Image

പുറത്താക്കിയെന്നത് വ്യാജപ്രചാരണം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

Published on 14 June, 2021
പുറത്താക്കിയെന്നത് വ്യാജപ്രചാരണം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കല്‍പ്പറ്റ: പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീല്‍ ഇതുവരെ നല്‍കിയിട്ടില്ല. താന്‍ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കില്‍ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു.  

2021 മാര്‍ച്ചിലാണ് വത്തിക്കാനില്‍ അപ്പീലിന് അപേക്ഷ കൊടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ കോടതി പിന്നീട് അടച്ചിട്ടു. ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തില്‍ മെയ് 27, 2020 എന്നാണുള്ളത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീല്‍ അപ്പീലിന് കേസ് സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുന്‍പ് തയ്യാറാക്കിവെച്ച കത്താണ് അതെന്ന് വ്യക്തമാണ്.

 വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് താനുള്‍പ്പെടുന്ന സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നത്. എഫ്സിസി സുപ്പീരിയര്‍ ആന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഒരാഴ്ചയ്ക്കകം മുറി ഒഴിയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും തനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദര്‍ശനം പഠിപ്പിക്കുന്ന അധികാരികള്‍ വളരെ മോശം രീതിയിലാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നത്.  

തനിക്ക് വത്തിക്കാനില്‍ നിന്ന് കത്തു വന്ന കവറിന് പുറത്തെ സ്റ്റാമ്പുകള്‍ നീക്കം ചെയ്ത് പുതിയ സ്റ്റാമ്പുകള്‍ പതിപ്പിച്ചതായി വ്യക്തമാണ്. ഒരു വര്‍ഷം മുന്‍പ് വന്ന കത്ത് ഇപ്പോള്‍ വ്യാജമായി പ്രചരിപ്പിക്കുകയാണ്. അത് വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക