അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

Published on 16 June, 2021
അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

കുറേ വർഷങ്ങൾക്ക് മുൻപുള്ള  കഥയാണ്!!!
മുൻപെന്ന് പറഞ്ഞാൽ ബാലൻ കെ നായരൊക്കെ സിനിമയിൽ തിളങ്ങി നിൽകുന്ന കാലം ! !!
അയമോട്ടിക്ക് മത്തി മുക്കിലെ ബീരാൻ കുട്ടി ഹാജിയുടെ കൂപ്പിലായിരുന്നു ജോലി. ദേഹമനങ്ങി വൈകുന്നേരം വരെ പണിയെടുത്താൽ കിട്ടുന്ന കൂലി 3 ഉറുപ്പിക ആയിരുന്നു. വെയിലായാലും, മഴ ആയാലും കൂപ്പില് വാള് പിടിക്കാൻ അയമോട്ടി എന്നും ഹാജരാകുമായിരുന്നു.
എന്നും ജോലി കഴിഞ്ഞ് ചാലിയാർ പുഴയില് നീരാട്ട് .. അതാണ് പതിവ്. കുളിക്കാനുള്ള സോപ്പും, ചണ്ടിയും വീട്ടീന്ന് എടുത്ത് കുളിക്കാൻ തയ്യാറായി തന്നെയാണ് എന്നും കൂപ്പിലേക്കു പോകുക .ചകിരി കയറായിരുന്നു അന്ന് ഉരച്ച് കുളിക്കാനുള്ള ചണ്ടിയായി ഉപയോഗിച്ചിരുന്നത്.
കുളി കഴിഞ്ഞ് അലക്കു കല്ലിൽ ചമ്രം പടിഞ്ഞിരുന്ന്, അയാൾക്കൊരു ബീഡി വലിയുണ്ട് , അത് കാണേണ്ട കാഴ്ച തന്നെ !!
അന്ന് ....
പതിവ് പോലെ അയാൾ  സോപ്പും, ചകിരി കയറിന്റെ ചണ്ടിയും തന്റെ ബെൽബോട്ടം പാന്റിൽ  നിക്ഷേപിച്ച് കൂപ്പിലെത്തി.
സമയം എകദേശം ഉച്ചയോടടുക്കവേ നല്ല മഴ പെയ്തു.അയമോട്ടിയും കൂട്ടുകാരൻ മമ്മദും വാളുകൊണ്ട്  മരം മുറിച്ച് കൊണ്ടിരിക്കുന്നു. മഴ കൊണ്ട് അയാളുടെ പാന്റിലെ സോപ്പ് പതിയെ അലിയാൻ തുടങ്ങി...!
ചണ്ടിയാകുന്ന ചകിരി കയർ കീശയുടെ ചെറു ദ്വാരത്തിലൂടെ താഴോട്ട് ഇറങ്ങിയതും  അയാൾ അറിഞ്ഞില്ല.
കയർ എകദേശം മുട്ടു കഴിഞ്ഞ് താഴേക്കെത്തിയപ്പോഴാണ് അയമോട്ടിക്ക് കാലിലെന്തോ അരിച്ച് കയറുന്നത് അനുഭവപ്പെട്ടത്....!!!
ചെറുതും, വലുതുമായിട്ടും കൂപ്പിൽ പാമ്പിന് കുറവൊന്നുമില്ല.
കാലിൽ അരിക്കുന്നത് പാമ്പ് തന്നെ ?? അയാള് ഉറപ്പിച്ചു !!
അയാളുടെ ഉള്ള് പിടയാൻ തുടങ്ങി.


പാന്റും, കയറും രണ്ട് കൈകൾ കൊണ്ട് മുറുക്കി പിടിച്ച് അയാൾ അലറി - "കാലിൽ പാമ്പ് കേറീക്ക്ണ്, ഞാൻ തലക്ക് തന്നെ മുറുക്കി പിടിച്ച്ക്ക്ണ്.. ഓടി വരിം."
കൂപ്പിലെ പണിക്കാരെല്ലാം വട്ടം വെച്ചു.
 "മമ്മദേ പിന്നിലൂടെ എന്റെ പാന്റ് അഴിക്ക്"  - കുനിഞ്ഞ് നിന്ന് കൊണ്ട് അയാൾ പറഞ്ഞു.
 " അപ്പോ നിന്റെ 'ശുഷ്കാന്തി' എല്ലാരും കാണൂല്ലേ?" - മമ്മദിന് ചിരിയും വന്നു.
"ജീവനാണ് വലുത് മമ്മദേ.. നീ അഴിക്ക്" - അയാളുടെ മുഖം ദയനീയമായിരുന്നു .
"ടാ ഇവിടെ നിന്റെ മരുമോനടക്കം ഒത്തിരി പേര് ഉണ്ട് .. അഴിക്കണോ?" - മമ്മദ് ആശയക്കുഴപ്പത്തിലായി.
" ആരെങ്കിലും ഒന്ന് അഴിക്കീം.. റബ്ബേ, എനിക്ക് ഒരു കുട്ടീനെ കൂടി കെട്ടിക്കാനുണ്ട് .., കുഞ്ഞാപ്പൂ ,വറീതെ, മമ്മദേ.. അള്ളാഹു അക്ബർ  " - അവൻ ദിഖ്റ് ചൊല്ലാനും തുടങ്ങി.
 എല്ലാരും കൂടി കുനിഞ്ഞ് ഇരിക്കുന്ന അയമോട്ടിയുടെ പാന്റ് വളരെ സാഹസികമായി അഴിച്ചു.!!
മുറുക്കി പിടിച്ച പാന്റ്  പതുക്കെ കാലിലൂടെ ഊരി കഴിഞ്ഞപ്പോൾ അയാൾ നഗ്‌നനായി കഴിഞ്ഞിരുന്നു. ഊരി നിലത്തിട്ട പാന്റിനെ വട്ടംകൂടിയവർ അടിച്ച് പരത്തി.!!
പതുക്കെ പാമ്പിനെ പുറത്തെടുത്തു....!
 കുഴച്ച ചോറു പോലത്തെ സോപ്പിൽ കുതിർന്ന ചകിരി കയർ കണ്ട് കൂപ്പിൽ കൂട്ടചിരി ഉയർന്നു...!
ജുമു:അക്കിടെ എയർ വിട്ടവന്റെ  അവസ്ഥയിലായിരുന്നു അയമോട്ടി. നഗ്നനായ അവൻ ചുറ്റുവട്ടം നോക്കി. തന്റെ പാന്റ് ചക്കക്കൂട്ടാനായി കിടക്കുന്നു!!!.
കൂട്ടുകാരൻ മമ്മദ്  തലയിൽ കെട്ടിയ തോർത്തഴിച്ചു  അയമോട്ടിക്ക്  കൊടുത്തുകൊണ്ട് പറഞ്ഞു -
"വേഗം  നാണം മറച്ചോ .. ഹാജ്യാര് കണ്ടാൽ അതിനും വാള് വെക്കാൻ പറയും "!!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക