പെരുമഴത്തോരലിൽ (കവിത: ജയശ്രീ രാജേഷ്)

Published on 13 June, 2021
പെരുമഴത്തോരലിൽ (കവിത: ജയശ്രീ രാജേഷ്)
പെരുമഴയിൽ
പടിയിറങ്ങിപ്പോയ
ഒരു പ്രണയമുണ്ട്
എൻ മനസ്സിൽ

ഹൃദയം കൊണ്ട്
കുറിച്ചിട്ട
മഷി പടരാത്ത
അക്ഷരങ്ങൾ
കടലാസുതോണികളായി
ഒഴുകി നടന്നു
മുറ്റത്തും തൊടിയിലും

കലങ്ങി മറിഞ്ഞ
കുത്തൊഴുക്കിൽ
ഇടവഴിച്ചാരെ
സ്വപ്നങ്ങളുടെ
കൈതപൂവിതളുകൾ
കൊഴിഞ്ഞടർന്നു വീണു

കാറ്റ് കടമെടുത്തു
തിരിച്ചു തരാതെ
വഴിയിലങ്ങിങ്ങായി
ചിതറി
കിടപ്പുണ്ടെന്നിലെ
പ്രണയത്തിന്റെ അരളി
തുടിപ്പുകൾ

ചിറ കെട്ടി
നിർത്താനാകാതെ
മോഹങ്ങളുടെ
ഇരുൾ മേഘങ്ങൾ
പെയ്തിറങ്ങി ആമ്പൽ
മണം തേടി
അകന്നു പോയി

പടിയിറങ്ങിപോയ
 പ്രണയത്തിന്റെ
പെയ്തു തോർന്ന
ബാക്കിപത്രം
ഒരു ചെറുതുള്ളിയായി
ഓർമ്മയുടെ
മുക്കുറ്റി പൂവിതളിൽ
ഇപ്പോഴും ഇറ്റിറ്റു വീഴുന്നുണ്ട്.......

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക