Image

യൂറോക്കപ്പില്‍ നൊമ്പരമായി എറിക്‌സണ്‍ ; പ്രാര്‍ത്ഥനയോടെ ആരാധകര്‍

ജോബിന്‍സ് തോമസ് Published on 13 June, 2021
യൂറോക്കപ്പില്‍ നൊമ്പരമായി എറിക്‌സണ്‍ ; പ്രാര്‍ത്ഥനയോടെ ആരാധകര്‍
കാല്‍പ്പന്തുകളിയുടെ യൂറോപ്യന്‍ മനോഹാരിതയ്ക്ക് മങ്ങല്‍ വീഴ്ത്തി ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു. ഡെന്‍മാര്‍ക്ക്-ഫിന്‍ലാന്‍ഡ് മത്സരത്തിനിടെയായിരുന്നു വേദനാജനകമായ നിമിഷങ്ങള്‍. പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ മത്സരം ആരംഭിച്ച് ആദ്യ പകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു സംഭവം. ഡാനീഷ് താരം തോമസ് ഡെലനി പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. 

അങ്കലാപ്പിലായ സഹതാരങ്ങള്‍ ഉടന്‍തന്നെ വൈദ്യസംഘത്തിനുനേരെ ഭയത്തോടെ ആംഗ്യകാട്ടി. പാഞ്ഞെത്തിയ ഡോക്ടര്‍മാരടങ്ങിയ സംഘം കൃത്രിമശാസോഛ്വാസം അടക്കം നല്‍കിയപ്പോള്‍ വിതുമ്പിക്കൊണ്ട് താരത്തിനു ചുറ്റും ടീമംഗങ്ങള്‍
 പ്രാര്‍ത്ഥനോടെ വലയം തീര്‍ത്തു. താരങ്ങളുടെ കണ്ണീര്‍ കണ്ട ഗ്യാലറിയിലെ ആരാധകരും കണ്ണീരണിഞ്ഞു. 

ഇതിനിടെ എറിക്‌സന്റെ പങ്കാളി സബ്രീന കരഞ്ഞുകൊണ്ട് ഗ്രൗണ്ടിലേയ്ക്ക് ഓടിയെത്തി. ഇവരെ എറിക്‌സന്റെ സഹതാരങ്ങള്‍ ആശ്വസിപ്പിച്ചു. ആശുപത്രിയിലേയ്ക്ക് മാറ്റിയ എറിക്‌സന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. ഈ വിവരം ഗ്രൗണ്ടില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആരാധകര്‍ താരത്തിന്റെ ജഴ്‌സി ഉയര്‍ത്തിക്കാട്ടിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ഇറ്റാലിയന്‍ സിരീ എ ക്ലബ്ബായ ഇന്റര്‍ മിലാന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. യുവന്റസിന്റെ കുത്തകയായിരുന്ന ക്ലബ്ബ് കിരീടം ഇന്റര്‍ മിലാന് പിടിച്ചെടുത്തു നല്‍കിയതില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ് നിര്‍ണ്ണായക പങ്കാണുള്ളത്. ഹോളണ്ട് ക്ലബ്ബായ അയാക്‌സ് ആംസ്റ്റര്‍ഡാം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്ട്‌സ്പര്‍ എന്നീ ക്ലബ്ബുകള്‍ക്കായും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. 

എറിക്‌സണ്‍ അപകടനില തരണം ചെയ്‌തെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക