Image

വയനാട്ടില്‍ 600 കോടിയുടെ മരം മുറിച്ചു; ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന് റോജി അഗസ്റ്റിന്‍

Published on 10 June, 2021
വയനാട്ടില്‍ 600 കോടിയുടെ മരം മുറിച്ചു; ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന് റോജി അഗസ്റ്റിന്‍


കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി റോജി അഗസ്റ്റിന്‍. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നുള്ളത് കൂടാതെ വയനാട്ടില്‍ നിന്ന് മാത്രം 600 കോടി രൂപയുടെ മരംമുറിച്ചുവെന്ന് പറയുന്ന റോജി, ആരോപണം നേരിടുന്ന ഡി.എഫ്.ഒ എന്‍.ടി സാജന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും റവന്യൂ വകുപ്പിനോ സി.പി.ഐയ്ക്കോ പണം നല്‍കിയിട്ടില്ലെന്നും പറയുന്നു. റവന്യൂ ഉദ്യോഗസ്ഥരേയും സര്‍ക്കാരിനെയും പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് സംസാരിക്കുന്ന റോജി, മരംമുറി പിടികൂടാന്‍ മുന്നില്‍ നിന്ന വനംവുകപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുത്തിരുന്നുവെന്നും പറയുന്നു. ഡി.എഫ്.ഒയ്ക്ക് 10 ലക്ഷവും റേഞ്ച് ഓഫീസര്‍ക്ക് 5 ലക്ഷവും ഓഫീസ് സ്റ്റാഫിനും കോഴ നല്‍കി. മൊത്തം 25 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് റോജിയുടെ വെളിപ്പെടുത്തല്‍.

മരംമുറിക്കാനുള്ള അനുമതി ഉത്തരവിനെ കുറിച്ച് താന്‍ അറിഞ്ഞത് വില്ലേജ് ഓഫീസില്‍ നിന്നാണ്. തന്റെ തോട്ടത്തിലെ 12 മരങ്ങളും അയല്‍വാസികളുടെ മരങ്ങളും മുറിച്ചു. ആകെ 56 ഈട്ടിത്തടികള്‍ ആണ് മുറിച്ചത്. ഇതിന് ആകെ രണ്ട് കോടി രൂപയാണ് വില വരിക. 1.40 കോടി രൂപ അഡ്വാന്‍സ് ലഭിച്ചു. തന്റെ പറമ്പിലെ തടിക്ക് 30 ലക്ഷം രൂപയാണ് ലഭിച്ചത്. 30 ലക്ഷം രൂപ മരംമുറിച്ചയാള്‍ക്ക് നല്‍കി. 25 ലക്ഷം രൂപ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും റോജി പറയുന്നു. 

അതേസമയം, കേസില്‍ ആരോപണം നേരിടുന്ന എന്‍.ടി സാജന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും റോജി പറയുന്നു. 

താന്‍ വനത്തില്‍ കയറി  മരംമുറിച്ചിട്ടില്ല. വനത്തില്‍ നിന്ന് മരംമുറിച്ചത് വനം റേഞ്ചര്‍ സമീര്‍ ആണ്. മരം കടത്താന്‍ കൂട്ടുനിന്നത് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാര്‍ ആണെന്നും മരംപിടിച്ചത് ഡി.എഫ്.ഒ ധനേഷ് കുമാര്‍ ആണെന്നുമാണ് റോജി അഗസ്റ്റിന്റെ ആരോപണം. ധനേഷ് കുമാര്‍ രണ്ട് ലക്ഷം രൂപ വാങ്ങി. ബാബുരാജ് എന്ന ഓഫീസര്‍ മൂന്നു ലക്ഷം രൂപ വാങ്ങി. സമീര്‍ മൂന്ന് ലക്ഷവും ഓഫീസിലെ വനിതാ സ്റ്റാഫ് രണ്ട് ലക്ഷവും വാങ്ങി. ഡി.എഫ്.ഒ രഞ്ജിത് കുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്നുമാണ് റോജിയുടെ ആരോപണം. മന്ത്രി എ.കെ ശശീന്ദ്രനെ താന്‍ കാണുന്ന കാലത്ത് അദ്ദേഹം വനംമന്ത്രിയല്ലെന്നും റോജി പറഞ്ഞു. 


എന്നാല്‍ റോജിയുടെ ആരോപണങ്ങളെ തള്ളി വയനാട് ്രപകൃതി സംരക്ഷണ സമിതി നേതാവ് എന്‍.ബാദുഷ രംഗത്തെത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കാനാണ് റോജിയുടെ ശ്രമമെന്ന് ബാദുഷ പറഞ്ഞു. റോജിയുടെ പേരില്‍ മുന്‍പും തട്ടിപ്പ് കേസുകളുടെ റെക്കോര്‍ഡുണ്ട്. ആദിവാസികളുടെ മരം കുറഞ്ഞവിലയ്ക്ക് വാങ്ങി അവരെ വഞ്ചിച്ചു. മികച്ച ട്രാക്ക് റിക്കോര്‍ഡുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റോജി ആരോപണം ഉന്നയിക്കുന്നതെന്നും ബാദുഷ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക