Image

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

Published on 11 June, 2021
പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)
പ്രഭാതകര്‍മങ്ങളെല്ലാം കഴിഞ്ഞു ഒരു കപ്പു കാപ്പിയുമായി വീടിന്റെ പുറകിലുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലിരുന്നു ചെടികളോടും കിളികളോടും കുശലാന്വേഷണം നടത്തുക എന്നത് എന്റെ ദിനചര്യകളൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശ്രമജീവിതത്തിനു പറ്റിയ  കാലാവസ്ഥ, ഭൂപ്രകൃതി,കൂട്ടിനായി കൊച്ചു കൊച്ചു ജീവജാലങ്ങള്‍. പ്രകൃതി എത്ര സുന്ദരം.

ഇന്നും പതിവുപോലെ ഞാന്‍ കുളക്കരയിലെത്തി. കുളത്തിലെ ഇന്ദ്രനീലനിറത്തിലുള്ള ജലം എന്നെ അവരുടെ ആഴങ്ങളിലേക്ക് മാടി വിളിക്കുന്നതുപോലെ. കുളത്തിന്റെ കരയില്‍ ചെടികളില്‍ പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡ് മുതലായ വിവിധതരം പൂക്കളും ചെടികളും എത്രയോ മനോഹരമെന്നു എന്റെ ഉള്ളിലെവിടെയോ ഇരുന്നു ആരോ മന്ത്രിക്കുന്നതുപോലെ. അവയുടെ പ്രതിഫലനം ജലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഉദയസൂര്യന്റെ പ്രകാശകിരണങ്ങള്‍ക്ക് ചൂട് കൂടാന്‍ തുടങ്ങി. ജന്നല്‍പാളികളില്‍കൂടി മുറിക്കുള്ളിലേക്ക് കടന്നുകയറി, പുറത്തെപോലെ മുറിക്കുള്ളിലും വെളിച്ചം നിറയാന്‍ തുടങ്ങുന്നതു എനിക്ക് കാണാം.  നനഞ്ഞ പ്രഭാതങ്ങളെക്കാള്‍ ചിരിക്കുന്ന സുപ്രഭാതങ്ങള്‍ ഞാനിഷ്ടപ്പെടുന്നു. മുറിയുടെ പിന്‍ഭാഗത്ത്  പടര്‍ന്നുപന്തലിച്ച് പൂത്തുനില്‍ക്കുന്ന ചെടികളില്‍നിന്നും കൊച്ചുകൊച്ചുകിളികളുടെ ഇമ്പമാര്‍ന്ന സ്വരം പുലര്‍വേളകളെ കൂടുതല്‍ ഉര്‍ജ്ജസ്വലങ്ങളാക്കുന്നു..

നീന്തല്‍ക്കുളത്തെ പരിരക്ഷിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന വലയം ഭേദിച്ചു കാഴ്ച്ചകള്‍ പുറത്തേക്ക് വ്യാപിച്ചിരിക്കയാണ്. പച്ചപ്പരവതാനിപോലെ വിസ്തൃതമായികിടക്കുന്ന പുല്‍ത്തകിടി. അതില്‍ അവിടെവിടെയായി വളര്‍ന്നുനില്‍ക്കുന്ന  ചെടിക്കൂട്ടങ്ങള്‍. വലുതും ചെറുതുമായ വിവിധതരം കൊച്ചുകൊച്ചു മരങ്ങളും, പറമ്പിനുചുറ്റും മനോഹരമായി വെട്ടിനിറുത്തിയിരിക്കുന്ന കുറ്റിച്ചെടികളും ചുറ്റുപാടില്‍ നിന്നും നമുക്ക് വേണ്ട സ്വകാര്യത നല്‍കുന്നുണ്ട്. പറമ്പിന്റെ ഒരു കോണിലായി വളര്‍ന്നു നില്‍ക്കുന്ന കരിമ്പിന്‍കൂട്ടങ്ങള്‍, എന്റെ ബാല്യവും, കൗമാരവും പിന്നിട്ട കേരളത്തിലെ ആ കൊച്ചുഗ്രാമത്തിലെ കരിമ്പിന്‍ പാടങ്ങളെ അനുസ്മരിപ്പിക്കുന്നു.

കൊച്ചു കൊച്ചു വാഴക്കൂട്ടങ്ങള്‍, കേരളത്തിന്റെ മണ്ണില്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്ന വാഴക്കൂട്ടങ്ങളെ അപേക്ഷിച്ച് ഇവക്ക് പുഷ്ടി കുറഞ്ഞിരിക്കുന്നു. വേണ്ടത്ര പരിപാലനം ലഭിക്കാത്തതുകൊണ്ടാവാം. ഫലസമൃദ്ധിയുള്ള കേരവൃക്ഷങ്ങള്‍. കേരം തിങ്ങും കേരളനാട്ടില്‍ മാത്രമല്ല എന്നും ചിരിക്കുന്ന സൂര്യന്റെ നാട്ടിലും ഞങ്ങള്‍ക്ക് സ്ഥാനമുണ്ട് എന്നഭിമാനിച്ചുകൊണ്ട് തലയുയര്‍ത്തിനില്‍ക്കുന്നു. മന്ദമാരുതനെ സൗരഭ്യപൂരിതമാക്കികൊണ്ട് വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന കറിവേപ്പ്, ചുറ്റും പുത്തന്‍  തലമുറക്കാരായ ധാരാളം കറിവേപ്പിന്‍ തൈകളും.

രണ്ടോ മൂന്നോ മാസങ്ങള്‍ക്കുമുമ്പ് മനോഹരമായി പൂത്തുലഞ്ഞുനിന്ന മാവ് ഇന്ന് ഫലസമൃദ്ധിയില്‍. അണ്ണാനും വിവിധതരം കിളികളും അതിന്മേല്‍ യഥേഷ്ടം വിഹരിക്കുന്നു.  അവ കടിച്ചുതുപ്പിയ മാങ്ങയുടെ അവശിഷ്ടം മാവിന്‍ ചുവട്ടില്‍ ധാരാളം. പുല്‍ക്കൊടികളോട് കിന്നാരം പറയാനെന്നപോലെ ഭൂമിയെ തൊട്ടുരുമ്മിനില്‍ക്കുന്ന മാങ്ങ ഒറ്റയായും കുലകളായും. ഫലസമൃദ്ധിയും ഇവിടുത്തെ കാലാവസ്ഥയും ഒക്കെ പരിഗണിച്ചായിരിക്കാം ഈ നാടിനു മറ്റൊരു കേരളം എന്ന പേര്  ലഭിച്ചത്.

ശിഖരങ്ങളില്‍ നിന്നും ശിഖരങ്ങളിലേക്ക് ഓടിക്കളിക്കുന്ന അണ്ണാന്‍ ചിലപ്പോള്‍ എന്നെ നോക്കി കുശലം ചോദിക്കുന്നതായി തോന്നാറുണ്ട്. നീ എത്ര ശ്രമിച്ചാലും ഞാനീ ചെയ്യുന്നതൊന്നും നിന്നെക്കൊണ്ട് ചെയ്യാനാവില്ല എന്നൊരു പരിഹാസവും ആ നോട്ടത്തിലുള്ളതായി ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. എങ്കിലും ഈ അണ്ണാന്മാരും പക്ഷികളും എല്ലാം ഇന്ന് എന്റെ കൂട്ടുകാരാണ്. അവയുടെ ഭാഷയില്‍ അവ എന്നോട് കുശലപ്രശ്‌നം ചെയ്യുന്നു. ഒരു പക്ഷെ നിന്റെ "ഇണയെവിടെ തുണയെവിടെ" എന്ന് അവ എന്നോട് ചോദിക്കുന്നുണ്ടാവാം. ഫലങ്ങള്‍ വിളയുന്ന മരങ്ങളും ചെടികളും കൂടാതെ മനോഹരമായ പച്ചക്കറിത്തോട്ടവും ഇവയോട് ചേര്‍ന്നു മനസ്സിനെ കൂടുതല്‍ കുളിര്‍മ്മയുള്ളതാക്കുന്നു. പുഷ്ടിയോടെ വളര്‍ന്നുകൊണ്ടിരിക്കുന്ന പയര്‍ പടര്‍ന്നു, ഹരിതാഭമായ  ഒരു പന്തല്‍ തീര്‍ത്തിരിക്കുന്നു. കൂടാതെ ചീര,   വെണ്ട, പച്ചമുളക് തുടങ്ങിയ കൃഷികളും അവയുടെ പച്ചപ്പും ചാരുതയും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള എന്റെ ഗ്രാമജീവിതത്തിലേക്ക് തറവാട്ടുവളപ്പിലെ പച്ചക്കറി തോട്ടങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു,. പ്രകൃതിസൗന്ദര്യം, അതു മനുഷ്യനില്‍ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു.

പഴങ്ങളും പച്ചക്കറിത്തോട്ടവും ഒപ്പം തന്നെ, വളരേ കരുതലോടെ വളര്‍ത്തി മനോഹരമായി വെട്ടിനിറുത്തിയിരിക്കുന്ന കുടമുല്ല, ബോഗെയിന്‍വില്ല, തെറ്റി, തുളസി മുതലായി, വിവിധനിറത്തിലും തരത്തിലുമുള്ള പൂക്കളും ഇലകളും എല്ലാം എനിക്ക് ചുറ്റുമുള്ള ഈ കൊച്ചുലോകത്തെ സുന്ദരസുരഭിലമാക്കുന്നു.

എത്ര രമണീയമാണീ  ഈ പ്രകൃതി.  ഇടക്കിടെ ഒരു മന്ദമാരുതന്‍ എന്നെ തലോടിപ്പോകുന്നു. നീലനീരാളം പുതച്ചു നില്‍ക്കുന്ന ആകാശം ഭൂമിയുടെ അഴകില്‍ മോഹിച്ചുനില്‍ക്കുന്നപോല.   ഇങ്ങനെ പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുമ്പോള്‍ സമയം പോകുന്നതുപോലും അറിയുന്നില്ല. വെയിലിനു ചൂട് കൂടുമ്പോള്‍ തണല്‍ തേടേണ്ടിവരുന്നു. വിശ്രമവേളകള്‍ തണലിനായി കൊതിക്കുന്നവയാണ്.  ജീവിതായോധനത്തിനായി ഓടി തളരുമ്പോള്‍ ഇത്തിരിനേരം വിശ്രമം.  പ്രകൃതി നല്‍കുന്ന സാന്ത്വനവും സമാധാനവും സന്തോഷവും ആര്‍ക്ക് നല്‍കാനാകും. ദൈവവിശ്വാസിയായ ഞാന്‍ ഇതെല്ലാം ദൈവത്തിന്റെ ദാനമായി കരുതുന്നു.  ആ കരങ്ങളില്‍ മുറുകെപ്പിടിച്ച് മുന്നോട്ടു നടക്കുന്നു.  


പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)
Join WhatsApp News
Thuppan Namboothiri 2021-06-12 17:04:40
ഇല്ലത്ത് നിന്ന് പുറപ്പെടേം ചെയ്തു അമ്മാത്തൊട്ട്‌ എത്തിയതുമില്ല എന്ന് പറഞ്ഞപോലെയാണ് ഈ പ്രവാസികളുടെ കാര്യം. ഇവിടെ ഇങ്ങനെ ഓരോന്ന് കാണുമ്പോൾ നാടങ്ങട് ഓർമ്മ വരായി, എന്താ ചെയ്യാ...ചുറ്റിലും നോക്കുമ്പോ മനയും പരിസരങ്ങളും തന്നെ...ഒന്ന് മുറുക്കാന്നു വച്ചാൽ തരപ്പെടില്ല. ശ്രീമതി സരോജ അന്തർജനത്തിന്റെ ലേഖനം വായിച്ചപ്പോൾ ഇതൊക്കെ തോന്നി. അവർക്കും നാടും വീടും ഫ്ലോറിഡയിലെ പ്രകൃതി കാണുമ്പോൾ ഓർമ്മ വരുന്നു. ആയമ്മക്ക് എഴുതാനും അറിയാം. നോമിന് ഇങ്ങനെ പറയാനേ അറിയൂ. മാങ്ങ അണ്ണാൻ കടിച്ചു തിന്നുന്നു എന്ന് കേട്ടപ്പോൾ വായിൽ കപ്പലോടി ഇല്ലത്ത് നല്ല മാമ്പളപുളിശ്ശേരി ഉണ്ടാക്കും. ബഹു രസാണ്. അപ്പഴേ ശ്രീമതി സരോജ ..അസ്സലായി ഇനിയും എഴുതു ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക