ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

Published on 16 June, 2021
ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

നാട് വീണ്ടും അടച്ചുപൂട്ടിയിട്ടതോടെ ആർക്കും പുറത്തേക്കിറങ്ങേണ്ടെന്ന അവസ്ഥ വന്നതിനാൽ അതിരാവിലെ എഴുനേൽക്കുക എന്ന പതിവ് ഈയിടെയായി മാറിത്തുടങ്ങിയിരിക്കുന്നു. ഏഴര എട്ട് മണിക്കുള്ളിലാണ് ഇപ്പോൾ എനിക്ക് നേരം വെളുക്കുന്നത്. ഭർത്താവിനെ ഓഫീസിൽ പറഞ്ഞയക്കണ്ട, മക്കളെ സ്കൂളിൽ വിടണ്ട, പിന്നെ ഞാനെന്തിന് അതിരാവിലെ എഴുനേൽക്കണം എന്നൊരു ചോദ്യം എന്നോടു തന്നെ ചോദിച്ചതിന് ശേഷമാണ് ഞാനെഴുനേൽക്കാറുള്ളത്. അങ്ങനെയുള്ള ദിവസങ്ങളിലൊന്നായ ഇന്ന്, ഞാൻ പതിവിലും വൈകിയാണ് എഴുനേറ്റത്. എഴുനേറ്റതാവട്ടെ , കാര്യമായ ഒരു ഇംഗ്ലീഷ് ക്ലാസ്സും കേട്ട് കൊണ്ട് .  സംഗതി അടുത്ത മുറിയിൽ , മക്കളുടെ അടുക്കൽ വച്ചിരിക്കുന്ന ഫോണിൽ നിന്നാണെന്ന് രംഗങ്ങളൊന്നും വീക്ഷിക്കാതെ ഞാൻ മനസ്സിലാക്കി. കാര്യമായി പഠിക്കുന്നുണ്ടോ, തുടർന്ന് കൊടുക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും ക്ലാസ്സ് കൃത്യമായി കേൾക്കുന്നുണ്ടല്ലോ - ഞാനാശ്വസിച്ചു.
സാധാരണയായി മക്കൾക്ക് ക്ലാസ്സ് തുടങ്ങുമ്പോഴേക്കും ഞാൻ വീട്ടുജോലികൾ ഓരോന്നായി തീർക്കാനായി വീടിന്റെ താഴത്തെ നിലയിലേക്ക് പോകാറാണ് പതിവ്. മക്കൾ, താഴെ ഫോണിന് റേഞ്ച് കുറവായതിനാൽ മുകളിലത്തെ നിലയിൽ നിന്നാണ് ക്ലാസ്സിൽ പങ്കെടുക്കുക പതിവ്.
ഇന്നാണ്, അവരുടെ ക്ലാസ്സിന്റെ ഗാംഭീര്യം ശരിക്കും എനിക്ക് മനസ്സിലായത് . അടുത്ത മുറിയിലിരുന്നിട്ട് പോലും ഇത്രയും വ്യക്തമായി, ശരിക്കും ഒരു ക്ലാസ്സിലിരിക്കുന്ന പ്രതീതി തന്നെ. ഞാൻ സന്തോഷിച്ചു. ക്ലാസ്സ് മുറിയിലിരുന്നുള്ള പഠനമില്ലെങ്കിലെന്താ, ഈ രീതിയിലും കാര്യങ്ങൾ കുട്ടികളിലേക്ക് വ്യക്തമായി എത്തുന്നുണ്ടല്ലോ. ഇത്തരം സംവിധാനങ്ങളുള്ളത് എത്ര നന്നായി. ഞാൻ മനസ്സിൽ കരുതി.


നേരം വൈകിപ്പോയതിനാൽ വേഗം തന്നെ വീട്ടുജോലികളിൽ ഏർപ്പെടാനായി പോകും മുമ്പെ, മക്കളുടെ മുറിയിലേക്കും ഒന്നെത്തി നോക്കി. അപ്പോൾ കണ്ട കാഴ്ച, എന്റെ എല്ലാ ആശ്വാസത്തെയും സങ്കടക്കടലിലാക്കി. ഫോണിൽ ക്ലാസ്സ് തകർക്കുമ്പോൾ , മകൻ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. ദേഷ്യമാണോ സങ്കടമാണോ എന്തായി രുന്നു അപ്പോഴത്തെ മാനസികാവസ്ഥ എന്നെ നിക്ക് തന്നെ മനസ്സിലായില്ല. മകൾ പണ്ടേ സൂത്രക്കാരിയാണ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ പഠിക്കുകയാണെന്ന് തോന്നാൻ ഒരു പുസ്തകം മറച്ചിടുന്നുണ്ട്. ഞാൻ അടുത്തു ചെന്നു നോക്കി. ബാലരമയോ ,ബാല മംഗളമോ പോലെ ഏതോ ഒരു കഥാ പുസ്തകം .ഏട്ടന്റെ പഠനം തടസ്സപ്പെടുത്താതിരിക്കാൻ റൂമിന്റെ കോണിലുള്ള ബാൽക്കണിയിൽ സ്റ്റഡി ടേബിളിട്ട് , ഫോൺ ചെറിയ ശബ്ദത്തിൽ വച്ച് 'പഠനം 'തുടരുന്നു.അതും കൂടി കണ്ടതോടെ കാര്യങ്ങൾ സമ്പൂർണ്ണമായി!

അപ്പോഴാണ് ഞാൻ വളരെ വർഷം പിറകിലേക്ക് , എന്റെ ഡിഗ്രി ക്ലാസ്സിലേക്ക് ഓടിപ്പോയത്. ഡിഗ്രിക്ക് കെമിസ്ട്രിയായിരുന്നു മെയിൻ.ഇനോർഗാനിക് കെമിസ്ട്രിയുടെ ക്ലാസ്സിൽ, ബോറൻ ക്ലാസ്സ് , എന്നു പറഞ്ഞ് വട്ടവും വരയും ഇട്ട് കൂട്ടുകാരോടൊപ്പം കളിച്ചു തിമർത്തത്... മലയാളം സാറിന്റെ കണ്ണുവെട്ടിച്ച് ക്ലാസ്സിൽ കയറാതെ അടുത്ത കൂൾ ബാറിൽ പോയി ഐസ് ക്രീം നുണഞ്ഞത് .... അങ്ങനെയെത്രയെത്ര വേണ്ടാത്തരങ്ങൾ .

അതിനൊപ്പം ന്യൂട്ടന്റെ മൂന്നാം ചലന നിയമവും എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി.
എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ .......
പക്ഷെ, അവിടെയും ഒരു ചോദ്യം ബാക്കി കിടപ്പുണ്ടായിരുന്നു. അന്ന് ചെയ്ത വേണ്ടാത്തരങ്ങൾക്കുള്ള പ്രതിഫലമല്ലേ പഠിച്ചെവിടെയുമെത്താതെ, ഒന്നുമാവാതെയുള്ള ഈ  ജീവിതം ...? ഇതുകൊണ്ടും പ്രതിപ്രവർത്തനം തീരുന്നില്ലേ ? ചോദ്യങ്ങൾ ചോദ്യങ്ങൾ മാത്രമായ വശേഷിക്കുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക