മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

കെ. കെ. വർഗ്ഗീസ് Published on 16 June, 2021
മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി
ഡിട്രോയിറ്റ്: 2006-ൽ ഹ്യൂസ്റ്റണിൽ ആരംഭിച്ച ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ)  ഇന്ന് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തന മികവ് കൊണ്ട് പേരും പെരുമയും ആർജിച്ചു.

ഒരോ  ഭരണ സമിതി വരുമ്പോഴും, പുത്തൻ ആശയങ്ങളും അഭിപ്രായങ്ങളും വഴി സംഘടനയ്ക്കു പുതു ദിശ നൽകാനും, കൂടുതൽ സംഘടനകളെ ആകർഷിക്കാൻ കഴിയുന്നു എന്നുള്ളതാണ്, ഫോമായുടെ വിജയ രഹസ്യം.

ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ  ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാർത്ഥ്യം നൽകുന്നതാണ്.

2014-16 കാലത്ത്  ഫോമയുടെ ദേശീയ സമിതിയംഗം, 2016-18 ജോയിൻ്റ് സെക്രട്ടറി, രണ്ടു പ്രാവശ്യം ന്യൂസ് ടീം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച വിനോദ് കൊണ്ടൂർ, 2022-24 കാലഘട്ടത്തിലെ ജനറൽ സെക്രട്ടറിയായി, മാതൃ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ്റെ പിന്തുണയോടെ മത്സര രംഗത്തേക്ക് വരികയാണ്.

2016-18-ൽ ഫോമായെ സമൂഹ മാധ്യമങ്ങളിൽ വേരുറപ്പിക്കാനും ഫോമായെക്കുറിച്ചുള്ള വാർത്തകൾ എഴുതി, ലോക മലയാളികളിലേക്ക് എത്തിക്കുവാനും വിനോദിന് അവസരം ലഭിച്ചു.

ഈ കഴിഞ്ഞ കാലങ്ങളിൽ യുവജനതയെ  മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി പ്രവർത്തിച്ച ഫോമാ, ഇനി പ്രായഭേദമെന്യേ, മേഖലാ - രാജ്യ വിത്യാസങ്ങളില്ലാതെ എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ട് ഒരു നോർത്ത് അമേരിക്കൻ മലയാളി കുടുംബ സംഘടനയായി ഉയർത്തപ്പെടണം.

ഒട്ടനവധി ത്യാഗങ്ങൾ സഹിച്ചു ഫോമയെ ഈ നിലയിൽ എത്തിച്ച പലരും ഇന്ന് പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട്.

ഭിന്നതയല്ല മറിച്ച് ഒരുമയും  സ്നേഹവുമാണ് ഈ ഫോമാ കുടുംബത്തെ നയിക്കേണ്ടത്- വിനോദ് കൊണ്ടൂർ അഭിപ്രായപ്പെട്ടു.

ഫോമായുടെ തുടക്കം മുതൽ ഫോമാ നേതൃത്വം നമ്മുടെ സമൂഹത്തിനായി ഒട്ടനവധി സംഭാവനകൾ ചെയ്തിട്ടുണ്ട് . 2006-ൽ ഫോമായുടെ പ്രഥമ പ്രസിഡൻ്റ് ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തിൽ വന്ന ആറൻമുള വിമാനത്താവളം എന്ന ആശയം, ഇന്ന് വൻ ആഘോഷത്തോടെ പ്രാവർത്തികമാകുകയാണ്.

2008 -10 ജോൺ ടൈറ്റസിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി, ആദ്യമായി ഒരു അമേരിക്കൻ ദേശീയ സംഘടന,  കേരളത്തിൽ വീടുകൾ വച്ചു നൽകി.

2010 - 12-ൽ  ബേബി ഊരാളിലിൻ്റെ നേതൃത്വത്തിൽ വന്ന ഭരണ സമിതി, നാട്ടിലേയും അമേരിക്കൻ ഐക്യനാടുകളിലേയും യുവതലമുറയെ യോജിപ്പിക്കുന്നതിനായി ബ്രിഡ്ജിംഗ് മൈൻഡ്സ് എന്ന ആശയം കൊണ്ടു വന്നു.

2012-14-ൽ, ജോർജ് മാത്യൂ ഭരണസമിതി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായ് ചേർന്നു  ഉണ്ടാക്കിയ കരാറിൽ , അമേരിക്കൻ മലയാളികളുടെ നട്ടെല്ലായ നേഴ്സിംഗ് പ്രഫഷണൽസിന് ഉപരി പഠനത്തിന് ഫീസിനത്തിൽ വൻ ഡിസ്കൗണ്ട് നേടി കൊടുത്തു.

2014-16- ൽ ആനന്ദൻ നിരവേലിൻ്റെ ഭരണ സമിതിയുടെ കാലഘട്ടത്തിൽ, തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്ററിൽ കുട്ടികളുടെ വിഭാഗം  പണിതു നൽകിയെന്നത് ഫോമയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ്.

2014-18 കാലഘട്ടത്തിൽ ബെന്നി വാച്ചാച്ചിറയുടെയും ടീമിൻ്റെയും നേതൃത്വത്തിൽ  ഓഖി ദുരന്ത നിവാരണത്തിന് സഹായഹസ്തം നീട്ടി, ഒപ്പം ഫോമാ വുമൺസ് ഫോറം എന്ന ഫോമായുടെ പോഷക സംഘടന, ഡോ: സാറാ ഈശോയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ആരംഭിച്ചു.

2018-20-ൽ ഫിലിപ്പ് ചാമത്തലിൻ്റെയും ടീമിൻ്റെയും നേതൃത്വത്തിൽ  പ്രളയ കെടുതിയിൽ മുങ്ങിയ കേരളത്തെ വീടുകൾ വെച്ചു നൽകിയും, ഭക്ഷ്യ കിറ്റുകൾ നൽകിയും കൈ പിടിച്ചുയർത്തി.

നടപ്പു വർഷമായ 2020-22-ൽ അനിയൻ ജോർജും ടീമും ഇതു വരെ കോവിഡു കാലത്തെ നേരിടുന്ന പ്രവർത്തി ശ്ലാഘനീയമായി തുടരുകയാണ്. ഏറ്റവും പ്രശംസനീയം, നോർത്ത് അമേരിക്കയിലേയും, നാട്ടിലേയും രാഷ്ട്രീയത്തിലുള്ളവരേയും, ബസിനസ്സ് രംഗത്ത് ഉള്ളവരേയും, കലാസാംസ്ക്കാരിക രംഗത്ത് ഉള്ളവരേയും സൂം എന്ന സാമൂഹിക മാധ്യമം വഴി ബന്ധിപ്പിക്കാനായി എന്നുള്ളതാണ്.

2022-ൽ നടക്കുന്ന കൺവെൻഷനിൽ നടക്കുന്ന ഇലക്ഷനിൽ ജനറൽ സെക്രട്ടറിയായിട്ടു മത്സരിക്കുന്ന തനിക്ക് പിന്തുണ നൽകണമെന്ന്  വിനോദ്   അഭ്യർത്ഥിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക