ അവതരിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ ക്ലബ് ഹൗസില്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ താരങ്ങള്‍ ക്ലബ് ഹൗസില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക