Image

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

Published on 14 June, 2021
ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ  നഴ്സസ് ഫോറം  അരൂരിൽ  പഠനോപകരണങ്ങൾ എത്തിക്കും
അരൂർ എം എൽ എ ദലീമ ജോജോയുടെ അഭ്യർത്ഥന മാനിച്ച് മണ്ഡലത്തിലെ  നിർധന കുടുംബങ്ങളിലെ  കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനു   നൂറോളം സ്മാർട്ട് ഫോണുകൾ നൽകാൻ ഫോമ  നഴ്സസ് ഫോറം  തീരുമാനിച്ചു. കാഴ്ചക്കുറവ് പോലുള്ള പ്രശ്നങ്ങൾ അലട്ടുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവയും നൽകും. 
 
 
കക്ഷിരാഷ്ട്രീയത്തിന്റെ മേലങ്കി അണിയാതെ സമൂഹ നന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള എം എൽ എ- യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായഹസ്തവുമായി ഒപ്പം കാണുമെന്ന് ഫോമാ ഭാരവാഹികൾ പറഞ്ഞു. 
 
മത്സ്യബന്ധനം ഉപജീവനമാക്കുന്ന ഗ്രാമീണർ ഏറെയുള്ള അരൂർ മണ്ഡലം, പ്രളയകാലത്ത് ചെയ്ത നന്മകൾക്കുള്ള  പ്രത്യുപകാരം കൂടിയായാണ്  ഇതെന്നും  സ്വന്തം ജീവൻ പോലും പണയം വച്ച് കേരളക്കരയെ രക്ഷിച്ചവരോട്  തീരാത്ത കടപ്പാടുണ്ടെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് വ്യക്തമാക്കി.
 
 
ജനറൽ  സെക്രട്ടറി ടി. ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവരും സംസാരിച്ചു.
ട്രഷറർ തോമസ് ടി ഉമ്മൻ സ്വാഗത പ്രസംഗം നടത്തി. 
 
നഴ്‌സസ് ഫോറം ചെയർപേഴ്സൺ ഡോ . മിനി മാത്യു , വൈസ് ചെയർപേഴ്സൺ ഡോ .റോസ്മേരി കോലഞ്ചേരി , സെക്രട്ടറി എലിസബത്ത് സുനിൽ സാം , ഡോ .ഷൈല റോഷിൻ, ബിജു ആന്റണി എന്നിവർ   \നേതൃത്വം നൽകി. 
 
നിയമസഭയിലെ കന്നിപ്രസംഗം ഗാനാലാപനത്തോടെ തുടങ്ങുകയും  ഭരണപക്ഷത്തിന്റെയും  പ്രതിപക്ഷത്തിന്റെയും മനസ്സു കവർന്നുകൊണ്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത  ഗായികയായ എം എൽ എ -യുടെ ആർദ്രമായ ഹൃദയം തൊട്ടറിയുന്നതിനുള്ള വേദി കൂടിയായിരുന്നു ഫോമാ ജൂൺ 13 ന് നടത്തിയ സൂം മീറ്റ്. 
 
 
വിദ്യാർത്ഥികൾക്ക്  ഓൺലൈൻ  പഠനത്തിന് ഇലക്ട്രോണിക് ഉപകരണങ്ങൾ കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ എല്ലാ കുടുംബങ്ങൾക്കും വാങ്ങാൻ കഴിയില്ലെന്നും ഉദാരമായ സംഭാവനയും സഹായവും ആവശ്യമാണെന്നും അമേരിക്കൻ മലയാളികളെ ബോധവൽക്കരിക്കാൻ കൂടിയാണ് എം എൽ എ യുടെ നേതൃത്വത്തിൽ സൂം മീറ്റ് സംഘടിപ്പിച്ചത്. പങ്കെടുത്തവർ എല്ലാം തന്നെ ആ നന്മ ഉൾക്കൊണ്ട്, സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു കഴിഞ്ഞു. കൂടാതെ, അവരവരുടെ സ്റ്റേറ്റിലെ മറ്റു കൂട്ടായ്മകളിൽ ഈ വിഷയത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചുകൊണ്ട് കഴിയാവുന്ന രീതിയിൽ ധനസമാഹരണം നടത്താമെന്നും ഉറപ്പ് നൽകി.
 
ആലപ്പുഴ ജില്ലാ പഞ്ചായത്ത്   വൈസ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ദലീമ, നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത് താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം നേടിക്കൊണ്ടാണ്. കലാകാരി ആയതുകൊണ്ടും മറ്റുള്ളവരെ സഹായിക്കുന്ന മാതാപിതാക്കളെ കണ്ടു വളർന്നതു കൊണ്ടും ഏതൊരുവന്റെ ദുഃഖത്തിലും തന്റെ കരളലിയുമെന്നും, ഒരു നിയോഗം പോലെ ദൈവം രാഷ്ട്രീയത്തിലേക്ക് തന്നെ എത്തിച്ചത് അനേകരുടെ കണ്ണീരൊപ്പാൻ വേണ്ടി ആണെന്ന് വിശ്വസിക്കുന്നതായും ദലീമ പറഞ്ഞു. പള്ളിയിലായാലും ക്ഷേത്രത്തിലായാലും പ്രാർത്ഥിക്കുവാൻ ഒരു വിമടിയുമില്ല. ഇംഗ്ലണ്ടിൽ പോയപ്പോൾ ബൈബിൾ നെഞ്ചിൽ വച്ചാണ് ഉറങ്ങിയത്. അത്തരം വിശ്വാസപൂര്ണമായ ജീവിതമാണ് മാതാപിതാക്കൾ പഠിപ്പിച്ചത്.
 
 
അരൂർ മണ്ഡലത്തിൽ 60 ഗവണ്മെന്റ് സ്കൂളുകളാണുള്ളത്. ഓരോ സ്‌കൂളിലും നിന്നും ഏറ്റവും അർഹരായ 15 വിദ്യാർഥികളിലേക്ക് സഹായം എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ് ടൂ എന്നിങ്ങനെ പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയും അനാഥരായ കുട്ടികൾ, സ്വന്തമായി വീടില്ലാത്തവർ, വൈകല്യങ്ങളുള്ള മാതാപിതാക്കളുടെ മക്കൾ എന്നിവരെയും  ആദ്യം പരിഗണിക്കും. സഹായം അഭ്യർത്ഥിച്ച് മുന്നൂറോളം വിളികൾ എത്തിയിട്ടുണ്ടെന്നും  നൂറ് പേരെ എങ്കിലും സഹായിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ദലീമ ജോജോ വിശദീകരിച്ചു.
 
കാലങ്ങളായി ഫോമാ കേരളത്തിന് ചെയ്തുതരുന്ന എല്ലാ സഹായങ്ങൾക്കും ദൈവം ഓരോ അംഗങ്ങളെയും അനുഗ്രഹിക്കുമെന്നും അവർ ആശംസിച്ചു. കോടിക്കണക്കിന് രൂപയുടെ വൈദ്യോപകരണങ്ങൾ കേരളത്തിൽ എത്തിച്ച ഫോമയ്‌ക്ക്, 100 ഫോൺ നൽകാമോ എന്ന അഭ്യർത്ഥന നിസ്സാരമായി തോന്നിയിരിക്കാമെങ്കിലും സഹായത്തിന് വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസം താൻ കാണുന്നില്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു. 
 
ഈ ഇലക്ട്രോണിക് ഉപകരണം വീട്ടിലെത്തുന്നതോടെ പഠനം എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ഓരോ കുട്ടിയുടെയും പ്രാർത്ഥന ഫോമയ്‌ക്കുണ്ടാകുമെന്ന് പറഞ്ഞ ദലീമ, കുറഞ്ഞ നാളുകൾ കൊണ്ട് സംഘടനയിലെ ഒരംഗത്തെ പോലെ തന്നെ കാണുന്നതിനുള്ള നന്ദി അറിയിച്ചു. ഫോമാ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ശ്രുതിസുന്ദരമായ ഗാനങ്ങൾ ആലപിക്കാനും എം എൽ എ തയ്യാറായി.
 
സമ്മേളനവേളയിൽ വച്ച് തന്നെ പലരും സഹായത്തുകയുമായി എത്തിയതും പുതുമയായി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക