Image

കൊച്ചുമ്മൻ ടി. ജേക്കബിന്റെ ഓർമ്മകൾക്കു ബാഷ്‌പാഞ്‌ജലി അർപ്പിച്ച് സുഹൃത്തുക്കളുടെ വൻനിര

Published on 15 June, 2021
കൊച്ചുമ്മൻ ടി. ജേക്കബിന്റെ ഓർമ്മകൾക്കു ബാഷ്‌പാഞ്‌ജലി അർപ്പിച്ച്  സുഹൃത്തുക്കളുടെ വൻനിര
ന്യു യോർക്ക്: ഫൊക്കാനയുടെ സമുന്നത നേതാവും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന കൊച്ചുമ്മൻ ടി. ജേക്കബിന്റെ വിയോഗത്തിൽ അനുശോചിക്കാൻ സൂമിൽ നടത്തിയ യോഗത്തിൽ രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുമായി 200-ൽ പരം പേർ പങ്കെടുത്തു.

ഫൊക്കാനയിൽ  ഔദ്യോഗിക സ്ഥാനമൊന്നും വഹിക്കാതെ പിന്നണിയിൽ നിന്ന്  എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്ത കൊച്ചുമ്മന്റെ നിസ്വാർത്ഥ സേവനത്തിന് ലഭിച്ച അംഗീകാരമായി ഈ ജന പങ്കാളിത്തം. സാർത്ഥകമായ ഒരു ജീവിതയാത്രയുടെ നഖചിത്രം പ്രാസംഗികർ എടുത്ത് കാട്ടുകയും ചെയ്തു. സംസാരിച്ച ഡസൻ കണക്കിനാളുകൾ അദ്ദേഹത്തിന്റെ സവിശേഷമായ പ്രവർത്തനങ്ങളും ആശയങ്ങളും വിവരിച്ചു.

വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെയും യോജിപ്പിച്ച് നിർത്താനുള്ള് അദ്ദേഹത്തിന്റെ അപാരമായ സിദ്ധിയും പലരും ചൂണ്ടിക്കാട്ടി. അദ്ദേഹവുമായുള്ള വ്യക്തിബന്ധം അനുസ്മരിക്കേ പലരും ഗദ്ഗദകണ്ഠരായി.

വേർപിരിഞ്ഞ ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു ഈ സമ്മേളനമെന്നു നിസംശയം പറയാം.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ ഫൊക്കാന മുൻ എക്സിക്യൂട്ടിവ്‌ വൈസ് പ്രസിഡന്റും അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന ജോയി ഇട്ടൻ  ആയിരുന്നു എം.സി. പ്രസിഡന്റ് ഗണേഷ്  നായർ, സെക്രട്ടറി ടെറൻസൻ  തോമസ്, മുൻ പ്രസിഡന്റും ഫൊക്കാന മുൻ എക്സി. വൈസ് പ്രസിഡന്റുമായിരുന്ന ശ്രീകുമാർ ഉണ്ണിത്താൻ  എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഫാ. ഡോ. ജോർജ് കോശി, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള എന്നിവരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ഫൊക്കാന നേതാവ് സുധാ കർത്താ, തോമസ് കോശി, ജെ. മാത്യു, കെ.ജി ജനാർദ്ദനൻ , ബി. ഉണ്ണികൃഷ്ണൻ, വിനോദ് കെയാര്കെ, ലീല മാരേട്ട്, ഡോ. ആനി പോൾ, ജോസ് കാടാപ്പുറം ജോർജ് പാടിയേടത്ത്, കെ.ജെ. ഗ്രിഗറി, ആന്റോ വർക്കി തുടങ്ങിയവർ സംസാരിച്ചു. 

ഫാ. ഡോ. രാജു വർഗീസ്, നാട്ടിൽ നിന്ന് ഫാ. ജോസഫ് ജോർജ്, ഫാ. മാത്യു തോമസ്, എന്നീ വൈദികരും കൊച്ചുമ്മന്റെ സേവനങ്ങൾ വിവരിച്ചു. തന്റെ ഇടവകയിലെ നെടുംതൂണാണ് നഷ്ട്ടപ്പെട്ടതെന്ന് ജോർജ് കോശി അച്ഛൻ പറഞ്ഞു.

സി.പി.എം. കൊട്ടാരക്കര ഏറിയ സെക്രട്ടറി അഡ്വ. പി.കെ. ജോൺസൺ, കൊല്ലം ഡി.സിസി. അംഗം വേണു പിള്ള, ഗൾഫിൽ നിന്ന് കാരുണ്യ ചാരിറ്റിയുടെ ഷാഹീദാ റഷീദ് തുടങ്ങിവരും കൊച്ചുമ്മന്റെ പ്രവർത്തനങ്ങളും  അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ വിടവും ചൂണ്ടിക്കാട്ടി.  നിശബ്ദമായി കൊച്ചുമ്മൻ ചാരിറ്റി രംഗത്തിനു നൽകിയ വിലപ്പെട്ട സേവനങ്ങൾ ഷാഹീദാ റഷീദ് അനുസ്മരിച്ചു.

കൊച്ചുമ്മന്റെ സഹോദരൻ മാത്തുക്കുട്ടി ജേക്കബ് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളായ പ്രകാശ് മാത്യു, ഗീവർഗീസ് തങ്കച്ചൻ എന്നിവരും സംസാരിച്ചു.
കൊച്ചുമ്മൻ ടി. ജേക്കബിന്റെ ഓർമ്മകൾക്കു ബാഷ്‌പാഞ്‌ജലി അർപ്പിച്ച്  സുഹൃത്തുക്കളുടെ വൻനിര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക