പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

Published on 15 June, 2021
പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരി മൂലം കുവൈറ്റിലേക്ക് മടങ്ങി വരാനാവാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. നിരവധി പ്രവാസികളാണ് ഒന്നരവര്‍ഷത്തിലേറെയായി തിരികെ വരാനാകാത്ത സംസ്ഥാനത്ത് പ്രതിസന്ധിയില്‍ കഴിയുന്നത്.

നിലവില്‍ പ്രവാസികള്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും, നിലവില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കും കുവൈറ്റ് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. രണ്ട് വാക്‌സിനും സ്വീകരിച്ച ശേഷമാണ് സംസ്ഥാനത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നിരിക്കെ, കുവൈറ്റ് സര്‍ക്കാര്‍ രണ്ട് വാക്‌സിനേഷനുകളുടെയും വാകസിനേഷന്‍ തീയതികളും ബാച്ച് നമ്പറും നല്‍കാന്‍ ആവശ്യപ്പെടുന്നതായി സര്‍ക്കാര്‍ നല്‍കിയ കത്തില്‍ പറയുന്നു.

അതോടൊപ്പം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കോവിഷീല്‍ഡ് എന്നും അസ്ട്രസെനക്ക എന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്‌പോഴും കുവൈറ്റ് ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര സഹായം ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം നാട്ടില്‍ കുടുങ്ങിപ്പെയ പ്രവാസികളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശനം അനുവദിക്കാന്‍ കുവൈറ്റ് സര്‍ക്കാറില്‍ നിന്ന് അനുമതി നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുണ്ടാവണം, ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക