Image

യമണ്ടൻ അൽഭുതവാർത്ത : ആൻസി സാജൻ

Published on 12 June, 2021
യമണ്ടൻ അൽഭുതവാർത്ത : ആൻസി സാജൻ
കേരളത്തിൽ കാര്യങ്ങൾ റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. സമസ്ത മേഖലകളിലും പുരോഗതി. മനുഷ്യന്റെ ചിന്തയിലും പ്രവൃത്തികളിലും പുതുയുഗധ്വനികൾ ... 
എവിടെയും വിപ്ലവാത്മകമായ പരിവർത്തനങ്ങൾ.
കോവിഡ് പോലും നമ്മെ എന്തൊക്കെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അത് വരുത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക വിപ്ലവങ്ങൾ എത്രയെത്രയാണ്..! 
സ്ത്രീകളുടെ ക്ഷേമത്തിനായി എന്തുമാത്രം ഊർജ്ജസ്വലമായ ചുവടുവെയ്പുകളാണുണ്ടാവുന്നത്. സ്മാർട്ട് കിച്ചൺ എന്നു പറഞ്ഞ് എന്തൊക്കെയോ പുകിലുകൾ വരുന്നുണ്ടിനി . അടുക്കളയിൽ നിരന്തരഡ്യൂട്ടി ചെയ്ത് കാലുംകയ്യും മേലും തളരുന്ന പെണ്ണുങ്ങൾക്ക് സർക്കാർ തന്നെ പുതിയ നിർദ്ദേശങ്ങൾ നൽകുന്നു. വീട്ടുജോലികളുടെ ഭാരം കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കണമെന്ന നല്ല ആഹ്വാനം. ( ഇവിടെ ആഹ്വാനമല്ല ഓടിച്ചിട്ട് പിടിക്കും എന്ന ഭീഷണിയാണ് കരണീയം)
പിന്നെ പെണ്ണുങ്ങൾ നല്ല ഭക്ഷണംകഴിച്ച് ഓവർ സ്മാർട്ടാവണം എന്നും സർക്കാരിന് ആഗ്രഹമുണ്ട്. മിച്ചംവരുന്ന ചോറുണ്ട് തീർക്കുന്നവരല്ലാതെ നല്ല സമീകൃത ആഹാരം കഴിക്കുന്നവരാകണം സ്ത്രീകൾ എന്നും വായിച്ചു. ഒക്കെ നല്ലതു തന്നെ. ഇങ്ങനെയെല്ലാം കഴിച്ച് വ്യായാമമൊക്കെ ചെയ്ത് കുടുംബത്തിലെ സ്ത്രീപുരുഷ കുഞ്ഞുകുട്ടി പരാധീനങ്ങൾ ആരോഗ്യത്തോടെയും സന്തുഷ്ടിയോടെയും ജീവിക്കുന്ന കേരളീയ മാതൃകയ്ക്കായി കാത്തിരിക്കാം നമുക്ക് .
നാനാവിധമായ ഇത്തരം ഉൽക്കർഷകൾക്കിടയിലേക്കാണ് അൽഭുതാവഹമായ ചില യമണ്ടൻ വാർത്തകൾ വരുന്നത്. തലയ്ക്കടിയേറ്റപോലെ നമ്മൾ തരിച്ചിരിക്കുമ്പോഴാവും കാക്കത്തൊള്ളായിരം ചാനലുകളും പത്രങ്ങളുമൊക്കെ നേരിട്ടെത്തി ശേഖരിക്കുന്ന എക്സ്ക്ലൂസിവുകൾ നമ്മുടെ ബൗദ്ധിക സിദ്ധികൾക്കുമേൽ കടന്നാക്രമണം നടത്തി അവരുടെ വീക്ഷണങ്ങളെ വിക്ഷേപിക്കുന്നത്.
പ്രേമബദ്ധതകൊണ്ട് പ്രതിബദ്ധരായ കമിതാക്കൾ 10 വർഷത്തിനുമേൽ ഒരു കുടുസുമുറിയിൽ കഴിഞ്ഞ കഥ ഉപ്പില്ലാതെ തൊട്ടു വിഴുങ്ങാൻ തയാറായി നിന്ന ജനതയായി മാറി നാം കുറച്ചു ദിവസങ്ങൾ.  കാമുകിയെ 10 വർഷം ഒളിപ്പിച്ച് സൂര്യവെളിച്ചം കടക്കാതെ കാത്തുസൂക്ഷിച്ചതാണ് കഥ. മരപ്പൊത്തുകളിൽ കുടുംബത്തെ അടച്ചു സൂക്ഷിച്ച് ഭക്ഷണം തേടിപ്പിടിച്ച് കൊണ്ടുവന്ന് കൊടുത്ത് വെളിയിൽ കാവലിരിക്കുന്ന ആൺവേഴാമ്പലിനു സമനായൊരാൾ. എത്ര പ്രേമസ്വരൂപൻ ... !
ആ പെൺകുട്ടി എത്ര ഭാഗ്യവതി. 
പുണ്യം ചെയ്ത ജന്മം !
ഇതുപോലെയൊക്കെ എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നാട്ടുന്ന പുലിജന്മങ്ങൾ (ആൺപെൺ പുലികൾ ) തങ്ങൾക്ക് കിട്ടാതെപോയ മാധുര്യമിറ്റുന്ന ജീവിതം ഒരു പെണ്ണിന് കിട്ടിയതോർത്ത് വാഴ്ത്തലുകളുമായി വന്നിരുന്നു.
അത്യപൂർവവും ഭ്രാന്തവും മനുഷ്യാവകാശ നിഷേധവുമായ ഈ കഥ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത പോലീസ്, മാധ്യമ ലോകത്തിന് എന്ത് കൊടുത്താലാണ് മതിയാവുക. രാത്രിയിൽ മാത്രം സഞ്ചരിക്കുന്ന ഈ സ്ത്രീയെ ഇവിടുത്തെ സാധാണ മനുഷ്യരും പോലീസും സി സി ക്യാമറകളും ഒന്നും കാണാത്തത് അവരുടെയൊക്കെ കാഴ്ചക്കേടുകൾ കൊണ്ടാവും. ആ വീട്ടിലെ മറ്റിടങ്ങളിൽ കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇന്ദ്രിയക്ഷമതയും പരിശോധിക്കേണ്ടതല്ലേ.
സഹജവാസനകളും ജീവിതകാര്യങ്ങളും അലക്കും കുളിയും എല്ലാം കൃത്യമായി നടത്തി ഹെഡ്ഫോൺ വച്ച് ടി.വിയും കണ്ടിരുന്ന പെൺകുട്ടിയുടെയും സഹജന്റെയും ടെക്നിക്കുകൾ ഇനിയുള്ളർ കണ്ടു പകർത്താതിരിക്കട്ടെ.
ഏതായാലും വനിതാക്കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. വിശ്വസിച്ചവർക്കും സംശയിച്ചവർക്കും പറഞ്ഞു പരത്തിയവർക്കും ആമ്മേൻ !
യഥാർത്ഥ കാര്യങ്ങൾ പുറത്തു വരുന്നതിന് കാത്തും കാതോർത്തുമിരിക്കാം നമുക്ക് .
( ലോകം മുഴുവൻ ഒളിച്ചിരുപ്പ് തുടങ്ങിയിട്ട് രണ്ടു കൊല്ലമെത്താറായി. അതുകൊണ്ട് 10 വർഷത്തിൽ അത്രയും കുറച്ചിട്ട് കൂട്ടാം ; അത് മതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക