Image

നീതീഷിന്റെ പ്രതികാരം ; ഏകനായി ചിരാഗ്

ജോബിന്‍സ് തോമസ് Published on 14 June, 2021
നീതീഷിന്റെ പ്രതികാരം ; ഏകനായി ചിരാഗ്
അന്തരിച്ച ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള നിതീഷ് കുമാറിന്റെ നീക്കങ്ങള്‍
ഫലം കാണുന്നു. ഒറ്റ രാത്രികൊണ്ട്  ചിരാഗിനൊപ്പം നിന്ന അഞ്ച് എംപിമാരെയാണ് നിതീഷ് മറുകണ്ടം ചാടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിരാഗിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് നിതീഷും ചിരാഗും തമ്മില്‍ ഇടയുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിരാഗിന്റെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് നിതീഷിന് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും പ്രതിപക്ഷമായ ആര്‍ജെഡിക്കും പിന്നില്‍ മൂന്നാമതായിട്ടായിരുന്നു നിതീഷിന്റെ ജെഡിയുവിന്റെ സ്ഥാനം. 

രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതികുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ കലാപം നടന്നത്. . പ്രിന്‍സ് രാജ്, ചന്ദന്‍സിംഗ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ എംപിമാരാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ പ്രിന്‍സ് രാജും ചിരാഗ് പാസ്വാന്റെ ബന്ധുവാണ്.

ചിരാഗിന്റെ ശൈലിയോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് തന്നെ കടുത്ത എതിര്‍പ്പാണുള്ളത് . പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചിരാഗിന്റെ ധാര്‍ഷ്ട്യമാണെന്നാണ് ഇവരുടെ ആരോപണം. മുമ്പ് പാര്‍ട്ടിയിലെ ഏക എംഎല്‍എ പാര്‍ട്ടി വിട്ടപ്പോള്‍ പോലും വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ചിരാഗ് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. 

അഞ്ച് എംപിമാര്‍ പാര്‍ട്ടി വിട്ടതോടെ ഇപ്പോള്‍ എല്‍ജെപിയുടെ ഏക എംപിയായി മാറിയിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. രാംവിലാസ് പാസ്വാന്റെ മരണശേഷം ചിരാഗ് നേതൃസ്ഥാനമേറ്റെയുത്തതോടെ കനത്ത തിരിച്ചടികളാണ് പാര്‍ട്ടി നേരിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക