Image

യുഎസിലെ ഇന്ത്യാക്കാർക്കിടയിൽ  ഏറ്റവും പ്രചാരമുള്ള  രാഷ്ട്രീയ പാർട്ടി ബിജെപി: സർവ്വേ 

Published on 12 June, 2021
യുഎസിലെ ഇന്ത്യാക്കാർക്കിടയിൽ  ഏറ്റവും പ്രചാരമുള്ള  രാഷ്ട്രീയ പാർട്ടി ബിജെപി: സർവ്വേ 

ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ പ്രവാസികളിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ രാഷ്ട്രീയ പാർട്ടി ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആണെന്ന് പുതിയ സർവ്വേ ഫലം വ്യക്തമാക്കുന്നു.
സർവ്വേയിൽ  പങ്കെടുത്ത ഇന്ത്യൻ-അമേരിക്കക്കാരിൽ മുപ്പത്തിരണ്ട് ശതമാനം പേരും ബിജെപിയുടെ നയങ്ങളെ പിന്തുണച്ചപ്പോൾ കോൺഗ്രസ് പാർട്ടിയോട്  12 ശതമാനം മാത്രമാണ് ആഭിമുഖ്യം പ്രകടിപ്പിച്ചതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ,  ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയോടും  തങ്ങൾക്ക് അടുപ്പം തോന്നുന്നില്ലെന്ന് 40 ശതമാനം പേർ അഭിപ്രായപ്പെട്ടു.
2020 ൽ ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ്സ് സർവേ (ഐ‌എ‌എ‌എസ്)അടിസ്ഥാനപ്പെടുത്തി  കാർനെഗീ എൻ‌ഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ്, ജോൺസ് ഹോപ്കിൻസ്, യൂണിവേഴ്സിറ്റി ഓഫ് പെൻ‌സിൽ‌വാനിയ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.
 യുഎസ് പൗരത്വമുള്ളതും ഇല്ലാത്തതുമായ 1,200 ഇന്ത്യൻ-അമേരിക്കക്കാർ പങ്കെടുത്ത സർവേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യൂഗോവിലാണ്  നടന്നത്.
യുഎസ് സെൻസസ് കമ്മ്യൂണിറ്റി സർവേ പ്രകാരം 4.2 മില്യൺ ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ട്. ഇവരിൽ 2.6 മില്യൺ യുഎസ് പൗരന്മാരാണ്.  1.2 മില്യൺ യുഎസിൽ ജനിച്ചവരും 1.4 മില്യൺ പേർ കുടിയേറ്റത്തിന് ശേഷം പൗരത്വം സ്വീകരിച്ചവരുമാണ്. 42 ശതമാനത്തിന് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്.
ഇന്ത്യൻ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ എന്ന തങ്ങളുടെ സ്വത്വത്തിന് ഉയർന്ന മൂല്യം കല്പിക്കുന്നുണ്ടെന്ന്  പഠനം പറയുന്നു.
 എഴുപത്തിയഞ്ച് ശതമാനം പേർ തങ്ങൾ ഇന്ത്യൻ സർക്കാരിന്റെ നയങ്ങളോട് യോജിക്കുന്നതായി അഭിപ്രായപ്പെട്ടെങ്കിലും മറ്റുള്ളവർ സർക്കാരിനെ ഒരു പരിധിവരെ വിമർശിച്ചു.
സർവേ പ്രകാരം 49 ശതമാനം ഇന്ത്യൻ-അമേരിക്കക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ അനുകൂലമായി വിലയിരുത്തി, ഇവരിൽ 35 ശതമാനം പേർ കടുത്ത മോദി ഭക്തരാണ്.
എന്നാൽ, 22 ശതമാനം പേർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
 യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിക്കും 64 റേറ്റിംഗും ഇന്ത്യൻ അമേരിക്കൻ വംശജയായ  വൈസ് പ്രസിഡന്റ് കമല ഹാരിസിന് 63 റേറ്റിംഗും സർവ്വേയിൽ ലഭിച്ചു.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 37 റേറ്റിങ്ങും റിപ്പബ്ലിക്കൻ പാർട്ടിക്ക്   42 ഉം റേറ്റിംഗ് ലഭിച്ചു.
യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സർവേയിലും നിലവിൽ കോവിഡ് കുതിപ്പിന് ശേഷവും  ഇന്ത്യക്കാരുടെ  മനോഭാവത്തിൽ വലിയ വ്യത്യാസമുണ്ടായതായും പഠനത്തിൽ  കണ്ടെത്തി.
മതപരമായ ഭൂരിപക്ഷവാദം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പത്ത് ശതമാനം പേർ അഭിപ്രായപ്പെട്ടു. തീവ്രവാദവും ചൈനയും ഗൗരവമുള്ള വിഷയമായി ഏഴ് ശതമാനം പേർ കാണുന്നു.സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം ഹിന്ദുക്കളും 3 ശതമാനം നിരീശ്വരവാദികളും  13 ശതമാനം മുസ്‌ലീങ്ങളും 11 ശതമാനം ക്രിസ്ത്യാനികളുമാണ്.
 മോദിയെ വിമർശിക്കുന്ന റിപ്പോർട്ടർമാരെ നിശബ്ദരാക്കാൻ രാജ്യദ്രോഹ, മാനനഷ്ട നിയമങ്ങൾ ഉപയോഗിക്കുന്നതിനെ എതിർത്തുകൊണ്ടും ഒരു വിഭാഗം അഭിപ്രായപ്രകടനം നടത്തി.
 പൗരത്വ ഭേദഗതി നിയമത്തെ  സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും ഇതിനെ എതിർത്തു. ഇന്ത്യൻ - അമേരിക്കക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഭാഷ ഹിന്ദിയാണ്-19 ശതമാനം, ഗുജറാത്തി 14 ശതമാനവും തെലുങ്ക് 10 ശതമാനവും തമിഴ് 9 ശതമാനവും ബംഗാളി, പഞ്ചാബി എന്നിവ  7 ശതമാനം വീതവുമാണ്.
സർവേയിൽ പങ്കെടുത്ത പകുതിയോളം ഇന്ത്യൻ-അമേരിക്കക്കാർ കഴിഞ്ഞ വർഷം തങ്ങൾക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു.  ആദ്യ തലമുറയ്ക്കും  രണ്ടാം തലമുറയ്ക്കും  അനുഭവത്തിൽ വ്യത്യാസമുണ്ട്. യുഎസിലേക്ക് കുടിയേറിയ ഇന്ത്യൻ-അമേരിക്കക്കാരിൽ 59 ശതമാനം പേരും തങ്ങൾ വിവേചനം നേരിട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു, എന്നാൽ യുഎസിൽ ജനിച്ച 36 ശതമാനം പേർ  കഴിഞ്ഞ വർഷം വിവേചനത്തിനത്തിന് ഇരയായെന്ന് പറഞ്ഞു.

Join WhatsApp News
മല്ലു 2021-06-12 02:01:40
മേരാ പ്യാരാ ദേശവാശിയോം മൈ പ്രണ്ട് ഡോലാണ്ട് ട്രംപ് മേരാ ദോസ്ത് ഖതം ഓഗയ അച്ചാ ദിൻ ആഗായ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക