Image

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

Published on 13 June, 2021
ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ  (അനീഷ് ചാക്കോ, കഥാമത്സരം)
ഇവിടെ ഒപ്പിഡൈക്കയിൽ വസന്തം വേനലിന് വഴിമാറി തുടങ്ങുന്ന ദിവസങ്ങളിലൊന്നിലാണ് ഞാൻ ആരതി മോഹനെ ആദ്യമായി നേരിൽ കണ്ടത് . പകലുകൾക്ക് നീളം കൂടി  തുടങ്ങുകയും  മേഘങ്ങൾ ആകാശത്തെ സിന്ദൂര വർണ്ണമണിയിച്ച് അലങ്കൃതമാക്കുകയും ചെയ്യുന്ന   മനോഹരമായ  വസന്തത്തിലെ ഒരു സായാഹ്നത്തിൽ.... ഒപ്പിഡൈക്ക എന്ന ഈ കൊച്ചു പട്ടണത്തിൽ  എണ്ണ കിണ്ണറുകളും കാറ്റാടി യന്ത്രങ്ങളും  വളരെ കുറച്ചു മനുഷ്യരും മാത്രമാണുള്ളത്.
 
ഒപ്പിഡൈക്കയിലെ നിശബ്ദതകൾക്കും കത്തിയെരിയുന്ന നട്ടുച്ചകൾക്കും  കുറുകെ ഒരു  താരാട്ടു  പോലെ എണ്ണ കിണ്ണറുകളും ഇവിടുത്തെ കാറ്റിന്റെ താളത്തിൽ കാറ്റാടി യന്ത്രങ്ങളും  ചലിച്ചു കൊണ്ടേയിരിക്കും . ഒപ്പിഡൈക്കയിലെ ചില രാത്രികളെ കയോട്ടികളാണ്*  ശബ്ദഭരിതമാക്കുന്നത്. പൂർണ്ണചന്ദ്ര രാത്രികളിൽ നേർത്ത നിലാവിൽ  വരണ്ടുണങ്ങിയ പ്രതലങ്ങളിൽ നിഴലായി പടർന്നു കിടക്കുന്ന  എണ്ണ കിണ്ണറുകളെ നോക്കി  കയോട്ടികൾ  ഓരിയിടാറുണ്ട് . നിശബ്ദതകൾ പോലും യാന്ത്രികമാവുന്ന ഒപ്പിഡൈക്കയിൽ ഞങ്ങളുടെ കൊച്ചു റെസ്റ്റൊറന്റും ഗ്യാസ് സ്റ്റേഷനും മാത്രമാണ് പകൽ സമയങ്ങളിൽ  ഇത്തിരിയെങ്കിലും ശബദമുഖരിതമാവുക.
 
വൈകുന്നേരം ആറുമണിയാകുമ്പോഴാവും ഈ കടയിൽ ഇത്തിരിയെങ്കിലും തിരക്കുണ്ടാവുക . ഓയിൽ മേഖലയിൽ ജോലി കഴിഞ്ഞു വരുന്ന തൊഴിലാളികളോട് കുശലം പറഞ്ഞ് അവർ  അത്താഴത്തിന് ഓർഡർ ചെയ്യുന്ന  ഫഹീറ്റയും എൻച്ചിലാടയും ഒക്കെ പാക്ക് ചെയ്യുകയായിരുന്നു അലീസിയ.
 
വെളിച്ചം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന  പകലിന്റെ നെടുവീർപ്പെന്ന പോലെ ഒരു പൊടി കാറ്റ് ഒപ്പിഡൈക്കയിലൂടെ മൂളി  പറക്കുന്നുണ്ടായിരുന്നു . ആ പൊടി കാറ്റിന്റെ ഇടയിലൂടെയാണ്  തികച്ചും അപ്രതീക്ഷിതമായി ഒരു സ്ത്രി കടയിലേക്ക് കടന്നു വന്നത് .
 
അലസമായി അഴിച്ചിട്ടിരിക്കുന്ന മുടിത്തുമ്പുകൾ  കാറ്റിൽ  ഇളകിയാടുന്നു , മഞ്ഞ പുള്ളികുത്തുകളുള്ള  നേരിയ പുതപ്പിനടിയിൽ മറച്ചു വെച്ചിരിക്കുന്ന ഇടതു കൈയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു , അതി സൂന്ദരവും
സൗമ്യവുമായ  പുഞ്ചിരിക്കിടയിൽ ദൈവം ഉമ്മ വെച്ചെന്ന പോലെ നുണകുഴികൾ കവിളിൽ തിളങ്ങി നിൽക്കുന്നു !
 
ഒരു വെപ്രാളത്തിലെന്ന പോലെ അവർ പതിഞ്ഞ ശബ്ദത്തിൽ "രണ്ട് ഫഹീറ്റ" എന്ന് ഓർഡർ തന്ന്   പൊടുന്നനെ കടയിലേക്ക്  നടന്നടുക്കുന്ന പുരുഷനെ  ഇത്തിരി ഭയത്തോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആ കാഴ്ചയിൽ  ഞാൻ  സ്തബ്ധനായി പോയിരുന്നു.
എനിക്കിത് വിശ്വസിക്കാനേ കഴിഞ്ഞില്ല
" ദൈവമെ ഇത് ആരതിയല്ലേ, ആരതി മോഹൻ " അലീസിയ,  ഇതാണ് ആരതി." ഇത് സ്വപനമാണോ എന്ന് പോലും എനിക്ക് തോന്നി .ഒരിക്കലും നടക്കാൻ  സാധ്യത ഇല്ലാത്ത ഒരു സംഭവമായിരുന്നു ഒപ്പിഡൈക്ക എന്ന ഈ കൊച്ചു പട്ടണത്തിൽ വച്ച് ഞാൻ ആരതി മോഹനെ കണ്ടു മുട്ടുന്നത്. 
 
 
ഇതിന് മുൻപ് ഞാൻ ആരതി മോഹനെ കണ്ടത് അഭ്രപാളികളിൽ   ആണ്. കടപത്രം എന്ന സിനിമയിൽ. ചടുല  സംഭാഷണങ്ങളും ആവേശഭരിതമായ രംഗങ്ങളും കൊണ്ട്   നിറഞ്ഞു നിൽക്കയായിരുന്നു അവർ.
ആരതി മോഹനെ കണ്ട അലീസിയയും ഒരു സന്തോഷകരമായ സംഭ്രമത്തിൽ അകപ്പെട്ടിരുന്നു . അവൾ എന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത്  നാലായി മടക്കി സൂക്ഷിച്ചു വച്ചിരുന്ന  ഒരു സിനിമ വാരികയുടെ  പഴകിയ താൾ നിവർത്തി  ആരതിയുടെ മുഖത്തേക്കും ആ താളിലേക്കും  മാറി മാറിസൂക്ഷിച്ചു നോക്കി.
" യുവർ ഗേൾ ഫ്രണ്ട് "
 
" മനോജേ ,മാറ്റിനി കഴിഞ്ഞ് വണ്ടി കയറാം , എന്നാലും രാത്രിക്ക് മുൻപേ ചുരമിറങ്ങാം നിനക്ക്  കൃത്യ സമയത്ത് തന്നെ ഫ്ലൈറ്റ് പിടിക്കാം"
 
വീട്ടിൽ നിന്നും ഇറങ്ങും മുൻപ്  കടുമാങ്ങ കൂട്ടി കഞ്ഞി കോരി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ടോണി സിനിമക്കാര്യം എടുത്തിട്ടത് .
സിനിമ എനിക്ക് എന്നും ഹരമാണ് .
 
കടം കയറി  നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ  വന്നപ്പോഴാണ് മെക്സിക്കോ വഴി അമേരിക്കയ്ക്ക് പോവാൻ  ഡൽഹിയിലുള്ള അമ്മാച്ചൻ റൂട്ട് തെളിച്ചത്.
"എടാ കൊച്ചനെ, യാത്ര മഹാദുരിതമാണ് പക്ഷെ അമേരിക്കയിൽ എത്തിയാൽ  നീ രക്ഷപ്പെട്ടു , ചെറിയൊരു കച്ചിതുരുമ്പാണ് പിടിച്ചു കയറിക്കോ "
 
അങ്ങനെ ഞാൻ ആ കച്ചിതുരുമ്പിൽ പിടിച്ചു കയറുന്നതിന്റെ  തൊട്ടുമുൻപാണ്  സീന ടാക്കീസിൽ ഇടിച്ചു  കയറി കടപത്രത്തിന് ടിക്കറ്റെടുത്തത് . മെക്സിക്കൻ മരൂഭൂവിലേക്ക് ജീവൻ പണയം വെച്ചുള്ള യാത്രക്ക് മുന്നോടിയായി സീന ടാക്കീസിന്റെ ഇരുൾ വീണ അകത്തളങ്ങളിലെ  വെളിച്ചം വിതറുന്ന അഭ്രപാളികളിൽ ആരതി മോഹന്റെ തിളങ്ങുന്ന കണ്ണുകൾ  എന്റെ  ആത്മവീര്യത്തിലേക്ക്  ഇത്തിരി ഊർജ്ജം ഊതി തന്നിരുന്നു , അവർ അതിൽ തകർത്തഭിനയിക്കായിരുന്നു . പോലീസ് സ്റ്റേഷനിൽ കയറി ചെന്ന് സാധാരണ വീട്ടമ്മയായ  നായിക എസ് ഐ യുടെ കരണത്ത് കൈ വീശിയടിക്കുന്ന സീനിൽ , തിയറ്റർ ഇളകി മറിഞ്ഞു .
സിനിമാ കണ്ടിറങ്ങി ബാവക്കയുടെ കടയിൽ നിന്നും നാരങ്ങ സർബത്ത് കുടിക്കുമ്പോഴാണ്   കടപത്രത്തിന്റെ  പോസറ്റർ പതിപ്പിച്ച സിനിമ വാരിക കണ്ടത്.
 
അതിന്റെ നടു പേജിൽ നിന്നും കീറിയെടുത്ത താളിൽ ആരതിയുടെ ചിരിക്കുന്ന ചിത്രമാണ്  ഈഗിൾ പാസ്സിന്റെ ചുവട്ടിൽ , റിയോ ഗ്രാൻഡയുടെ തീരത്ത് ഒരു മഴരാത്രിയിൽ വിളക്കു മരത്തിന്റെ ഇത്തിരി  പ്രകാശത്തിൽ അലീസിയ കണ്ടതും " യുവർ ഗേൾ ഫ്രണ്ട് എന്ന് " ചോദിച്ചതും .
 
"ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍
അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ ചേർത്തു പിടിക്കും  "( ബൈബിൾ)
 
ഫാദർ ഇഗ്നാസിയോ  പരിശുദ്ധ ഗുഡാലൂപ്പെ മാതാവിന്റെ ഗ്രോട്ടോക്കരുകിൽ  വച്ച് അലീസിയക്ക് കൊടുത്ത കുറിപ്പ് ആരംഭിച്ചത് അങ്ങനെയാണ് . പെട്ടെന്ന് ഇരുൾ മൂടിയ ഒരു വൈകുന്നേരത്താണ് ഫാദർ  ഇഗ്നാസിയോ അലീസിയയെ തേടി ചെന്നത് . അന്നു രാവിലെ അലീസയയുടെ മാതാപിതാക്കൾ ആ പള്ളി മുറ്റത്ത് വെടിയേറ്റു മരിച്ചു വീണിരുന്നു .
" മകളെ അലിസീയ , ഈ ഒരു രാത്രി  കൂടി നീ ഇവിടെ നിന്നാൽ അവർ നിന്നെ തേടി വരും '
അനാഥയായ നിന്നെ അവരുടെ കാർട്ടലിൽ ചേർക്കും. രാത്രി തന്നെ യുവാരസിലേക്ക് ബസ് കയറുക," വാർദ്ധ്യകത്തിന്റെ ചുളിവു വീണ കവിൾ തടങ്ങളിൽ വാൽസല്യത്തിന്റെ പ്രകാശം പരക്കുന്നത് അലീസിയ കണ്ടു. " ഇന്നു തന്നെ നീ ചിവാവയോട് വിട പറയുക. അഞ്ചാം മണിക്കൂറിൽ  യുവാരസിൽ എത്തി അവിടെ ബസ് സ്റ്റേഷനിൽ കാത്തിരിക്കുക  . രാവിലെ  എസ്റ്റബാൻ നിന്നെ  സുരക്ഷിതമായി ഒരു സങ്കേതത്തിൽ എത്തിക്കും , അവിടെ   കാറും കോളും വീശുന്ന ഒരു മഴ രാത്രിക്കായി കാത്തിരിക്കുക .  എസ്റ്റബാന്റെ കയോട്ടികൾ നിന്നെ റിയോ നദിക്ക് കുറുകെ കടത്തി എൽ പാസോയിൽ, അമേരിക്കൻ തീരത്തെത്തിക്കും.. 
എനിക്കവിടെയും ആളുകൾ ഉണ്ട്. നീ സുരക്ഷിതയായിരിക്കും .
പോകൂ മകളെ , തിരിഞ്ഞു നോക്കരുത്. കാലം ഉണക്കാനിട്ട ഈ മുറിവുകൾ ഇനിയും നീ കണ്ണീരു കൊണ്ട് വീണ്ടും  നനക്കരുത് "
 
യുവാരസ്സിൽ എത്തി ചേർന്ന അലീസിയ ഒരിക്കലും എസ്റ്റബാനെ കണ്ടു മുട്ടിയില്ല . ബസ് സ്റ്റേഷനിൽ ഏകയായി കാത്തിരുന്ന അലീസിയായെ  ജാക്വാർ ഡെയ്സിയുടെ ആളുകൾ കടത്തി കൊണ്ടു പോയിരുന്നു.
ഇരുൾ വീണ ജാക്വാർ ഹൗസിന്റെ ഇടനാഴിയിൽ ബോധമില്ലാതെ ഞരങ്ങിയും മൂളിയും കിടന്ന അലീസിയായെ പ്രായമായ ഒരു സ്ത്രിയുടെ അട്ടഹാസമാണ് ഉണർത്തിയത്.  " മാൻപേടയെ പോലെ മനോഹരിയായ നിന്നെ തേടി ഇനി ഇവിടെ ദിവസവും ആളുകൾ വന്നു ചേരും "
 
പകലുകളും രാത്രികളും തിരിച്ചറിയാനാവാതെ , അനേകരിൽ നിന്നും വിചിത്രമായ ലൈംഗിക ക്രൂരതകൾക്ക് ഇരയായ ഏകാന്ത രോദനങ്ങളുടെ എത്ര ദിനങ്ങളാണ് ആ വേശ്യയാലയത്തിൽ കഴിച്ചു കൂട്ടിയത് എന്ന് അലീസിയക്ക്  ഇപ്പോഴും ഓർമ്മയില്ല , ഓർക്കാൻ ശ്രമിച്ചിട്ടില്ല.
ശരീരത്തിലും മനസ്സിലുമേറ്റ നീറുന്ന മുറിപാടുകൾ  മറച്ചുവെച്ച് , ഡെയ്സിയുടെ ആജ്ഞയിൽ പുഞ്ചിരിയുമായി പതിവുകാർക്ക് വാതിൽ തുറന്ന ഒരു ദിവസമാണ്  അലീസിയ മാർക്കിനെ കാണുന്നത് , കുലീനനും ശാന്തനുമായ മാർക്ക് .
 
"നിന്നെ പ്രാപിക്കാനല്ല നിന്നെ രക്ഷിക്കാനാണ് സുഹൃത്തെ ഞാൻ വന്നിരിക്കുന്നത് , സ്ഫുടമല്ലാത്ത സ്പാനീഷ് ഭാഷയിൽ മാർക്ക് അത് പറഞ്ഞപ്പോൾ അലീസിയക്കത്  വിശ്വസിക്കാനായില്ല .
പക്ഷെ  മാർക്ക് പറഞ്ഞത് പോലെ  സംഭവിച്ചു.  കാറ്റും കോളും നിറഞ്ഞ ഒരു  രാത്രിയിൽ അലീസിയെ  ജാക്വാർ ഹോമിൽ നിന്നും കൈ പിടിച്ചിറക്കി റിയോ  ഗ്രാൻഡെ നദിയുടെ കരയിൽ ഈഗിൾ പാസ്സിന്റെ ചുവട്ടിൽ വച്ച്   അയാൾ  അവളെ ഗുസ്താവോ എന്ന കയോട്ടിക്ക് കൈമാറി.
 
ആരതി മോഹൻ  അഭിനയിച്ച മൂന്നു പടവും ഹിറ്റായിരുന്നു . പക്ഷെ അവർക്കത് തുടരാൻ കഴിഞ്ഞില്ല. അമ്മക്കായിരുന്നു നിർബ്ബന്ധം  . "മോളെ ,സിനിമയല്ല ജീവിതം.'
 
ഡോ. സാജൻ ജേക്കബിനെ കല്യാണം കഴിച്ച്  അമേരിക്കയിൽ എത്തിയ ആരതിക്ക് അയാളുടെ സ്വഭാവത്തിൽ ആദ്യമേ ഇത്തിരി വിചിത്രത തോന്നിയിരുന്നു . പക്ഷെ പതിയെ അയാൾ അവളെ മാനസികമായും ശാരീരകമായും കീഴടക്കുകയായിരുന്നു .പല പല നഗരങ്ങളിൽ മാറി  മാറി താമസിച്ച് എല്ലാവരിൽ നിന്നും ആരതിയെ ഒളിപ്പിച്ചു മാറ്റി ഒപ്പിഡൈക്കയിൽ അവർ എത്തി ചേർന്നപ്പോഴെക്കും ആരതിയുടെ ജീവിതത്തിൽ ഒരു അഴിയാ കുരുക്കാവുകയായിരുന്നു  ഡോ .സാജൻ .
 
പകൽ നേരങ്ങളിൽ സൗമ്യമായി രോഗികളെ പരിചരിച്ചും , ഒപ്പിഡൈക്കയിലെ ജനങ്ങളോട് അടുത്തിടപഴകിയും അവർക്ക് പ്രിയങ്കരനായി തീർന്ന അയാൾ രാത്രി കാലങ്ങളിൽ  ലഹരി മരുന്നുകളുടെ ഉൻമാദ തിരകളിൽ ആരതിയെ   ദേഹോപദ്രവം  ഏൽപ്പിക്കുന്നതിലും മറ്റും ആനന്ദം കണ്ടെത്തുന്ന  ഒരു വന്യമായ കയോട്ടിയായി മാറുകയായിരുന്നു.
 
സംസാരിക്കുമ്പോൾ ഗുസ്താവോ എന്ന കയോട്ടിയുടെ ചെവികൾ വിറക്കുന്ന പോലെ തോന്നി മനോജിന് . "പതിനൊന്നു മണി കഴിഞ്ഞാൽ ബോർഡർ പട്രോളിംങ്ങ് കുറയും  അതിനു ശേഷമാണ്  റിയോ നദിയുടെ കുറുകെ നടന്നു കയറുന്നത് , രണ്ടു പേരടങ്ങുന്ന സംഘമാവുക , മേൽ വസ്ത്രങ്ങൾ  അഴിച്ചു മാറ്റുക , വസ്ത്രങ്ങളുടെ നിറത്തിൽ ബോർഡർ പോലീസ് നമ്മളെ പെട്ടന്ന് കണ്ടു പിടിച്ചേക്കാം , വസ്ത്രങ്ങൾ എനിക്കു തരുക . ഈ സംഘത്തിലെ കുട്ടികളും നിങ്ങളുടെ വസ്ത്രങ്ങളുമായി ഒരു ചങ്ങാടത്തിൽ ഞാൻ അക്കരെ എത്തും ."  ഒരു അമേരിക്കൻ സ്വപനത്തിന്റെ നിഴൽ ഭിത്തിയിൽ ചാരി നിൽക്കുന്ന ഒരു സംഘം ആളുകളോട്  ഗുസ്താവോ സംസാരിച്ചു കൊണ്ടിരുന്നു.
 
"ഈ ഇരുമ്പു വടികൾ കുത്തി പിടിച്ച് അക്കരെ കടക്കുക , ഇന്ന് റിയോ ഗ്രാൻഡെയിൽ നല്ല ഒഴുക്കുണ്ട് .
മനോജ് , താങ്കൾ ഈ പെൺകിടാവിനെ  താങ്കളുടെ ചുമലിൽ  ഏറ്റി കൊണ്ടു പോയാലും; അവർ ഒത്തിരി തളർന്നിരിക്കുന്നു , ചിലപ്പോൾ ഒഴുക്കിൽ തട്ടി വീണു പോയേക്കാം "
 
പൊടുന്നനെ അവിടെ പടർന്ന മിന്നലിന്റെ ഇത്തിരി പ്രകാശത്തിൽ  അർദ്ധനഗ്നയായി തല താഴത്തി നിൽക്കുന്ന അലീസിയായെ  ആദ്യമായി മനോജ് കണ്ടു; കബനി നദിയുടെ തീരത്ത് അവശയായി എത്തി ചേർന്ന ഒരു മാൻ കിടാവിനെ പോലെ !
 
കോളറാഡോ മലനിരകളിൽ നിന്ന് ചൂളം വിളിച്ചിറങ്ങി  വന്ന കാറ്റിലും , തോരാത്ത മഴയിലും ഇരുളിന്റെ മറവിൽ  നഗ്നരായി, മുട്ടിനു മുകളിലോളം വെള്ളത്തിൽ  ഒരു നദി മുറിച്ചു കടക്കുന്ന അഭയാർത്ഥികൾക്കിടയിലൂടെ മനോജും, മനോജിന്റെ  ചുമലിൽ ഇറുകെ പുണർന്ന്  അലീസിയയും സ്വപ്നങ്ങളുടെ ഇരുമ്പ് ദണ്ഡ് കുത്തി  പുതിയ  ഒരു  ജീവിതത്തിലേക്ക് നടന്നു  കൊണ്ടേയിരുന്നു.
ഈഗിൾ പാസ് പാലത്തിന്റെ ചുവട്ടിൽ വച്ച് ഗുസ്താവോ എന്ന കയോട്ടി , വസ്ത്രങ്ങൾ കൈമാറിയപ്പോൾ താഴേയ്ക്ക് വീണ  പേഴ്സിൽ നിന്നും തെറിച്ചു പോയ കടലാസുകൾക്കിടയിൽ   ആരതി മോഹന്റെ ചിത്രം കണ്ട അലീസിയ ചോദിച്ചതാണ് " യുവർ ഗേൾ ഫ്രണ്ട്"
 
മഴ പെയ്തൊഴിഞ്ഞ ഇരുൾ മൂടിയ തണുത്തുറഞ്ഞ  സായാഹ്നത്തിലാണ്  പോലീസ് ജീപ്പുകളും ഫയർഫോർസ് വാഹനങ്ങളും തൊട്ടടുത്ത വലിയ പട്ടണമായ സാൻ മാർക്കോസിൽ നിന്നും ഒപ്പിഡൈക്കയിലേക്ക്  സൈറൺ മുഴക്കി എത്തിയത് .
 
ഒരില പോലും അനങ്ങാതെ , ഒരു ചിറകടിയൊച്ച പോലുമുയരാതെ നിശബ്ദമായിരുന്നു അന്ന് ഒപ്പിഡൈക്ക .
രണ്ടു ദിവസമായിട്ടും ജോലിക്കു വരാതിരുന്ന ഡോ. സാജനെ അന്വേഷിച്ചു പോയവരാണ് പോലീസിനെ വിവരമറിയിച്ചത്.
" വാതിൽ പടികളിൽ രക്തം തളം കെട്ടി കിടക്കുന്നുണ്ട് സർ" തള്ളി തുറന്ന വാതിലനപ്പുറം  സാജൻ    ജേക്കബ് വെടിയേറ്റു മരിച്ചു കിടക്കുന്നതാണ് പോലീസ് കണ്ടത് .
"ബേസ്മെന്റ് വാതിൽ ഒരു ഭാരമുള്ള മേശ കൊണ്ട് മറച്ചിരിക്കയാണ് സർ "
ബേസ്മെന്റിൽ മനുഷ്യ ഗന്ധം തിരച്ചറിഞ്ഞ പോലീസ് നായ നിറുത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. മേശ മാറ്റി പുറത്തു നിന്നും താഴിട്ടു പൂട്ടിയ വാതിൽ കുത്തി തുറന്ന പോലീസുകാർ കണ്ടത്  പാതി ജീവൻ മാത്രമായി  ബോധമറ്റു കിടക്കുന്ന ആരതിയെയാണ് .
 
ആരതിയുടെ കൈകളിൽ  സിഗരറ്റു കൊണ്ട് കുത്തിയ പൊള്ളലേറ്റ  പാടുകൾ , മുഖത്ത് ക്ഷതങ്ങൾ ഒക്കെ ഉണ്ടായിരുന്നതായി പിന്നീട് റിപ്പോർട്ടുകൾ വന്നു . ഡോ. സാജൻ ജേക്കബിന്റെ  കൊലപാതകത്തിന് കാരണം മോഷണമാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു. ആരതി മോഹന്റെ ഒട്ടേറെ സ്വർണ്ണാഭരങ്ങളും വില പിടിപ്പുള്ള വസ്തുക്കളും  ആ വീട്ടിൽ നിന്നു ആ രാത്രി മോഷ്ടിക്കപ്പെട്ടിരുന്നു.
 
"അലീസിയാ , നിന്റെ  ഗ്രീൻ കാർഡ് അപേക്ഷയിൽ നിനക്കിവിടെ സ്ഥിര താമസത്തിന് അംഗീകാരം കിട്ടിയാൽ നീ എന്നെ പിരിഞ്ഞു പോകുമോ " ഒരു പൂർണ ചന്ദ്ര രാത്രിയിൽ ചായ്പ്പിലെ  ചാരു കസേരിയിലിരിക്കായിരുന്നു ഞങ്ങൾ.
 
നിറ നിലാവ്  ഉദിച്ചുയർന്ന രാത്രിയായിരിന്നിട്ടും അന്ന്  ഒപ്പിഡൈക്കയിലേക്ക് കൂട്ടമായി കയോട്ടികൾ കടന്നു വന്ന് ഓരിയിട്ടില്ല . കാറ്റിന്റെ താളത്തിലെന്ന പോലെ  എണ്ണ കിണ്ണറുകൾ ചലിച്ചു കൊണ്ടേയിരുന്നു .
"ഇല്ല , മനോജ്  നമ്മൾ അനേകായിരം വർഷങ്ങൾക്കു ശേഷം ഫോസിലായി ഈ ഒപ്പിഡൈക്കയിലെ മണ്ണാഴങ്ങളിൽ എണ്ണയായി മാറുന്നതു വരെ ഞാൻ നിന്നെ പിരിഞ്ഞു പോവില്ല . നമ്മൾ അത്യാധുനിക  റിയോ ഗ്രാൻഡെ നദി തട സംസ്ക്കാര സ്ഥാപകർ"
അലീസിയ പൊട്ടിചിരിക്കയായിരുന്നു .
 
" എന്നാലും പറയൂ അലീസിയ എന്നിൽ നിന്നും മറച്ചു വെച്ചിരിക്കൂന്ന ആ രഹസ്യം എന്താണ് ? ഡോ. സാജന്റെ മരണ ശേഷം നമ്മുടെ കടയിൽ സ്ഥിരം വരുമായിരുന്ന റൊസാരിയോയെ ഞാൻ  അതിനു ശേഷം കണ്ടിട്ടില്ല , എനിക്ക് സംശയങ്ങളുണ്ട് '
അതിനുത്തരം എന്ന പോലെ ഫോണിൽ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കയായിരുന്ന അലീസിയ ഫോൺ സ്ക്രീനിൽ എന്നെ കാണിച്ചത് ആരതി മോഹന്റെ  സിനിമയുടെ പരസ്യമായിരുന്നു. എന്റെ പഴകിയ സിനിമ വാരിക താളിലെ ചിത്രത്തിലെന്ന പോലെ നിറ പുഞ്ചിരിയുമായി നിൽക്കുന്ന ആരതി മോഹന്റെ ചിത്രം .
ആരതി മോഹന്റെ രണ്ടാം വരവ് എന്ന അടികുറിപ്പും.
 
"മനോജ് എന്നോട് ഇനി ഒന്നും നീ ചോദിക്കരുത്  ആരതി അന്ന് ആദ്യമായി നമ്മുടെ കടയിൽ വന്നപ്പോൾ വാക്കുകളിലൂടെയല്ലാതെ  ഞങ്ങൾ  വർത്തമാനം പറയുകയായിരുന്നു,  ക്രുരമായി മർദ്ദനമേൽക്കുന്ന  ദയനീയതയാണ് ഞാനാ കണ്ണുകളിൽ കണ്ടത് .  പീഡിപ്പിക്കപ്പെട്ടവർ  സംവേദിക്കുന്നത്  കണ്ണുകളിലൂടെയാണ്"
 
ഉത്തരമില്ലാത്ത ഒത്തിരി  ചോദ്യങ്ങൾ  എന്റെ മനസ്സിൽ തിരയടിക്കുന്നുണ്ട് . ഡോ.സാജൻ  കൊല്ലപ്പെടുന്നതിന് രണ്ടു ദിവസങ്ങൾക്ക്  മുൻപ് തന്നെ അലീസിയ ബേസ്മെന്റിൽ ബന്ധനസ്ഥയായിരുന്നു . അലീസിയയും ആരതിയും ചേർന്നാവുമോ റോസാരിയോയെ  ദൗത്യം ഏൽപ്പിച്ചത്?
എവിടെ വച്ചാണ് ഇവർ കണ്ടു മുട്ടിയത്? ഒത്തിരി ചോദ്യങ്ങൾ ..?
ഞാൻ   ഇവിടെ എഴുതി നിർത്തുകയാണ്  എന്നെങ്കിലും ആ ഉത്തരങ്ങൾ എന്നെ തേടി വരും .
ഏത്  സാഹചര്യത്തിലും എന്നും കൂടെയുണ്ടായിരുന്നു എന്ന  കാരണം കൊണ്ട് അലീസിയ വീണ്ടും എന്നെ ചേർത്തു പിടിക്കുന്നു . ഒപ്പിഡൈക്കയിലെ എണ്ണ കിണ്ണറുകളുടെ താരാട്ടിന്റെ  ശബ്ദം  സൂക്ഷമമായി ശ്രവിക്കുവാൻ അലീസിയ  പറയുന്നു . ഞാൻ ഉറങ്ങുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ..
 
 
" കഴിഞ്ഞ  പ്രാവശ്യത്തെ അപ്പോയിന്റമെന്റിന് ശേഷം മനോജ് ആത്മഹത്യ പ്രവണത കാണിച്ചിട്ടുണ്ടോ "
" ഇല്ല"
" സ്വയം മുറിപെടുത്തുവാനോ മറ്റുള്ളവരെ മുറിപ്പെടുത്തുവാനോ ശ്രമിച്ചിട്ടുണ്ടോ"
"ഇല്ല"
"ആക്രമ സ്വഭാവം കാണിക്കാറുണ്ടോ "
"ഇല്ല"
 
ഡോക്ടർ സാജൻ ജേക്കബിന്റെ ഭാര്യയും  ഓഫീസ്   നേഴ്സുമായ  ആരതി മോഹന്റെ  ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്  ഡോക്ടർ സാജൻ  പരിശോധനാ മുറിയിലേക്ക് കടന്നു വന്നത് .
"എന്തെങ്കിലും പുതിയ രോഗ ലക്ഷണങ്ങൾ  മനോജ് കാണിക്കുന്നുണ്ടോ "
" ഇപ്പോൾ മനോജ് കഥകൾ എഴുതുകയാണ് , ആ കഥകൾ എല്ലാം യഥാർത്ഥ്യമാണെന്ന പോലെയാണ്  ചിലപ്പോൾ പെരുമാറുന്നത് "
 
" അത്  ഒരു തരം റിപ്രഷന്റെ ലക്ഷണമാണ് സുഖകരമല്ലാത്ത , മനസ്സിനെ ആഘാതമായി മുറിപ്പെടുത്തിയ  അനുഭവങ്ങളെ , ഓർമ്മകളെ, കുറ്റബോധങ്ങളെ ഉപബോധ മനസ്സ് അടിച്ചമർത്തുന്നത്  ഇതു പോലെ ചില ഡിഫൻസ്  മെക്കാനിസത്തിലാണ് . അന്ന് റിയോ നദി കുറുകെ കടക്കുമ്പോൾ അയാളുടെ ഭാര്യ മരിച്ചത് അയാളുടെ മനസ്സ് ഇതു വരെ അംഗീകരിച്ചിട്ടില്ല.  അങ്ങനെയൊരു സംഭവം നടന്നത് ഓർമ്മിക്കുവാൻ അയാളുടെ  മനസ്സ് സമ്മതിക്കുന്നില്ല  അയാൾ പറയുന്നത്  സമ്മതിച്ചു  കൊടുത്തേക്കൂ , ഞാൻ ഒരു സൈക്കോ അനാലിസ്റ്റിന്  റഫർ ചെയ്യാം " ചായ്പ്പിലെ ചാരു കസേരയിലിരുന്ന് ഉറക്കത്തിലേക്ക് തല ചായ്ക്കുന്ന മനോജിന്റെ  മുടിയിഴകളിൽ പതിയെ തഴുകി അന്ന് രാവിലെ നടന്ന ഡോക്ടേർസ് അപ്പോയിൻമെന്റ് ഓർത്തെടുക്കുകയായിരുന്നു  അലീസിയ  .
 
* കയോട്ടി - രണ്ട് അർത്ഥമാണ്
1) നോർത്ത് അമേരിക്കയിൽ കണ്ടു വരുന്ന കുറുക്കൻ , 2) മെക്സിക്കോയിൽ  നിന്നും നിയമവിരുദ്ധമായി അമേരിക്കൻ അതിർത്തി കടക്കുവാൻ സഹായിക്കുന്നവരെ കയോട്ടികൾ എന്നു വിളിക്കുന്നു
-----------------------------
 
അനീഷ് ചാക്കോ 
ടെക്ക്സാസിലെ  ലബ്ബക്കിൽ അക്യുട്ട്  കെയർ ഫിസിക്കൽ  തെറപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു . കുടുംബ സമേതം  പതിമൂന്ന് വർഷമായി  ലബ്ബക്കിൽ താമസിക്കുന്നു
നാട് -സുൽത്താൻ ബത്തേരി
ഇ-മലയാളി, മനോരമ ഓൺലൈൻ, കലാ കൗമദി പ്ലസ് , കേരളാ കൗമദി തുടങ്ങിയ പ്രസിദ്ധികരണങ്ങളിൽ കഥകൾ വന്നിട്ടുണ്ട്
Join WhatsApp News
Viji Malayil 2021-06-13 14:28:03
ട്വിസ്റ്റുകൾ നിറച്ചുകൊണ്ട് എഴുത്തുകാരൻ, രണ്ട് സ്ത്രീകളുടെ ജീവിതബദ്ധപ്പാടുകളെ അതി സുന്ദരമായി, മനോനില തെറ്റിയ മനോജ്‌ എന്ന വ്യക്തിയുടെ ഉപബോധമനസിലൂടെ കഥ പറഞ്ഞിരിക്കുന്നു... നന്നായി എഴുതിയിരിക്കുന്നു അനീഷ്.. ഇനിയും എഴുതുക, പ്രതീക്ഷകൾക്ക് അതീതമായി!
Jaison P Mathew 2021-06-13 15:10:35
Nice story
Jino Joseph 2021-06-13 15:12:33
Well written, nice presentation. Well done anish
Anith 2021-06-13 15:46:22
Good one keep writing
Yashin 2021-06-13 16:33:28
Well done Anish
Rajesh S 2021-06-13 16:42:14
Very creative. A complicated long story in a short version. Write more.
ജോസഫ് എബ്രഹാം 2021-06-13 16:57:41
നാടും മെക്സിക്കോയും അമേരിക്കയും എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു വിഭ്രമ മനസിന്റെ കഥ നന്നായി പറഞ്ഞിരിക്കുന്നു.കഥയുടെ പ്രമേയവും ആഖ്യാനവും നന്നായി 10/10 മാർക്ക് നൽകുന്നു
Roby James 2021-06-13 18:33:57
Well done Anish, keep writing
Leena 2021-06-13 22:48:39
Very well written! Great plot & nice twist too.
Mithun 2021-06-14 00:35:36
നല്ലൊരു ത്രെഡ് വളരെ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു. visualise ചെയ്യാൻ പാകത്തിനള്ള geographical detailing..
Satheesan 2021-06-14 15:31:58
അനീഷ് ജി യുടെ മറ്റൊരു സൂപ്പര്‍ കഥ. അപ്രതീക്ഷിതമായ ട്വിസ്റ്റ് കഥയുടെ മാറ്റു കൂട്ടുന്നു.
Muralidharan C T 2021-06-14 15:50:49
നല്ല എഴുത്ത്. മനോഹരമായ രേഖാചിത്രങ്ങൾ. ഋതുവും പ്രകൃതിയും നിലാവും കുറുനരികളും കാറ്റും എന്തിന് കാറ്റാടി യന്ത്രങ്ങളും, എണ്ണക്കിണറുകൾ പോലും ഓജസ്സുറ്റ കഥാപാത്രങ്ങൾ. വയനാടൻ ചുരമിറക്കി അനുവാചകരെ മെക്സിക്കൻ അണ്ടർ വേൾഡിൻ്റെ രുചി അറിയിച്ച് മനുഷ്യക്കടത്തിലൂടെ റിയോ നദി താണ്ടി സ്വപ്നഭൂമിയായ അമേരിക്കയിലെത്തിച്ചു. പക്ഷേ, അലീസിയയുടെ അതിജീവനത്തിൻ്റെ കരുത്തും, മനോജിൻ്റെ യാഥാർത്ഥ്യങ്ങളോടേറ്റ് പാളം തെറ്റിയ മനസ്സും ചെറു പട്ടണത്തിലെ റസ്റ്ററൻ്റിലെ കഠിന ജീവിതവും തുടർന്ന് മതിഭ്രമത്തിൻ്റെ കാണാപ്പുറങ്ങളിലേക്കുള്ള ഒരു കിളിവാതിൽ ദൃശ്യവും. പല തലങ്ങളിലൂടെ അനായാസം തെന്നി നീങ്ങുന്നു എന്ന് തോന്നിപ്പിക്കുന്നെങ്കിലും സൂക്ഷ്മദൃഷ്ടിയുടെ നിരീക്ഷണ വൈദഗ്ദ്ധ്യം ഒളിമിന്നുന്നുണ്ട്. കുറച്ചുകൂടി മനസ്സിരുത്തിയിരുന്നെങ്കിൽ ഒരുത്തമ സൃഷ്ട്ടിക്കുള്ള കാമ്പുണ്ട്. ആശംസകൾ.
SREEJITH KARIAT 2021-06-14 17:20:36
കിടിലൻ ട്വിസ്റ്റർ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന പല കഥാപാത്രങ്ങളുടെ രൂപകൽപനയ്ക്ക് തെളിച്ചക്കുറവുണ്ടല്ലോ എന്ന് വായനയിലുടനീളം കരുതിയപ്പോൾ അവസാനത്തെ തിരിവിനപ്പുറം നിങ്ങളീ കണ്ടതും കേട്ടതുമൊന്നും ഈ കഥയായിരുന്നില്ല എന്ന് പറഞ്ഞ് വായനക്കാരനെ സമർത്ഥമായി കബളിപ്പിച്ചു കഥാകാരൻ. മികവുറ്റ കഥാനിർമ്മാണം❤️ അഭിനന്ദനങ്ങൾ!
ജോസഫ് നമ്പിമഠം 2021-06-15 07:24:43
അമേരിക്കൻ ജീവിതം പശ്ചാത്തലമാക്കി, മണ്ണിന്റെ മണവും, വൈവിദ്യമാർന്ന വിഷയങ്ങളും, നൂതന സാങ്കേതിക രചനാ രീതികളും, നൂതന ഭാഷാ പ്രയോഗങ്ങളും, വ്യത്യസ്ഥമായ കഥാപാത്രങ്ങളുമുള്ള, കഥകൾ രചിക്കുന്ന ശ്രദ്ധേയരായ രണ്ടു യുവ കഥാകൃത്തുക്കളാണ് ശ്രീ അനീഷ് ചാക്കോയും ശ്രീ ജോസഫ് അബ്രാഹവും. ഇവരെ പോലെ ഉള്ള എഴുത്തുകാരിലൂടെയാണ് അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചയും ഭാവിയും ലോകത്തിന്റെ ശ്രദ്ധയിൽ വരാൻ പോകുന്നത്. അനീഷിന്റെ ഈ കഥയും, രചനാരീതിയും, കഥയുടെ തട്ടകവും, ഭാഷയും, ബിംബങ്ങളും ഒക്കെ വളരെ ഇഷ്ട്ടം. അഭിനന്ദനങ്ങൾ ആശംസകൾ. മികച്ച ഒട്ടേറെ കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
Muralidharan C T 2021-06-15 07:37:40
മാർക്കിടാൻ മറന്നു. 9/10. 🙏🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക