പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

Published on 16 June, 2021
പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

ഫോമ വനിതാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് 'ബ്രേക്ക് ദി സൈലൻസ്' എന്ന സെമിനാർ ജൂൺ 15 ന് സൂം മീറ്റിലൂടെ സംഘടിപ്പിച്ചു.

കേരള കൃഷി ഡയറക്ടറും മുൻ തിരുവനന്തപുരം ജില്ലാ കളക്ടറുമായ  കെ. വാസുകി.ഐ എ എസ്,  ശീമാട്ടി വസ്ത്ര വ്യാപാര  സ്ഥാപനത്തിന്റെ ഉടമയും  ഫാഷന്‍ ഡിസൈനറുമായ  ബീനാ കണ്ണന്‍, ടെക്‌സാസിലെ നീതിന്യായ മേഖലയിലെ ആദ്യ ദക്ഷിണേഷ്യൻ ജഡ്ജ് എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ഫോർട്ട് ബെൻഡ്  കൗണ്ടിയിലെ   ജഡ്ജ്  ജൂലി എ.മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളില്‍ അവബോധമുണ്ടാക്കുന്നതിനും നിയമ വശങ്ങളെ കുറിച്ച് അറിവ് നല്‍കുന്നതിനും അവരെ മുൻനിരയിലേക്ക്  ഉയർത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തങ്ങളുടെ കർമമേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച സ്ത്രീരത്നങ്ങൾ പങ്കുവച്ചത് വേറിട്ട അനുഭവമായി.

വാസുകി ഐ.എ.എസ് 

സ്ത്രീ-പുരുഷ സമത്വത്തെ പ്രകൃതിയുടെ നിലനിൽപ്പുമായി കോർത്തിണക്കിയാണ് വാസുകി ഐഎഎസ് സംസാരിച്ചത്. സ്വാനുഭവത്തിൽ നിന്ന് ആർജ്ജിച്ച ഉൾക്കരുത്തിനെക്കുറിച്ചും അമ്മമാർ പെണ്മക്കളെ എങ്ങനെ വളർത്തിയെടുക്കണം എന്നതിനെപ്പറ്റിയും അവർ വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനം വരും നാളിൽ വലിയ അപകടം വരുത്തിവച്ചേക്കാമെന്ന ആശങ്ക പങ്കുവച്ച അവർ, അതിനുള്ള പോംവഴി സ്ത്രീകൾ വിചാരിച്ചാൽ സാധ്യമാകുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

കെ.വാസുകി ഐ.എ.എസിന്റെ വാക്കുകൾ

'ഒരു ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ഇക്വലിസ്റ്റ് (തുല്യതാ വാദി) ആണെന്ന് പറയാൻ ഞാൻ താത്പര്യപ്പെടുന്നു. പ്രകൃതിയിലേക്ക് നോക്കിയാൽ, എല്ലായിടത്തും അതൊരു 'ബാലൻസ് ' നിലനിർത്തുന്നതായി കാണാം. അതാണതിന്റെ മനോഹാരിത. പുരുഷൻ-സ്ത്രീ എന്നതിലും അത്തരമൊരു തുല്യത നിലനിർത്തേണ്ടതുണ്ട്. ജീവശാസ്ത്ര പരമായും മാനസികമായും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, തുല്യത ഉണ്ടായിരിക്കണം. 

ബീന കണ്ണൻ 

നൂറ്റാണ്ടുകളായി ഏത് സംസ്കാരങ്ങൾ എടുത്ത് പരിശോധിച്ചാലും, അങ്ങനൊരു തുല്യത കാണാൻ കഴിയില്ല. എല്ലായിടത്തും പുരുഷനാണ് മുൻ‌തൂക്കം. സ്ത്രീകളെ മനുഷ്യരായി പോലും ചില സംസ്കാരങ്ങളിൽ പരിഗണിച്ചിട്ടില്ലെന്ന് കാണാം.

വെറുതെ ഒരു കൗതുകത്തിന് ചില കണക്കുകളിലൂടെ കണ്ണോടിച്ചപ്പോൾ, 199 രാജ്യങ്ങളിൽ ഒരിക്കൽപ്പോലും ഒരു സ്ത്രീ ഭരണതലപ്പത്ത് എത്തിയിട്ടില്ലെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഇക്കണ്ട കാലമത്രയും പുരുഷന്മാർ ഭരണം കയ്യാളിയിട്ട് ലോകം എവിടെയാണ് എത്തിനിൽക്കുന്നത്? രണ്ടുതരം വീക്ഷണ കോണുകളിലൂടെയാണ് സ്ത്രീയും പുരുഷനും ഒരു പ്രശ്നത്തെ നോക്കിക്കാണുന്നത്. വ്യത്യസ്ത രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങളിലായിരിക്കും അവർ എത്തിച്ചേരുന്നതും. 

സ്ത്രീയുടെ ചിന്താശേഷിയിൽ ഉരുത്തിരിയുന്ന പോംവഴികൾ ആവശ്യമായ അനേകം പ്രശ്നങ്ങൾ, ഉന്നതാധികാരം പുരുഷന്റെ കയ്യിൽ ആയിരുന്നതു കൊണ്ട് കൂടുതൽ സങ്കീർണമായി മാറിയിട്ടുണ്ട്. മുൻപ് ഞാൻ സൂചിപ്പിച്ചതുപോലെ പ്രകൃതിയുടെ സന്തുലനത്തെ ഇത് ബാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കാലാവസ്ഥാ വിഷയത്തിൽ. മാറ്റങ്ങൾക്കനുസൃതമായി  പ്രവർത്തിക്കാനും സഹാനുഭൂതിയും അവധാനതയും പ്രകടിപ്പിക്കാനും ശ്രദ്ധയോടെ പരിപാലിക്കാനും സ്ത്രീകൾക്കുള്ള പ്രത്യേക നൈപുണ്യം കാലാവസ്ഥാ പ്രശ്നമായാലും കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലായാലും കൂടുതൽ  സഹായകമാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. 

ജഡ്ജ് ജൂലി എ. മാത്യു

വളർന്നു വരുന്ന സാഹചര്യങ്ങൾക്ക് വ്യക്തിത്വ വികാസവുമായി വലിയ ബന്ധമുണ്ട്. സിംഹത്തെ പൂച്ചയാണെന്ന് വിശ്വസിപ്പിച്ച് വളർത്തിയാൽ, അത് പൂച്ചയെപ്പോലെ പതുങ്ങി ഇരിക്കുകയെ ഉള്ളൂ; ഇരതേടി കാട്ടിലിറങ്ങാൻ ധൈര്യപ്പെടില്ല. നമ്മുടെ സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ്. പുറംലോകം പുരുഷന്റേതാണെന്ന് പറഞ്ഞാണ് പെൺകുട്ടികളെ വളർത്തുന്നത്. പുറത്ത് പോകണമെങ്കിൽ ആണുങ്ങളെ ഒപ്പം കൂട്ടി പോകണം എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും തങ്ങൾക്ക് കഴിവ് കുറവാണെന്നേ പെണ്ണുങ്ങൾ മനസിലാക്കൂ. മകളെ സംഗീതം അഭ്യസിക്കാനും മകനെ ഫുട്ബോൾ പരിശീലിക്കാനും മാതാപിതാക്കൾ വിടുമ്പോൾ, ശാരീരികമായി കരുത്ത് നേടാൻ പെണ്ണിന് അവസരം ലഭിക്കുന്നില്ലെന്ന് ഓർക്കണം. ഡാൻസും പാട്ടും പഠിപ്പിക്കുന്നതുപോലെ തന്നെ ഒൻപതാം വയസ്സു മുതൽ ഞാൻ എന്റെ മകളെ ' സെല്ഫ് ഡിഫൻസും' പരിശീലിപ്പിക്കുന്നുണ്ട്. അവൾ കരുത്തോടെ വളരണമെന്ന് അമ്മയെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ, സ്‌കൂൾ കാലയളവിൽ ബസ് യാത്രയ്ക്കിടെ ഏത് കൗമാരക്കാരിയും നേരിട്ടിട്ടുള്ളതു പോലെ തോണ്ടലും തലോടലും എനിക്കും കിട്ടിയിട്ടുണ്ട്. പക്ഷേ, എന്റെ കൂട്ടുകാരികളെപ്പോലെ ശബ്ദിക്കാതെ ഒഴിഞ്ഞു മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. എന്നെ ശല്യപ്പെടുത്തിയ ആളുടെ കരണത്ത് സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചാണ് ഞാൻ പ്രതികരിച്ചത്. അയാൾ സ്തബ്ധനായി പോയി. ആത്മവിശ്വാസമുള്ള പുരുഷന്മാർ സ്ത്രീകളെ ബഹുമാനത്തോടെയേ നോക്കി കാണൂ എന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ അതിക്രമിക്കാൻ മുതിരുന്ന  ആണുങ്ങളൊക്കെ ബലഹീനരും ഭീരുക്കളുമായിരിക്കും. നമ്മളൊന്ന് കണ്ണുരുട്ടിയാൽ പോലും അവർ പേടിച്ച് പിൻവലിയും.

മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കുന്നതാണ് സ്ത്രീകളുടെ മറ്റൊരു പ്രശ്നം. എല്ലാം സഹിക്കുന്ന പെൺകുട്ടി നല്ലവളും പ്രതികരിക്കുന്നവർ മോശക്കാരിയും എന്ന ലേബലാണ് സമൂഹം നൽകുന്നത്. അത് കാര്യമാക്കാൻ പോകരുത്. ശരിയെന്ന് ഉറപ്പുള്ള കാര്യങ്ങൾ ആത്മവിശ്വാസത്തോടെ ചെയ്യണം.
പ്രകൃതിക്കും മാനവരാശിക്കും കൈമോശം വന്നുകൊണ്ടിരിക്കുന്ന 'ബാലൻസ്' തിരികെ കൊണ്ടുവരാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.'

ബീന കണ്ണൻ 

ഒരു വനിതാ സംരംഭകയ്ക്ക്  അവശ്യമായ ഗുണഗണങ്ങൾ വിവരിച്ചുകൊണ്ടാണ് .ബീന കണ്ണൻ സംവദിച്ചത്. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പ്രചോദനമാകുന്ന പാഠങ്ങളാണ് അവർ പകർന്നു തന്നത്. 

ബീന കണ്ണന്റെ വാക്കുകളിലൂടെ... 

'സ്ത്രീ ശാക്തീകരണം അവനവനിൽ തന്നെ നടക്കേണ്ട പ്രതിഭാസമാണ്. എന്നെ കരുത്തയാക്കാൻ ഞാനും  നിങ്ങളെ കരുത്തരാക്കാൻ നിങ്ങളും ശ്രമിച്ചെങ്കിലേ സാധിക്കൂ. ഒരാൾ വന്ന് നിങ്ങളെ ശക്തയാക്കുമെന്ന് കരുതി കാത്തിരുന്നിട്ട്  കാര്യമില്ല. 

സ്വന്തം ലക്‌ഷ്യം  എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ സ്വപ്നം അത്രമേൽ വ്യക്തവും കൃത്യവുമായി വേറൊരാൾക്ക് മനസ്സിലാക്കാൻ കഴിയില്ല. നിങ്ങൾ ആരാണെന്നും ആരായി തീരുമെന്നും സ്വയം വിലയിരുത്തണം, മറ്റുള്ളവർക്ക് അതിന് അവസരം നൽകരുത്. 

പെണ്ണാണ് എന്ന പദപ്രയോഗം പരിമിതിയായി കാണരുത്. ഒരുതരത്തിലുള്ള വേർതിരിവിനും നിന്നുകൊടുക്കരുത്. അങ്ങനൊരു വൃത്തത്തിൽ അകപ്പെട്ടാൽ, അവിടെ തന്നെ കിടന്ന് സർക്കസ് കളിക്കേണ്ടി വരും. ഓരോ ചുവടും മാനസികവും ശാരീരികവുമായ തയ്യാറെടുപ്പോടെ ബുദ്ധിപൂർവം എടുക്കണം. 

സംരംഭങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ അതെങ്ങനെ പ്രാവർത്തികമാക്കാമെന്ന ധാരണ ഉണ്ടായിരിക്കണം. സ്ത്രീയുടെ മാനസികമായ ആരോഗ്യത്തിന് ശരീരം കൂടി ശ്രദ്ധയോടെ പരിപാലിക്കേണ്ടത് ആവശ്യമാണ്. നല്ല ആഹാരവും വ്യായാമവും എല്ലാം പ്രധാനമാണ്. ആരോഗ്യം നിലനിർത്തിയെങ്കിൽ മാത്രമേ നമുക്ക് സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ സാധിക്കൂ.

വീട്ടിലെ എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യാൻ സ്ത്രീകൾക്കുള്ള അസാമാന്യ പാടവം, സംരംഭങ്ങൾക്ക് തുടക്കം കുറയ്ക്കുന്നതിനും വിജയത്തിൽ എത്തിക്കുന്നതിനും മുതൽക്കൂട്ടാകും. വീട്ടിനുള്ളിൽ തളച്ചിടേണ്ടതല്ല സ്ത്രീയുടെ കഴിവുകൾ.

ഭർത്താവ് മരിച്ച് മൂന്നാം ദിവസം താൻ ശീമാട്ടിയുടെ ചുമതല ഏറ്റു. അന്ന്  പലരുടെയും നോട്ടം ഓർമ്മയിലുണ്ട്. ഒരു സ്ത്രീക്ക് എന്ത് കഴിയും എന്ന പുച്ഛം ആ നോട്ടത്തിലുണ്ടായിരുന്നു. എന്നാൽ നിങ്ങൾ കണ്ടോളു   എന്ന് ഞാനും കരുതി.

പഴയ ജീവിതത്തിലെ ഞാനും ഇന്നത്തെ ഞാനും തീർത്തും വ്യത്യസ്ഥരാണ്. പഴയ ജീവിതത്തിൽ തികച്ചും വിധേയത്വവും അനുസരണയുമുള്ള ഒരു സാധു ആയിരുന്നു താനെന്ന്  അവർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു 

എല്ലാം വിട്ടുപേക്ഷിക്കാം എന്ന് തോന്നിയ ചില അവസരങ്ങളും  ഉണ്ടായിട്ടുണ്ട്. പക്ഷെ സമയമാകുമ്പോൾ നിരാശയൊക്കെ വിട്ടു പോകും 

ജഡ്ജ് ജൂലി എ. മാത്യു

കേരളത്തിലെയും അമേരിക്കയിലെയും സ്ത്രീകൾ ഗാർഹീക പീഡനങ്ങൾക്ക് ഇരയാകുന്നതിനെക്കുറിച്ചാണ് ജഡ്ജ് ജൂലി എ.മാത്യു സംസാരിച്ചത്. എല്ലാം സഹിച്ച് കഴിയുന്ന സ്ത്രീകളെ വിമോചിപ്പിക്കുന്നത് ശാക്തീകരണത്തിന്റെ അടയാളപ്പെടുത്തലാണെന്ന് അവർ ചൂണ്ടിക്കാട്ടി. നിയമവശങ്ങളെക്കുറിച്ചുള്ള  അവബോധത്തിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു. 

ജഡ്ജ് ജൂലി എ. മാത്യുവിന്റെ വാക്കുകൾ...

'ഗാർഹിക പീഡനമാണ് അമേരിക്കയിലെ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു വിപത്ത്. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തതു കൊണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ദിനരാത്രങ്ങൾ തള്ളിനീക്കുന്ന എത്രയോ പേർ! കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ദാമ്പത്യബന്ധത്തിൽ പ്രശ്നം വന്നാൽ, സമൂഹം എങ്ങനെ നോക്കിക്കാണും എന്ന ഭയംകൊണ്ട് വേദനകൾ കടിച്ചമർത്തുന്ന ഒരുപാട് പെണ്ണുങ്ങൾ അവിടെയും ഉണ്ട്. 

മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ കണ്ടു വളർന്നതുകൊണ്ട് അവരിൽ പലരും ഒരു തുടർച്ച എന്നോണം സ്വന്തം ജീവിതത്തെയും കാണുന്നു. സ്ത്രീകൾക്ക് മേൽ അധികാരം സ്ഥാപിക്കുന്നവർക്ക് നായക പരിവേഷം നൽകുന്ന മലയാള സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു സ്ത്രീ തന്നെ ചുംബിക്കരുതെന്ന് പറയുമ്പോൾ നിർബന്ധ പൂർവം ചുംബിക്കുന്ന രംഗമൊക്കെ കേരളത്തിലെ ആണധികാരത്തിന്റെ ഉദാഹരണമാണ്.

അമേരിക്കയിൽ ചില സ്ത്രീകൾ ഗാർഹീക അതിക്രമങ്ങളുടെ പേരിൽ എന്നോട് സഹായം തേടിയിട്ടുണ്ട്. എന്നാൽ, അയൽക്കാരോ കുടുംബക്കാരോ സുഹൃത്തുക്കളോ ഇതേക്കുറിച്ച് അറിയരുതെന്ന ആവശ്യമാണ് അവർ മുന്നോട്ട് വയ്ക്കുക. ഭർത്താവ് ക്രൂരത കാണിച്ചാലും ഭാര്യ അത് സഹിച്ച് കഴിയണമെന്ന അലിഖിത നിയമം ഉണ്ടെന്ന് തോന്നും. ഏത് വിവാഹബന്ധത്തിൽ ഉലച്ചിൽ സംഭവിക്കുമ്പോഴും, ഭാര്യ പ്രശ്നക്കാരിയാണ് എന്ന് വരുത്തിത്തതീർക്കാനുള്ള ശ്രമം ഉണ്ടാകാറുണ്ട്. പഴി മുഴുവൻ സ്ത്രീയുടെ മേൽ ചാർത്തി , ഭർത്താക്കന്മാർ രക്ഷപ്പെടും.

2021 ൽ അത്തരത്തിൽ നിസഹായരായ സ്ത്രീകളെ പിന്തുണയ്ക്കുകയും ചേർത്തുപിടിക്കുകയുമാണ് വേണ്ടത്. തുല്യതയുടെ പാഠങ്ങൾ പകർന്നു കൊടുത്തു വേണം വരും തലമുറയെ വളർത്താൻ. ഒരു ഭർത്താവ് നിങ്ങളെ എപ്രകാരം ബഹുമാനിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ, ആ രീതിയിൽ വേണം നിങ്ങളുടെ ആണ്മക്കളുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കാൻ. 

നമ്മുടെ നിയമ വ്യവസ്ഥിതി സുശക്തമാണെന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത പിഴയും ജയിൽവാസവും പോലുള്ള  ശിക്ഷ ലഭിക്കുമെന്നുമുള്ള ബോധ്യം സമൂഹത്തിൽ ഉണ്ടാകണം. ഗാർഹികപീഡനത്തിന് ഇരയാകുന്നവരെ രക്ഷിക്കാൻ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നതിനെക്കുറിച്ചും ബോധവത്കരണം വേണം. 

കൗൺസലിംഗ് ലഭിക്കുന്നതിനും സുരക്ഷിതമായ ഇടത്ത് മാറ്റിപ്പാർപ്പിക്കുന്നതിനുമെല്ലാം  സൗകര്യമുണ്ട്. ഉപദ്രവം ഏൽക്കുമ്പോൾ സഹികെട്ട് പോലീസിന്റെ സഹായം തേടുന്നവർ, കേസ് കോടതിയിലെത്തുമ്പോൾ ഭർത്താവിന് അനുകൂലമായി മൊഴി നൽകുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ദാമ്പത്യ ബന്ധം തകർന്നു പോകാതിരിക്കാൻ വേണ്ടിയാണ് സ്ത്രീകൾ അത്തരമൊരു ത്യാഗം ചെയ്യുന്നത്. നിയമസംവിധാനം സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുമ്പോൾ അതിക്രമങ്ങൾ സഹിച്ച് കഴിയാനുള്ളതല്ല നിങ്ങളുടെ ജീവിതമെന്ന് മനസ്സിലാക്കണം.'

ഷാന മോഹൻ, റോസ് വടകര എന്നിവരായിരുന്നു എംസിമാർ. വനിതാ ദേശീയ  സമിതി   ചെയര്‍ പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ നേതൃത്വം നൽകി 

 

അന്തപ്പൻ 2021-06-17 02:14:22
അയ്യോ.അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ. വഴിയെ അറിഞ്ഞോളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക