സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

Published on 16 June, 2021
സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)
കഥാകാലം കഴിഞ്ഞുവെന്നോതി നീ
ചിറകടിച്ചകലാൻ കാത്തു നിൽക്കുന്നു.
ചിറകുവിരിയ്ക്കാനറിയാത്ത പൈത-
ങ്ങൾക്കായ് മനം നീറി, നോവിൻ്റെ
മിന്നൽപ്പിണറുള്ളിൽ തെളിയുമിരുട്ടി-
ലൊരു താരകത്തെ തിരയുന്നു, ഞാൻ.
ഒരു പുതുനക്ഷത്രമായ് തെളിയുമോ
നീ വീണ്ടുമീ ചേതനയിലെൻ സ്വപ്നമേ!

ചൊല്ലിയകലാം ഞാൻ വേഗം ചൊല്ലാ-
നാവതുള്ളതെല്ലാം, കഥയായ്,
ഈരടിയായ്, നൽക്കാലം വരുത്താൻ,
നൽച്ചിന്തകളുണർത്താൻ, നന്മയയോർമ്മിക്കാൻ.
എൻ ഹൃദയതാളത്തിനൊരു മാത്ര കൂടി നീ
ശ്രുതി ചേർത്തു നിൽക്കുമോ സ്വപ്നമായി?

മിഴിവാർന്ന ചിത്രങ്ങളായിന്നും ജീവൻ്റെ
ശലഭങ്ങൾ പാറുന്നിവിടെ, മൊഴി തേടും
ഹൃദയവുമായ് ശാരികയേറ്റു പാടാൻ കാത്തു
നിൽക്കുന്നു, അകക്കാമ്പിൻ കനിവൂറും,
പുതുനാമ്പുകൾ തേടും വർഷത്തിൻ പദസ്വനം                                        
കാലവും ചാരെയായ് കാതോർക്കുന്നു.
ഈ സന്ധ്യയിലുമൊരു പുതുജീവനുണരുന്നു,
ഹൃദയസ്വരമേറ്റു കേൾക്കാത്ത ഗീതമായ് നിറയാൻ;
തുടിയ്ക്കുന്നൊരു ധ്രുവനക്ഷത്ര മായ്,
ജീവനു തെളിമകാട്ടി നിറയ്ക്കുവാൻ.


സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക