Image

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

Published on 11 June, 2021
ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)
തിരക്കുപിടിച്ച് അത്യാവശ്യ ഫയൽ നോക്കുമ്പോൾ ദേ വരുന്നു വിളി.  
 “ഹലോ നീയിപ്പോ എവിടെയാ..”
മുരടൻ ശബ്ദവും ചോദ്യവും കേട്ട് രോഷജ്വാലകൾ അറിയാതെ ഉയർന്നു.
‘അതെന്താ അങ്ങനെയൊരു ചോദ്യം..?എന്നെയിവിടെ  കൊണ്ടുവിട്ടിട്ടല്ലേ നിങ്ങളുപോയത്....”
“വെറുതേ ചോദിച്ചതാ.."
ഈ അടുത്ത ദിവസങ്ങളിലായി "വെറുതേ"ചോദ്യങ്ങൾ കൂടുന്നുണ്ടെന്ന കാര്യം അനുപമ ഓർത്തു...
ഓഫീസിലല്ലാതെ ഒരിടത്തേക്കും തന്നെ തനിച്ചു വിടാതിരിക്കാൻ
പരമാവധി ശ്രമിക്കുന്നു..
തിരക്കുകൾക്കിടയിലും
മാർജ്ജിൻ ഫ്രീ ഷോപ്പിലും 
അങ്ങനെ എങ്ങോട്ടു തിരിഞ്ഞാലും കൂടെവരുന്നു..
ഈയിടെയായി തന്നോട് ഒരു പ്രത്യേക കരുതലും..
കുടുംബജീവിതം തുടങ്ങി
വർഷങ്ങൾക്കു ശേഷമുളള
മാറ്റങ്ങൾ..
മുമ്പെങ്ങുമില്ലാത്തപോലെ
തനിക്കു വരുന്ന ഫോൺകാളുകൾ ശ്രദ്ധിക്കുന്നു. ആരാ....എവിടുന്നാ എന്നൊക്കെ അന്വേഷിക്കുന്നു....
ഫോണിലൂടെ താനെന്താ പറയുന്നതെന്നറിയാൻ കാതുകൂർപ്പിക്കുന്നു.. 
ഫോൺ എടുത്തുവച്ചു പരിശോധിച്ച്
ഒന്നും അറിയാത്തമട്ടിൽ
തിരികെവയ്ക്കുന്നു.
ഇന്നു തന്നെ ലഞ്ചു ബ്രെയ്ക്കിനു ലാന്റ് ഫോണിലും വിളിച്ചു....
ഓഫീസ് സംബന്ധമായ കാര്യങ്ങൾക്കേ ലാന്റ്ഫോണിൽ സാധാരണയായി വിളിവരാറുളളു..
"ഹലോ.."
ഇതു ഞാനാ...
എന്തേ... ഈ ഫോണിൽ..പതിവില്ലാതെ..?
മൊബൈലിൽ വിളിച്ചപ്പോൾ നീ എൻഗേജ്ഡ് ..
എപ്പോൾ വിളിച്ചെന്ന്..?
കാൾ ലിസ്റ്റിൽ വന്നിട്ടില്ല..
താൻ ഓഫീസിൽത്തന്നെ  ഉണ്ടോ എന്ന് 
ഉറപ്പിക്കാനാണോ ഈ വിളി..?
ഭർത്താവിന്  താനൊരു തുറന്ന പുസ്തകമായിരുന്നു.
രഹസ്യങ്ങൾ സൂക്ഷിക്കാൻ
അറിയാത്തവൾ..,  കിളിച്ചതും മുളച്ചതും,  കുറച്ച് കയ്യിൽനിന്നുകൂടിയിട്ട്
കൊഴുപ്പിച്ച് കഥപറയുന്നതുപോലെ, 
സഹപ്രവർത്തകരുടെ 
വിശേഷങ്ങളും അവരുപറയുന്ന നേരംപോക്കും തമാശകളും മറ്റും ഭക്ഷണംകഴിക്കാനിരിക്കുമ്പോൾ കുട്ടികളും കേൾക്കെ പറയുന്ന
കൂട്ടത്തിലായിരുന്നു താൻ..  
സിവിൽവിംഗ് കൈകാര്യം ചെയ്യുന്ന ഗോപിനാഥ്  മിക്കപ്പോഴും  സംസാരത്തിനിടയ്ക്ക് കടന്നുവരും...ഗോപിയും കുടുബവും ഒരുവട്ടം വീട്ടിൽ
വന്നിട്ടുമുണ്ട്..
"ഏപ്പോഴുമെന്താ ഒരു ഗോപിനാഥിനേക്കുറിച്ചു
മാത്രം... വേറെ ആരുമില്ലേ 
നിങ്ങടെ ഓഫീസിൽ.?.."
പെട്ടെന്നുളള ആ ചോദ്യം.
ഒരു പന്തികേടു മണത്തു..
ഓഫീസിനടുത്തുളള പ്ലേഗ്രൗണ്ടിൽ 
ആനുവൽ സ്പോർട്സ് നടക്കുകയാണ്.. ഒന്നു നോക്കിവരാമെന്നു സെക്ഷനിലുളളവർ പറഞ്ഞപ്പോൾ അവരോടൊപ്പം താനും കൂടി...
പൊരിഞ്ഞ
വെയിലത്ത് ഓട്ടമത്സരം
നടന്നുകൊണ്ടിരിക്കുന്നു..അതിൽ നോക്കി മുഴുകുമ്പോഴേക്കും
മൊബൈലിൽ 
വിളി....
"നീ എവിടെയാടീ.....?
ഓഫീസിൽ വിളിച്ചപ്പോൾ 
നീയവിടെയില്ലെന്നറിഞ്ഞു..
എവിടെയാടീ നിന്റെ കറക്കം.." 
കാതിൽ മുരടൻശബ്ദം ഉറഞ്ഞുതുളളുകയാണ്.. 
തന്നെ പറയാൻ അനുവദിക്കാതെ..
അടുത്തിരിക്കുന്നവർ കേൾക്കുമോ..?  പരവേശം....
തന്റെ ഭാവമാറ്റം
സ്റ്റെനോ ശ്രദ്ധിക്കുന്നുണ്ട്..
"എന്തുപറ്റി മാഡം.....വീട്ടീന്നാണോ..?
ഹസ്ബന്റാണോ....?"
"മാഡം ഓഫീസിൽ എത്തിയിട്ടുണ്ടോയെന്നറിയാൻ മാഡത്തിന്റെ ഹസ്ബന്‍ഡ് മിക്ക ദിവസവും  വിളിക്കാറുണ്ടായിരുന്നു. ഞാൻ 
പറയാതിരുന്നതാണു മാഡം...ചില 
ആണുങ്ങളങ്ങനെയാ..
അവർക്കു നമ്മളോടു ഭയങ്കര ഇഷ്ടമായിരിക്കും..
മറ്റുളളവരോടിടപഴകുന്നത് ഒരു സംശയത്തിന്റെ 
നിഴലിലൂടെയേ അവരു കാണൂ.....മാഡം വിഷമിക്കാതെ..."
വീട്ടിൽചെല്ലുമ്പോൾ
എന്തു കോലാഹലമായിരി
ക്കുമോ...?
പുഞ്ചിരിച്ചുകൊണ്ട്  തന്നെ എതിരേല്ക്കുന്ന ഭർത്താവ്...
"സ്പോർട്സ് ഡേ ആണെങ്കിൽ നിനക്കൊന്നു
പറഞ്ഞിട്ടു പൊയ്ക്കൂടായിരുന്നോ.."
സംയമനം...
ഉച്ചമുഴുവൻ
ആലോചിച്ചെടുത്ത തീരുമാനം...
അടുത്ത വേറൊരു ദിവസം
ഓഫീസ് സമയം കഴിഞ്ഞ് ഇറങ്ങാനുളള ഒരുക്കത്തിലായിരുന്നു താൻ..
" മാഡം ഇന്നു വണ്ടികൊണ്ടുവന്നില്ലേ..
സാറു ദാ വിളിക്കാൻ വന്നിരിക്കുന്നു.." പ്യൂൺ വന്നു പറഞ്ഞപ്പോൾ ഉറപ്പിച്ചു.
ഇതതു തന്നെ.. സംശയരോഗം..
തന്റെ ഭാവം മാറരുത്...
ദേഷ്യവും സങ്കടവും സഹതാപവും ഒക്കെക്കൂടി ചേർന്ന വികാരത്താൽ 
പിടയ്ക്കുന്ന നെഞ്ചുമായി
അടുത്തേക്കു ചെന്നു.." "എന്തേ...ഞാൻ വണ്ടിയെടുത്തിട്ടുണ്ടല്ലോ.."
ഇതുവഴി ഒരാളെ കാണാൻ പോയതാ...നീ വൈകിയേ
ഇറങ്ങുകയുളളുവെങ്കിൽ
കണ്ടിട്ടുപോകാമെന്നോർത്തു.. അവിടേമിവിടേമൊക്കെ
കറങ്ങീട്ടു ഒരു സമയമാകുമ്പോഴല്ലേ നീ
വീട്ടിലെത്തൂ.."
അതെങ്ങനേലുമാട്ട്..
ഇറങ്ങുവല്ലേ.....അതോ.."
ഹോണ്ടാ ആക്ടീവ സ്റ്റാർട്ടു
ചെയ്ത് കാറിനു പിന്നാലെ നീങ്ങുമ്പോൾ 
അനുപമയുടെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു
"ആത്മസംയമനം അനിവാര്യം "
എങ്ങോട്ടാണ് താൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്നറിയാതെ
അവൾ വണ്ടിയോടിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക