Image

മുട്ടില്‍ മരം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്ന് മുഖ്യമന്ത്രി

Published on 11 June, 2021
മുട്ടില്‍ മരം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്ന് മുഖ്യമന്ത്രി


കോഴിക്കോട്: മുട്ടില്‍ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു.  മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ് കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. 

ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് മരം മുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിന്‍വലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വനംമന്ത്രിയുടെ പ്രതികരണം.  പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നല്‍കിയിരുന്നു. 

അതേസമയം, മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി.  ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരം മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കര്‍ക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക