Image

ഭീഷണിയായി ഡെല്‍റ്റാ പ്ലസ് ; മരണ നിരക്കില്‍ ആശങ്ക

ജോബിന്‍സ് തോമസ് Published on 14 June, 2021
ഭീഷണിയായി ഡെല്‍റ്റാ പ്ലസ് ; മരണ നിരക്കില്‍ ആശങ്ക
കൊറോണയുടെ ഇന്ത്യയിലെ വകഭേദമായ ഡെല്‍റ്റയ്ക്ക് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ . ഡെല്‍റ്റാ പ്ലസ് എന്നാണ് പുതിയ വൈറസിന് പേര് നല്‍കിയിരിക്കുന്നത്. തീവ്രവ്യാപനശേഷിയാണ് ഡെല്‍റ്റ പ്ലസിനുള്ളതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. 

കോവിഡ് രണ്ടാം തരംഗത്തില്‍ പുതിയ രോഗബാധിതരുടെ കണക്കുകള്‍ ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണെങ്കിലും പുറത്തു വരുന്ന മരണങ്ങളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് മരണക്കണക്കുകള്‍. 

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രാജ്യത്തെ മരണ സംഖ്യ ഇരട്ടിയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 1.64 ലക്ഷത്തില്‍ നിന്നും 3.73 ലക്ഷത്തിലേയ്ക്കാണ് ഈ കാലയളവില്‍ മരണസംഖ്യ എത്തി നില്‍ക്കുന്നത്. ഉത്തരാഖണ്ഡ് ആസം, ഗോവ, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെയുണ്ടായിരുന്നതില്‍ 70 % മരണവും കഴിഞ്ഞ ആറാഴ്ചയ്ക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ ചില സംസ്ഥാനങ്ങളില്‍ മരണസംഖ്യ നാല് മടങ്ങോളം വരെ ഉയര്‍ന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും രണ്ട് മടങ്ങോളം മരണസംഖ്യ ഉയര്‍ന്നു. പശ്ചിമബംഗാല്‍, ആന്ധ്രാപ്രദേശ് , ഒഡീഷാ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് മരണസംഖ്യ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. 

രണ്ടാം തരംഗത്തിന്റെ വ്യാപനം കുറയുമ്പോളും മരണനിരക്കിലെ ഈ ഉയര്‍ച്ച ആരോഗ്യവിദഗ്ദരും ഏറെ ആശങ്കയോടെയാണ് കാണുന്നത്. പരമാവധി ആളുകളിലേയ്ക്ക് വാക്‌സിന്‍ എത്തിക്കുക എന്നത് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനും മൂന്നാം തരംഗത്തില്‍ നിന്നും രക്ഷപെടാനുമുള്ള വഴിയെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക