Image

മഴപോലെ അമ്മ!! (കവിത: രാജൻ കിണറ്റിങ്കര)

Published on 13 June, 2021
മഴപോലെ അമ്മ!! (കവിത: രാജൻ കിണറ്റിങ്കര)
അമ്മയ്ക്കും
മഴയ്ക്കും
ഒരേ വേഗമാണ് !!

കിഴക്കൻ മലയിറങ്ങി
പുഴ നീന്തി
പാടം കടന്ന്
കർക്കിടകമഴ
മുറ്റത്തെത്തുമ്പോൾ
തൊടിയിൽ
അഴയിലെ തുണികളെടുത്ത്
അമ്മയും
മുറ്റത്തെത്തും!!

അമ്മയ്ക്കും
മഴയ്ക്കും
ഒരേ ഭാവമാണ് !!

തിമിർത്ത്
പെയ്യുമ്പോഴും
മിന്നലെരിയുന്ന
ഒരു മേഘതുണ്ട്
നെഞ്ചിലേറ്റി
പെരു മഴ!!

ചിരിക്കുമ്പോഴും
ഒരു ദു:ഖക്കാറ്
പെയ്യാതെ
നെഞ്ചിലൊളിപ്പിച്ച്
അമ്മ !!

അമ്മയ്ക്കും
മഴയ്ക്കും
ഒരേ മുഖമാണ് !!

ഒരു പകലോളം
തോരാതെ പെയ്താലും
ബാക്കിയാവുന്ന
കറുത്തിരുണ്ടൊരു
ഈറൻ സന്ധ്യ !!

ഒരു പകലാകെ
ഓടിത്തളർന്നാലും
കരിപടർന്നൊരു
അടുക്കളക്കോണിൽ
പെയ്യാൻ വെമ്പിയൊരു
അമ്മ മനസ്സ് !!!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക